സന്ദേശ്ഖലി സിംഗൂരാകുമോ?
അർശദ് കെ
പശ്ചിമബംഗാളിൽ രാഷ്ട്രീയ കൊടുങ്കാറ്റ് ഇളക്കിവിട്ടിരിക്കുകയാണ് നോർത്ത് 24 പർഗാനയിലെ സന്ദേശ്ഖലി ഗ്രാമം. സന്ദേശ്ഖലിയിലെ സ്ത്രീകൾ തൃണമൂൽ കോൺഗ്രസിലെ നേതാവിനെതിരേ ലൈംഗികാരോപണങ്ങളുമായി ഒരു മാസത്തോളമായി സമരം ചെയ്യുന്നു. സന്ദേശ്ഖലിയും കേരളവും തമ്മിലുള്ള ദൂരം കൊണ്ടാവാം, ഒരുപക്ഷേ, അവിടെ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് നമ്മൾ പൂർണമായും അറിഞ്ഞിട്ടില്ല. കൂടാതെ, പ്രാദേശിക വാർത്താമാധ്യമങ്ങളും ഈ വാർത്തയ്ക്ക് വലിയ പ്രാധാന്യം കൊടുത്തില്ല എന്നതും മറ്റൊരു കാരണമാണ്. പ്രശ്നങ്ങളുടെ ആരംഭം ജനുവരി അഞ്ചാം തീയതി, ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന തൃണമൂൽ നേതാവ് ഷാജഹാൻ ശൈഖിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് റെയ്ഡിനെത്തിയതോടെയാണ്.
റേഷൻ വിതരണത്തിൽ കോടികളുടെ അഴിമതി നടത്തിയെന്ന കേസിനെ തുടർന്നായിരുന്നു ഇ.ഡി റെയ്ഡ് നടന്നത്. ഷാജഹാൻ ശൈഖിന്റെ വസതിയിലേക്ക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ ആളുകൾ പ്രവേശിപ്പിച്ചില്ലെന്നുമാത്രമല്ല ആ ഗ്രാമത്തിൽനിന്നു പുറത്തുകടക്കുന്നതിനുമുമ്പേ ഈ ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്തു. നോർത്ത് 24 പർഗാന ജില്ലയിലെ ബസിർഹത് സബ് ഡിവിഷനിലാണ് സന്ദേശ്ഖലി എന്ന ഗ്രാമം. ഇവിടുത്തെ തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവ് ഷാജഹാൻ ശൈഖ് ഇപ്പോൾ അറസ്റ്റിലായെങ്കിലും അന്ന് ഒളിവിലായിരുന്നു.
എന്നാൽ, അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളികളിൽനിന്ന് ലഭിച്ച വിവരം ആ മേഖലയിലെ എല്ലാ കാര്യങ്ങളും ഷാജഹാൻ ശൈഖിന്റെ നിയന്ത്രണത്തിലാണ് എന്നാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഷാജഹാൻ ശൈഖ് അറസ്റ്റിലാവുന്നത്. അൻപത്തിയഞ്ചു ദിവസങ്ങളായി ഒളിവിലായിരുന്ന അദ്ദേഹത്തെ നിലവിൽ പത്തു ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സന്ദേശ്ഖലി സംഭവത്തെ തുടർന്ന് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടുകൊണ്ട് കൽക്കത്ത ഹൈക്കോടതി ഉത്തരവിട്ട് മൂന്നു ദിവസത്തിനുശേഷമാണ് ശൈഖ് അറസ്റ്റിലാവുന്നത്.
