മരുന്ന് വിതരണത്തിലെ കാലതാമസം: എട്ടുവര്‍ഷത്തിനിടെ കമ്പനികളില്‍നിന്ന് പിഴ ഈടാക്കിയത് 7.24 കോടി
മരുന്ന് വിതരണത്തിലെ കാലതാമസം: എട്ടുവര്‍ഷത്തിനിടെ കമ്പനികളില്‍നിന്ന് പിഴ ഈടാക്കിയത് 7.24 കോടി
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണത്തില്‍ കാലതാമസം വരുത്തിയതിന് കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ മരുന്നു കമ്പനികളില്‍നിന്ന് പിഴയായി ഈടാക്കിയത് 7.24 കോടി രൂപ. സര്‍ക്കാര്‍ ആശുപത്രികള്‍ നേരിടുന്ന മരുന്നുക്ഷാമം ചര്‍ച്ചയായതിനു പിന്നാലെയാണ് മരുന്ന് വിതരണത്തില്‍ കമ്പനികള്‍ വരുത്തുന്ന കാലതാമസവുമായി ബന്ധപ്പെട്ട കണക്കുകളും പുറത്തു വരുന്നത്.
വിതരണത്തിനുള്ള അളവിന്റെ 50 ശതമാനം മരുന്നു കമ്പനികള്‍ 60 ദിവസത്തിനുള്ളില്‍ നല്‍കണമെന്നതാണ് വ്യവസ്ഥ. 70 ദിവസത്തിനുള്ളില്‍ മരുന്നു വിതരണം കമ്പനികള്‍ പൂര്‍ത്തിയാക്കണമെന്നും കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പ്പറേഷന്‍ നിഷ്‌കര്‍ഷിക്കുന്നു. നിബന്ധന തെറ്റിക്കുന്ന കമ്പനികളില്‍ നിന്ന് വിതരണം ചെയ്യാത്ത മരുന്നിന്റെ മൂല്യത്തിന്റെ 0.5 ശതമാനം എന്ന നിരക്കില്‍ ദിവസവും പിഴ ഈടാക്കും. ഇത്തരത്തില്‍ പരമാവധി പത്ത് ശതമാനം വരെയാണ് പിഴ ഈടാക്കുന്നത്.
2023 -24 കാലയളവില്‍ 38 കമ്പനികളില്‍ ഇത്തരത്തില്‍ വീഴ്ച വരുത്തിയതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 -23 വര്‍ഷത്തില്‍ 89 കമ്പനികളും 2021- 22 ല്‍ 95 കമ്പനികളും 2020 -21 ല്‍ 67 സ്ഥാപനങ്ങളും വീഴ്ച വരുത്തി. 2016-17ല്‍ 14 കമ്പനികളാണ് മരുന്ന് വിതരണത്തില്‍ വീഴ്ച വരുത്തിയത്. ഏകദേശം 231 മുതല്‍ 447 ദിവസം വരെയാണ് കമ്പനികള്‍ കാലതാമസം വരുത്തിയിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മരുന്ന് കമ്പനികള്‍ക്ക് പണം നല്‍കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന അലംഭാവവും സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജനുവരിയിലെ കണക്കുകള്‍ പ്രകാരം 500 കോടിയോളം രൂപയായിരുന്നു മരുന്ന് വിതരണ കമ്പനികള്‍ക്കുള്ള സര്‍ക്കാര്‍ കുടിശ്ശിക. 2022- 23 വര്‍ഷത്തില്‍ ഏകദേശം 200 കോടിയോളം രൂപയും 2021 -22 വര്‍ഷത്തില്‍ ഏകദേശം 300 കോടിയോളവുമായിരുന്നു കുടിശ്ശിക. പണം നല്‍കുന്നതില്‍ സര്‍ക്കാരും കൃത്യമായി വിതരണം ചെയ്യുന്നതില്‍ കമ്പനികളും വീഴ്ച വരുത്തിയതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ പോലും കിട്ടാനില്ലാത്ത സ്ഥിതിയുണ്ടായി. പണം നല്‍കുന്നതില്‍ കൃത്യതയുണ്ടായാല്‍ മാത്രമേ വിതരണത്തിലും കൃത്യത വരുത്താന്‍ കഴിയൂ എന്ന നിലപാടാണ് മരുന്ന് കമ്പനികള്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം പ്രതിപക്ഷം കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കുകയും പ്രതിപക്ഷ അംഗങ്ങളും ആരോഗ്യവകുപ്പ് മന്ത്രിയും തമ്മില്‍ വാദപ്രതിവാദം നടക്കുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമം ചര്‍ച്ചയായതിനു പിന്നാലെയാണ് മരുന്ന് വിതരണത്തില്‍ കമ്പനികള്‍ വരുത്തുന്ന കാലതാമസവുമായി ബന്ധപ്പെട്ട കണക്കുകളും പുറത്തു വരുന്നത്. കമ്പനികള്‍ക്ക് പണം നല്‍കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന അലംഭാവവും മരുന്ന് വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."