നിയമം അറിയുന്നവരും നിയമ മന്ത്രിയെ അറിയുന്നവരും!
പി.ബി ജിജീഷ്
"രണ്ടു തരത്തിലുള്ള ന്യായാധിപരുണ്ട്, നിയമം അറിയാവുന്നവരും നിയമമന്ത്രിയെ അറിയാവുന്നവരും.' കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായിരുന്ന അഡ്വ. അരുൺ ജെയ്റ്റ്‌ലി ഒരിക്കൽ പറഞ്ഞതാണിത്. വിരമിച്ചതിനു ശേഷം ലഭിക്കാനിടയുള്ള പദവികൾ സ്വപ്നം കാണുന്ന ജഡ്ജിമാർ ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തെ രാഷ്ട്രീയ അധികാരത്തിനുമുന്നിൽ അടിയറവ് വയ്ക്കുന്നു എന്നു സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വിരമിച്ച ജഡ്ജിമാർക്ക് മാത്രം അലങ്കരിക്കാൻ കഴിയുന്ന പല പദവികളുമുണ്ട്. സ്വാഭാവികമായും ഭരണകൂട താൽപര്യത്തിനൊപ്പം നിൽക്കുന്നവരെ അത്തരം സ്ഥാനങ്ങളിൽ അവരോധിക്കാനായിരിക്കും അധികാരത്തിലിരിക്കുന്നവർക്കു താൽപര്യം. കൂടാതെ, മറ്റു പദവികളിലേക്ക് കൂടി ജഡ്ജിമാരെ പരിഗണിക്കുന്നുവെന്നതാണ് നിലവിൽ കണ്ടുവരുന്ന കാര്യം. തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ, വിരമിക്കലിനോട് അടുത്തു നിൽക്കുന്ന ന്യായാധിപർ സർക്കാരിന് പ്രത്യേക താൽപര്യങ്ങളുള്ള കേസുകളിൽ അവർക്കനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്.
ഇക്കാര്യം ഭരണഘടന നിർമാണ വേളയിൽ തന്നെ ചർച്ചാവിഷയമായതാണ്. കെ.ടി ഷായെപ്പോലുള്ളവർ ഭരണഘടന നിർമാണ സഭയിൽ ആശങ്ക പങ്കുവച്ചിരുന്നു. എന്നാൽ അംബേദ്കർ അതിനെ നിഷേധിക്കുകയാണുണ്ടായത്. 'ഗവൺമെന്റിന് യാതൊരു താൽപര്യമില്ലാതിരിക്കുകയോ, അതി വിദൂരമായ വല്ല താൽപര്യവും അപൂർവമായി ഉണ്ടാവുകയോ ചെയ്യുന്ന കേസുകൾ മാത്രമേ കോടതികൾ പരിഗണിക്കുന്നുള്ളൂ. പ്രധാനമായും പൗരർ തമ്മിലുള്ള തർക്കങ്ങളാണ് കോടതിയിൽ എത്തുക, പൗരനും സർക്കാരും തമ്മിലുള്ള തർക്കങ്ങൾ വളരെ വിരളമായിരിക്കും.' അദ്ദേഹം പറഞ്ഞു. ഭരണഘടനാ നിർമാണ സഭയിൽ അംബേദ്കർ പറഞ്ഞ കാര്യങ്ങളിൽ, തെറ്റിപ്പോയെന്നു വളരെ പെട്ടെന്ന് തെളിഞ്ഞൊരു കാര്യമായിരുന്നു ഇത്. ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച് ഭരണഘടനാ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ 46 ശതമാനത്തോളം സർക്കാർ കക്ഷിയായിട്ടുള്ളവയാണ്.
