'ആരോപണങ്ങളെല്ലാം വസ്തുതകള്‍', തനിക്കെതിരെ നടത്തിയ വിധിയില്‍ പരസ്യ സംവാദത്തിന് തയ്യാറുണ്ടോ?.. സിറിയക് ജോസഫിനെതിരേ വീണ്ടും കെ.ടി ജലീല്‍
സിറിയക് ജോസഫിനെതിരേ വീണ്ടും കെ.ടി ജലീല്‍
തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന് തുറന്ന കത്തുമായി കെ ടി ജലീല്‍ എംഎല്‍എ. യു.ഡി.എഫിന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി തനിക്കൊരു നോട്ടീസ് അയക്കുകയോ എന്നെ കേള്‍ക്കുകയോ ചെയ്യാതെ ഏകപക്ഷീയ വിധി പറഞ്ഞ താങ്കള്‍ മരിക്കുന്നതിന് മുമ്പെങ്കിലും കുപ്രസിദ്ധമായ ആ വിധിയുടെ പിന്നാമ്പുറ രഹസ്യം വെളിപ്പെടുത്തണമെന്ന് ജലീല്‍ കത്തില്‍ ആവശ്യപ്പെട്ടു.
മറ്റു പലര്‍ക്കെതിരെയും ലോകായുക്തയില്‍ ഹരജികള്‍ വന്നപ്പോള്‍ അവര്‍ക്കൊക്കെ നോട്ടീസ് അയച്ച് അവരെ കേള്‍ക്കാന്‍ വിശാലമനസ്‌കത കാണിച്ച താങ്കള്‍ എനിക്കുമാത്രം ആ മാനുഷിക നീതി നിഷേധിച്ചത് എന്തുകൊണ്ടാണ്? താങ്കളെപ്പോലുള്ള നീതിബോധം തൊട്ടുതീണ്ടാത്തവര്‍ 'ന്യായാധിപന്‍' എന്ന വാക്കിനാല്‍ അഭിസംബോധന ചെയ്യപ്പെടാന്‍ പോലും അര്‍ഹനല്ല! ലോകായുക്ത വിധിക്കെതിരെ മേല്‍ക്കോടതികളില്‍ അപ്പീലിന് പോകാന്‍ പോലും അവസരം നല്‍കാത്ത നിയമത്തിന്റെ മറപിടിച്ച് മേലില്‍ ഒരാളെ രാഷ്ട്രീയ എതിരാളികളില്‍ നിന്ന് കയ്‌നിറയെ സമ്മാനങ്ങള്‍ വാങ്ങി അപമാനിക്കാന്‍ താങ്കള്‍ക്കാവില്ല. താങ്കളുടെ ആ വിഷപ്പല്ലാണ് ഇന്ത്യന്‍ പ്രസിഡണ്ട് തന്റെ കയ്യൊപ്പിലൂടെ പറിച്ചെറിഞ്ഞത്. കേരള നിയമസഭ പാസ്സാക്കിയ നിയമം തെറ്റായിരുന്നുവെങ്കില്‍ ഒരുകാരണവശാലും ലോകായുക്ത നിയമ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വെക്കുമായിരുന്നില്ലെന്നും കെ.ടി ജലീല്‍ ചൂണ്ടിക്കാട്ടി.
ലോകായുക്ത നിയമം ഭേദഗതി ചെയ്യപ്പെട്ട സാഹചര്യത്തില്‍ 2022ല്‍ താങ്കള്‍ എനിക്കെതിരെ നടത്തിയ തീര്‍ത്തും അന്യായമായ വിധിയെ സംബന്ധിച്ച് ഒരു പരസ്യ സംവാദത്തിന് താങ്കള്‍ തയ്യാറുണ്ടോ? എന്നും കെ.ടി ജലീല്‍ കത്തില്‍ ചോദിച്ചു.
താങ്കള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ത്തപ്പെട്ട ആരോപണങ്ങളെല്ലാം നൂറ്റൊന്ന് ശതമാനം വസ്തുതകളാണെന്ന് ആരെക്കാളുമധികം താങ്കള്‍ക്കറിയാം! അതുകൊണ്ടല്ലേ മൗനം കൊണ്ടുള്ള ഓട്ടയടക്കല്‍ എന്നും ജലീല്‍ വിമര്‍ശിച്ചു.
ഫേസ്ബുക്കില്‍ പങ്കുവച്ച കത്തിന്റെ പൂര്‍ണരൂപം.
