സീത, അക്ബര്‍ വിവാദം: പേരു നല്‍കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
അഗര്‍ത്തല: മൃഗശാലയിലെ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നീ പേരുകള്‍ നല്‍കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാര്‍. വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി പറഞ്ഞതിന് പിന്നാലെയാണ് നടപടി.
അക്ബര്‍, സീത സിംഹങ്ങളെ ഒരുമിച്ച് കൂട്ടിലിട്ടെന്നാരോപിച്ച് വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇത് മതവികാരം വ്രണപ്പെടുത്തുമെന്ന് ആരോപിച്ചായിരുന്നു വിഎച്ച്പി കോടതിയെ സമീപിച്ചത്. മൃഗങ്ങളുടെ കൈമാറ്റ പരിപാടിയുടെ ഭാഗമായി ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍ നിന്നും ഫെബ്രുവരി 12നായിരുന്നു സിംഹങ്ങളെ സിലിഗുരിയിലെ വടക്കന്‍ ബംഗാള്‍ വന്യ മൃഗ പാര്‍ക്കിലേക്ക് മാറ്റിയത്. ആ സമയത്ത് ത്രിപുരയിലെ മുഖ്യ വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്നു 1994 ഐഎഫ്എസ് ബാച്ചുകാരനായ പ്രബിന്‍ലാല്‍ അഗര്‍വാള്‍. സിലിഗുരിയിലേക്ക് സിംഹ ദമ്പതികളെ മാറ്റുന്നതിനിടെ പ്രബിന്‍ലാലാണ് രജിസ്റ്ററില്‍ അക്ബര്‍, സീത എന്നീ പേരുകള്‍ സിംഹങ്ങള്‍ക്കിട്ടത്.
നേരത്തെ, സംഭവത്തില്‍ ത്രിപുര സര്‍ക്കാര്‍ വൈല്‍ഡ് ലൈഫ് അധികൃതരോട് വിശദീകരണം തേടിയിരുന്നു. സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ടത് ശരിയായില്ലെന്നാണ് കല്‍ക്കട്ട ഹൈകോടതി വിധിച്ചത്. വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും സിംഹങ്ങള്‍ക്ക് മറ്റെന്തെങ്കിലും പേര് നല്‍കണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
സിംഹങ്ങള്‍ക്ക് പേരുകള്‍ നല്‍കിയത് ത്രിപുരയാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും ഹാജരാക്കി. സിംഹങ്ങളുടെ പേര് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."