ടി.പി വധക്കേസ്: കെ.സി രാമചന്ദ്രന് ഒട്ടും കുറ്റബോധമില്ലെന്ന് ജയിലധികൃതര്‍; പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍
ടി.പി വധക്കേസ്: കെ.സി രാമചന്ദ്രന് ഒട്ടും കുറ്റബോധമില്ലെന്ന് ജയിലധികൃതര്‍; പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍
കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. അതിക്രൂരമായ കൊലപാതകമാണ് നടന്നത്. പെട്ടെന്നുള്ള വികാരത്തിന്റെ പുറത്ത് നടന്ന കൃത്യമല്ലെന്നും ദീര്‍ഘകാലത്തെ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
ഇതിനിടെ ടി.പി.ചന്ദ്രശേഖരന്‍ കേസിലെ പ്രതി കെ.സി രാമചന്ദ്രനെതിരെയുള്ള ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ദീര്‍ഘകാലം കഴിഞ്ഞിട്ടും രാമചന്ദ്രന് യാതൊരു കുറ്റബോധവും ഇല്ലെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. പ്രതികളുടെ മാനസിക-ശാരീരിക നിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ജയിലിലെ പെരുമാറ്റ രീതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും കോടതിക്കു കൈമാറിയിരുന്നു.
കേസില്‍ നിരപരാധി ആണെന്നും കുറ്റകൃത്യം നടക്കുമ്പോള്‍ താന്‍ വീട്ടിലായിരുന്നു എന്നും രാമചന്ദ്രന്‍ പറയുന്നതായും റിപ്പോര്‍ട്ടില്‍ ഉണ്ട്. പ്രൊബേഷണറി ഓഫീസറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ശിക്ഷ വര്‍ദ്ധിപ്പിക്കുന്നതില്‍ കോടതി തീരുമാനം എടുക്കുക. പ്രതികളുടെ ശിക്ഷ ഉയര്‍ത്തുന്നതില്‍ ആദ്യം പ്രോസിക്യൂഷന്‍ വാദമാണ് കേള്‍ക്കുന്നത്. പരമാവധി ശിക്ഷ നല്‍കണം എന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
ഒന്ന് മുതൽ എട്ടുവരെയുളള പ്രതികളുടെയും 11ാം പ്രതിയുടെയും ശിക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ പ്രതികളുടെ വാദം കേൾക്കാനാണ് ഇന്ന് പ്രതികളെ ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചത്. വിചാരണ കോടതി വെറുതെ വിട്ടതിൽ ഹൈക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് പ്രതികളെ ശിക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗവും കോടതി കേട്ടു.
മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പ്രതി ജ്യോതിബാബു ഒഴികെ 11 പ്രതികളും കോടതിയിൽ നേരിട്ടു ഹാജരായി. പ്രതി ജ്യോതി ബാബു ഓൺലൈൻ ആയിട്ടാണ് ഹാജരായത്. എല്ലാ പ്രതികളും കുടുംബത്തിന്റെ അവസ്ഥയും ആരോഗ്യ സ്ഥിതി സംബന്ധിച്ചുമാണ് കോടതിയിൽ വിശദീകരിച്ചത്.
ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവു വേണമെന്ന് കെ സി രാമചന്ദ്രനും കെ കെ കൃഷ്ണനും കോടതിയിൽ ആവശ്യപ്പെട്ടു. തനിക്ക് 78 വയസ്സായെന്നും, തന്റെ സഹോദരൻ മറ്റൊരു രാഷ്ട്രീയ കൊലപാതകത്തിൽ മരിച്ചതാണെന്നും ആ കുടുംബത്തെ നോക്കുന്നതു താനാണെന്നും കെ കെ കൃഷ്ണൻ കോടതിയിൽ പറഞ്ഞു. രാഷ്ട്രീയ എതിർപ്പു കൊണ്ടു തന്നെ പ്രതിയാക്കിയതാണെന്ന് കെസി രാമചന്ദ്രൻ പറഞ്ഞു.
താൻ നിരപരാധിയാണ് രണ്ടാം പ്രതി കിർമാണി മനോജും കോടതിയിൽ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളത്. ശിക്ഷ ഇളവ് ചെയ്യണമെന്നും മനോജ് ആവശ്യപ്പെട്ടു. കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു മുഖ്യപ്രതികളിലൊരാളായ കൊടി സുനിയുടെ മറുപടി. പ്രായമായ അമ്മ മാത്രമാണ് ഉള്ളത്. ശിക്ഷ വർധിപ്പിക്കണം എന്ന സർക്കാരിന്റെയും രമയുടെയും ആവശ്യത്തിൽ ഒന്നും ബോധിപ്പിക്കാനില്ലെന്നും കൊടി സുനി പറഞ്ഞു.
ജ്യോതിബാബുവിനെയും കെ കെ കൃഷ്ണനെയും കുറ്റവിമുക്തനാക്കിയത് റദ്ദാക്കിയ ഹൈക്കോടതി, ഇരുവരും ശിക്ഷ അനുഭവിക്കണമെന്ന് വിധിച്ചിരുന്നു. കേസിൽ ഒന്നു മുതൽ അഞ്ചു വരെ പ്രതികൾക്കും ഏഴാം പ്രതിക്കും എതിരെ ഗൂഢാലോചനക്കുറ്റം കൂടി അധികമായി തെളിഞ്ഞതായും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഒരു പ്രതി ഒഴികെ മറ്റെല്ലാ പ്രതികളെയും ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."