HOME
DETAILS

ആത്മ വിശ്വാസത്തിന്റെ ആൾരൂപം

  
backup
March 03 2024 | 00:03 AM

the-epitome-of-self-belief

എം.എന്‍ കാരശ്ശേരി

ടി.കെ പരീക്കുട്ടി ഹാജി എന്റെ അളിയനാണ്. മൂത്താപ്പയുടെ മകള്‍ ഉണ്ണിപാത്തുമ്മയുടെ പുതിയാപ്പിള. എന്റെ ബാപ്പ എന്‍.സി മുഹമ്മദ് ഹാജിയുടെ മൂത്തജ്യേഷ്ഠനാണ് എന്‍.സി കോയക്കുട്ടി ഹാജി. അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവാണ് പരീക്കുട്ടി ഹാജി. ഇപ്പറഞ്ഞ ഉണ്ണിപാത്തുമ്മ പേരുകേട്ട സിനിമാക്കാരന്‍ സലാം കാരശ്ശേരിയുടെ മൂത്ത പെങ്ങളാണ്. കുട്ടിക്കാലത്തേ ഞാന്‍, പരീക്കുട്ടി ഹാജിയെപ്പറ്റി വീട്ടിലും നാട്ടിലും ധാരാളം കേള്‍ക്കുന്നുണ്ട്. അദ്ദേഹം കൊടുവള്ളിയിലെ സമ്പന്ന കുടുംബത്തിലെ അംഗമാണെന്നും കോഴിക്കോട്ട് മരക്കച്ചവടമാണെന്നും നടക്കാവില്‍ സ്ഥിരതാമസമാണെന്നും ഒക്കെയാണ് കേള്‍ക്കുന്നത്. കുടുംബത്തിലെ കല്യാണത്തിനും മരണത്തിനുമെല്ലാം ആളെ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും അങ്ങോട്ടടുക്കാന്‍ തോന്നിയിരുന്നില്ല. വലിയരൂപം. ഉച്ചത്തിലുള്ള വര്‍ത്തമാനം; ഗൗരവപ്രകൃതി. വളരെ തിരക്കുള്ള ആള്‍!


മൂപ്പരുടെ മകനും എന്റെ സമപ്രായക്കാരനുമായ അഷ്‌റഫ് പറഞ്ഞുകേട്ടാണ് ഞാന്‍ ചില്ലറക്കാര്യങ്ങള്‍ മനസിലാക്കിയത്. അധികവും ബിസിനസിലുള്ള ശുഷ്‌കാന്തിയെപ്പറ്റിയാണ്. അതില്‍ എനിക്ക് കൗതുകമൊന്നും തോന്നിയിരുന്നില്ല.
പരീക്കുട്ടി ഹാജിയുടെ ജീവനക്കാരന്‍ ആയിത്തീര്‍ന്നതോടെയാണ് ആളുടെ തഞ്ചവും തരവും എനിക്ക് അടുത്തുനിന്ന് കാണാന്‍ കഴിഞ്ഞത്. ആ കിസ്സ പറയാം:
എന്നെ എം.എയ്ക്കു പഠിപ്പിച്ചത് മൂത്താപ്പയുടെ മകന്‍ എന്‍.എം അഹമ്മദ് കുട്ടി ഹാജിയാണ്. കാലിക്കറ്റ് സര്‍വകലാശാലാ മലയാളവിഭാഗത്തില്‍ ചേര്‍ന്ന് പഠിക്കുകയായിരുന്നു. അന്ന് പ്രൊഫ. സുകുമാര്‍ അഴീക്കോടാണ് അവിടെ വകുപ്പുമേധാവി. ഞാന്‍ ഫസ്റ്റ്ക്ലാസും സെക്കന്‍ഡ് റാങ്കും നേടി എം.എ പാസായി (1974). അക്കാലത്താണ് പരീക്കുട്ടി ഹാജിയും അഹമ്മദ് കുട്ടി ഹാജിയും കൂറായി ഒരു പാര്‍സല്‍ കമ്പനി തുടങ്ങുന്നത്. കോഴിക്കോട്ടുനിന്ന് തൃശൂര്‍, എറണാകുളം മുതലായ കേരളീയ നഗരങ്ങളിലേയ്ക്കും മൈസൂരു, ബംഗളൂരു മുതലായ മറുനാടന്‍ നഗരങ്ങളിലേയ്ക്കും ലോറി വഴി പാര്‍സലുകള്‍ എത്തിക്കുന്ന സേവനമാണ് കമ്പനി നല്‍കിയിരുന്നത്. പരീക്കുട്ടി ഹാജി, അളിയന്‍ അഹമ്മദ് കുട്ടി ഹാജി, മകന്‍ കോയക്കുട്ടി തുടങ്ങിയ ചില "കുട്ടി'കളായിരുന്നു അതിന്റെ മുതലാളിമാര്‍. അതുകൊണ്ട് സ്ഥാപനത്തിന് "കുട്ടീസ് ക്യാരിയേഴ്‌സ്' (Kutties Carriers) എന്നു പേരിട്ടു. കമ്പനി തുടങ്ങി കുറച്ചുകഴിഞ്ഞാണ് ഞാനും അതില്‍ ഒരു പാര്‍ട്ട്ണര്‍ ആണെന്ന് അറിഞ്ഞത്. എന്റെ പേരില്‍ പണം മുടക്കിയ അഹമ്മദ് കുട്ടി ഹാജി ആ വിവരം എന്നോടു പറഞ്ഞിരുന്നില്ല.