ഫെബ്രുവരി ഇരുപത്തിയാറിന് അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിക്കവേ കോടതി പറഞ്ഞത് ‘ഇയാളെ അറസ്റ്റ് ചെയ്യാതിരിക്കാനൊരു കാരണമില്ല’ എന്നാണ്. ഈ കേസിൽ അറസ്റ്റ് ആവശ്യപ്പെട്ടുള്ള പൊതു ഉത്തരവ് പുറപ്പെടുവിക്കുമെന്നും സന്ദേശ്ഖലി കേസുകളിൽ സ്റ്റേ ലഭിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു. അറസ്റ്റിനു മുമ്പേയുള്ള തടസങ്ങളെല്ലാം കോടതി നീക്കിയാലേ ഇതിന് സാധ്യമാവൂ എന്നായിരുന്നു ഭരണകക്ഷിയായ തൃണമൂലിന്റെ വാദം. അതേസമയം, പ്രതിപക്ഷ പാർട്ടികൾ ശൈഖിന്റെ അറസ്റ്റിനെ ചൂഷണം ചെയ്യുകയാണെന്നും തൃണമൂൽ ആരോപിക്കുന്നു. ഇപ്പോൾ നടന്ന അറസ്റ്റ് നാടകമാണെന്നും പശ്ചിമബംഗാൾ പൊലിസിന്റെ കസ്റ്റഡിയിൽ അദ്ദേഹം സുരക്ഷിതനാണെന്നുമാണ് ബി.ജെ.പിയുടെ വാദം.
ശൈഖിന്റെ ചരിത്രം പറയാതെ സന്ദേശ്ഖലിയിലെ സംഭവവികാസങ്ങൾ പൂർണമാവില്ല. സന്ദേശ്ഖലി മുതൽ സൗത്ത് 24 പർഗാനയിലെ മലഞ്ച വരെയുള്ള പ്രദേശങ്ങൾ അദ്ദേഹത്തിന്റെ സ്വാധീനത്തിൽ പെട്ടതാണ്. ഈ പ്രദേശത്തെ തൃണമൂലിന്റെ പ്രധാന നേതാവായി അറിയപ്പെടുന്നതും ശൈഖുതന്നെ. ഇഷ്ടികച്ചൂളകൾ, ഗതാഗതം, പച്ചക്കറി കച്ചവട തൊഴിലാളി സംഘടനകൾ തുടങ്ങി വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുകയാണ് അദ്ദേഹത്തിന്റെ സാമ്രാജ്യം.
ഈ വ്യക്തിയുടെ രാഷ്ട്രീയചരിത്രംപോലും അത്രമേൽ ശ്രദ്ധേയമാണ്. 1999ൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ശൈഖിനു ഇടയ്ക്ക് പച്ചക്കറി കച്ചവടവും ഉണ്ടായിരുന്നു. അമ്മാവൻ മുസ് ലിം ശൈഖ് സി.പി.എമ്മിനു വേണ്ടി പഞ്ചായത്ത് പ്രധാൻ സ്ഥാനത്തേക്ക് മത്സരിച്ചതോടെയാണ് 2003ൽ ഷാജഹാന്റെ രാഷ്ട്രീയപ്രവേശം. ഇതോടെ ഡ്രൈവർ ജോലി ഉപേക്ഷിച്ചു. ഈ പ്രദേശത്തെ മീൻവളർത്തൽ കുളങ്ങളും ഭൂമികളും നിയന്ത്രിക്കുന്ന ഗുണ്ടയായി മാറി.
നോർത്ത് 24 പർഗാനയിലെ തന്നെ പ്രധാന വ്യക്തികളിലൊരാളായി മാറാൻ കൂടുതൽ സമയം വേണ്ടിവന്നില്ല. 2009 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം തുടർച്ചയായി പരാജയപ്പെട്ടപ്പോഴും അമ്മാവനും അനന്തരവനും നോർത്ത് 24 പർഗാനയിലെ അനിഷേധ്യ ശക്തികളായി തുടർന്നുപോന്നു. ഇടതുപക്ഷം തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടപ്പോഴും തങ്ങളുടെ മേഖലകളിലെ സ്വാധീനം നിലനിർത്താൻ ഇരുവർക്കും സാധിച്ചു. ജീവകാരുണ്യപ്രവർത്തനങ്ങളും തൊഴിൽപദ്ധതികളുമായിരുന്നു ഇവരുടെ പ്രധാന പരിപാടികൾ. 2013 ആയപ്പോഴേക്കും അമ്മാവനുമായും സി.പി.എമ്മുമായുമുള്ള ബന്ധം ഉപേക്ഷിച്ച് ഷാജഹാൻ ജ്യോതിപ്രിയ മല്ലിക്കിന്റെ നേതൃത്വത്തിൽ തൃണമൂലിലേക്ക് ചേക്കേറി.
