മാസ് ആകാന്‍ മാവ്‌റിക്; അറിയാം ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 400 സിസി ബൈക്കിനെ
വിനീഷ്
റോയല്‍ എന്‍ഫീല്‍ഡ് 350, ഹോണ്ട സി.ബി 350, ഹാര്‍ലി ഡേവിഡ്‌സണ്‍ X 440 എന്നിവയോട് നേരിട്ട് മുട്ടാനൊരുങ്ങുകയാണ് ഹീറോ. പ്രീമിയം 300500 സി.സി മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ കമ്പനി കാലെടുത്തുവയ്ക്കുന്നത് മാവ്‌റിക് 440 യിലൂടെയാണ്. ഹീറോ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും പ്രീമിയം മോട്ടോര്‍ സൈക്കിള്‍ കൂടിയാണിത്. ഹാര്‍ലിയുടെ X 440യുടെ കസിന്‍ എന്ന് വേണമെങ്കില്‍ മാവ്‌റിക്കിനെ വിളിക്കാം.
കാരണം ഹീറോ ഹാര്‍ലി കൂട്ടുകെട്ടില്‍ പിറന്ന X 440യെ അടിസ്ഥാനമാക്കിയാണ് മാവ്‌റിക്കിന്റെ നിര്‍മാണം. രണ്ട് ബൈക്കുകളുടെയും ഹൃദയം ഒന്നാണ്, 440 സി.സി സിംഗിള്‍ സിലിണ്ടര്‍ എയര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിന്‍. 27 ബി.എച്ച്.പി കരുത്തുള്ള എന്‍ജിന് കൂട്ടായി ആറ് സ്പീഡ് ഗിയര്‍ ബോക്‌സും നല്‍കിയിരിക്കുന്നു. റൈഡിങ് എക്‌സ്പീരിയന്‍സും ഇരുബൈക്കുള്‍ക്കും സമാനമാണെന്ന് പറയാം.
മാവ്‌റിക്കിന്റെയും ഹാര്‍ലിയുടേയും ഷാസി ഒന്നാണെങ്കിലും ചില മാറ്റങ്ങള്‍ അവിടെയും ഇവിടെയും കാണാം. ഹാര്‍ലിയിലെ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കിന് പകരം സാധാരണ ബൈക്കുകള്‍ പോലെ ടെലസ്‌കോപിക് ആണ് മാവ്‌റിക്കിന്റെ ഫ്രണ്ട് ഫോര്‍ക്ക്. ഹാര്‍ലിയേക്കാള്‍ വില കുറച്ചെത്തുന്ന മാവ്‌റിക്കില്‍ ചെലവ് കുറയ്ക്കാന്‍ ഹീറോ കണ്ടെത്തിയ ഒരു വഴി കൂടിയാണിത്.
എന്നാല്‍ തങ്ങളുടെ ഏക്‌സ്ട്രീം 160 R സ്‌പോര്‍ട്‌സിന് പോലും അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്ക് ഹീറോ നല്‍കിയിട്ടുണ്ടെന്നത് മറ്റൊരു കാര്യം. രണ്ടേകാല്‍ ലക്ഷം രൂപയോളും മുടക്കേണ്ടി വരുന്ന ബൈക്കിന് ഇത്തരം പ്രീമിയം ഫീച്ചറുകള്‍ മിസ് ആകുന്നത് ചിലരുടെയെങ്കിലും നെറ്റി ചുളിച്ചേക്കാം. ഇന്‍സ്ട്രുമെന്റേഷനിലും ഇത്തരത്തിലുള്ള മാറ്റം കാണം. ഹാര്‍ലിയിലെ കളര്‍ ടി.എഫ്.ടി ഡിസ്‌പേള്‌യ്ക്ക് പകരം മാവ്‌റിക്കിലെത്തുമ്പോഴത് ഡിജിറ്റല്‍ ഡിസ്പ്‌ളേ ആയി മാറുന്നുണ്ട്.
187 കിലോ ഭാരം വരുന്ന ബൈക്കിന്റെ വീല്‍ സൈസ് 17 ഇഞ്ച് ആണ്. ഹാര്‍ലിയേക്കാള്‍ ഒരു ഇഞ്ച് കുറവ്. സാധാരണ രീതിയില്‍ ഉള്ള അപ്‌റൈറ്റ് സീറ്റിങ് പൊസിഷന്‍ കാരണം ദീര്‍ഘദൂര യാത്രകളില്‍ മാവ്‌റിക് മടുപ്പുളവാക്കില്ല. സുരക്ഷയ്ക്കായി ഡ്യുവല്‍ ചാനല്‍ എ.ബി.എസ് എല്ലാ മോഡലിലും സ്റ്റാന്‍ഡേര്‍ഡ് ആണ്. വരുന്ന ഏപ്രില്‍ 15ന് ഡെലിവറി ആരംഭിക്കുന്ന ബൈ്ക്ക് ബേസ്, മിഡ്, ടോപ്പ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വേരിയന്റുകളില്‍ ആണ് എത്തുന്നത്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റി സ്റ്റാന്‍ഡേര്‍ഡായി തന്നെ എല്ലാ മോഡലുകളിലും കിട്ടുമ്പോള്‍ ടോപ്പ് വേരിയന്റില്‍ കണക്റ്റഡ് സവിശേഷതകളും ഹീറോ അവതരിപ്പിക്കുന്നുണ്ട്. 1.99 ലക്ഷം മുതല്‍ 2.24 ലക്ഷം രൂപ വരെയാണ് മാവ്‌റിക്കിനായി മുടക്കേണ്ടി വരുന്നത്. അതായത് ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 400 സിസി ബൈക്കാണിതെന്ന് സാരം.
വിലയിലൂടെ റോയല്‍ എന്‍ഫീല്‍ഡ് കഌസിക് 350ക്കുപോലും വെല്ലുവിളി ഉയര്‍ത്താന്‍ ഹീറോയുടെ ഈ പവര്‍ മെഷീന് കഴിഞ്ഞേക്കാം. കുറച്ചു കൂടി പ്രീമിയം ബൈക്കായ ഹാര്‍ലിക്ക് സമാന എക്‌സ്പീരിയന്‍സ് റോഡില്‍ നല്‍കാന്‍ മാവ്‌റിക്കിന് സാധിക്കുന്നുണ്ടെന്നതു തന്നെയാണ് ഹീറോയുടെ ഈ പുതിയ അവതാരത്തിന്റെ തുറുപ്പുചീട്ട്.
അടിപൊളി എന്‍ജിനൊപ്പം നിയോ റെട്രോ ഡിസൈനും യുവതയെ ആകര്‍ഷിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഹീറോയുടെ പ്രീമിയം ഡീലര്‍ഷിപ്പ് 'പ്രീമിയ' വഴിയാകും മാവ്‌റിക് എത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."