പാന്തെറ ലിയോയെ സീതയെന്നു വിളിക്കാമോ?
പി.ബി.ജിജീഷ്
ഒരു പേരിലെന്തിരിക്കുന്നുവെന്നല്ലേ, കല്‍ക്കട്ട ഹൈക്കോടതിയോടു ചോദിക്കണം. രണ്ടു സിംഹങ്ങളെ കൊണ്ടുവന്ന് ദൈവത്തിന്റെയും രാജാവിന്റെയും പേരിട്ടതെന്തിനെന്നു ചോദിച്ചിരിക്കുകയാണ് കോടതി. വിശ്വഹിന്ദു പരിഷത്ത് സമര്‍പ്പിച്ച അസംബന്ധ ഹരജിയുടെ സ്ഥാനം ചവറ്റുകുട്ടയാണെന്നു പ്രതീക്ഷിച്ച നമ്മുടെ ഭാഗത്തും തെറ്റുണ്ട്. സിംഹങ്ങളെ അവയുടെ ശാസ്ത്രീയ നാമമായ ‘പാന്തെറ ലിയോ’ എന്നു വിളിച്ചാല്‍ മതിയാകുമല്ലോ, എന്തിനാണ് പലപേരിട്ടുള്ള ഈ ഡെക്കറേഷന്‍. കണ്‍ഫ്യൂഷന്‍ ഒഴിവാക്കുന്നതിന് പാന്തെറ ലിയോ 01, പാന്തെറ ലിയോ 02 എന്നിങ്ങനെ വിളിക്കട്ടെ!
പശ്ചിമബംഗാളിലെ സിലിഗുരി ബംഗാള്‍ സഫാരി പാര്‍ക്കിലെ രണ്ടു സിംഹങ്ങള്‍ക്ക് ‘സീത’, ‘അക്ബര്‍' എന്നിങ്ങനെ പേരിട്ടതിനെതിരേയാണ് വിശ്വഹിന്ദു പരിഷത്ത് കോടതിയെ സമീപിച്ചത്. സീത എന്നു പേരിട്ട സിംഹത്തെ അക്ബര്‍ സിംഹവുമൊന്നിച്ച് ഒരേ കേന്ദ്രത്തില്‍ പാര്‍പ്പിക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തുമെന്നായിരുന്നു വാദം. വിശ്വാസസ്വാതന്ത്ര്യം ഉറപ്പുതരുന്ന ഭരണഘടനയുടെ അനുച്ഛേദം 25ന്റെ ലംഘനം! പിന്നെ സീത എന്നൊക്കെ വെറുതെയങ്ങ് പേരിടുന്നത് ‘തോന്ന്യാസം’ (arbitrary) ആണെന്നായിരുന്നു അടുത്ത വാദം. അനുച്ഛേദം 14ന്റെ ലംഘനം! എന്തായാലും കോടതി കേസ് പരിഗണിച്ചു. വെറുതെ ഒരു റിട്ട് ആയിട്ടല്ല, പൊതുതാല്‍പര്യ ഹരജിയായി.
ഇത്രയേറെ പൊതുതാല്‍പര്യമടങ്ങിയ വിഷയം ദ്രുതഗതിയില്‍ തന്നെ പരിഗണിക്കാന്‍ കോടതിയെടുത്ത താല്‍പര്യം അഭിനന്ദനീയമാണ്. സുപ്രിംകോടതിയില്‍തന്നെ 80,349 കേസുകളാണ് പെന്‍ഡിങ് ആയിട്ടുള്ളത്. ഹൈക്കോടതികളുടെക്കൂടി കണക്കെടുത്താല്‍ ഇതിലും പലമടങ്ങ് വരും. ഇതില്‍ അടിയന്തരപ്രാധാന്യമുള്ള ജാമ്യാപേക്ഷകള്‍ മുതല്‍ വളരെ പ്രധാനപ്പെട്ട ഭരണഘടനാ പ്രശ്‌നങ്ങള്‍ വരെയുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലയില്‍ ഡോക്ടറല്‍ ഗവേഷണം നടത്തിവന്ന ചെറുപ്പക്കാരന്‍ ജാമ്യാപേക്ഷയുമായി കോടതി കയറിയിറങ്ങി തുടങ്ങിയിട്ട് മൂന്നര വര്‍ഷമായി. ആഗോളതാപനം മുതല്‍, യുദ്ധക്കെടുതികള്‍ വരെയുള്ള കൊച്ചുകൊച്ചു പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തിയ നിലയ്ക്ക് സിംഹത്തിനു പേരിട്ടതുപോലെയുള്ള പ്രധാന പ്രശ്‌നങ്ങള്‍ കോടതികള്‍ക്കു തീര്‍പ്പാക്കാനുണ്ട്. മറ്റു കേസുകളെല്ലാം കുറച്ചുനാള്‍കൂടി കാത്തിരിക്കട്ടെ!