പാർട്ടിക്കകത്ത് തന്റെ സ്വാധീനത്തിലുള്ള വൃന്ദം സൃഷ്ടിച്ചുകൊണ്ട് മറ്റെല്ലാ ബിസിനസുകളും തൃണമൂലിന്റെ തന്നെ വ്യത്യസ്ത പദവികളും കൈകാര്യം ചെയ്തു. തൃണമൂലിന്റെ വിജയത്തിൽ ശൈഖിന്റെ പങ്ക് നിർണായകമായിരുന്നു. ആക്രമണങ്ങൾ മുതൽ കൊലപാതകം വരെയുള്ള കേസുകൾ അദ്ദേഹത്തിനെതിരേയുണ്ട്. അത്ര വിപുലമായിരുന്നു സ്വാധീനം. 2021ൽ ഒരു ചന്തയെ തന്റെ പേരിൽ പുനർനാമകരണം ചെയ്തു. എഴുതിവെക്കാത്തൊരു നിയമം ഇന്ന് സന്ദേശ്ഖലിക്കുണ്ട്;
ഷാജഹാൻ അവിടെയുണ്ടെങ്കിൽ ആരും സംസാരിക്കാൻ പോലും ധൈര്യപ്പെടില്ല. എന്നാൽ, എൻഫോഴ്സ്മെന്റുകാർക്കു നേരെയുള്ള പ്രശ്നത്തിനുശേഷം നിരവധി സ്ത്രീകളാണ് ഷാജഹാനെതിരേ രംഗത്തു വന്നിരിക്കുന്നത്. അദ്ദേഹവും ഗുണ്ടകളും ചേർന്ന് ഭീഷണിപ്പെടുത്തി ഇവരുടെ ചെമ്മീൻ കൃഷിയിടങ്ങൾ കൈക്കലാക്കിയെന്നും വർഷങ്ങളായി ഇവർ തങ്ങളെ ലൈംഗികമായും മറ്റും ഉപദ്രവിക്കുകയാണെന്നുമാണ് ഇവർ ഉന്നയിക്കുന്നത്. ഞെട്ടിക്കുന്ന വസ്തുതകളാണ് പല വിഡിയോ പ്രസ്താവനകളിലൂടെയും പുറത്തുവരുന്നത്.
സന്ദേശ്ഖലിയിൽ തൃണമൂലിന്റെ ആളുകൾ ഓരോ വീട്ടിലും അന്വേഷണം നടത്തും. ഏതെങ്കിലും വീട്ടിൽ കാണാൻ കൊള്ളാവുന്ന സ്ത്രീ, അഥവാ പെൺകുട്ടിയോ പുതുതായി കല്യാണം കഴിച്ചുവന്ന സ്ത്രീയോ ഉണ്ടെങ്കിൽ അവരെ പാർട്ടി ഓഫിസിലേക്ക് കൊണ്ടുപോകും. ഇക്കൂട്ടർ തൃപ്തരാകുന്നതുവരെ ആ സ്ത്രീയെ രാത്രികളോളം പാർട്ടി ഓഫിസിൽ പാർപ്പിക്കും. ഇത്രയും വർഷങ്ങളായി തങ്ങളനുഭവിക്കുന്ന പീഡനങ്ങൾ തുറന്നുപറയാനുള്ള ധൈര്യം കിട്ടിയത് ഇപ്പോൾ ഷാജഹാൻ ശൈഖ് ഇവിടെ ഇല്ലാത്തതിനാലാണെന്നും ഈ സ്ത്രീകൾ പറയുന്നു.
