ഫലസ്തീൻ സമ്പദ് വ്യവസ്ഥയെ തുടച്ചുനീക്കുന്ന ഇസ്റാഈൽ
റജിമോൻ കുട്ടപ്പൻ
ഫലസ്തീൻ സമ്പദ് വ്യവസ്ഥയെ
തുടച്ചുനീക്കുന്ന ഇസ്റാഈൽ
2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്റാഈൽ-_ഹമാസ് സംഘർഷത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ശനിയാഴ്ച രാവിലെ ഇതെഴുതുമ്പോൾ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 29,514 കവിഞ്ഞു. ഇസ്റാഈൽ-_ഹമാസ് സംഘർഷം ജീവനെടുക്കുക മാത്രമല്ല ഫലസ്തീൻ പ്രദേശങ്ങളിലാകമാനം ഉത്പാദനത്തിലുണ്ടായ ഇടിവും പകരംവയ്ക്കാനില്ലാത്ത സാമ്പത്തികാഘാതവുമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
ഇസ്റാഇൗൽ, ഗസ്സ, വെസ്റ്റ് ബാങ്ക് തുടങ്ങി മറ്റുമേഖലകളിലെ ജനജീവിതത്തെ ദൂരവ്യാപകമായി ബാധിക്കുന്ന പ്രശ്നങ്ങളാണ് വരാനിരിക്കുന്നതെന്നും ഇവ സാമ്പത്തിക കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരിക്കുമെന്നുമാണ് ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭാ സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, സംഘർഷത്തിൽ മരണപ്പെട്ടവരിൽ നാൽപ്പതു ശതമാനവും പതിനെട്ടു വയസിനു താഴെയുള്ളവരാണ്. ഇതോടെ, ഗസ്സയിലും വെസ്റ്റ് ബാങ്കിലും കാലങ്ങളായി നിലനിൽക്കുന്ന മാനുഷിക പ്രതിസന്ധി ഈ സംഘർഷത്തോടുകൂടി തീവ്രമാവുകയും സാമ്പത്തിക-_വികസന വെല്ലുവിളികൾ രൂക്ഷമാവുകയും ചെയ്തു.
ഗസ്സയിൽ താമസിക്കുന്ന 17 ലക്ഷം ജനങ്ങൾക്ക്, അഥവാ മൊത്തം ജനസംഖ്യയുടെ എഴുപത്തിയഞ്ച് ശതമാനം പേർക്ക് കിടപ്പാടം നഷ്ടപ്പെട്ടിരിക്കയാണ്. ഗസ്സയിലെ 23 ലക്ഷം ജനങ്ങൾ വെള്ളവും ഭക്ഷണവും വൈദ്യസഹായവും വൈദ്യുതിയും ലഭിക്കാതെ കഷ്ടപ്പെടുകയാണ്. അതേസമയം, സ്ഥിര ആസ്തികൾക്കു മേലുണ്ടായിരിക്കുന്ന നാശനഷ്ടങ്ങൾ ദുരന്തസമാനമാണ്. അനവധി പാർപ്പിടകേന്ദ്രങ്ങൾ നശിച്ചതോടെ 12 ലക്ഷം ജനങ്ങൾ തെരുവിലായി. സംഘർഷം ആരോഗ്യമേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഗസ്സയിലെ മുപ്പത്തിയാറ് ആശുപത്രികളിൽ മൂന്നിലൊന്നു മാത്രമേ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നുള്ളൂ. ബാക്കിയുള്ളവ നാശനഷ്ടങ്ങൾ മൂലമോ വൈദ്യുതിയില്ലാത്തതിനാലോ അടച്ചിട്ടിരിക്കുകയാണ്. ഈയടുത്ത കാലത്ത് ഫലസ്തീൻ സാമ്പത്തികവ്യവസ്ഥ നേരിട്ട ഏറ്റവും വലിയ ആഘാതമാണ് നിലവിലേത്. 2023 സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ ഗസ്സ ജി.ഡി.