അംബേദ്കറുടെ കണക്കുകൂട്ടലുകൾ പിഴച്ചുവെന്ന് തെളിയിക്കുന്ന സംഭവങ്ങൾ 1951ൽ തന്നെ അരങ്ങേറി. സുപ്രിംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സയ്യിദ് ഫസൽ അലി വിരമിച്ചയുടൻ ഒഡിഷ ഗവർണറായി നിയമിക്കപ്പെട്ടു. പിന്നീട് സംസ്ഥാന പുനഃസംഘടനാസമിതി രൂപീകരിച്ചപ്പോൾ അതിന്റെ തലവനായി. ശേഷം അസം ഗവർണറായി മരണം വരെ തുടർന്നു. അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച രമോഷ് ഥാപ്പർ കേസിൽ, ക്രോസ് റോഡ്സ് എന്ന മാസിക നിരോധിച്ച നടപടിക്കെതിരേ സുപ്രിംകോടതി നിലപാടെടുത്തപ്പോൾ സർക്കാർ നടപടിയെ ന്യായീകരിച്ച് വിയോജന വിധിയെഴുതിയ ജഡ്ജിയായിരുന്നു ജസ്റ്റിസ് ഫസൽ അലി.
ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് ജുഡിഷ്യറിക്ക് മേൽ വലിയ സമ്മർദം ഉണ്ടാക്കുന്ന തരത്തിൽ സർക്കാരുകൾ പ്രവർത്തിച്ചുവന്നിട്ടുണ്ട്. എന്നാൽ, 1980കളിലും 90കളിലും ഇന്ത്യൻ ജുഡിഷ്യറി ലോകത്തിലെ ഏറ്റവും ശക്തമായ ജുഡിഷ്യൽ സംവിധാനമായി വളരുന്നതും നമ്മൾ കണ്ടു. എന്നാൽ, 2014ന് ശേഷം സാഹചര്യം മാറി. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കോടതികൾ ഇപ്പോൾ കടന്നു പോകുന്നതെന്ന് പല നിയമവിചക്ഷണരും അഭിപ്രായപ്പെട്ടിട്ടുണ്ട്. വിരമിച്ചയുടനെ വിവിധ സർക്കാർ പദവികളിലേക്ക് ന്യായാധിപർ അവരോധിക്കപ്പെടുന്ന സാഹചര്യം വ്യാപകമാണ്.
ഇത്തരത്തിൽ ശ്രദ്ധയാകർഷിച്ച ആദ്യത്തെ നിയമനം ജസ്റ്റിസ് പി. സദാശിവത്തിന്റേതായിരുന്നു. വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായ്ക്കെതിരേയുള്ള എഫ്.ഐ.ആർ റദ്ദു ചെയ്ത സുപ്രിംകോടതി തീരുമാനം ഈ നിയമനവുമായി ചേർത്തു വായിക്കുന്ന സാഹചര്യമുണ്ടായി.
ബാബരി പള്ളി കേസിൽ, രാംലല്ലയ്ക്ക് അനുകൂലമായി വിധിയെഴുതിയ സുപ്രിംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ന്യായാധിപരെ പ്രധാനപ്പെട്ട പോസ്റ്റിലേക്ക് വിരമിച്ചതിനു ശേഷം ഉടനെ പരിഗണിച്ചത് വിവാദമായിരുന്നു. അയോധ്യാ ബെഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീർ വിരമിച്ച് 40 ദിവസത്തിനകം ആന്ധ്രപ്രദേശിന്റെ ഗവർണറായി ചുമതലയേറ്റു. അയോധ്യ കേസിനു പുറമേ 2016ലെ നോട്ടു നിരോധനം ശരിവച്ച സുപ്രിംകോടതിയുടെ ഭൂരിപക്ഷ വിധിയുടെ ഭാഗവുമായിരുന്നു അദ്ദേഹം. ഷാബാനു കേസിൽ, ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം സുപ്രിംകോടതിക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച്, മുത്വലാഖ് റദ്ദു ചെയ്യാതെ തന്നെ അതുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവരാൻ സർക്കാരിനോട് ആവശ്യപ്പെട്ടുള്ള ന്യൂനപക്ഷ വിധി എഴുതിയതും ജസ്റ്റിസ് നസീർ ആയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വിവാഹ തർക്കങ്ങളെ ക്രിമിനലൈസ് ചെയ്യുന്ന മുസ് ലിം വിമൻസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാരേജ്) ആക്ട് നിലവിൽ വന്നത്. പ്രസ്തുത ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് അശോക് ഭൂഷണെ, വിരമിച്ചതിന് മൂന്നുമാസത്തിനുള്ളിൽ ‘നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലി’ന്റെ ചെയർപേഴ്സൺ ആയി നിയമിച്ചു.
