അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ വാളുയര്‍ത്തരുത്
മോദിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജെമിനി നല്‍കുന്ന മറുപടിയുടെ പേരില്‍ ഗൂഗിളിനു കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മോദി ഫാസിസ്റ്റാണോ എന്ന ചോദ്യത്തിന്, വിദഗ്ധര്‍ ഫാസിസ്റ്റ് എന്നു വിശേഷിപ്പിച്ച നയങ്ങള്‍ മോദി നടപ്പാക്കുന്നുവെന്നും ബി.ജെ.പിയുടെ ഹിന്ദുദേശീയ പ്രത്യയശാസ്ത്രം, വിയോജിപ്പുകളെ അടിച്ചമര്‍ത്തല്‍, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമം തുടങ്ങിയവ ഉദാഹരണങ്ങളാണെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മറുപടി നല്‍കുന്നതാണു പ്രശ്‌നം.
ഇത് നിയമവിരുദ്ധവും പ്രശ്‌നകരവുമാണെന്നാണ് കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ നിലപാട്. മറുപടി തൃപ്തികരമല്ലെങ്കില്‍ കേസെടുക്കാനാണ് നീക്കം. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം ഒരുതരത്തിലും അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കര്‍ഷകസമരത്തെ പിന്തുണച്ച 177 അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തണമെന്ന് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട വാര്‍ത്ത പുറത്തുവന്നത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്.
സര്‍ക്കാരിന്റെ നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും അംഗീകരിക്കാന്‍ പറ്റില്ലെന്നും എക്‌സ് വ്യക്തമാക്കിയെങ്കിലും സര്‍ക്കാര്‍ വിലക്കുള്ളതിനാല്‍ ഈ പോസ്റ്റുകള്‍ ഇന്ത്യയില്‍ കാണില്ല.
എക്‌സിനു പുറമെ ഫേസ്ബുക്ക്, ഇസ്റ്റഗ്രാം, സ്‌നാപ്ചാറ്റ് എന്നിവയുള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ക്കു നേരെയും നടപടി സ്വീകരിക്കാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും രാജ്യത്തെ ഭരണഘടന ഉറപ്പു നല്‍കുന്നതാണ്. അതിനാല്‍, സര്‍ക്കാര്‍ നടത്തുന്ന നീക്കം ജനാധിപത്യവിരുദ്ധവുമാണ്. രാജ്യത്തെ കര്‍ഷകര്‍ സമാധാനപരമായി നടത്തുന്ന സമരത്തെ പിന്തുണയ്ക്കുന്നത് തെറ്റല്ലെന്നു മാത്രമല്ല, ജനാധിപത്യത്തില്‍ ഓരോ വ്യക്തിയുടെയും അവകാശമാണ്. അക്രമങ്ങള്‍ക്കു പ്രേരിപ്പിക്കാത്തിടത്തോളം സമൂഹമാധ്യമ പോസ്റ്റുകള്‍ക്കെതിരേയോ അക്കൗണ്ടുകള്‍ക്കെതിരേയോ നടപടിയെടുക്കാന്‍ കഴിയില്ല.
അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ സമൂഹമാധ്യമങ്ങള്‍ അടക്കമുള്ള സ്വതന്ത്ര മാധ്യമ പ്ലാറ്റ്‌ഫോമുകളുമായെല്ലാം ഏറ്റുമുട്ടലിലാണ് സര്‍ക്കാര്‍. ഫേസ്ബുക്ക് പോലുള്ള ഏതാനും മാധ്യമങ്ങള്‍ തുടക്കത്തിലേ കാര്യമായൊരു ഏറ്റുമുട്ടലിനു തയാറാകാതെ സര്‍ക്കാരിനു വഴങ്ങി. ട്വിറ്റര്‍ മാത്രമാണ് രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നത്.
-പാരിസ് ആസ്ഥാനമായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് തയാറാക്കിയ ലോകമാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 161ാം സ്ഥാനത്താണ്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 140ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 150ാം സ്ഥാനത്തെത്തി. ഏഷ്യയില്‍ മാധ്യമസ്വാതന്ത്ര്യത്തില്‍ ഇന്ത്യ ഏറ്റവും പിന്നിലാണ്. പാകിസ്താന്‍ 150ാം സ്ഥാനത്തും ഭൂട്ടാന്‍ 90ാം സ്ഥാനത്തും ശ്രീലങ്ക 135ാം സ്ഥാനത്തുമാണ്.
മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ അതിദയനീയമെന്ന് വിലയിരുത്തുന്ന 31 രാഷ്ട്രങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആക്രമണം, ഇ.ഡി റെയ്ഡുകള്‍, മാധ്യമങ്ങള്‍ക്കിടയിലെ രാഷ്ട്രീയ ഭിന്നതകള്‍, മാധ്യമ ഉടമസ്ഥതയുടെ ഹിന്ദുത്വ കേന്ദ്രീകരണം തുടങ്ങിയവയെല്ലാം ഇന്ത്യന്‍ മാധ്യമങ്ങളെ ശോചനീയാവസ്ഥയിലാക്കിയിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് രാജ്യത്തെ 70 മാധ്യമസ്ഥാപനങ്ങള്‍ സ്വന്തമാക്കി. മോദിയുടെ മറ്റൊരു സുഹൃത്ത് ഗൗതം അദാനി എന്‍.ഡി.ടി.വി കൈവശപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ 172ാം സ്ഥാനത്താണ്.
