ജാമിഅ മില്ലിയ്യയില്‍ യു.ജി, പി.ജി പഠനം; അപേക്ഷ മാര്‍ച്ച് 30 വരെ
ജാമിഅ മില്ലിയ്യയില്‍ യു.ജി, പി.ജി പഠനം; അപേക്ഷ മാര്‍ച്ച് 30 വരെ
പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ധന്‍ [email protected]
ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രസര്‍വകലാശാലകളിലൊന്നായ ജാമിഅ മില്ലിയ്യ ഇസ് ലാമിയ്യ (ജെ.എം.ഐ)യിലെ വിവിധ യു.ജി, പി.ജി പ്രോഗ്രാമുകളുടെ അപേക്ഷ ക്ഷണിച്ചു. 1920ല്‍ സ്ഥാപിതമായ ഈ സര്‍വകലാശാലയ്ക്ക് എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനമുണ്ട്. QS, THE, RUR എന്നീ അന്താരാഷ്ട്ര ഏജന്‍സികളുടെ റാങ്കിങുകളിലും മികച്ച സ്ഥാനമുണ്ട്. ബിരുദം, ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, പിജി ഡിപ്ലോമ, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി തുടങ്ങി വിവിധ തലങ്ങളിലുള്ള 225 പ്രോ ഗ്രാമുകളില്‍ 17500 ല്‍ അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടിവിടെ. ഭൂരിഭാഗം പ്രോഗ്രാമുകള്‍ക്കും ജെ.എം.ഐ തന്നെ നടത്തുന്ന പരീക്ഷ വഴിയാണ് പ്രവേശനം. ചില പ്രോഗ്രാമുകള്‍ക്ക് മാത്രമാണ് സി.യു.ഇ.ടി പരീക്ഷയുടെ സ്‌കോര്‍ പരിഗണിക്കുന്നത്.
വ്യത്യസ്തമായ പ്രോഗ്രാമുകള്‍
ഹ്യൂമാനിറ്റീസ് & ലാംഗ്വേജസ്, സയന്‍സ്, ലൈഫ് സയന്‍സ്, സോഷ്യല്‍ സയന്‍സ്, എന്‍ജിനീയറിങ് & ടെക്‌നോളജി, എജ്യുക്കേഷന്‍, ആര്‍ക്കിടെക്ചര്‍ & എക്കിസ്‌ററിക്‌സ്, മാനേജ്‌മെന്റ് സ്റ്റഡീസ്, ഫൈന്‍ ആര്‍ട്‌സ്, നിയമം, ഡെന്റിസ്ട്രി എന്നീ പഠന വിഭാഗങ്ങളിലായി നിരവധി പ്രോഗ്രാമുകളുണ്ട്. കൂടാതെ ജേണലിസം മേഖലയിലെ വിഖ്യാത സ്ഥാപനമായ എ.ജെ.കെ മാസ്സ് കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്റര്‍ അടക്കം വിവിധ പഠന കേന്ദ്രങ്ങളിലും മികച്ച പ്രോഗ്രാമുകളുണ്ട്.
എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ പ്രോഗ്രാമുകളുടെ പ്രവേശനം യഥാക്രമം ജെ.ഇ.ഇ മെയിന്‍ 2024, നാറ്റ 2024 സ്‌കോറുകളുടെ അടിസ്ഥാനത്തിലാണ്. ബി.ഡി.എസ് പ്രവേശനം നീറ്റ് യു.ജി 2024 ന്റെ മാര്‍ക്കടിസ്ഥാനത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ കമ്മിറ്റിയാണ് നടത്തുക. പിഎച്ച്.ഡി പ്രോഗ്രാമുകളുടെ പ്രവേശന നടപടികള്‍ പിന്നീട് നടക്കും.
പുതിയ പ്രോഗ്രാമുകള്‍
എം.ടെക്‌ഡേറ്റ സയന്‍സ്, സോളിഡ് സ്റ്റേറ്റ് ടെക്‌നോളജി , എം.എസ് സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & മെഷീന്‍ ലേണിംഗ്. ബി.ടെക് ഇലക്ട്രിക്കല്‍ & കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് (വി.എല്‍.എസ്.ഐ ഡിസൈന്‍ & ടെക്‌നോളജി ), കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ് (ഡേറ്റ സയന്‍സ്) , ബി.എസ് സി ലൈഫ് സയന്‍സസ് വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡിജിറ്റല്‍ ഹ്യുമാനിറ്റീസ് എന്നിവ ഈ വര്‍ഷം ആരംഭിക്കുന്ന പ്രോഗ്രാമുകളാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മള്‍ട്ടിപ്പിള്‍ എന്‍ട്രി, എക്‌സിറ്റ് ഓപ്ഷനുകളോടു കൂടിയ നാല് വര്‍ഷം ബിരുദ പ്രോഗ്രാമുകളും ആരംഭിക്കുന്നുണ്ട്.
അപേക്ഷാ യോഗ്യത
ബിരുദപ്രോഗ്രാമുകള്‍ക്ക് 50 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ് ടു/തത്തുല്യമാണ് യോഗ്യത. ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും. വിവിധ പ്രോഗ്രാമുകള്‍ക്കുള്ള നിര്‍ദിഷ്ട യോഗ്യത പ്രോസ്പക്റ്റസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ
www.jmicoe.in വഴി മാര്‍ച്ച് 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ക്രെഡിറ്റ് കാര്‍ഡ് /ഡെബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് വഴി ഫീസടക്കാം. ഏപ്രില്‍ 4 നും 10 നുമിടയില്‍ അപേക്ഷയിലെ അപാകതകള്‍ പരിഹരിക്കാന്‍ അവസരമുണ്ടാകും. ഏപ്രില്‍ 15 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. ഏപ്രില്‍ 25ന് പരീക്ഷ തുടങ്ങും. ബി.എസ് സി എയറോനോട്ടിക്‌സ് ഒഴികെയുള്ള ബിരുദ പ്രോഗ്രാമുകള്‍ക്ക് ഡല്‍ഹിയില്‍ മാത്രമേ പരീക്ഷാകേന്ദ്രമുള്ളൂ. ചില ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍, ബി.എസ് സി എയ്‌റോനോട്ടിക്‌സ്, ഡിപ്ലോമ എന്‍ജിനീയറിങ് എന്നിവയ്ക്ക് തിരുവനന്തപുരമടക്കം ഏഴ് പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പ്രോഗ്രാമുകള്‍, പ്രവേശന പരീക്ഷയുടെ സിലബസ്, അപേക്ഷാ ഫീസ്, സി.യു.ഇ.ടി വഴി പ്രവേശനം ലഭിക്കുന്ന പ്രോഗ്രാമുകള്‍ തുടങ്ങിയ വിശദവിവരങ്ങളെല്ലാം പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്. വെബ്‌സൈറ്റ്: www.jmicoe.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."