കുട്ടീസ് ക്യാരിയേഴ്‌സ് എന്ന പേര് പൊതുവെ ആളുകള്‍ താമശയായി എടുത്തു. 56 പാര്‍സല്‍ ലോറികള്‍ ഉണ്ടായിരുന്നതിനാല്‍ ഒന്നിന്റെ ഡ്രൈവറുടെ പേര് "കുട്ടൂസ്സ' എന്നായിരുന്നു. കുട്ടൂസ്സയുടെ പേരാണ് കമ്പനിക്ക് എന്നു പലരും കളിയാക്കുമായിരുന്നു. ഈ സ്ഥാപനത്തിന്റെ കേന്ദ്രമായ കോഴിക്കോട് മാനേജറായിട്ടാണ് എന്നെ നിയമിച്ചത്. കൂടെ മണി എന്നൊരു അസിസ്റ്റന്റ്. ഉസ്മാന്‍കോയ എന്നൊരു പ്യൂണ്‍. ഇതിന്റെ ആപ്പീസ് ആദ്യം നടക്കാവില്‍ പരീക്കുട്ടി ഹാജിയുടേതിനു കൂടെത്തന്നെയായിരുന്നു. പിന്നെ, കോഴിക്കോട് ബോംബെ ഹോട്ടലിനു സമീപത്തേയ്ക്കു മാറ്റി. അപ്പോഴൊക്കെ എന്റെ ഭക്ഷണവും താമസവും നടക്കാവില്‍ പരീക്കുട്ടി ഹാജിയുടെ ഒപ്പമായിരുന്നു.
മൂന്നുനാല് മാസം കഴിഞ്ഞപ്പോള്‍ എനിക്കൊരു "പ്രമോഷന്‍', ബംഗളൂരു ശാഖയുടെ മാനേജറായിട്ട്! 1974 ഡിസംബറിലാണ് ഞാന്‍ ബംഗളൂരുവിലെത്തുന്നത്. മറുനാടന്‍ അന്തരീക്ഷവും അന്നത്തെ ബംഗളൂരുവിലെ തണുപ്പും കാരണമാണ് ഞാന്‍ ജീവിതത്തിൽ ആദ്യമായി പാന്റ്‌സ് ധരിക്കാന്‍ തുടങ്ങിയത്. കാലിക്കറ്റ് സര്‍വകലാശാലാ മലയാള വിഭാഗത്തില്‍ മുഴുവന്‍സമയ ഗവേഷകനായി ചേരാന്‍ വേണ്ടി നാലഞ്ചു മാസത്തിനകം ഞാന്‍ സ്ഥാപനംവിട്ടു. ഒരു കൊല്ലത്തോളം പരീക്കുട്ടി ഹാജിയുടെ ജീവനക്കാരനായിരുന്നു.