ലോകായുക്തക്ക് ഒരു തുറന്ന കത്ത്.
സിറിയക് ജോസഫ് അറിയാന്‍, ഗാന്ധിജിയെ വെടിവെച്ച് കൊന്ന ആയുധം ഗോദ്‌സെയുടെ കയ്യില്‍ നിന്ന് തിരിച്ചു വാങ്ങിയ വിവരം താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ? ഇനി ബന്ധുമിത്രാദികളെ വിസിയും ഹയര്‍സെക്കന്‍ഡറി ഡയറക്ടറും ജഡ്ജിയുമൊക്കെ ആക്കാന്‍ പദവി ദുരുപയോകം ചെയ്യാന്‍ അങ്ങേക്കു പറ്റില്ല. യു.ഡി.എഫിന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി എനിക്കൊരു നോട്ടീസ് അയക്കുകയോ എന്നെ കേള്‍ക്കുകയോ ചെയ്യാതെ ഏകപക്ഷീയ വിധി പറഞ്ഞ് ഇടതുവിരുദ്ധരുടെ കയ്യടിയും സമ്മാനങ്ങളും വാങ്ങിയ താങ്കളും സഹപ്രവര്‍ത്തകനും മരിക്കുന്നതിന് മുമ്പെങ്കിലും കുപ്രസിദ്ധമായ ആ വിധിയുടെ പിന്നാമ്പുറ രഹസ്യം വെളിപ്പെടുത്തണം.
ഒരു സ്ഥാപനം മെച്ചപ്പെടുത്തുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ ഒരുവര്‍ഷം ഒരാള്‍ക്ക് ഡെപ്യൂട്ടേഷന്‍ നല്‍കിയതിന്റെ പേരിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അഡ്വക്കറ്റ് ജനറലാക്കാമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് തയ്യാറാക്കിയ വിധിയെന്ന് ആരോപിക്കപ്പെടുന്ന വിധിപ്പകര്‍പ്പില്‍ ഒപ്പിട്ട് സമൂഹമദ്ധ്യത്തില്‍ വ്യക്തിപരമായി എന്നെ താറടിച്ച് കാണിച്ചത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ട് ഒരുനയാപൈസയുടെ അവിഹിത സമ്പാദ്യമോ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക തിരിമറികളോ ഞാന്‍ നടത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലോകാവസാനം വരെ അതിന് ഒരേജന്‍സിക്കും സാധിക്കുകയുമില്ല. അങ്ങിനെയുള്ള ഒരു സാധാരണ പൊതുപ്രവര്‍ത്തകനെ രാഷ്ട്രീയമായി ഇല്ലാതാക്കാനല്ലാതെ മറ്റെന്തിനായിരുന്നു തെരഞ്ഞെടുപ്പ് സമയം നോക്കി ധൃതിപിടിച്ച് തട്ടിക്കൂട്ടിയ പ്രമാദമായ ആ വിധി?
മറ്റു പലര്‍ക്കെതിരെയും ലോകായുക്തയില്‍ ഹര്‍ജികള്‍ വന്നപ്പോള്‍ അവര്‍ക്കൊക്കെ നോട്ടീസ് അയച്ച് അവരെ കേള്‍ക്കാന്‍ വിശാലമനസ്‌കത കാണിച്ച താങ്കള്‍ എനിക്കുമാത്രം ആ മാനുഷിക നീതി നിഷേധിച്ചത് എന്തുകൊണ്ടാണ്? താങ്കളെപ്പോലുള്ള നീതിബോധം തൊട്ടുതീണ്ടാത്തവര്‍ 'ന്യായാധിപന്‍' എന്ന വാക്കിനാല്‍ അഭിസംബോധന ചെയ്യപ്പെടാന്‍ പോലും അര്‍ഹനല്ല! ലോകായുക്ത വിധിക്കെതിരെ മേല്‍ക്കോടതികളില്‍ അപ്പീലിന് പോകാന്‍ പോലും അവസരം നല്‍കാത്ത നിയമത്തിന്റെ മറപിടിച്ച് മേലില്‍ ഒരാളെ രാഷ്ട്രീയ എതിരാളികളില്‍ നിന്ന് കയ്‌നിറയെ സമ്മാനങ്ങള്‍ വാങ്ങി അപമാനിക്കാന്‍ താങ്കള്‍ക്കാവില്ല. താങ്കളുടെ ആ വിഷപ്പല്ലാണ് ഇന്ത്യന്‍ പ്രസിഡണ്ട് തന്റെ കയ്യൊപ്പിലൂടെ പറിച്ചെറിഞ്ഞത്. കേരള നിയമസഭ പാസ്സാക്കിയ നിയമം തെറ്റായിരുന്നുവെങ്കില്‍ ഒരുകാരണവശാലും ലോകായുക്ത നിയമ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വെക്കുമായിരുന്നില്ല.
'ജഡ്ജ്' എന്ന 'പദവി' കാട്ടി താങ്കള്‍ സ്വന്തം അനുജനെ ഹയര്‍സെക്കന്ററി ഡയറക്ടറാക്കി. സഹോദരഭാര്യയെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ്ചാന്‍സലറാക്കി. അവരെത്തന്നെ പിന്നീട് കേന്ദ്ര സര്‍വകലാശാലയുടെ വി.സിയാക്കി. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ താങ്കളെപ്പോലെ ഹൃദയശൂന്യനായ ഒരാള്‍ക്ക് പിന്തുടര്‍ച്ച വേണമെന്ന് നിശ്ചയിച്ച് സഹോദര പുത്രിയെ ജഡ്ജിയാക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി. താങ്കളുടെ കള്ളക്കളി കൊളീജിയം തിരിച്ചറിഞ്ഞത് കൊണ്ട് രാജ്യം രക്ഷപ്പെട്ടു. ഇത്രകേമിയാണ് താങ്കളുടെ സഹോദരപുത്രിയെങ്കില്‍ എന്തേ ജില്ലാ ജഡ്ജിമാരുടെ പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് അവര്‍ക്ക് ജഡ്ജിയാകാന്‍ കഴിഞ്ഞില്ല? താങ്കള്‍ അയോഗ്യനെന്ന് മുദ്രകുത്തിയ അദീപ് എന്ന ചെറുപ്പക്കാരന്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയുടെ കേരളത്തിലെ പ്രധാന നഗര ശാഖയുടെ ചീഫ് മാനേജരാണ്. ശുപാര്‍ശയില്‍ കിട്ടിയതല്ല ആ പദവി. കഴിവ് കൊണ്ട് ലഭിച്ചതാണ്. സംശയമുണ്ടെങ്കില്‍ താങ്കള്‍ അന്വേഷിച്ചോളൂ. എല്ലാകാലവും കുബുദ്ധി വിജയിക്കുമെന്ന് മിസ്റ്റര്‍ സിറിയക് ജോസഫ്, താങ്കള്‍ കരുതരുത്.
ലോകായുക്ത നിയമം ഭേദഗതി ചെയ്യപ്പെട്ട സാഹചര്യത്തില്‍ അങ്ങയോട് ഒരു എളിയ ചോദ്യം: 2022ല്‍ താങ്കള്‍ എനിക്കെതിരെ നടത്തിയ തീര്‍ത്തും അന്യായമായ വിധിയെ സംബന്ധിച്ച് ഒരു പരസ്യ സംവാദത്തിന് താങ്കള്‍ തയ്യാറുണ്ടോ? തിയ്യതിയും സമയവും സ്ഥലവും താങ്കള്‍ തീരുമാനിച്ചോളൂ. അഭയ എന്ന പാവം കന്യാസ്ത്രീയുടെ കൊലപാതകം ആത്മഹത്യയാക്കി ഒന്നാം പ്രതിയും താങ്കളുടെ ഭാര്യ സഹോദരി ഭര്‍ത്താവിന്റെ ജേഷ്ഠനുമായ ഫാദര്‍ കോട്ടൂരിനെ രക്ഷിക്കാന്‍ ന്യായാധിപന്‍ എന്ന പദവി ഉപയോഗിച്ച് താങ്കള്‍ നടത്തിയ വഴിവിട്ട ശ്രമങ്ങള്‍ ഓര്‍മ്മയില്ലേ? അവയെല്ലാം പച്ചക്ക് തുറന്നു കാട്ടിയ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ ഒരു വക്കീല്‍ നോട്ടീസ് പോലും അയക്കാതിരുന്നത് അവയെല്ലാം സത്യമായത് കൊണ്ടല്ലേ? താങ്കള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ത്തപ്പെട്ട ആരോപണങ്ങളെല്ലാം നൂറ്റൊന്ന് ശതമാനം വസ്തുതകളാണെന്ന് ആരെക്കാളുമധികം താങ്കള്‍ക്കറിയാം! അതുകൊണ്ടല്ലേ മൗനം കൊണ്ടുള്ള ഓട്ടയടക്കല്‍?
മിസ്റ്റര്‍ സിറിയക് ജോസഫ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന് അയച്ച പരാതി താങ്കള്‍ വായിച്ചില്ലേ? ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഒരു റിട്ടയേഡ് ജഡ്ജിക്കെതിരെയും സമാന ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ടാവില്ല. താങ്കളുടെയും ജനങ്ങളുടെയും അറിവിലേക്കായി അത് ചുവടെ ചേര്‍ക്കുന്നു.
To,
Hon'ble Mr. Justice D. Y Chandrachud
Chief Justice,
Supreme Court of India
New Delhi 110001
വിഷയം: സുപ്രീംകോടതി റിട്ടയേഡ് ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫ് പദവി ദുരുപയോഗം ചെയ്ത്, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന പരാതി സംബന്ധിച്ച്:
സര്‍,
സുപ്രീംകോടതി റിട്ടയേഡ് ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫ്, മൂന്നരവര്‍ഷക്കാലം സുപ്രീം കോടതി ജഡ്ജിയായി ഇരുന്ന സമയത്തും കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസായി രണ്ടര വര്‍ഷക്കാലം ഇരുന്ന സമയത്തും, ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന സമയത്തും കേരള ഹൈകോടതിയിലും ഡല്‍ഹി ഹൈകോടതിയിലും ജഡ്ജിയായിരുന്ന സമയത്തും ജഡ്ജ് എന്ന പദവി ദുരുപയോഗം ചെയ്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. ഇതിലൂടെ ഇന്ത്യന്‍ ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തി സത്യം വെളിച്ചത്തു കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
6.7.1994 ല്‍ കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ച ജസ്റ്റിസ് സിറിയക് ജോസഫ്, 2012 ജനുവരി 27നാണ് സുപ്രീം കോടതി ജഡ്ജിയായി റിട്ടയര്‍ ചെയ്തത്. നീണ്ട 17 വര്‍ഷവും 5 മാസവും 21 ദിവസവുമാണ് ജഡ്ജിയായി അദ്ദേഹം ഇരുന്നത്. ഇതില്‍ മൂന്നരവര്‍ഷം സുപ്രീംകോടതി ജഡ്ജിയായി. കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി രണ്ടര വര്‍ഷവും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഒരു വര്‍ഷവും ബാക്കിയുള്ള കാലയളവില്‍ കേരള ഹൈകോടതിയിലും ഡല്‍ഹി ഹൈകോടതിയിലും ജഡ്ജിയായും പ്രവര്‍ത്തിച്ചു. ജഡ്ജ്‌മെന്റ് എഴുതാത്ത ജഡ്ജിയെന്ന പേരുദോഷം വരുത്തിയ ആളാണ് സിറിയക് ജോസഫ്. അറ്റോര്‍ണി ജനറല്‍ ജുഡീഷ്യറിയിലെ പുഴുക്കുത്തുകളെ കുറിച്ച് പറഞ്ഞ കൂട്ടത്തില്‍ ഒരുദാഹരണമായി വാദത്തിനിടയില്‍ 2015 ജൂണ്‍ 18 ന് സുപ്രീംകോടതിയില്‍ പറഞ്ഞത് ജുഡീഷ്യറിയിലെ 'doubtful integrtiy'യുള്ള വ്യക്തിയാണ് സിറിയക് ജോസഫെന്നാണ്. ഇക്കാര്യം'THE TIMES OF INDIA' 2015 ജൂണ്‍ 19ന് ഒന്നാം പേജിലെ പ്രധാന വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൈക്കൂലി വാങ്ങിയാണ് പ്രതികളെ ശിക്ഷിക്കേണ്ട പല കേസുകളിലും ജഡ്ജ്‌മെന്റ് എഴുതാതെ അനന്തമായി നീട്ടികൊണ്ടുപോയി കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിക്കൊടുത്തെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ പതിനേഴരവര്‍ഷക്കാലം ജഡ്ജിയായി ഇരിന്നിട്ട് വിരലിലെണ്ണാവുന്ന വിധി മാത്രം പറഞ്ഞിട്ടുള്ള ജഡ്ജിയാണ് ജസ്റ്റിസ് സിറിയക് ജോസഫ്. വിധി പറഞ്ഞ കേസുകള്‍ പരിശോധിച്ചാല്‍ തന്നെ ഒരുകൊലക്കേസ് പ്രതിയെപ്പോലും സിറിയക് ജോസഫ് ശിക്ഷിച്ചതായി കേട്ടുകേള്‍വിയില്ല. പതിനേഴര വര്‍ഷക്കാലം ജഡ്ജിയായി ഇരുന്ന് കോടികള്‍ ശമ്പളവും മററു ആനുകൂല്യങ്ങളും പറ്റിയിട്ടും ജഡ്ജ്‌മെന്റ്‌റ് എഴുതാത്ത ജഡ്ജിയാണ് ജസ്റ്റിസ് സിറിയക് ജോസഫ്.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയയെ (Catholic nun) കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപരിന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി ഫാദര്‍ തോമസ് കോട്ടൂര്‍ (Catholic Priest) ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഭാര്യാ സഹോദരി ഭര്‍ത്താവിന്റെ ജേഷ്ഠ സഹോദരനാണ്. ഫാദര്‍ കോട്ടൂരിനെ രക്ഷിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് കേരള ഹൈകോടതിയില്‍ ജഡ്ജിയായിരുന്നപ്പോള്‍ മുതല്‍ ശ്രമിച്ച വിവരം കേരള സമൂഹത്തില്‍ പകല്‍പോലെ തെളിഞ്ഞതാണ്. 28 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ 2020 ഡിസംബര്‍ 23നാണ് ഒന്നാം പ്രതി കോട്ടൂരിനെ ഇരട്ട ജീവപര്യന്തം കഠിന തടവിന് തിരുവനന്തപുരം സി.ബി.ഐ കോടതി ശിക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട നിയമ പോരാട്ടം ഇപ്പോഴും തുടരുകയാണ്.
ജസ്റ്റിസ് സിറിയക് ജോസഫ് കര്‍ണ്ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയിരിക്കെ 2008 മെയ് 24ന് സിസ്റ്റര്‍ അഭയ കേസിലെ പ്രതികളുടെ നാര്‍കോ അനാലിസിസ് ടെസ്റ്റ് നടത്തിയ സി.ഡി കാണാന്‍ ബാഗ്ലൂരിലെ ഫോറന്‍സിക് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി 45 മിനിറ്റോളം ഇരുന്ന് നാര്‍കോ സി.ഡി കണ്ടെന്ന് 4.7.2009 സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ചീഫ് ജസ്റ്റിസെന്ന അധികാരം ദുരുപയോഗം ചെയ്ത് ഉറ്റബന്ധുവായ പ്രതിക്ക് സി.ഡിയിലുള്ള രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കാനായിരുന്നു അതെന്ന കാര്യത്തില്‍ സംശയമില്ല.
സുപ്രീം കോടതിയില്‍ നിന്ന് ജഡ്ജിയായി 2012 ജനുവരി 27നാണ് ജസ്റ്റിസ് സിറിയക് ജോസഫ് റിട്ടയര്‍ ചെയ്തത്. അതിനുശേഷം, 2013ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മെമ്പറായി നിയമിക്കുന്നതിനുള്ള ശുപാര്‍ശ രണ്ടാം മന്‍മോഹന്‍സിംഗ് സര്‍ക്കാറിന്റെ കാലത്ത് സെലെക്ഷന്‍ കമ്മിറ്റിയില്‍ വന്നു. ആ ഘട്ടത്തില്‍ കമ്മിറ്റി അംഗങ്ങളായ അന്നത്തെ ലോകസഭാ പ്രതിപക്ഷനേതാവ് ശ്രീമതി സുഷമ സ്വരാജും രാജ്യസഭാ പ്രതിപക്ഷ നേതാവ് ശ്രീ അരുണ്‍ ജൈറ്റ്‌ലിയും അഴിമതിക്കാരനായ ജസ്റ്റിസ് സിറിയക് ജോസഫിനെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മെമ്പറായി നിയമിക്കുന്നതിനെ ശക്തമായി എതിര്‍ത്തു. അതേതുടര്‍ന്ന് പ്രധാനമന്ത്രി അദ്ധ്യക്ഷനായ കമ്മിറ്റി തീരുമാനം മാറ്റിവെക്കുകയായിരുന്നു.
2009 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ എറണാകുളം കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സീറോ മലബാര്‍ സഭയുടെ അന്തര്‍ദേശീയ അല്‍മായ അസംബ്ലി ഉല്‍ഘാടനം ചെയ്തത് സുപ്രീംകോടതി ജഡ്ജ് എന്ന നിലയില്‍ ജസ്റ്റിസ് സിറിയക് ജോസഫാണ്. അന്ന് അദ്ദേഹം ചെയ്ത പ്രസംഗം നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനമായിരുന്നു. സിറിയക് ജോസഫിന്റെ വാക്കുകള്‍ ഇപ്രകാരമാണ്: 'എനിക്ക് സഭയോടുള്ള സ്‌നേഹത്തിനും കൂറിനും ഒരു കുറവും സംഭവിച്ചിട്ടില്ല. ഔദ്യോഗികമായ സ്ഥാനമാനങ്ങള്‍ക്കൊക്കെ താഴെ പറയ്ക്കു കീഴില്‍ കമിഴ്ത്തി വെക്കേണ്ടതാണ് സഭയോടുള്ള കൂറ് എന്ന് എനിക്ക് തോന്നിയിട്ടില്ല. 1968 മുതല്‍ 88 വരെ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളിലും ഞാന്‍ മുന്‍പന്തിലായിരുന്നു. പിന്നീട് ഔദ്യാഗിക പദവികള്‍ വഹിച്ചതിനാല്‍ ഇതില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നു'. സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫ് തന്റെ കൂറും വിശ്വാസവും ഇന്ത്യന്‍ ഭരണഘടനയോടും നീതിന്യായ കോടതിയോടും അല്ലായെന്നും സഭയോടാണെന്നും ഇതിലൂടെ വ്യക്തമാക്കുന്നു'.
ജഡ്ജി എന്ന നിലയിലെ പദവി ദുരുപയോഗം ചെയ്ത് വലിയ സ്ഥാനമാനങ്ങള്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്ക് നേടിക്കൊടുക്കുന്നതില്‍ വഴിവിട്ട് എന്തും ചെയ്യുന്നയാളാണ് സിറിയക് ജോസഫ്. അദ്ദേഹം കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി ഇരിക്കവെ പദവി ദുരുപയോഗം ചെയ്താണ്, സ്വന്തം സഹോദരന്‍ ജെയിംസ് ജോസഫിനെ കേരള ഹയര്‍സെക്കന്ററി ഡയറക്ടറാക്കിയതും, ജെയിംസിന്റെ ഭാര്യ ഝാന്‍സി ജെയിംസിനെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറാക്കിയതും. അദ്ദേഹം സുപ്രീം കോടതിയില്‍ ജഡ്ജിയായിരിക്കെയാണ് 2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, സഹോദര പുത്രി അഡ്വ: തുഷാര ജെയിംസിനെ ഹൈക്കോടതിയിലെ സംസ്ഥാന സര്‍ക്കാറിന്റെ പ്ലീഡറാക്കിയത്. അഡ്വ: തുഷാര ജെയിംസിനെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയാക്കാനും ജസ്റ്റിസ് സിറിയക് ജോസഫ് കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.
ആയതിനാല്‍ ഇന്ത്യന്‍ ജുഡീഷ്യറിക്ക് തന്നെ അപമാനം ഉണ്ടാക്കി, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച സുപ്രീംകോടതി റിട്ടയേഡ് ജഡ്ജി, ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തയോടെ
ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
21.12.2023
മിസ്റ്റര്‍ സിറിയക് ജോസഫ്, ആയിരം കൊല്ലം കുമ്പസരിച്ചാലും താങ്കളുടെ കയ്യിലെയും മനസ്സിലെയും പാപക്കറ മാഞ്ഞുപോകില്ല. സമാധാനത്തോടെ ഒരുദിവസം പോലും കണ്ണടക്കാന്‍ താങ്കള്‍ക്ക് കഴിയില്ല. അത്യാര്‍ത്തിയില്‍ വാരിക്കൂട്ടിയതൊന്നും താങ്കളുടെ പിന്‍തലമുറക്കാര്‍ക്ക് ഉപകരിക്കില്ല മിസ്റ്റര്‍ സിറിയക് ജോസഫ്!
ഇന്ത്യന്‍ പ്രസിഡണ്ട് ഒപ്പിട്ട ലോകായുക്ത ഭേദഗതി നിയമം താങ്കള്‍ക്കും സഹപ്രവര്‍ത്തകനും സമര്‍പ്പിച്ച് കൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു.
ഡോ:കെ.ടി.ജലീല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."