പി എൺപതു ശതമാനത്തോളം ഇടിഞ്ഞു. ഇതേ സാമ്പത്തികവർഷത്തിന്റെ മൂന്നാംപാദത്തിൽ 67 കോടി അമേരിക്കൻ ഡോളറിൽനിന്ന് നാലാംപാദത്തിൽ എത്തുമ്പോൾ 9 കോടി അമേരിക്കൻ ഡോളറിലേക്കാണ് ജി.ഡി.പി കൂപ്പുകുത്തിയത്. അഥവാ, ഇവിടെയുള്ള ഭൂരിഭാഗം സാമ്പത്തികപ്രവർത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ് എന്നതാണ് സത്യം. ഫലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള വിവരങ്ങൾ, ഗസ്സ ജി.ഡി.പി 2023ന്റെ അന്ത്യപാദത്തിൽ എൺപതുശതമാനത്തോളം കൂപ്പുകുത്തിയെന്നും സാമ്പത്തിക വർഷത്തിലാകമാനം 24 ശതമാനത്തോളം ഇടിഞ്ഞുമെന്നുമുള്ള കണക്കുകളെ ശരിവയ്ക്കുന്നതാണ്. ഇസ്റാഈൽ-_ഹമാസ് സംഘർഷം ആരംഭിച്ച ആദ്യത്തെ രണ്ടു മാസങ്ങളിൽ സ്വകാര്യമേഖലയ്ക്ക്, 150 കോടി അമേരിക്കൻ ഡോളറിന്റെ ഉത്പാദന നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇതുപ്രകാരം, പ്രതിദിന നഷ്ടം 2.5 കോടി അമേരിക്കൻ ഡോളറോളം വരും. 2008, 2012, 2014, 2021 വർഷങ്ങളിലെല്ലാം ഉണ്ടായ സംഘർഷങ്ങൾ ഉണ്ടാക്കിയതിനേക്കാൾ ഭീമമായ നഷ്ടമാണ് നിലവിലെ സംഘർഷത്താൽ ഉണ്ടായിരിക്കുന്നത്.
സംഘർഷ പ്രത്യാഘാതത്തിന്റെ കണക്കുകളിൽ രണ്ടാം ഇൻതിഫാദ മാത്രമാണ് നിലവിലെ സംഘർഷത്തെ കവച്ചുവയ്ക്കുന്നത്. മുമ്പേ നിലനിൽക്കുന്ന ഉയർന്നതോതിലുള്ള പട്ടിണി, വ്യാപക കുടിയിറക്കൽ പ്രശ്നങ്ങൾ, പാർപ്പിടങ്ങൾ മറ്റു സ്ഥാവരജംഗമ ആസ്തികൾ, ഉത്പാദനക്ഷമത തുടങ്ങിയവയുടെ നശീകരണം എന്നിവയ്ക്കൊപ്പമാണ് നിലവിലെ സാമ്പത്തികാഘാതംകൂടി ഗസ്സയെ ബാധിച്ചിരിക്കുന്നത്. ഇതോടെ, ഓരോ വ്യക്തിയും കുറഞ്ഞ കാലത്തേക്കെങ്കിലും ദാരിദ്ര്യത്തിൽ ജീവിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ നാലു മാസങ്ങളായി മറ്റു ക്ഷേമപ്രവർത്തനങ്ങളും അവതാളത്തിലായിരിക്കുകയാണ്. ഇത് സകലമേഖലയിലും പിടിമുറുക്കിയിരിക്കുന്ന ദാരിദ്ര്യത്തെയാണ് വ്യക്തമാക്കുന്നത്. ഈ സാഹചര്യം, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യമേഖല ഉൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങൾ ലഭ്യമാകുന്നതിന് പ്രതിബന്ധം സൃഷ്ടിച്ചിരിക്കുന്നു. നിലവിൽ ഗസ്സയിലെ ഓരോ വ്യക്തിയും കടുത്ത ഭക്ഷ്യാരക്ഷിതാവസ്ഥ നേരിടുന്നുണ്ട്. കൂടാതെ, ഇവിടെയുള്ളവരിൽ നാലിൽ ഒരാളെങ്കിലും തീവ്ര പട്ടിണി അനുഭവിക്കുന്നുണ്ട്. ഇത് ആസന്നമായ പട്ടിണിയിലേക്കാണ് വിരൽചൂണ്ടുന്നത്. ഗസ്സൻ ജനതയുടെ നാലിൽ മൂന്ന് പേരും പലായനം ചെയ്യാൻ നിർബന്ധിതരായവരാണ് എന്നതും പേടിപ്പെടുത്തുന്ന വാസ്തവമാണ്.
