HOME
DETAILS

കണ്ണുതുറന്നെങ്കിൽ നീതിപീഠം

  
backup
February 26 2024 | 18:02 PM

if-you-open-your-eyes-the-court

ജ്ഞാൻവാപി പള്ളിയുടെ നാലുനിലവറകളിലൊന്നിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ വരാണസി ജില്ലാ കോടതി വിധി അലഹബാദ് ഹൈക്കോടതിയും ശരിവച്ചിരിക്കുന്നു. ജില്ലാ കോടതി വിധിക്കെതിരേ പള്ളിയുടെ പരിപാലന ചുമതലയുള്ള അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ഇനി സുപ്രിംകോടതിയിലാണ് പ്രതീക്ഷ. പള്ളിക്കുള്ളിലെ നിലവറയിൽ നേരത്തെ പൂജ നടന്നിരുന്നുവെന്നും ഇത് തടഞ്ഞ 1993ലെ മുലായം സിങ് സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഇതിന് രേഖാമൂലമുള്ള ഉത്തരവുണ്ടായിരുന്നില്ലെന്നുമാണ് വിധി പറഞ്ഞ അലഹബാദ് ഹൈക്കോടതി ജഡ്ജി രോഹിത് രഞ്ജൻ അഗർവാളിന്റെ ന്യായം. 1991ലെ ആരാധനാലയ നിയമം രാജ്യത്ത് നിലനിൽക്കെയാണ് ബാബരിക്ക് പിന്നാലെ ജ്ഞാൻവാപികൂടി കൈയടക്കാനുള്ള ഹിന്ദുത്വസംഘടനകളുടെ നീക്കത്തിന് കോടതി നിയമപരിരക്ഷ നൽകിയിരിക്കുന്നത്.


ബാബരി കേസിൽ വിധിന്യായത്തിൽ 1991ലെ ആരാധനാലയ നിയമം ശക്തമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സുപ്രിംകോടതി ഉന്നിപ്പറഞ്ഞത് രാജ്യത്തെ മറ്റ് ആരാധനാലയങ്ങൾ ഹിന്ദുത്വവാദികൾ കൈവശപ്പെടുത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ്. 1947 ഒാഗസ്റ്റ് 15ന് ഒരു കെട്ടിടം പള്ളിയായിരുന്നെങ്കിൽ അത് തുടർന്നും പള്ളിയാണെന്നും അതിന്മേൽ മറ്റൊരു വിഭാഗത്തിന് അവകാശവാദം ഉന്നയിക്കാൻ അധികാരമില്ലെന്നുമാണ് ആരാധനാലയ നിയമം. ബാബരിക്ക് പിന്നാലെ ഏറ്റവും കൂടുതൽ സംഘ്പരിവാർ ആക്രമണം നടന്നത് ആരാധനാലയ നിയമത്തിനെതിരേയാണ്. അതായത്, ജ്ഞാൻവാപി മാത്രമല്ല, അതിനെ സംരക്ഷിച്ചു നിർത്തുന്ന നിയമവും ഇപ്പോൾ കനിവ് കാത്താണ് നിൽക്കുന്നത്.


ബാബരി കേസിലെ വിധി നീതിപുർവമായിരുന്നെങ്കിൽ മുസ് ലിംകളുടെ ബാക്കിയുള്ള പള്ളികൾക്ക് നേരെ അവകാശവാദം ഉയരുമായിരുന്നില്ല. 1669ലാണ് മുഗൾ ചക്രവർത്തി ഔറംഗീസ് ജ്ഞാൻവാപി പള്ളിയുണ്ടാക്കിയത്. 1780ലാണ് ഇൻഡോർ രാജ്ഞി അഹില്യ ഹോൽകർ പള്ളിക്ക് തൊട്ടടുത്ത് കാശിവിശ്വനാഥ ക്ഷേത്രമുണ്ടാക്കുന്നത്.


