മൂന്നാം സീറ്റും മുസ് ലിം ലീഗുംചില മുന്നണി രഹസ്യങ്ങളും
ഡോ. അഷ്റഫ് വാളൂർ
സ്വതന്ത്ര ഇന്ത്യയിലെ എല്ലാ ലോക്സഭയിലും പ്രാതിനിധ്യമുണ്ടായിരുന്ന ചുരുക്കം ചില പാർട്ടികളിലൊന്നാണ് ഇന്ത്യൻ യൂനിയൻ മുസ് ലിം ലീഗ്. ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയും കഴിഞ്ഞാല്‍ ഈ സവിശേഷത അവകാശപ്പെടാൻ കഴിയുന്ന ഏക പാർട്ടി മുസ് ലിം ലീഗാണ്. നാല് പതിറ്റാണ്ടിലേറെയായി കേരളത്തില്‍ കോണ്‍ഗ്രസിന്റെ വിശ്വസ്ത ഘടകക്ഷി. 1962 മുതല്‍ രണ്ട് ലോക്സഭാ സീറ്റുകളിലാണ് കേരളത്തില്‍ മുസ് ലിം ലീഗ് ജയിക്കുന്നത്. 1990കള്‍ മുതല്‍ ഏതാണ്ടെല്ലാ പൊതു തെരഞ്ഞെടുപ്പ് കാലത്തും മൂന്നാമതൊരു സീറ്റിനുവേണ്ടി ലീഗ് ആവശ്യം ഉന്നയിക്കാറുണ്ട്. പക്ഷേ യു.ഡി.എഫ് അതത്ര ഗൗരവത്തിലെടുക്കാറില്ല. ലീഗും നിർബന്ധം പിടിക്കാറില്ല. പക്ഷേ ഇത്തവണ മുസ് ലിം ലീഗ് മൂന്നാം സീറ്റിനുവേണ്ടി ചെറിയൊരു സമ്മർദം ചെലുത്തി. അപ്പോഴേക്കും അത് മൂന്നാം സീറ്റ് വിവാദമായി മാറി. മൂന്നല്ല, മൂന്നിലേറെ സീറ്റുകള്‍ക്കുള്ള ലീഗിന്റെ അർഹത അംഗീകരിച്ച് കോണ്‍ഗ്രസ് പതിവുപോലെ ആ ആവശ്യം നിരാകരിച്ചു. ഏറ്റവും ഒടുവില്‍ മൂന്നാം സീറ്റിന് പകരം നേരത്തെ ലീഗില്‍നിന്ന് തിരിച്ചെടുത്ത രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് ലീഗിനെ തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം.
രണ്ടാം പടിയിലുറങ്ങുന്ന ലീഗ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുസ് ലിം ലീഗ് രണ്ടാം കോണിപ്പടിയിലിരിക്കാൻ തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടിലേറെയായി. 1962ലെ മൂന്നാം ലോക്സഭാ തെരഞ്ഞെടുപ്പിലാണ് കേരളത്തില്‍നിന്ന് ലീഗിന് രണ്ട് ലോക്സഭാംഗങ്ങളുണ്ടാകുന്നത്. അതിനുമുമ്പ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ബി. പോക്കർ സാഹിബായിരുന്നു ഏക പ്രതിനിധി. കോണ്‍ഗ്രസ് തീണ്ടാപ്പാടകലെ നിർത്തിയ കാലത്താണ് മൂന്നാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച് ലീഗ് രണ്ട് സീറ്റ് നേടിയത്. മഞ്ചേരിയില്‍നിന്ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഇൗല്‍ സാഹിബും കോഴിക്കോട്ടുനിന്ന് സി.എച്ച് മുഹമ്മദ് കോയയുമായിരുന്നു ആ രണ്ട് എം.പിമാർ.