നിലവിൽ ഫലസ്തീൻ അതോറിറ്റിയുടെ പ്രഥമ പരിഗണന സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിലാണ്. വെസ്റ്റ്ബാങ്കിലെ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾകൂടി ചേർത്തുവച്ചു വായിക്കുമ്പോൾ ഫലസ്തീന്റെ സാമ്പത്തികനില സംഘർഷം തുടങ്ങിയതോടെ മുമ്പത്തേക്കാൾ ഗുരുതരമായിരിക്കുന്നു എന്നാണ് വ്യക്തമാവുന്നത്. കുറഞ്ഞ സാമ്പത്തിക പ്രവർത്തനങ്ങളുടെ ഫലമായി ഗാർഹിക നികുതിവകുമാനം കുറഞ്ഞതോടെ ഫലസ്തീൻ അതോറിറ്റി 2023ന്റെ അവസാന പാദത്തിൽ പൊതുമേഖലയിലെ വേതനവും വെട്ടിക്കുറച്ചിട്ടുണ്ട്. ഫലപ്രദമായുള്ള പരമ്പരാഗത സാമ്പത്തികനയങ്ങളൊന്നും നിലവിൽ ലഭ്യമാകില്ല എന്നതിനാൽ സാമ്പത്തിക പ്രവർത്തനങ്ങൾ മുമ്പോട്ടു കൊണ്ടുപോകാനുള്ള മാർഗം പ്രയോജനപ്രദമായ കുടിശ്ശികകളും വിദേശസഹായവും മാത്രമാണ്. ഇത്തരം പ്രവർത്തനങ്ങൾ പ്രധാനമായും സംഘർഷത്തിന്റെ തീവ്രത, ഉപരോധം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്.
2024ന്റെ ആദ്യ മാസങ്ങൾ കഴിഞ്ഞും സംഘർഷം രൂക്ഷമായി തുടരുക, വെസ്റ്റ് ബാങ്കിലും മറ്റുമുള്ള സഞ്ചാര-പ്രവേശന ഉപരോധം നിലനിൽക്കുക എന്നീ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ സാമ്പത്തിക മാന്ദ്യം കൂടുതൽ രൂക്ഷമാകും. കൂടാതെ, കുടിശ്ശിക കൃത്യമായി ലഭിക്കാതിരിക്കുന്ന സാഹചര്യം തുടരുകയാണെങ്കിൽ ഫലസ്തീൻ അതോറിറ്റി തീവ്രവും ക്രമരഹിതവുമായ സാമ്പത്തിക ഏകീകരണ നടപടികളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇത് പൊതുമേഖലയിലെ വേതനം വീണ്ടും വെട്ടിച്ചുരുക്കാൻ കാരണമായേക്കാം. ഇതോടെ ഉപഭോഗനിരക്ക് കുത്തനെ ഇടിയുകയും സാമ്പത്തിക വളർച്ചയെ വിദൂരകാലാടിസ്ഥാനത്തിൽ ഗുരുതരമായി ബാധിക്കുന്ന സാഹചര്യവും ഉണ്ടാവും.