കർണാടകയിലെ ഹിജാബ് നിരോധനം ഭരണഘടനാപരമായി ശരിയാണെന്ന് വിധിയെഴുതിയ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഋതുരാജ് ആവസ്തി ലോ കമ്മിഷൻ ചെയർമാനായി നിയമതിനായി.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ഡി.എൻ പട്ടേലിനെ ‘ടെലികോം ഡിസ്പ്യൂട്ട്സ് സെറ്റിൽമെന്റ് ആൻഡ് അപ്പലേറ്റ് ട്രിബ്യൂണൽ’ തലവനായി നിയമിക്കാൻ അദ്ദേഹം റിട്ടയർ ചെയ്യുന്നതിന് രണ്ടുദിവസം മുൻപ് തന്നെ സർക്കാർ തീരുമാനമെടുത്തു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ, പൗരത്വനിയമ ഭേദഗതിക്കെതിരായി സമരം ചെയ്ത വിദ്യാർഥികൾക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്ന് ആവശ്യം അദ്ദേഹം നിരാകരിച്ചിരുന്നു. ജസ്റ്റിസ് പട്ടേൽ അവധിയിലായിരുന്ന സമയത്താണ് ജസ്റ്റിസ് മുരളീധർ, ജസ്റ്റിസ് തൽവന്ത് സിങ് എന്നിവരുടെ ബെഞ്ച് വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് സാഹിബ് സിങ് എന്നിവർക്കെതിരേ നടപടി എടുക്കാത്ത ഡൽഹി പൊലിസ് നയത്തെ വിമർശിച്ചു രംഗത്തുവന്നത്. അവധിക്ക് ശേഷം ജസ്റ്റിസ് പട്ടേൽ തിരിച്ചെത്തിയപ്പോൾ പ്രസ്തുത കേസുകൾ അദ്ദേഹത്തിന്റെ ബെഞ്ചിലേക്ക് പോവുകയും ദ്രുതഗതിയിൽ നടന്നുവന്ന കോടതി നടപടികൾ മന്ദീഭവിക്കുകയും ചെയ്തു. രാകേഷ് അസ്ഥാനയെ ഡൽഹി പൊലിസ് കമ്മിഷണറായി നിയമിച്ച നടപടി ശരിവച്ചതും ഇദ്ദേഹത്തിന്റെ ബെഞ്ചാണ്.
ജ്ഞാൻവാപി പള്ളി കേസിൽ, ഹൈന്ദവർക്ക് പൂജ ചെയ്യാൻ അനുവദിച്ച് ഉത്തരവിട്ട വരാണസി ജില്ലാ ജഡ്ജ് അജയ് കൃഷ്ണ വിശ്വേശ ഇന്ന് ഉത്തർപ്രദേശ് സർക്കാരിന് കീഴിലുള്ള ലക്നൗവിലെ ഡോക്ടർ ശകുന്തള മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ യൂനിവേഴ്സിറ്റിയുടെ ലോക്പാലിന്റെ തലവനാണ്. അദ്ദേഹം വിരമിക്കുന്നതിന് തൊട്ടുമുൻപ് അവസാനമായി പുറപ്പെടുവിച്ച വിധിന്യായമായിരുന്നു ജ്ഞാവാപി കേസിലേത്.