1962ലെ മൂന്നാം ലോക്സഭാ മുതല്‍ 2014ലെ പതിനഞ്ചാം ലോക്സഭവരെ ഒരുതവണ ഒഴികെ കേരളത്തില്‍നിന്ന് ആ രണ്ട് സീറ്റും മുസ് ലിം ലീഗിന് നിലനിർത്താൻ കഴിഞ്ഞു. 2004ല്‍ മഞ്ചേരിയില്‍ കെ.പി.എ മജീദ് ടി.കെ ഹംസയോട് പരാജയപ്പെട്ടതായിരുന്നു പതിമൂന്നാം ലോക്സഭയില്‍ ലീഗിന്റെ അംഗബലം ഒരാളില്‍ ഒതുങ്ങിയത്. 1962ല്‍ കോണ്‍ഗ്രസിനോടും കമ്യൂണിസ്റ്റ് പാർട്ടിയോടും ഒറ്റയ്ക്ക് പൊരുതി നേടിയ രണ്ട് സീറ്റില്‍ നിന്ന് ലീഗിന്റെ ശക്തികേന്ദ്രമായ കേരളത്തില്‍ മൂന്നാമതൊരു സീറ്റില്‍ മത്സരിക്കാൻ 62 വർഷം കഴിഞ്ഞിട്ടും കഴിഞ്ഞിട്ടില്ല. ഐക്യജനാധിപത്യ മുന്നണിയുടെ ആണിക്കല്ലായിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിലെ ഈ ദുർവിധി മുസ് ലിം ലീഗിനെ വിടാതെ പിന്തുടർന്നു. പാർട്ടി അണികളില്‍ ഈ അവഗണന വലിയ ചർച്ചയായി. മുസ് ലിംലീഗ് നേതൃത്വത്തിന് പഴയതുപോലെ ഇക്കാര്യം അണികളോട് വിശദീകരിക്കാൻ കഴിയാതെയായി. ഈ സാഹചര്യത്തിലാണ് മൂന്നാം സീറ്റിന് പിടിമുറുക്കാൻ ലീഗ് തീരുമാനിച്ചത്.
യു.ഡി.എഫും സീറ്റ് വിഭജനവും
1980കളോടെയാണ് കേരളത്തില്‍ ഇന്ന് കാണുന്ന രീതിയിലുള്ള മുന്നണി രാഷ്ട്രീയം രൂപപ്പെടുന്നത്. കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണി രൂപംകൊള്ളുമ്പോള്‍ ആ മുന്നണിയിലെ പ്രബല കക്ഷിയായിരുന്നു മുസ് ലിം ലീഗ്. അന്ന് മുതല്‍ ഇന്നുവരെ ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസിന്റെ വിശ്വസ്ത പങ്കാളി. ഒരുപക്ഷേ ഇന്ത്യയില്‍ കോണ്‍ഗ്രസുമായി ഇത്രത്തോളം ചേർന്നുനിന്ന മറ്റൊരു സഖ്യകക്ഷിയും ഉണ്ടാകില്ല. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതാപകാലത്തായിരുന്നു കേരളത്തില്‍ യു.ഡി.എഫിന്റെ പിറവി എന്നതിനാല്‍തന്നെ ഒരു പരിധിക്കപ്പുറത്തുള്ള രാഷ്ട്രീയ വിലപേശലിന് ലീഗിന് പരിമിതിയുണ്ടായിരുന്നു.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ കാറ്റിന്റെ ഗതി മാറിത്തുടങ്ങിയിരുന്നു. 1989ലെ ഒമ്പതാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധിതന്നെ കോണ്‍ഗ്രസിന്റെ അപ്രമാദിത്തം അവസാനിക്കുന്നതിന്റെ സൂചന നല്‍കി. 1991ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ രാജ്യത്ത് കോണ്‍ഗ്രസിന്റെ ഏകകക്ഷിഭരണം അവസാനിക്കുന്നുവെന്ന് വ്യക്തമായി. ദേശീയ രാഷ്ട്രീയം ബഹുകക്ഷി സംവിധാനത്തിലേക്ക് മാറി. അടല്‍ ബിഹാരി വാജ്പെയിയുടെ നേതൃത്വത്തില്‍ എൻ.ഡി.എ സഖ്യം കേന്ദ്രത്തില്‍ വിജയകരമായ അഞ്ച് വർഷം പൂർത്തിയാക്കി. മടിച്ചുമടിച്ചാണെങ്കിലും കോണ്‍ഗ്രസും മുന്നണി രാഷ്ട്രീയം എന്ന യാഥാർഥ്യം ഉള്‍ക്കൊണ്ടു. കേരളത്തിന് പുറത്തും കോണ്‍ഗ്രസ് സഖ്യകക്ഷികളെ തേടി.
