സീറ്റ് നല്‍കാത്തതില്‍ അതൃപ്തി? ഗൗതം ഗംഭീര്‍ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു; ഇത്തവണ മത്സരിക്കാനില്ലെന്നറിയിച്ചു
ഗൗതം ഗംഭീര്‍ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു; ഇത്തവണ മത്സരിക്കാനില്ലെന്നറിയിച്ചു
ന്യൂഡല്‍ഹി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍ ഇത്തവണ മത്സരിക്കാനില്ല. രാഷ്ട്രീയ ചുമതലകളില്‍ നിന്ന് ഒഴിവാക്കിത്തരാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗംഭീര്‍ എക്സിലൂടെ അറിയിച്ചു.
ബിജെപി നേതാവായ ഗംഭീര്‍ ഈസ്റ്റ് ഡല്‍ഹിയെയാണ് ലോക്സഭയില്‍ പ്രതിനിധീകരിക്കുന്നത്. ക്രിക്കറ്റില്‍ ഏറ്റെടുത്ത ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും അവ പൂര്‍ത്തിയാക്കാനാണ് രാഷ്ട്രീയം നിര്‍ത്തുന്നതെന്നുമാണ് ഗംഭീര്‍ അറിയിച്ചത്.
'എന്റെ രാഷ്ട്രീയ ചുമതലകളില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്ന് ബഹുമാനപ്പെട്ട പാര്‍ട്ടി പ്രസിഡന്റ് ജെ.പി നദ്ദ ജിയോട് ഞാന്‍ അഭ്യര്‍ത്ഥിച്ചു, ക്രിക്കറ്റില്‍ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കരിക്കേണ്ടതുണ്ട്. ജനങ്ങളെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. ജയ്. ഹിന്ദ്,' ഗംഭീര്‍ എക്സില്‍ കുറിച്ചു.
വരാനിരിക്കുന്ന 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീറിന് ടിക്കറ്റ് ലഭിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഗംഭീറിന്റെ പിന്മാറ്റം. 2019 മാര്‍ച്ചില്‍ ബിജെപിയില്‍ ചേര്‍ന്ന ഗംഭീര്‍, 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6,95,109 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് വിജയിച്ചിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെപ്പോലുള്ള 100ലധികം പേരുകള്‍ ഉള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."