2023 ഒക്‌ടോബറിൽ സംഘർഷം ആരംഭിച്ചതോടെ ക്ലിയറൻസ് റവന്യൂ കൈമാറ്റം കുറയുകയും ഇത് മുമ്പുണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധിയെ കൂടുതൽ വഷളാക്കുകയും ചെയ്തു. പാരിസ് പ്രോട്ടോക്കാൾ പ്രകാരം ക്ലിയറൻസ് റവന്യൂ എന്നാൽ ഇസ്റാഈൽ സർക്കാർ ശേഖരിക്കുകയും പിന്നീട് ഫലസ്തീൻ അതോറിറ്റിക്ക് കൈമാറുകയും ചെയ്യുന്ന റവന്യൂ ആണ്. മിക്ക ക്ലിയറൻസ് വരുമാനങ്ങളും വാറ്റ്, ഇറക്കുമതി തീരുവ എന്നിവയാണ്. അവ പ്രതിമാസാടിസ്ഥാനത്തിൽ അടയ്ക്കേണ്ടവയുമാണ്. ക്ലിയറൻസ് വരുമാനം ഫലസ്തീൻ അതോറിറ്റിയുടെ മൊത്തം സാമ്പത്തിക വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തോളം വരും. 2023 ഒക്ടോബറിലെ ശമ്പളം അൻപതു ശതമാനം നിരക്കിലാണ് നൽകിയത്. അതേസമയം, നവംബറിലെ ശമ്പളം 65 ശതമാനവും ഡിസംബറിലെ ശമ്പളം 60 ശതമാനവുമാണ്.
ദീർഘകാലമായി സാമ്പത്തിക ഇടിവ് അനുഭവിക്കുന്ന ഗസ്സയിൽ, സ്ഥിര ആസ്തികളുടെ നാശം മാത്രമല്ല വെല്ലുവിളി സൃഷ്ടിക്കുന്നത്. സംഘർഷത്തിന്റെ പരിണതഫലമായി ആളുകളിലുണ്ടാവുന്ന മാനസിക സംഘർഷങ്ങൾ വലിയ വെല്ലുവിളിയാണ്. പ്രായപൂർത്തിയായവരിൽ 58 ശതമാനം പേരും നിലവിലെ സംഘർഷ സാഹചര്യത്തിനു മുമ്പുതന്നെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നാണ് ലോകബാങ്ക് നടത്തിയ പഠനത്തിൽ വ്യക്തമായത്. വെസ്റ്റ്ബാങ്കിൽ അൻപതു ശതമാനം പേരും ഗസ്സയിൽ എഴുപത്തിയൊന്നു ശതമാനം പേരും വിഷാദരോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായാണ് കണക്കുകൾ. നിലവിലുള്ള സംഘർഷത്തിന്റെ ഭാഗമായുള്ള പലായനവും സ്വത്തുവകകളുടെ നാശനഷ്ടവും സൃഷ്ടിക്കുന്ന ആഘാതം മാനസികാരോഗ്യത്തെ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്.
കൂടാതെ, ഇത് തൊഴിൽ പങ്കാളിത്തത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് കരുതപ്പെടുന്നു. പലായനം, സുരക്ഷാ ആശങ്കകൾ, അടിസ്ഥാന സൗകര്യങ്ങളുടെ അലഭ്യത എന്നിവ കുറഞ്ഞ കാലത്തേക്കെങ്കിലും തൊഴിലവസരങ്ങളെ പരിമിതപ്പെടുത്തും. ഇതുമൂലം ഏറ്റവും പ്രയാസമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെടെയുള്ള പാർശ്വവത്കൃത വിഭാഗമായിരിക്കും. കാരണം, നിലവിലെ സാഹചര്യത്തൽ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം ഏറെ പ്രയാസമനുഭവിക്കുന്ന വിഭാഗമാണിവർ. അതേസമയം, സംഘർഷത്തിന്റെ തീവ്രത, ഉപരോധം എന്നിവ എങ്ങനെ മുന്നോട്ടുപോകും എന്നതിനെ ആശ്രയിച്ചു മാത്രമേ ഫലസ്തീന്റെ സാമ്പത്തികാവസ്ഥയെ മനസിലാക്കാൻ സാധിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."