കേസുമായി ബന്ധമില്ലെന്ന് കൊടി സുനി, ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കെ സി രാമചന്ദ്രനും കെ കെ കൃഷ്ണനും; ടി.പി കേസ് ഹരജിയില്‍ വാദം നാളേയും തുടരും
കേസുമായി ബന്ധമില്ലെന്ന് കൊടി സുനി, ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കെ സി രാമചന്ദ്രനും കെ കെ കൃഷ്ണനും; ടി.പി കേസ് ഹരജിയില്‍ വാദം നാളേയും തുടരും
കൊച്ചി: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിളിച്ചുവരുത്തിയ ഹൈക്കോടതി നടപടിയില്‍ നാളെയും വാദം തുടരും. ഇന്ന് ഹൈക്കോടതിയില്‍ ഹാജരായ പ്രതികള്‍ ശിക്ഷയിന്‍മേലുള്ള തങ്ങളുടെ നിലപാട് അറിയിച്ചിരുന്നു. പിന്നാലെ തുടര്‍ നടപടികള്‍ നാളേയ്ക്ക് മാറ്റി. നാളെ രാവിലെ 10.15 ന് മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
കേസിൽ പ്രതികളുമായി ബന്ധപ്പെട്ട് മൂന്നു റിപ്പോർട്ടുകൾ കോടതിക്ക് ലഭിച്ചിരുന്നു. പ്രതികൾ ശിക്ഷ അനുഭവിച്ച ജയിലുകളിലെ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്, പ്രതികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് ഡോക്ടർ നൽകിയ റിപ്പോർട്ട്, പ്രതികളുടെ സാമൂഹ്യ സ്വഭാവം സംബന്ധിച്ച റിപ്പോർട്ട് എന്നിവ കോടതിക്കു കൈമാറി.
അതേസമയം, റിപ്പോർട്ടുകളുടെ കോപ്പി തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.ഇതേത്തുടർന്നാണ് റിപ്പോർട്ട് പ്രതിഭാഗത്തിന് പരിശോധിക്കുന്നതിനും, ശിക്ഷാവിധിക്കുമായി കേസ് നാളത്തേക്ക് മാറ്റിയതായി കോടതി അറിയിച്ചത്. ജയിൽ റിപ്പോർട്ടിന്റെ പകർപ്പ് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും നൽകാനും കോടതി നിർദേശിച്ചു.
ഒന്ന് മുതൽ എട്ടുവരെയുളള പ്രതികളുടെയും 11ാം പ്രതിയുടെയും ശിക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ പ്രതികളുടെ വാദം കേൾക്കാനാണ് ഇന്ന് പ്രതികളെ ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചത്. വിചാരണ കോടതി വെറുതെ വിട്ടതിൽ ഹൈക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് പ്രതികളെ ശിക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗവും കോടതി കേട്ടു.
മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പ്രതി ജ്യോതിബാബു ഒഴികെ 11 പ്രതികളും കോടതിയിൽ നേരിട്ടു ഹാജരായി. പ്രതി ജ്യോതി ബാബു ഓൺലൈൻ ആയിട്ടാണ് ഹാജരായത്. എല്ലാ പ്രതികളും കുടുംബത്തിന്റെ അവസ്ഥയും ആരോഗ്യ സ്ഥിതി സംബന്ധിച്ചുമാണ് കോടതിയിൽ വിശദീകരിച്ചത്.
ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവു വേണമെന്ന് കെ സി രാമചന്ദ്രനും കെ കെ കൃഷ്ണനും കോടതിയിൽ ആവശ്യപ്പെട്ടു. തനിക്ക് 78 വയസ്സായെന്നും, തന്റെ സഹോദരൻ മറ്റൊരു രാഷ്ട്രീയ കൊലപാതകത്തിൽ മരിച്ചതാണെന്നും ആ കുടുംബത്തെ നോക്കുന്നതു താനാണെന്നും കെ കെ കൃഷ്ണൻ കോടതിയിൽ പറഞ്ഞു. രാഷ്ട്രീയ എതിർപ്പു കൊണ്ടു തന്നെ പ്രതിയാക്കിയതാണെന്ന് കെസി രാമചന്ദ്രൻ പറഞ്ഞു.
താൻ നിരപരാധിയാണ് രണ്ടാം പ്രതി കിർമാണി മനോജും കോടതിയിൽ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളത്. ശിക്ഷ ഇളവ് ചെയ്യണമെന്നും മനോജ് ആവശ്യപ്പെട്ടു. കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു മുഖ്യപ്രതികളിലൊരാളായ കൊടി സുനിയുടെ മറുപടി. പ്രായമായ അമ്മ മാത്രമാണ് ഉള്ളത്. ശിക്ഷ വർധിപ്പിക്കണം എന്ന സർക്കാരിന്റെയും രമയുടെയും ആവശ്യത്തിൽ ഒന്നും ബോധിപ്പിക്കാനില്ലെന്നും കൊടി സുനി പറഞ്ഞു.
ജ്യോതിബാബുവിനെയും കെ കെ കൃഷ്ണനെയും കുറ്റവിമുക്തനാക്കിയത് റദ്ദാക്കിയ ഹൈക്കോടതി, ഇരുവരും ശിക്ഷ അനുഭവിക്കണമെന്ന് വിധിച്ചിരുന്നു. കേസിൽ ഒന്നു മുതൽ അഞ്ചു വരെ പ്രതികൾക്കും ഏഴാം പ്രതിക്കും എതിരെ ഗൂഢാലോചനക്കുറ്റം കൂടി അധികമായി തെളിഞ്ഞതായും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഒരു പ്രതി ഒഴികെ മറ്റെല്ലാ പ്രതികളെയും ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."