തൃണമൂലിന്റെ മറ്റു നേതാക്കളായ ഉത്തം സർദാർ, ശിബപ്രസാദ് ഹസ്ര തുടങ്ങിയവരും ഈ കുറ്റകൃത്യങ്ങളിൽ പങ്കാളികളാണ്. ഹസ്രയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കോഴിഫാമുകളാണ് പ്രതിഷേധക്കാരായ സ്ത്രീകൾ തീയിട്ടു നശിപ്പിച്ചത്. ഫാമിന്റെ സ്ഥലം ഗ്രാമീണരിൽനിന്ന് തട്ടിയെടുത്തതാണെന്നും ഇവർ പറയുന്നു. സംഭവങ്ങൾ ഇത്രമേൽ രൂക്ഷമായതോടെയാണ് പ്രതിപക്ഷ പാർട്ടികൾ ശൈഖിന്റെ അറസ്റ്റിനുവേണ്ടി സർക്കാരിനുമേൽ സമ്മർദം ചെലുത്തിയത്.
സ്ത്രീകളുടെ പ്രതിഷേധം ശക്തമായതോടെ, കേരളത്തിലേക്കുള്ള സന്ദർശനം മാറ്റിവച്ച ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് സന്ദേശ്ഖലിയിലെ സാഹചര്യങ്ങൾ വീക്ഷിക്കുകയാണ്. പ്രതിഷേധക്കാരായ സ്ത്രീകളോട് സംസാരിച്ച ഗവർണർ, ദാരുണവും ഞെട്ടിക്കുന്നതുമായ കാര്യങ്ങൾ എന്നാണ് പ്രതികരിച്ചത്. ശേഷം ആഭ്യന്തരമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് നിയമം നടത്തേണ്ടവർ സന്ദേശ്ഖലിയിലുള്ള ഗുണ്ടാപ്രവർത്തനങ്ങളുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നാണ്. കൂടാതെ, കേസന്വേഷിക്കാൻ പ്രത്യേക കർമസേനയോ അന്വേഷണ സംഘമോ വേണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഗവർണറുടെ റിപ്പോർട്ടിൽ പറയുന്നു.
ദേശീയ വനിതാ കമ്മിഷന്റെയും ദേശീയ പട്ടികജാതി കമ്മിഷന്റെയും പ്രതിനിധികൾ സന്ദേശ്ഖലി സന്ദർശിക്കാൻ ശ്രമിച്ചപ്പോൾ പൊലിസിന്റെ ഭാഗത്തുനിന്ന് എതിർപ്പുകൾ നേരിട്ടുവെന്നും നിരോധന ഉത്തരവുള്ളതിനാൽ ഇൗ പ്രദേശത്ത് പോയാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നും പൊലിസ് പറഞ്ഞു.
അതേസമയം, ഈ സന്ദർഭങ്ങൾ ചേർത്തുവായിക്കുമ്പോൾ വ്യക്തമാവുന്നത് മറ്റൊരു രാഷ്ട്രീയ വഴിത്തിരിവാണ്.
സി.പി.എമ്മിനു സിംഗൂരുപോലെ സന്ദേശ്ഖലി മമതയുടെ രാഷ്ട്രീയവഴിത്തിരിവാകുമോ എന്നത് കാത്തിരുന്നു കാണണം. ടാറ്റയുടെ നാനോ കാർ പദ്ധതിക്കുവേണ്ടി സിംഗൂരിലെ ഗ്രാമീണരുടെ ഭൂമി ജ്യോതിബസു സർക്കാർ പിടിച്ചെടുത്തതോടെ നടന്ന ശക്തമായ പ്രതിഷേധങ്ങളാണ് ബംഗാളിലെ മാർക്സിസ്റ്റ് സ്വപ്നങ്ങളെ പെട്ടിയിലാക്കിയത്. എന്നാൽ, സന്ദേശ്ഖലിയിൽ ഭൂമി പിടിച്ചെടുക്കൽ മാത്രമല്ല വിഷയം. പട്ടികജാതി, പട്ടികവർഗത്തിൽപെട്ട സ്ത്രീകളെ കടത്തിക്കൊണ്ടുപോവലും ബലാത്സംഗവും കൂടാതെ കേന്ദ്ര-_സംസ്ഥാന സർക്കാരുകൾ നൽകുന്ന പല ക്ഷേമപ്രവർത്തനങ്ങളിലെ തട്ടിപ്പുകളും ഇവിടെയുണ്ട്.
പലവിധത്തിലും സിംഗൂരിലേക്കാൾ ഞെട്ടിക്കുന്ന സംഭവങ്ങളാണ് അവിടെ നടക്കുന്നത്.