ജ്ഞാൻവാപി തകർത്ത് അതിന്റെ ഭൂമി കൈവശപ്പെടുത്താനുള്ള നീക്കത്തിന് 87 വർഷം പഴക്കമുണ്ട്. നിലവിൽ എട്ടിലധികം കേസുകളാണ് ജ്ഞാൻവാപിയുടെ അവകാശവാദമുന്നയിച്ച് കോടതിയിലുള്ളത്. ഇതിന് പുറമെ ബാബരി മാതൃകയിൽ ജ്ഞാൻവാപി പള്ളിയ്ക്കുള്ളിൽ വിഗ്രഹം കടക്കാനുള്ള ശ്രമമുണ്ടായി. പഴക്കമുള്ള വിഗ്രഹങ്ങളിലൊന്ന് പകൽ വെളിച്ചത്തിൽ പള്ളിവളപ്പിൽ കുഴിച്ചിടാൻ ശ്രമിക്കുന്നത് പളളിക്കമ്മറ്റിക്കാർ കൈയോടെ പിടികൂടി. 2000ത്തിൽ ക്ഷേത്രത്തിൽ നിന്ന് പിഴുതെടുത്ത ശിവലിംഗം പള്ളിക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ് പ്രദേശത്ത് ഹിന്ദു മുസ് ലിം സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചു. 2018 ഒക്ടോബർ 25ന് സിവിൽ കോടതി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ പ്രദേശത്തെ നിർമാണ പദ്ധതിയുടെ മറവിൽ സർക്കാർ കോൺട്രാക്ടർ പള്ളിയുടെ വടക്കൻ മതിൽ ഒരു ഭാഗം അർധരാത്രി പൊളിച്ചു നീക്കി. പ്രദേശത്തെ മുസ്ലിംകൾ ഒത്തുകൂടി പ്രതിഷേധിച്ചതോടെ അന്നേ ദിവസം രാത്രിതന്നെ മതിൽ വീണ്ടും പണിതു. ഇതെല്ലാം പരാജയപ്പെട്ടതോടെയാണ് കോടതിയുടെ പിന്തുണയിൽ പള്ളിക്കുള്ളിൽ പൂജ നടത്താൻ സംഘ്പരിവാറിന് കഴിയുന്നത്.


17ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട പള്ളിയുടെ ഉടമസ്ഥത സംബന്ധിച്ച് രേഖകളെല്ലാം കോടതിയിൽ സമർപ്പിച്ചിട്ടും പള്ളി 1947ന് മുമ്പ് അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമാക്കാൻ 1998ൽ കോടതി സാക്ഷികൾക്ക് സമൻസയച്ചു. ഇതോടെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. 1947നുശേഷമുണ്ടായ തർക്കത്തിന് മാത്രമേ പ്ലേസ് ഓഫ് വോർഷിപ്പ് ആക്ട് ബാധകമാവുകയുള്ളൂവെന്നും 1937ലെ ബനാറസ് സിവിൽ കോടതിയുടെ വിധിതന്നെ പള്ളിയുടെ ഉടമസ്ഥാവകാശം മുസ് ലിംകൾക്കാണെന്ന വ്യക്തമാക്കുന്നതാണെന്നും പള്ളിക്കമ്മിറ്റി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. അടിയന്തരമായി പരിഗണിക്കേണ്ട കേസായിരുന്നിട്ടും വർഷങ്ങൾക്കുശേഷം 2018ലാണ് അലഹബാദ് ഹൈക്കോടതി വിചാരണക്കോടതിയിലെ കേസ് നടപടികൾ സ്റ്റേ ചെയ്യുന്നത്.


