സി.എം.ആര്‍.എല്ലിനായി ഇടപെട്ടു; നൂറു കോടിയോളം രൂപ കൈപ്പറ്റി; മാസപ്പടിയില്‍ യഥാര്‍ഥപ്രതി മുഖ്യമന്ത്രിയെന്ന് മാത്യു കുഴല്‍നാടന്‍
സി.എം.ആര്‍.എല്ലിനായി ഇടപെട്ടു; നൂറു കോടിയോളം രൂപ കൈപ്പറ്റി; മാസപ്പടിയില്‍ യഥാര്‍ഥപ്രതി മുഖ്യമന്ത്രിയെന്ന് മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: കരിമണല്‍ ഖനനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിഎംആര്‍എല്ലിന് അനുകൂലമായി ഇടപെട്ടുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. മൂന്ന് തവണ സിഎംആര്‍എല്ലിന് വേണ്ടി മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം. സിഎംആര്‍എല്ലിന് കരിമണല്‍ എത്തിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നും പൊതുമേഖല സ്ഥാപനങ്ങള്‍ വഴി കരിമണല്‍ എത്തിച്ചുവെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
നൂറ് കോടിയോളം രൂപ മുഖ്യമന്ത്രി സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്ന് കൈപ്പറ്റി. മാസപ്പടി കേസിലെ യഥാര്‍ഥ പ്രതി മുഖ്യമന്ത്രിയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണ നടത്തിയ അഴിമതി താരതമ്യേന ചെറുതാണ്. സ്വന്തം മകളെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സംശയനിഴലില്‍ നിര്‍ത്തുന്നതെന്നും കുഴല്‍നാടന്‍ ചോദിച്ചു. കഴിഞ്ഞ ആയിരം ദിവസമായി തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എല്ലിന് അനുകൂലമായെന്ന് കുഴല്‍നാടന്‍ ചൂണ്ടിക്കാണിച്ചു. ഇവിടെ 40,000 കരിമണല്‍ ഇവിടെ ഖനനം ചെയ്തുവെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
തോട്ടപ്പള്ളിയിലെ കെആര്‍ഇഎംഎല്‍ ഭൂമി വാങ്ങിയതില്‍ ക്രമക്കേടുണ്ട്. ഭൂപരിധി നിയമം ലംഘിച്ചാണ് ഇടപാട്. റവന്യൂ വകുപ്പ് തീര്‍പ്പാക്കിയ വിഷയത്തില്‍ മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് തേടി കെആര്‍ഇഎംഎല്‍ സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ റവന്യൂ പ്രിന്‍സിപ്പിള്‍ സെക്രട്ടറി അനുമതി നിഷേധിച്ചു. പിന്നീട് കെആര്‍ഇഎംഎല്‍ പുന:പരിശോധയ്ക്ക് രണ്ട് തവണ അപേക്ഷ നല്‍കി. ഭൂനിമയമത്തില്‍ ഇളവ് നല്‍കേണ്ടത് റവന്യൂ വകുപ്പ് ആയിരിക്കെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു. മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചു. ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കേണ്ട ജില്ലാ സമിതിക്ക് വീണ്ടും അനുമതി നല്‍കി. ഇളവ് അനുവദിക്കാന്‍ ലാന്റ് റവന്യു ബോര്‍ഡിന് ശുപാര്‍ശ ചെയ്തു.1000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു അപേക്ഷയിലെ വാഗ്ദാനം. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പുതിയ അപേക്ഷയില്‍ ഇളവ് നല്‍കാന്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതി തീരുമാനം എടുത്തുവെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം.
കമ്പനിക്ക് കരിമണല്‍ ഖനത്തിനു ലഭിച്ച കരാര്‍ 2004ല്‍ യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി. വിഎസ് സര്‍ക്കാരും സ്വകാര്യ കമ്പനികള്‍ക്ക് ഖനനത്തിന് അനുവാദം നല്‍കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരും ആ നയം പിന്തുടര്‍ന്നു. കരാര്‍ റദ്ദാക്കാന്‍ സുപ്രീംകോടതിയില്‍നിന്നും സര്‍ക്കാരിന് അനുകൂലമായി തീരുമാനമുണ്ടായെങ്കിലും പിണറായി സര്‍ക്കാര്‍ കരാര്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തി. അത് എന്തിനാണെന്ന് സിപിഎമ്മോ മുഖ്യമന്ത്രിയോ ഇതുവരെ മറുപടി നല്‍കിയില്ല. തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ നിസാരവിലയ്ക്ക് പിണറായി സര്‍ക്കാര്‍ കമ്പനിക്ക് നല്‍കി. 53 ലക്ഷം ടണ്‍ മണല്‍ അവിടെനിന്ന് നീക്കി എന്നാണ് സമര സമിതി പറയുന്നത്. മുഖ്യമന്ത്രി മുന്‍കൈ എടുത്താണ് തോട്ടപ്പള്ളിയില്‍നിന്ന് മണല്‍ നല്‍കാന്‍ തീരുമാനിച്ചത്. 40000 കോടിയുടെ മണല്‍ തോട്ടപ്പള്ളിയില്‍നിന്ന് ഖനനം ചെയ്തു. തന്റെ ആരോപണങ്ങള്‍ക്ക് വ്യവസായ വകുപ്പോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."