സ്വയംപ്രഖ്യാപിത ഭരണാധികാരിയായി ഒരു മനുഷ്യൻ സകല നിയമസംവിധാനങ്ങളെയും അപ്രസക്തമാക്കുന്നതാണ് സന്ദേശ്ഖലിയിൽ നടക്കുന്നത്. മുപ്പത്തിനാലു വർഷത്തെ ഭരണംകൊണ്ട് പ്രവർത്തകരെ തട്ടിപ്പും വെട്ടിപ്പും പരിശീലിപ്പിക്കുകയാണ് മാർക്സിസ്റ്റ് സർക്കാർ അന്ന് ബംഗാളിൽ ചെയ്തത്. നഗരങ്ങൾ മുതൽ ചെറുഗ്രാമങ്ങളിൽ വരെ പ്രവർത്തിക്കുന്ന പിടിച്ചുപറി സംഘങ്ങളും വീടുകെട്ടുന്നതിൽ തുടങ്ങി കുട്ടിയെ സ്കൂളിൽ ചേർത്താൻവരെ സാധാരണക്കാരനു സി.പി.എം ഗുണ്ടകളെ സ്വാധീനിക്കേണ്ട അവസ്ഥയുമായിരുന്നു ബംഗാളിൽ.
2011ൽ മമതക്ക് ഭരണം കിട്ടിയപ്പോൾ സി.പി.എമ്മിൽനിന്ന് കൂറുമാറി വന്ന ഇതേ ഗുണ്ടകളെ ഒപ്പം നിർത്തുകയാണ് മമതയും ചെയ്തത്. പശ്ചിമബംഗാളിൽ ഒന്നും മാറിയിട്ടില്ലെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്. മാർക്സിസ്റ്റുകളുടെ ഗതി തൃണമൂലിനു വരുന്നതിനുമുമ്പേ അണികളെ മമത നിലയ്ക്കു നിർത്തുമെന്നു പ്രതീക്ഷിക്കാം. സംസ്ഥാന സർക്കാരിന്റെ സിരാകേന്ദ്രത്തിൽനിന്ന് ഏറെ അകലെയല്ലാത്ത കുറച്ച് ഗ്രാമങ്ങളിൽ ഇത്രമേൽ തീവ്രമായ പ്രശ്നങ്ങൾ നടക്കുമ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെങ്കിലും ഈ പ്രശ്നങ്ങളിൽ മമത അതീവ ഗൗരവത്തോടെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം.
ഒരു സ്ത്രീ സംസ്ഥാന ഭരണകൂടത്തെ നിയന്ത്രിക്കുമ്പോൾ, സ്ത്രീകളെ തെരഞ്ഞുപിടിച്ചു തൃണമൂൽ അണികൾ ലൈംഗികചൂഷണം നടത്തുന്നു എന്നത് ഏറെ ഖേദകരമാണ്. പാർട്ടി അണികൾക്ക് ഏറെ അധികാരവും സ്വാധീനവും നൽകിയതായിരുന്നു ജ്യോതി ബസുവിനു സംഭവിച്ച വലിയ തെറ്റ്. എന്നാൽ, ജനവിരുദ്ധഭരണം കാഴ്ച്ചവെക്കാൻ മാർക്സിസ്റ്റുകാർ ഭരിച്ച സമയത്തിന്റെ പകുതിപോലും എടുക്കാതെയാണ് മമതയുടെ പാർട്ടിയിൽ നിന്നുള്ള ക്രൂരതകൾ എന്നോർക്കണം. ഷാജഹാൻ ശൈഖിനെതിരേയുള്ള ആരോപണങ്ങളിലെ വസ്തുത പുറത്തുകൊണ്ടുവരുകയും ഇരകൾക്ക് നീതി ഉറപ്പാക്കുകയുംവേണം. സന്ദേശ്ഖലിയ്ക്ക് നീതി ലഭ്യമാക്കിയില്ലെങ്കിൽ ഇത് മമതയുടെ സിംഗൂർ മുഹൂർത്തമാവുമെന്ന് തീർച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."