ദേശീയ രാഷ്ട്രീയത്തിലെ തകർച്ചയോടൊപ്പം കേരളത്തിലും കോണ്‍ഗ്രസ് ക്ഷയിച്ചു. നേതൃബാഹുല്യവും ഗ്രൂപ്പ് തർക്കങ്ങളും തെരുവുയുദ്ധത്തിലേക്ക് നീങ്ങിയതോടെ പുതിയ തലമുറയില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം കുറഞ്ഞു. ബാബരി മസ്ജിദിന്റെ തകർച്ചയോടെ മുസ് ലിം സമുദായത്തില്‍ കോണ്‍ഗ്രസിനോട് അവിശ്വാസം ഉടലെടുത്തു. ദേശീയതലത്തില്‍ ഹിന്ദുത്വരാഷ്ട്രീയം ശക്തിപ്പെട്ടതോടെ കോണ്‍ഗ്രസിന്റെ സ്വാധീനമേഖലയായിരുന്ന സവർണ ഹിന്ദു വോട്ടുബാങ്കിലും വിള്ളല്‍ വീണു. വർഗരാഷ്ട്രീയത്തിന്റെ വരട്ടുവാദം വിട്ട് പ്രായോഗിക രാഷ്ട്രീയത്തിന്റെ സാധ്യതകളിലേക്ക് സി.പി.എം തിരിഞ്ഞതോടെ കേരളത്തിലെ പ്രബല സാമുദായിക വിഭാഗങ്ങളായ ഈഴവരിലും ദലിത് സമൂഹങ്ങളിലും കോണ്‍ഗ്രസിന് വളർച്ചയുണ്ടാക്കാനായില്ല. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയാടിത്തറ ദുർബലമായി. പക്ഷേ അപ്പോള്‍പോലും പഴയ പ്രതാപത്തിന്റെ ആനപ്പുറത്ത് നിന്നിറങ്ങാൻ കോണ്‍ഗ്രസ് തയാറായില്ല. ലോക്സഭയിലേക്കും നിയമസഭയിലേക്കും മുൻകാലങ്ങളേക്കാള്‍ സീറ്റുകളില്‍ മത്സരിച്ച് ഐക്യജനാധിപത്യ മുന്നണിയില്‍ അർഹിക്കുന്നതിലും അധികം പങ്കുപറ്റി ആ പാർട്ടി നിലയുറപ്പിച്ചു.
ലീഗിൻ്റെ വിട്ടുവീഴ്ച,കോണ്‍ഗ്രസിൻ്റെ കടുംപിടിത്തം
സാമുദായിക സന്തുലനം, മുന്നണിമര്യാദ എന്നീ ഭീഷണികള്‍ക്ക് മുന്നിലാണ് യു.ഡി.എഫില്‍ മുസ് ലിം ലീഗിന്റെ രാഷ്ട്രീയ അവകാശവാദങ്ങള്‍ (Political Demands) പലപ്പോഴും നിര്‍വീര്യമാക്കപ്പെടുന്നത്. മുന്നണിക്കകത്തെ ലീഗിന്റെ രാഷ്ട്രീയ ആവശ്യങ്ങളെല്ലാം വിവാദമാക്കുകയും ആ വിവാദത്തിന് സാമുദായികമാനം നല്‍കുകയും ചെയ്യുന്നതില്‍ കോണ്‍ഗ്രസും അസാമാന്യ മിടുക്ക് കാണിക്കാറുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു 2011ലെ അഞ്ചാം മന്ത്രി വിവാദം. ഉമ്മൻചാണ്ടി സർക്കാരില്‍ 20 അംഗങ്ങളുള്ള ലീഗിന് അഞ്ച് മന്ത്രിസ്ഥാനം സ്വാഭാവികമായും കിട്ടേണ്ടതായിരുന്നു. 39 എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉള്‍പ്പെടെ പത്ത് മന്ത്രി സ്ഥാനവും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളും നേടി. ശരാശരി മൂന്ന് എം.എല്‍.എമാർക്ക് ഒരു പദവി എന്ന തോതില്‍. ഇതേ അനുപാതത്തിലായിരുന്നു കേരള കോണ്‍ഗ്രസിനെയും അംഗീകരിച്ചത്. 9 അംഗങ്ങളുള്ള കേരള കോണ്‍ഗ്രസ് എം രണ്ട് മന്ത്രിപദവിയും ചീഫ് വിപ്പും അടക്കം മൂന്ന് പദവികള്‍ നേടി. പക്ഷേ മുസ് ലിം ലീഗ് അഞ്ച് എം.എല്‍.എമാർക്ക് ഒന്ന് എന്ന അനുപാതത്തില്‍ കാബിനറ്റ് പദവി ചോദിച്ചപ്പോഴേക്കും അത് അനുവദിക്കാൻ കോണ്‍ഗ്രസ് തയാറായില്ല. ഒടുവില്‍ ‘വകുപ്പില്ലാ മന്ത്രി’യായാണ് ലീഗിന് അഞ്ചാംമന്ത്രിയെ അനുവദിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിലും ലീഗിനോടുള്ള കോണ്‍ഗ്രസ് സമീപനത്തില്‍ മാറ്റമുണ്ടാകാറില്ല. വടക്കൻ കേരളത്തിലെ ലീഗിന്റെ സ്വാധീനമേഖലകളിലെല്ലാം കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. കണ്ണൂരും കൊയിലാണ്ടിയും കല്‍പ്പറ്റയും പൊന്നാനിയും തിരൂരങ്ങാടിയില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. എന്നാല്‍ സമീപകാലത്തൊന്നും തെക്കൻ കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്വാധീനമേഖലകളില്‍ ഒരിടത്തുനിന്നുപോലും ലീഗ് സ്ഥാനാർഥികള്‍ നിയമസഭയിലെത്തിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഇതുതന്നെയാണ് അവസ്ഥ.