പിന്നില്‍ ചൈന, മെക്‌സിക്കോ, ഇറാന്‍, പാകിസ്താന്‍, സിറിയ, യമന്‍, ഉക്രൈന്‍, മ്യാന്മര്‍ എന്നീ രാജ്യങ്ങള്‍ മാത്രമേയുള്ളൂ. ഈ ഘട്ടത്തിലാണ് പൗരന്‍മാര്‍ വിവരങ്ങള്‍ക്കായി സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്ന സാഹചര്യമുണ്ടാകുന്നത്. അതിലും വിലക്കേര്‍പ്പെടുത്തുന്നതിലൂടെ രാജ്യത്തെ പൂര്‍ണമായും ഇരുട്ടിലാക്കുകയാണ് സര്‍ക്കാര്‍.
സ്വതന്ത്രമാധ്യമങ്ങള്‍ മോദി സര്‍ക്കാരിന്റെ പേടിയിലൊന്നാണ്. രാജ്യത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഇല്ലാതാകുന്നുവെന്നതാണ് മാധ്യമസ്വാതന്ത്ര്യ സൂചികയിലെ സൂചനകള്‍. സമൂഹമാധ്യമങ്ങളെക്കൂടി നിയന്ത്രിക്കുന്നതോടെ, ഭരണകൂടങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രമേ എഴുതാനും കാണിക്കാനും പാടുള്ളൂവെന്നു വന്നാല്‍പിന്നെ, ആ സംവിധാനത്തെ ജനാധിപത്യമെന്നു വിളിക്കാനാവില്ല. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു നേര്‍ക്കുള്ള ഏതൊരു ആക്രമണത്തിന്റെയും അടുത്ത ഇരകള്‍ എല്ലാ ഇന്ത്യക്കാരുമാണ്. ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത് പറയാനുള്ള അവകാശമാണ് സ്വാതന്ത്ര്യമെന്നാണ് ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞത്. സമൂഹമാധ്യമങ്ങളെ പൂട്ടിയിടുമ്പോള്‍ മരിക്കുന്നത് നാം പൊരുതിനേടിയ സ്വാതന്ത്ര്യം കൂടിയാണ്.
2024ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയെ, മോദിയുടെ നിലപാടുകളെ എതിര്‍ക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും എഴുത്തുകാരെയും നിശബ്ദരാക്കാനുള്ള ആസൂത്രിത നീക്കത്തിലാണ് മോദി സര്‍ക്കാര്‍. ഇതാകട്ടെ,
സര്‍ക്കാര്‍ നടത്തുന്ന ആദ്യത്തെ നീക്കവുമല്ല. ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും എക്കാലത്തും ബി.ജെ.പിയുടെ ശത്രുക്കളാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സന്നദ്ധസംഘടനകള്‍ രാജ്യത്ത് ദുര്‍ബലമായി. പല അന്താരാഷ്ട്ര സംഘടനകളും അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. സാമൂഹ്യപ്രവര്‍ത്തന മേഖലയിലുള്ളവരില്‍ പലരും ജയിലിലായി. ഇതോടെ മറ്റുള്ളവര്‍ ഭയന്ന് പിന്‍വലിയുകയോ പൊതുരംഗത്ത് സജീവമല്ലാതാവുകയോ ചെയ്തു. ഗുജറാത്ത് വംശഹത്യാക്കേസുകള്‍ മുതല്‍ സി.എ.എ വിരുദ്ധ സമരംവരെ മോദിയുടെ കാലത്ത് ഈ സിവില്‍ സമൂഹത്തിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.
രാജ്യത്തെ ആക്ടിവിസ്റ്റുകളുടെയും സന്നദ്ധസംഘടനകളുടെയും ചിറകരിയാനുള്ള നീക്കം 2014ന്റെ തുടക്കംമുതല്‍ തന്നെ മോദി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ട്. 2020 സെപ്റ്റംബറില്‍ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഗുജറാത്ത് വംശഹത്യാക്കേസുകള്‍ നടത്തിയ ടീസ്താ സെതല്‍വാദിന്റെ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് അടക്കമുള്ള സംഘടനകളും നിര്‍ജീവമായി. ഗുജറാത്ത് വംശഹത്യയെ തുടര്‍ന്ന് സിവില്‍ സര്‍വിസ് ഉപേക്ഷിച്ച ഹര്‍ഷ് മന്ദറിനെപ്പോലുള്ളവര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ നിരന്തര ദ്രോഹം നേരിടുകയാണ്.
--രാജ്യത്തെ മുന്‍നിര ആക്ടിവിസ്റ്റുകളായ ഗൗതം നവ്‌ലഖ, വരവര റാവു, ആനന്ദ് തെല്‍തുംബ്‌ദെ, സുധാ ഭരദ്വാജ് തുടങ്ങിയവര്‍ യാതൊരു കുറ്റവും ചെയ്യാതിരുന്നിട്ടും ഭീമ കൊറെഗാവ് കേസില്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയോ ജാമ്യത്തിലോ ആണ്. ഇത് രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കലാണ്. പൗരാവകാശങ്ങള്‍ ഹനിക്കലാണ്. ജനാധിപത്യ സംവിധാനം അട്ടിമറിച്ച് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കുകയെന്ന സംഘ്പരിവാറിന്റെ അജണ്ടയിലേക്കുള്ള അടുത്ത ചുവടുവയ്പ്പാണ്. ഇത് അടിയന്തരാവസ്ഥയെക്കാള്‍ ഭീതിയുണ്ടാക്കുന്ന സാഹചര്യമാണ്. മാധ്യമസ്വാതന്ത്ര്യം രാജ്യത്തു നിലനില്‍ക്കേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ മാത്രം ആവശ്യമല്ല, അത് ജനാധിപത്യ സംവിധാനത്തിന്റെ തൂണുകളിലൊന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."