പരീക്കുട്ടി ഹാജിയില്‍ ആദ്യം ശ്രദ്ധിച്ച കാര്യം, മൂപ്പര് സമയത്തിനു കൊടുക്കുന്ന വിലയാണ്. കോളജ് വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ആ മനുഷ്യന്‍ ഉടുപ്പിലും നടപ്പിലും വര്‍ത്തമാനത്തിലും തനി നാടന്‍ "കാക്ക'യാണെന്ന് നിങ്ങള്‍ക്കു തോന്നും. അത്തരം ഒരാളില്‍ പ്രതീക്ഷിക്കാന്‍വയ്യാത്ത സമയനിഷ്ഠ മൂപ്പര്‍ക്കുണ്ടായിരുന്നു. എന്തും ഏതും എപ്പോഴും ഡയറിയില്‍ കുറിച്ചുവയ്ക്കും. എവിടെയും സമയത്തും കാലത്തും എത്തും. ഒന്നും നിര്‍ത്തിവയ്ക്കില്ല. ഒന്നും നീട്ടിവയ്ക്കില്ല. എല്ലാം അപ്പപ്പോള്‍ ചെയ്തുതീര്‍ക്കും. മറ്റുള്ളവരും അങ്ങനെ വേണമെന്ന് നിഷ്‌കര്‍ഷിക്കും. ഈ കാര്യത്തില്‍ മക്കളെന്നോ ബന്ധുക്കളെന്നോ ജീവനക്കാരെന്നോ വ്യത്യാസമില്ല. അമ്മാതിരി കാര്യങ്ങള്‍ ആവര്‍ത്തിക്കേണ്ടിവന്നാല്‍ ദേഷ്യം വരും; ശബ്ദം ഉയരും.