‘സിംഹ നാമകേസി’ന്റെ ഗതിവിഗതികള്‍ സമകാലിക ഇന്ത്യന്‍ ജുഡീഷ്യറിയുടെ കൗതുകകരമായ അവസ്ഥയുടെ മറ്റൊരുദാഹരണമാണ്. കേസ് പരിഗണിച്ച ദിവസം ‘സീത എന്ന പേരിലെന്തിരിക്കുന്നു, അത് സ്‌നേഹംകൊണ്ട് ഇട്ടതായിക്കൂടെ’ എന്ന ചോദ്യമുന്നയിച്ച കല്‍ക്കട്ട ഹൈക്കോടതി ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ സിംഗിള്‍ ബഞ്ച്, രാത്രി പുലര്‍ന്നെഴുന്നേറ്റപ്പോഴേക്കും അഭിപ്രായം മാറ്റി. മൃഗങ്ങള്‍ക്ക് എന്തിനാണ് ദൈവങ്ങളുടെയും ചരിത്രപുരുഷന്മാരുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും പേരിടുന്നതെന്ന് മലക്കംമറിഞ്ഞു. ‘ദൈവങ്ങളുടെയും പ്രവാചകന്റെയുമൊക്കെ പേര് നിങ്ങള്‍ വളര്‍ത്തുമൃഗത്തിനിടുമോ?’ എന്നാണ് അഡിഷണല്‍ സോളിസിറ്റര്‍ ജനറലിനോട് കോടതി ചോദിച്ചത്.
ഒരു രാത്രികൊണ്ട്, കോടതിയുടെ കാഴ്ചപ്പാടിലുണ്ടായ മാറ്റം കൗതുകമുണര്‍ത്തുന്നതാണ്. പണ്ടൊരു ജില്ലാ കോടതി ജഡ്ജി, കോടതിവളപ്പിലെ കുരങ്ങനെ കണ്ട് ഹനുമാനെന്ന് ധരിച്ചു എന്നെഴുതിയത് ഓര്‍മവരുന്നു. ബാബരി പള്ളിയുടെ പൂട്ട് ഹൈന്ദവര്‍ക്ക് തുറന്നുകൊടുക്കാന്‍ ഒരു വിഭാഗത്തിന്റെ മാത്രം വാദംകേട്ട് ഉത്തരവിട്ട ന്യായാധിപന്റെ അനുഭവമാണ് സൂചിപ്പിച്ചത്. ദൈവങ്ങളുമായി ബന്ധമില്ലാത്ത എത്ര പേരുകള്‍ നമ്മുടെ നാട്ടിലുണ്ട് എന്നാലോചിക്കണം. തെച്ചിക്കോട് രാമചന്ദ്രന്‍ മുതല്‍ മംഗലംകുന്ന് അയ്യപ്പന്‍ വരെ ദൈവനാമത്തിലുള്ള എത്രയോ ആനകളെ നമുക്കറിയാം. ഒരു ആനയ്ക്ക് ‘ഗണപതി’ എന്നു പേരിട്ടാല്‍, ഇവരിനി എന്തു പറയും?
അക്ബര്‍ പ്രഗത്ഭനായ ചക്രവര്‍ത്തിയായിരുന്നില്ലേ, അദ്ദേഹത്തിന്റെ പേര് മൃഗങ്ങള്‍ക്കിടാമോ എന്നും ചോദിക്കുന്നുണ്ട് കോടതി. ചരിത്രവും മതവും ഒന്നും പേരിലുണ്ടാവാന്‍ പാടില്ലത്രെ! പാത്തുമ്മ എന്ന് ആടിനു പേരിട്ട ബഷീറിനെ നമ്മളെന്തു ചെയ്യണം?
