പ്രതിഷേധം ശക്തമായി; ഹിറ്റ് ആന്‍ഡ് റണ്‍ നിയമത്തിലെ വിവാദ ശിക്ഷാ വ്യവസ്ഥകള്‍ മരവിപ്പിച്ച് കേന്ദ്രം
ഹിറ്റ് ആന്‍ഡ് റണ്‍ നിയമത്തിലെ വിവാദ ശിക്ഷാ വ്യവസ്ഥകള്‍ മരവിപ്പിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: വിവാദമായ ഹിറ്റ് ആന്‍ഡ് റണ്‍ നിയമത്തിലെ വിവാദ ശിക്ഷാ വ്യവസ്ഥകള്‍ മരവിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പുതുതായി പ്രാബല്യത്തില്‍ വന്ന ക്രിമിനല്‍ നിയമത്തിലായിരുന്നു ഹിറ്റ് ആന്‍ഡ് റണ്‍ നിയമം ഉള്‍പ്പെടുത്തിയിരുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷന്‍ 106(2) നടപ്പാക്കുന്നത് സര്‍ക്കാര്‍ റദ്ദാക്കിയതിനെ ട്രക്ക് ഡ്രൈവര്‍മാരും ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളും വിവിധ സംഘടനകളും സ്വാഗതം ചെയ്തു.
മുഴുവന്‍ ഗതാഗത മേഖലക്കും ആശ്വാസമാണ് ഈ തീരുമാനമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്. ശിക്ഷാ വ്യവസ്ഥകള്‍ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരുന്നതെന്ന് എ.ഐ.എം.ടി.സി ചെയര്‍മാന്‍ ബല്‍ മല്‍കിത് സിങ് പറഞ്ഞു.
പുതിയ വ്യവസ്ഥകള്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചിരുന്നതെന്ന് ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പറഞ്ഞു. ട്രക്ക് ഡ്രൈവര്‍മാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും അവര്‍ പറഞ്ഞു. ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യയും തീരുമാനത്തെ സ്വാഗതം ചെയ്തു.
അപകടം നടന്ന ശേഷം ബന്ധപ്പെട്ടവരെ അറിയിക്കാതെ ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടാല്‍ ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷന്‍ 106 (2) പ്രകാരം 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കും. അശ്രദ്ധകൊണ്ട് മരണം സംഭവിച്ചാല്‍ വാഹനം ഓടിച്ച വ്യക്തിക്ക് അഞ്ചു വര്‍ഷം വരെ തടവും പിഴയും വിധിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ഏത് അപകടത്തിലും വലിയ വാഹനങ്ങളെ കുറ്റപ്പെടുത്തുന്നതാണ് പൊതുമനഃസ്ഥിതിയെന്നും പ്രകോപിതരായ ജനക്കൂട്ടം കൊല്ലുമെന്ന് ഭയന്നാണ് സംഭവസ്ഥലത്തുനിന്ന് ഓടിപ്പോകാന്‍ നിര്‍ബന്ധിതരാകുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഡ്രൈവര്‍മാര്‍ പണിമുടക്കി തെരുവിലിറങ്ങിയത്. വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ സമരക്കാരുമായി അടിയന്തര ചര്‍ച്ച നടത്തി നിയമം നടപ്പിലാക്കില്ലെന്ന് കേന്ദ്രം ഉറപ്പ് നല്‍കുകയായിരുന്നു
ക്രിമിനല്‍ നിയമങ്ങള്‍ അപ്പാടെ പൊളിച്ചെഴുതി കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം ശനിയാഴ്ച പുറത്തിറക്കിയിരുന്നു. 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായസംഹിത, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിന് പകരം (സി.ആര്‍.പി.സി) ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങളാണ് കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റ് പാസാക്കിയത്.
പുതിയ നിയമത്തില്‍ നിരാഹാര സത്യഗ്രഹ സമരം അടക്കം ക്രിമിനല്‍ കുറ്റത്തില്‍ ഉള്‍പ്പെടും. ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഡിജിറ്റല്‍ റെക്കോഡുകള്‍, ഇമെയില്‍, എസ്.എം.എസ്, വെബ്‌സൈറ്റ് തുടങ്ങിയവയിലെ വിവരങ്ങള്‍ തെളിവുകളായി സ്വീകരിക്കാം. കേസ് ഡയറി, എഫ്.ഐ.ആര്‍, വിധി എന്നിവ ഡിജിറ്റലായി സൂക്ഷിക്കും. രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെങ്കിലും രാഷ്ട്രത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിന് കടുത്ത ശിക്ഷ നല്‍കുന്ന വകുപ്പുകള്‍ പുതിയ നിയമത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."