എന്നാല്‍ ഓരോ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തങ്ങളുടെ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചു. ഐക്യജനാധിപത്യമുന്നണി രൂപപ്പെട്ടതിനുശേഷം നടന്ന 1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകളുംകൂടി 61 സീറ്റുകളിലാണ് മത്സരിച്ചത്. മുസ് ലിം ലീഗിന് പതിനെട്ട് സീറ്റുകള്‍ കിട്ടി. 2001ലെത്തുമ്പേഴേക്കും കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 87 ആക്കി ഉയർത്തി. ലീഗിന് ഒന്ന് കൂട്ടി പത്തൊമ്പതായി. അതുതന്നെ സി.എം.പിക്ക് നല്‍കേണ്ടിയും വന്നു. 2011ല്‍ മണ്ഡല പുനർനിർണയത്തിലൂടെ തെക്കൻ കേരളത്തില്‍ സീറ്റുകള്‍ കുറഞ്ഞു. വടക്കൻ ജില്ലകളില്‍ സീറ്റെണ്ണം കൂടി. ലീഗിന്റെ ശക്തികേന്ദ്രങ്ങള്‍ വിഭജിച്ച് മലപ്പുറം ജില്ലയില്‍ മാത്രം നാല് സീറ്റുകള്‍ അധികം വന്നു. അപ്പോഴും കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റെണ്ണം കുറഞ്ഞില്ല. ലീഗിന് തങ്ങളുടെ തട്ടകത്തില്‍ അധികംവന്ന നാലില്‍ മൂന്ന് സീറ്റ് ഉള്‍പ്പെടെ 23 സീറ്റാണ് കിട്ടിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 93 സീറ്റുകളില്‍ മത്സരിച്ചു. ലീഗിനാകട്ടെ ഒരു സീറ്റ് അധികം കിട്ടി. പുതുതായി ലഭിച്ച കുന്ദമംഗലത്ത് ഡി.സി.സി പ്രസിഡന്റിനെ സ്ഥാനാർഥിയാക്കേണ്ടിയും വന്നു.
യു.ഡി.എഫും ലീഗും അണികളുടെ സമ്മർദവും
മുൻകാലങ്ങളെപ്പോലെ ലീഗിന്റെ ന്യായമായ ആവശ്യങ്ങളോട് പൂർണമായും പുറംതിരിഞ്ഞു നില്‍ക്കാൻ കോണ്‍ഗ്രസിനോ കോണ്‍ഗ്രസിനുവേണ്ടി വിട്ടുവിഴ്ച ചെയ്ത് മേനിനടിക്കാൻ ലീഗ് നേതൃത്വത്തിനോ ഇനി കഴിയില്ല. യു.ഡി.എഫില്‍ അർഹമായ അംഗീകാരം കിട്ടുന്നില്ലെന്ന തോന്നല്‍ ലീഗ് അണികൾക്കിടയിൽ ശക്തമായിട്ടുണ്ട്. മൂന്നാം സീറ്റിനുവേണ്ടിയുള്ള ഇപ്പോഴത്തെ ലീഗിന്റെ നീക്കത്തിൽപോലും അണികളുടെ ഈ സമ്മർദം പ്രത്യേകിച്ച്, ലീഗിലെ പുതുതലമുറയുടെ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ മുൻകാലങ്ങളെപ്പോലെ വിട്ടുവീഴ്ച ചെയ്ത് നല്ലകുട്ടികളാകാൻ ലീഗ് നേതൃത്വം തയാറാകുമെന്നതിൽ യുക്തിയും ന്യായവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."