മൃഗങ്ങള്‍ മാത്രമല്ല, ‘പരശുറാം’ എന്നുപേരുള്ള തീവണ്ടിയില്‍ മലമൂത്രവിസര്‍ജനം പാടില്ലെന്ന് ആവശ്യപ്പെട്ടാല്‍? അല്ലെങ്കില്‍ പരശുറാം ഓടുന്ന ട്രാക്കില്‍ നിസാമുദ്ദീന്‍ ഓടാന്‍ പാടില്ലെന്നു പറഞ്ഞാല്‍? അരുതുകളുടെ ഘോഷയാത്രയാവും പിന്നാലെ വരിക. ലൈവ് ലോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, സുപ്രിംകോടതി ബാര്‍ അസോസിയേഷൻ മുന്‍ പ്രസിഡന്റുകൂടിയായ അഡ്വ. ദുഷ്യന്ത് ദവെ, ‘കുറച്ചുനാളുകളായി ഇന്ത്യന്‍ കോടതികള്‍, കീഴ്‌ക്കോടതികള്‍ മുതല്‍ പരമോന്നത നീതിപീഠംവരെ ഭൂരിപക്ഷരാഷ്ട്രീയാധികാരത്തിനു കീഴ്‌പ്പെട്ടിരിക്കുന്നു’ എന്നു പറഞ്ഞതിന്റെ സാഹചര്യം നമ്മള്‍ ഇങ്ങനെയൊക്കെയാണ് മനസിലാക്കുന്നത്.
ഹരജിയില്‍ ഉന്നയിച്ച ബാലിശ വാദങ്ങള്‍കൂടി പരിശോധിക്കേണ്ടതുണ്ട്. ഒന്ന്, സീത എന്ന് സിംഹത്തിനു പേരിടുന്നത് മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 25ന്റെ ലംഘനമാണത്രെ. അനുച്ഛേദം 25 മതസ്വാതന്ത്ര്യം മാത്രമല്ല. അത് ആരംഭിക്കുന്നത് മനഃസാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്ന വാക്കില്‍നിന്നാണ്. മനഃസാക്ഷി എന്നത് അര്‍ഥഗഹനതയുള്ള പദമാണ്. ഒരാളുടെ വ്യക്തിസത്തയുടെ ആകെത്തുകയാണ്. അതിനു ശേഷമാണ് മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം. അവിടെയും ഒരുകാര്യം ശ്രദ്ധിക്കണം.
ഭരണഘടനാപരമായ സംരക്ഷണമുള്ളത് മതത്തിനല്ല, ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനാണ്. അതും പൊതുആരോഗ്യം, സാമൂഹികക്രമം, ധാര്‍മികത എന്നിവയ്ക്കു വിധേയമായി മാത്രം. മറ്റൊരു മൗലികാവകാശത്തിലും ഇത്തരം നിബന്ധനകള്‍ ഇല്ലെന്നോര്‍ക്കണം. ഒരു സിംഹത്തിനു സീതയെന്നു പേരിടുന്നത് ആരുടെയെങ്കിലും ഇഷ്ടമതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനു തടസമാകുമെന്ന് സമര്‍ഥിക്കാന്‍ കഴിയുമോ? പിന്നെ എങ്ങനെയാണ് ഭരണഘടനയുടെ അനുച്ഛേദം 226 പ്രകാരം മൗലികാവകാശലംഘനം എന്ന നിലയ്ക്ക് ഹൈക്കോടതിക്ക് ഇതു പരിഗണിക്കാനാവുക?
മതവികാരം വ്രണപ്പെടുത്തിയെന്ന തരത്തില്‍ കേസ് കൊടുക്കുകയാണെങ്കില്‍ അതു പിന്നെയും മനസിലാക്കാം. മറ്റൊന്ന്, പേരിടുന്നത് സ്വേച്ഛാപരമായ പ്രവൃത്തിയാണെന്ന വാദമാണ്. തോന്ന്യാസം എന്നും പറയാം. ആര്‍ബിട്രറി എന്നു നിയമഭാഷ. ഭരണഘടനാപരമായി തുല്യതയുടെ ലംഘനം! അനുച്ഛേദം 14ന് എതിര്‍ ഈ വാദം അംഗീകരിച്ചാല്‍ പിന്നെ സ്വേച്ഛാപരമല്ലാതെ എന്തു നാമകരണമാണ് നടക്കുക? ശുദ്ധ അസംബന്ധവാദമാണിത്.
ഇത്തരം വാദങ്ങൾ കോടതി പരിഗണിക്കുന്നു എന്നതുതന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സമകാലിക സാഹചര്യത്തിന്റെ നേര്‍ക്കാഴ്ചയാണ്. പശു ഓക്‌സിജന്‍ ശ്വസിക്കുകയും ഓക്‌സിജന്‍തന്നെ പുറത്തേക്കു വിടുകയും ചെയ്യുന്ന ജീവിയാണെന്നൊക്കെ വിധിയില്‍ രേഖപ്പെടുത്തിയ ഭരണഘടനാ കോടതികള്‍ ഉള്ള കാലമാണിത്. ഈ കാലവും കടന്നുപോകുമായിരിക്കാം. പക്ഷേ, ചരിത്രം നമ്മെ നോക്കി ചിരിക്കുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."