ഇതിനിടെ 1995ൽ, പള്ളിവളപ്പിനോട് ചേർന്നുള്ള ഭാഗത്ത് ജലധാര നടത്താൻ അനുമതി തേടി വിശ്വഹിന്ദു പരിഷത്ത് നേതാവ് ശിവകുമാർ ശുക്ല കോടതിയെ സമീപിച്ചു. എന്നാൽ കോടതി അനുമതി നൽകിയില്ല. ക്ഷേത്രഭൂമി പള്ളി കൈവശപ്പെടുത്തിയാണ് പള്ളി നിർമിച്ചതെന്ന് അവകാശപ്പെട്ട് 2019ൽ വിജയ് ശങ്കർ രസ്‌തോഗിയെന്നയാൾ സ്വയംഭൂവായ ഭഗവാൻ വിശ്വേശരന്റെ പേരിൽ വരാണസി സിവിൽ കോടതിയെ സമീപിച്ചു. പള്ളി ക്ഷേത്രം തകർത്ത് നിർമിച്ചതാണെന്ന് ബോധ്യമാകാൻ ആർക്കിയോളജിക്കൽ സർവേ നടത്തണമെന്നും ഹരജി ആവശ്യപ്പെട്ടു. തുടർന്ന് പള്ളിക്കുള്ളിൽ ആർക്കിയോളജിക്കൽ സർവേ നടത്താൻ അതേ വർഷം ഏപ്രിലിൽ സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി അശുതോഷ് തിവാരി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരേ അൻജുമൻ ഇൻതിസാമിയ കമ്മിറ്റിയും ഉത്തർപ്രദേശ് സുന്നി വഖ്ഫ് ബോഡും നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി പ്രകാശ് പാഡിയ ആർക്കിയോളജിക്കൽ സർവേ തടഞ്ഞു. ഇതിന് പിന്നാലെയാണ് വരാണസിയിൽ സ്ഥിര താമസമാക്കിയ ഡൽഹി സ്വദേശികളായ രാഖി സിങ്, ലക്ഷ്മി ദേവി, സീതാ സാഹു, മഞ്ജു വ്യാസ്, രേഖാ പദക് എന്നീ അഞ്ചു സ്ത്രീകൾ പള്ളിക്കുള്ളിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന ദൃശ്യമായതും അല്ലാത്തതുമായ വിഗ്രഹങ്ങൾ മുമ്പാകെ പൂജ നടത്തണമെന്ന ആവശ്യവുമായി സിവിൽ കോടതിയിൽ ഹരജി ഫയൽ ചെയ്യുന്നത്. ഈ കേസിലെ അഭിഭാഷക സർവേയിലാണ് വുളുഖാനയിലെ ഫൗണ്ടയ്ൻ ശിവലിംഗമാണെന്ന അവകാശവാദവുമായി സംഘ്പരിവാർ വരുന്നത്.


ഇപ്പോൾ പൂജ നടക്കുന്നത് പള്ളിക്കുള്ളിലാണ്. അതിന് അനുമതി നൽകിയിരിക്കുന്നത് ഹൈക്കോടതിയാണ്. രാജ്യത്തെ 20 കോടി മുസ് ലിംകളുടെ നിലനിൽപ്പുപോലും അംഗീകരിക്കാത്തവിധം കോടതി ഉത്തരവുകളിലൂടെ അവരുടെ ആരാധനാലയങ്ങൾക്ക് നേരെ കൈയേറ്റമുണ്ടാകുമ്പോൾ നീതിതേടി മുസ് ലിംകൾ ആരെയാണ് സമീപിക്കേണ്ടത്. രാജ്യം ഭരിക്കുന്നത് സംഘ്പരിവാരമാണ്. യു.പി ഭരിക്കുന്നതും അവർതന്നെ. കോടതികളിലാണ് മുസ് ലിംകളുടെ പ്രതീക്ഷ. ഈ പ്രതീക്ഷക്കൊത്തുയരാൻ കോടതികൾ തയാറാകണം. ഈ വിധി രാജ്യത്തെ മുസ് ലിംകൾക്ക് നൽകുന്ന സന്ദേശമെന്താണെന്ന് ഓർക്കേണ്ടത് ജുഡിഷ്യറിയാണ്. ജുഡിഷ്യറിയും അവരോട് വിവേചനം കാട്ടുന്നുവെന്ന വികാരം സമുദായത്തിനുള്ളിൽ ശക്തമാണ്. ഇത് തിരുത്തേണ്ട ബാധ്യത ഉന്നത നീതിപീഠത്തിനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago