ഇൗ സാഡിസ്റ്റുകളെ എങ്ങനെ ക്ലാസിലിരുത്തും
പി.കെ ഗോപി
നമ്മുടെ കലാശാലകളിൽ ഇപ്പോഴും മുതിർന്ന സഹപാഠികൾ ഇളയവരെ റാഗിങ് ചെയ്തു ‘ശരിപ്പെടുത്താ’റുണ്ടത്രെ! നിയമംമൂലം നിരോധിച്ച ഈ മൃഗീയ വൈകൃതത്തിന് ആധുനികകാലത്ത് പ്രസക്തിയെന്ത്? ഉന്നതവിദ്യാഭ്യാസ രംഗത്തേക്കു കടന്നുവരുന്ന നാട്ടുമ്പുറത്തുകാർക്ക് അന്തർമുഖത്വം മാറാൻ പണ്ടാരോ നടപ്പിൽവരുത്തിയ ഈ ക്രൂരത, കീഴ്‌വഴക്കമായി ആഘോഷിക്കുന്ന ചില വിദ്യാർഥികൾ കാട്ടിക്കൂട്ടുന്ന കാടത്തം വീണ്ടും രക്തസാക്ഷിയെ സൃഷ്ടിച്ചിരിക്കുന്നു.
തല്ലിക്കൊന്നോ സ്വയം മരണംവരിച്ചോ എന്നൊന്നും സാക്ഷ്യം പറയാൻ കലാശാലയിൽ ആരുമില്ല! മക്കളെ പൊന്നുപോലെ ഓമനിച്ചുവളർത്തുന്ന മാതാപിതാക്കൾ എങ്ങനെ സഹിക്കും? രാത്രിയുടെ മറവിൽ മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെട്ട അധമസ്വഭാവക്കാർ അഴിഞ്ഞാടുമ്പോൾ, എത്തിനോക്കാൻപോലും അധികാരികളില്ല. ഉന്നതവിദ്യാഭ്യാസം ആഭാസവിക്രിയയുടെ വിളനിലമാകുമ്പോൾ അരുതെന്നു പറയാൻ വിദ്യാർഥി സംഘടനകൾ വരുന്നില്ല.
സഹപാഠിയെ കിരാത മർദനത്തിനു വിധേയമാക്കിയാൽ സംതൃപ്തി ലഭിക്കുന്ന സാഡിസ്റ്റുകളെ എങ്ങനെ ക്ലാസ് റൂമിലിരുത്തി പഠിപ്പിക്കും? ഏകാഗ്രതയോടെയും ഗവേഷണ ബുദ്ധിയോടെയും പഠിക്കേണ്ട ശാസ്ത്രവിഷയങ്ങൾ എത്രയെങ്കിലുമുണ്ടായിട്ടും അപരന്റെ ചോരമണത്തു നടക്കുന്ന ഈ ഭ്രാന്തമനസ്‌കരിൽനിന്ന് സമൂഹത്തിന് എന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടോ? ആലോചിക്കേണ്ടതാണ്.
ഒരുപക്ഷേ, ഉന്നതവിദ്യാഭ്യാസ സ്ഥാപനം വരെയെത്തിയ വഴിയിലൊരിടത്തും കാരുണ്യത്തിന്റെയോ മനുഷ്യത്വത്തിന്റെയോ സംസ്‌കാരം മനസ്സിൽ വീണുമുളച്ചില്ലെന്നാണോ പൊതുസമൂഹം വിലയിരുത്തേണ്ടത്? പൊതുജനമോ വാർത്താമാധ്യമങ്ങളോ അറിയാതെ പോകുന്ന ക്രൂരതയുടെ കഥകൾ എത്രയുണ്ടുകുമെന്ന് ഉൗഹിക്കുക.
മരണം സംഭവിച്ചതുകൊണ്ട് മാത്രം പുറത്തുവരുന്ന ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾക്ക് പരിഹാരമുണ്ടോ? മൂടിവച്ചു മുഖം മിനുക്കുന്ന സംസ്‌കാരത്തിനപ്പുറം, അഴുകിപ്പുഴുത്ത മനസ്സുമായി നടക്കുന്നവരെ ഭയക്കാതെ ജീവിക്കാനാവാത്ത അവസ്ഥ നിലനിൽക്കുകയാണ്. തമ്മിലടിക്കുന്ന വിദ്യാർഥി സംഘടനകളും അധികാരികളും വിവേകത്തോടെ ഒന്നിച്ചിരുന്നാലോചിച്ചു പരിഹാരം കാണേണ്ട അടിയന്തരവിഷയമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."