വീട്ടുകാര്യങ്ങള്‍ക്കും നാട്ടുകാര്യങ്ങള്‍ക്കും ബിസിനസ് ഉദ്യമങ്ങള്‍ക്കും എല്ലാം ചിട്ടയും ആസൂത്രണവുമുണ്ട്. കഴിയുന്നത്ര കാര്യങ്ങള്‍ ഒരുമിച്ചുകൂട്ടി ചെയ്ത് സമയം ലാഭിക്കും. കൊടുവള്ളിയില്‍ ഒരു കല്യാണത്തിനു പോകുന്നുണ്ടെങ്കില്‍ അന്ന് അവിടെ രണ്ടുമൂന്ന് കമ്മിറ്റികള്‍ വിളിക്കും. ഊണിന്റെ നേരത്താവും കല്യാണത്തിനെത്തുക. പോകുമ്പോഴും മടങ്ങുമ്പോഴും ഒന്നോ രണ്ടോ രോഗികളെ സന്ദര്‍ശിക്കുന്ന കാര്യം ഓര്‍മവച്ച് ചെയ്യും. വിശ്രമിക്കുന്നത് ഉറങ്ങുമ്പോള്‍ മാത്രമാണ്. ഉണര്‍ന്നിരിക്കുന്ന നേരം മുഴുവന്‍ എന്തെങ്കിലും ജോലിയിലായിരിക്കും. തിരക്കൊഴിഞ്ഞ നേരമില്ല. ആ തിരക്കുകളെപ്പറ്റി എന്നെങ്കിലും എന്തെങ്കിലും പരാതി പറഞ്ഞതായി ഓര്‍ക്കുന്നില്ല.
കാറില്‍ യാത്ര ചെയ്യുന്നതേ കണ്ടിട്ടുള്ളൂ. മൂപ്പര്‍ക്ക് ഡ്രൈവിങ് അറിയാമായിരുന്നോ എന്തോ! കാറിലിരിക്കുമ്പോഴും കൂടെയുള്ളവരോട് നിരന്തരം എന്തെങ്കിലും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കും. ചിലപ്പോള്‍ ബിസിനസ് കാര്യം. ചിലപ്പോള്‍ കുടുംബകാര്യം. വേറെ ചിലപ്പോള്‍ നാട്ടുകാര്യമാവാം. അതിനിടയ്ക്ക് അപൂര്‍വമായി വല്ല കളിതമാശയും പറഞ്ഞാലായി. വളരെ ആലോചിച്ച്, ആസൂത്രണം ചെയ്ത്, കാര്യപ്രാപ്തിയോടെ കൊണ്ടുനടക്കേണ്ട ഒന്നാണ് ജീവിതമെന്ന് നിങ്ങള്‍ക്ക് മൂപ്പരുടെ സാന്നിധ്യത്തില്‍ തോന്നും. അദ്ദേഹത്തിനു ചുറ്റും ഗൗരവത്തിന്റെ ഒരാവരണം എപ്പോഴുമുണ്ട്; ലാഭനഷ്ടങ്ങളുടെ ഒരു കണക്കുകൂട്ടല്‍ എവിടെയുമുണ്ട്; ആ കൈകളില്‍ ഉത്തരവാദിത്വബോധത്തിന്റെ അദൃശ്യമായ ഒരു ചാട്ടവാര്‍ എപ്പോഴുമുണ്ട്.
വലിയ വിശ്വാസിയാണ് ഹാജി. നിസ്‌കാരവും നോമ്പുമൊക്കെ കൃത്യമാണ്. മറ്റു പലരെയും പോലെ അതിനെപ്പറ്റി അധികമൊന്നും സംസാരമില്ല. മതവും ഭക്തിയും ചര്‍ച്ചാ വിഷയമാക്കിക്കണ്ടിട്ടേയില്ല. ഈ പ്രകൃതക്കാരനില്‍ വായനാശീലം പ്രതീക്ഷിക്കാന്‍ വയ്യ. പക്ഷേ, പരീക്കുട്ടി ഹാജിക്കു വായനയുണ്ട്. നടക്കാവിലെ വീട്ടില്‍ നാലഞ്ച് പത്രം വന്നിരുന്നു. നേരത്തെ എഴുന്നേല്‍ക്കുന്ന അദ്ദേഹം പ്രാതലിനു മുമ്പോ അതിനൊപ്പമോ അവ വിസ്തരിച്ചു നോക്കുകയും അത്യാവശ്യമുള്ള വാര്‍ത്തകള്‍ വിസ്തരിച്ച് വായിക്കുകയും ചെയ്യും. എങ്കിലും പരിധിയില്‍ കവിഞ്ഞ് രാഷ്ട്രീയവിവാദങ്ങളെപ്പറ്റി തര്‍ക്കിക്കുന്നതോ വര്‍ത്തമാനം പറയുന്നതോ കേട്ടിട്ടില്ല. അത് ആ ഗൗരവപ്രകൃതിക്കു ചേരില്ല.


