നുണകള്‍ നട്ടുവളര്‍ത്തികര്‍ഷകരെ തോൽപ്പിക്കാനാവില്ല
പി.കെ പാറക്കടവ്
ഒന്നല്ല, രണ്ടല്ല, അനേകം നദികളുടെ
ജലത്തിന്റെ ഇന്ദ്രജാലമാണത്,
ഒന്നല്ല, രണ്ടല്ല, ലക്ഷം കൈകളുടെ
സ്പര്‍ശത്തിന്റെ മേന്മയാണത്,
ഒന്നല്ല, രണ്ടല്ല, ഒരായിരം വയലുകളിലെ
മണ്ണിന്റെ വീര്യമാണത്.
കൊയ്ത്ത്: അതെന്താണ്?
നദീജലത്തിന്റെ ഇന്ദ്രജാലം
കരസ്പര്‍ശത്തിന്റെ മഹത്വം
കറുത്ത, ചുകന്ന, തവിട്ടുനിറമാര്‍ന്ന
മണ്ണിന്റെ ജന്മഗുണം.
സൂര്യരശ്മികളുടെ ദശാപരിണാമം,
ഇളകുന്ന കാറ്റിന്റെ
ലജ്ജകലര്‍ന്ന മന്ദവേഗം.
(കൊയ്ത്ത്-−നാഗാര്‍ജുന്‍ എഴുതിയ
ഹിന്ദി കവിത: വിവ: സച്ചിദാനന്ദന്‍)
നാട്ടിനെയൂട്ടുന്ന കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത യുവകര്‍ഷകന്‍ ശുഭ്കരണ്‍ സിങ്ങിനെ ഹരിയാന പൊലിസ് വെടിവച്ചുകൊന്നതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പിയെങ്കിലും പതിവുപോലെ കേന്ദ്ര സര്‍ക്കാര്‍ മൗനത്തിലാണ്. ഇടയ്ക്കിടെ ചര്‍ച്ച നടത്തുമെന്നു പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. 2020 സെപ്റ്റംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ നിരന്തര പ്രതിഷേധമാണ് ‘ദില്ലി ചലോ’ എന്ന സമരപ്രഖ്യാപനമായി പിന്നീട് മാറിയത്. യഥാര്‍ഥത്തില്‍ ജീവന്‍ കൊടുത്തുകൊണ്ടു തന്നെയാണ് കര്‍ഷകര്‍ അവരുടെ ന്യായമായ ആവശ്യങ്ങളില്‍ അടിയുറച്ചുനിന്ന് സമരം നടത്തിയത്. 2020 നവംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെ ഡല്‍ഹിയില്‍ നടന്ന കര്‍ഷകസമരത്തിനിടെ എഴുന്നൂറിലേറെ പ്രക്ഷോഭകരാണ് വിവിധ കാരണങ്ങളാല്‍ മരിച്ചത്.
കര്‍ഷകസമരത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നീക്കം. സമരനേതാക്കള്‍ക്കെതിരേ ദേശസുരക്ഷാ നിയമം (എന്‍.എസ്.എ) ചുമത്താനുള്ള നീക്കം മണിക്കൂറുകള്‍ക്കുള്ളില്‍ ഹരിയാന പൊലിസിനു പിന്‍വലിക്കേണ്ടിവന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുക, പ്രക്ഷോഭം സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ദേശദ്രോഹക്കുറ്റമായി കണക്കാക്കുന്ന ഒരു കാലമാണിത്.
2021ല്‍ കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. അന്നത്തെ സമരത്തിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലിയും നഷ്ടപരിഹാരവും നല്‍കുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്കു താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെ പ്രക്ഷോഭം.
പക്ഷേ, അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലല്ല മോദി സര്‍ക്കാരിന്റെ ശ്രദ്ധ. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തി ആളുകളെ വിഭജിക്കുന്നതിലൂടെ ഭൂരിപക്ഷ വോട്ടുകള്‍ നേടാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം കടക്കെണിയില്‍പെട്ട് രാജ്യത്ത് ജീവനൊടുക്കിയത് ഒരു ലക്ഷത്തില്‍പരം കര്‍ഷകരാണെന്ന് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. കാര്‍ഷികത്തകര്‍ച്ചയും കര്‍ഷകരുടെ ജീവിതവൈഷമ്യങ്ങളും രൂക്ഷമായ അവസ്ഥയില്‍ നമ്മുടെ മാധ്യമങ്ങളില്‍ ഏറെയൊന്നും ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നുള്ളത് സങ്കടകരമാണ്.
വന്യജീവികള്‍ക്കു വിവിധ മതത്തില്‍പെട്ടവരുടെ പേരുകള്‍ നല്‍കാമോ, രണ്ട് വ്യത്യസ്ത മതപേരുകളുള്ള മൃഗങ്ങള്‍ക്ക് ഒരുകൂട്ടില്‍ കഴിയാമോ എന്നതൊക്കെയാണ് നമ്മുടെ നാട്ടില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ഉത്തരേന്ത്യയിലെ പത്ര മാധ്യമങ്ങള്‍ മാത്രമല്ല, കേരളത്തിലെ പത്ര മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ നീതികേടുകളെ വിമര്‍ശിക്കുന്നതില്‍നിന്ന് കഴിയുന്നത്ര ഒഴിഞ്ഞുമാറി നില്‍ക്കുന്നത് നാം കാണുന്നു.
നമ്മുടെ നാട്ടില്‍ എത്രയോ ഗാന്ധിസംഘടനകള്‍ ഉണ്ട്. എന്‍.ഐ.ടിയിലെ ഒരു പ്രൊഫസര്‍ ‘ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചു’ എന്ന് പരസ്യമായി സമൂഹമാധ്യമത്തില്‍ പോസ്റ്റിടുകയും അത് വിവാദമാവുകയും ചെയ്‌തെങ്കിലും ഗാന്ധിജിയുടെ പേരിലുള്ള സംഘടനകളും ഗാന്ധിയന്മാരും നിശബ്ദത പാലിക്കുന്നതും നാം കാണുന്നു. ശത്രുരാജ്യത്തെ സൈനികരെ നേരിടുംപോലെയാണ് നമ്മുടെ നാട്ടിലെ അന്നമൂട്ടുന്ന കര്‍ഷകരെ ഭരണകൂടം നേരിടുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ മുമ്പു നടന്ന സമരത്തോടും സര്‍ക്കാരിന്റെ നിലപാട് ഇതു തന്നെയായിരുന്നു. പഞ്ചാബിലെ ധനിക കര്‍ഷകരുടെ രാജ്യവിരുദ്ധ താല്‍പര്യങ്ങളാണ് സമരത്തിനു കാരണമെന്ന നുണയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
എപ്പോഴും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന രോഷത്തെ തല്ലിക്കെടുത്താനാവില്ല. പഴമുറംകൊണ്ട് സൂര്യനെ മറച്ചുവയ്ക്കാനാവില്ല. നുണകള്‍ നട്ടുവളര്‍ത്തി കര്‍ഷകരെ തോല്‍പ്പിക്കാനാവില്ല.
-കഥയും കാര്യവും
ഞാനൊരു കര്‍ഷകനത്രെ
നട്ടുവളര്‍ത്തുന്നു ഞാന്‍ കരിമ്പിടെ
മധുരം നിര്‍വൃതികരമുരു-−
മാദ്ധ്വി തുടുക്കുന്നുമുണ്ടിതിന്‍ തണ്ടില്‍.
−-ഇടശ്ശേരി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."