ഇതിൽ ഏറ്റവും വിവാദമായ നിയമനം ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെതായിരുന്നു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ച ഉടനെ അദ്ദേഹത്തെ രാജ്യസഭ എം.പിയായി സർക്കാർ നാമനിർദേശം ചെയ്തു. അയോധ്യ കേസ് മാത്രമല്ല, റഫാൽ അഴിമതിയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഉൾപ്പെടെ നിരവധി അവസരങ്ങളിൽ, വിധിപ്രസ്താവങ്ങളിലൂടെയും കേസ് പരിഗണിക്കാതെ വച്ചു താമസിപ്പിച്ചും ഗവൺമെന്റിന് അനുകൂലമായ നിലപാടാണ് ചീഫ് ജസ്റ്റിസ് എന്ന നിലയിൽ അദ്ദേഹം സ്വീകരിച്ചത്.
എല്ലാ ന്യായാധിപരും വിരമിക്കലിനു ശേഷമുള്ള ശോഭനമായ ഭാവിക്കുവേണ്ടി സർക്കാരുമായി ധാരണയുണ്ടാക്കുന്നു എന്നല്ല, പക്ഷെ സമീപകാലത്തെ ചില നിയമനങ്ങൾ പരിശോധിച്ചാൽ അത്തരം കൊടുക്കൽ വാങ്ങലുകൾ നടക്കുന്നുവെന്ന തോന്നലുണ്ടാകുന്നു എന്നതാണ്. ഇതിനൊരു മറുവശം കൂടിയുണ്ട്. ഭരണകൂടത്തോട് ചേർന്ന് നിൽക്കാത്ത ന്യായാധിപരെ വേട്ടയാടുന്ന പ്രതിഭാസം കൂടി കാണുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് എ.ഡി.എം ജബൽപൂർ കേസിൽ സർക്കാരിനെതിരേ വിയോജന വിധി പുറപ്പെടുവിച്ച ജസ്റ്റിസ് എച്ച്.ആർ ഖന്നയെ മറികടന്ന്, ജൂനിയറായിരുന്ന മിർസ ഹബീദുല്ല ബേഗിനെ സുപ്രിംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച സംഭവം മുതൽ. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും മികച്ച ന്യായാധിപരായി കണക്കാക്കപ്പെടുന്ന ജസ്റ്റിസ് അഖിൽ ഖുറേഷി, ജസ്റ്റിസ് എസ്. മുരളീധർ എന്നിവർക്ക് നേരിടേണ്ടി വന്ന അവഗണനയും നമുക്ക് മുന്നിലുണ്ട്. കൊളീജിയം നിർദേശിച്ചാൽ പോലും തങ്ങൾക്ക് താൽപര്യമില്ലാത്ത ന്യായാധിപരുടെ നിയമനം വിജ്ഞാപനം ചെയ്യാതിരിക്കുകയും സ്ഥലംമാറ്റത്തിലും മറ്റും സമാനമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന രീതി ഗവൺമെൻറിനുണ്ട്.
അങ്ങനെ ഒരു വശത്ത് പോസ്റ്റ് റിട്ടയർമെന്റ് ജോലികൾ ഒരുക്കുന്ന സാധ്യതകളും മറുവശത്ത് പ്രതികാര നടപടികൾ സംബന്ധിച്ച ഭയവും ജുഡിഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ഇത് ഒരു ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. വിരമിക്കുന്ന ജഡ്ജിമാർക്ക്, പുതിയ പദവികൾ ഏറ്റെടുക്കുന്നതിന് മുൻപ്, ഒരു നിശ്ചിത കാലം ‘കൂൾ ഓഫ് പീരിയഡ്’ നിർബന്ധമാക്കുകയെങ്കിലും ചെയ്യുന്ന തരത്തിൽ, ഒരു നിയമനിർമാണമോ ഭരണഘടനാഭേദഗതിയോ ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നീതിയെ സംബന്ധിച്ച സാധാരണക്കാരുടെ അവസാന ആശ്രയമായ നീതിന്യായ സംവിധാനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന വ്യവസ്ഥിതി മാറേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."