ഋഷി സുനക്ക് മുസ്‌ലിം വിരുദ്ധത പടര്‍ത്താന്‍ കൂട്ടുനില്‍ക്കുന്നു; വിമര്‍ശിച്ച് ലണ്ടന്‍ മേയര്‍
ലണ്ടന്‍:ബ്രിട്ടണില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിയായ ലീ ആന്‍ഡേഴ്‌സന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ രൂക്ഷമായി വിമര്‍ശിച്ച് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ആന്‍ഡേഴ്‌സന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് ഋഷി സുനക്ക് കൂട്ടുനില്‍ക്കുന്നെന്നും, മുസ്‌ലിങ്ങളോടുള്ള വംശീയത പ്രശ്‌നമില്ലെന്ന പ്രതീതി സൃഷ്ടിക്കുന്നെന്നുമായിരുന്നു സാദിഖ് ഖാന്റെ വിമര്‍ശനം.
മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിന് ഇന്ധനം പകരുകയാണ് ലീ ആന്‍ഡേഴ്‌സന്‍ ചെയ്തതെന്ന് ലണ്ടന്‍ മേയര്‍ പറഞ്ഞു. ഒരു മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് നേതാവിന്റെ പരാമര്‍ശങ്ങളാണിത്. ഇസ്‌ലാമോഫോബിയ നിറഞ്ഞതും മുസ്‌ലിം വിരുദ്ധവും വംശീയവുമാണ് പരാമര്‍ശങ്ങള്‍. ഋഷി സുനകിന്റെ ആഴത്തിലുള്ള മൗനമാണു തന്നെ ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുനകിന്റെയും മന്ത്രിസഭയുടെയും മൗനം ഈ വംശീയതയെ അംഗീകരിക്കുന്നതാണ്. എന്തുകൊണ്ടാണ് സുനകും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും പ്രസ്താവനയെ അപലപിച്ചു രംഗത്തെത്താത്തതെന്ന് എനിക്ക് മനസിലാകുന്നില്ല.
അദേഹം കൂട്ടിച്ചേര്‍ത്തു.ബ്രിട്ടീഷ് മാധ്യമമായ 'ജി.ബി ന്യൂസി'ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലീ ആന്‍ഡേഴ്‌സന്റെ വിവാദ പരാമര്‍ശങ്ങള്‍. ഇസ്ലാമിസ്റ്റുകൾ നമ്മുടെ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചടക്കിയിട്ടുണ്ടെന്നു കരുതുന്നില്ലെങ്കിലും സാദിഖ് ഖാനെയും ലണ്ടനെയും നിയന്ത്രിക്കുന്നത് അവരാണെന്നാണു തന്റെ വിശ്വാസമെന്നായിരുന്നു ആന്‍ഡേഴ്‌സന്‍ പറഞ്ഞത്.
നമ്മുടെ തലസ്ഥാന നഗരത്തെ സുഹൃത്തുക്കള്‍ക്കു വിട്ടുനല്‍കിയിരിക്കുകയാണ് അദ്ദേഹമെന്നും ആന്‍ഡേഴ്‌സന്‍ ആരോപിച്ചു. ഇസ്‌റാഈല്‍ ഗാസക്ക് മേല്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ ലണ്ടനില്‍ നടക്കുന്ന വമ്പന്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിവാദ പരാമര്‍ശം. പ്രസ്താവനയ്‌ക്കെതിരെ ലേബര്‍ പാര്‍ട്ടി നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."