കിടപ്പറയില്‍ ധാരാളം പുസ്തകങ്ങള്‍ കണ്ടിരുന്നു. ഖുര്‍ആന്‍ പരിഭാഷകള്‍, നബിചരിത്രങ്ങള്‍, കര്‍മശാസ്ത്ര കൃതികള്‍ മുതലായ മതഗ്രന്ഥങ്ങളാണ്. അത്താഴം കഴിഞ്ഞ് കിടക്കാന്‍ പോകുമ്പോഴാണ് വായന. ആള്‍ സുന്നിയാണ്. എങ്കിലും സുന്നികള്‍ അല്ലാത്തവരുടെ പുസ്തകങ്ങളും കൂട്ടത്തില്‍ കണ്ടിരുന്നു.
സ്വന്തം പോരായ്മയായി കണ്ടിരുന്നത് പ്രസംഗിക്കാന്‍ വശമില്ല എന്ന കാര്യമാണ്. കുറേക്കാലം കൊടുവള്ളി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന ആളെ സംബന്ധിച്ച് ഇതു വിഷമംതന്നെ. ഇക്കാര്യം അംഗീകരിക്കാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്നപ്പോഴത്തെ ഒരു കാര്യം ഓര്‍മവരുന്നു. ഏതോ പാലത്തിന്റെ ഉദ്ഘാടനം. മൂപ്പര് അധ്യക്ഷന്‍. മന്ത്രിയാണ് ഉദ്ഘാടകന്‍. ചെറിയൊരു പ്രസംഗം എഴുതിക്കൊടുക്കാന്‍ പറഞ്ഞു: "നിങ്ങള്‍ ഒന്നെഴുതിക്കൊണ്ടാ. എനിക്ക് ഇരുന്നിട്ടാണെങ്കില്‍ എത്ര ആളോടും എങ്ങനെയും എത്രയും വര്‍ത്തമാനം പറയാം. സദസില്‍ എഴുന്നേറ്റു നിന്നാപ്പിന്നെ വര്‍ത്തമാനം വരില്ല'.


34 മിനിട്ടുകൊണ്ട് പറയാവുന്ന ഒരു പ്രസംഗം ഞാന്‍ എഴുതിക്കൊടുത്തു. അതില്‍ "പുഴയുടെ അക്കരെയും ഇക്കരെയുമുള്ള ആളുകള്‍ക്കിടയില്‍ ധാരണയുടെ പാലം ഉയര്‍ന്നുവരികയാണ്' എന്നൊരു പ്രയോഗം ഉണ്ടായിരുന്നു. അതിനെ അഭിനന്ദിച്ചു പറഞ്ഞു. ഞാന്‍ ഇപ്പറയുന്നത് 1974ലെ കാര്യമാണ്. പില്‍ക്കാലത്ത് പ്രസംഗത്തിലും മൂപ്പര് വളരെ മെച്ചപ്പെട്ടിരിക്കണം. പൊതുപ്രവര്‍ത്തനത്തിനുള്ള ഏതോ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് കോഴിക്കോട്ട് നടത്തിയ പ്രസംഗം ഞാന്‍ കേട്ടിരുന്നു. അന്ന് ആരും എഴുതിക്കൊടുത്തതോ കാണാപ്പാഠമാക്കിയതോ ആയിരുന്നില്ല. സ്ഥിരപരിശ്രമത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ആ രംഗത്തു മെച്ചപ്പെടാന്‍ പ്രയാസം വരില്ല.
കോണ്‍ഗ്രസ് അനുഭാവിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ആ പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്രനായി കൊടുവള്ളി പഞ്ചായത്തിലേക്ക് മത്സരിച്ചു ജയിച്ചു. സാഹചര്യവശാല്‍ കുറേക്കാലം പഞ്ചായത്ത് പ്രസിഡന്റുമായി. അന്നൊക്കെ മൂപ്പരുടെ ശ്രദ്ധ നാട്ടില്‍ റോഡും പാലവും മറ്റും കൊണ്ടുവരുന്ന വികസനത്തിലായിരുന്നു; ഏതെങ്കിലും പാര്‍ട്ടി വളര്‍ത്തുന്നതിലായിരുന്നില്ല. പിന്നെ മത്സരിച്ചിട്ടുമില്ല.


വളരെ "സാമാന്യബുദ്ധി'യുള്ള ആളാണ് പരീക്കുട്ടി ഹാജി. നാം "കോമണ്‍സെന്‍സ്' എന്നു പറയുന്ന സാധനം. പെട്ടെന്ന് അദ്ദേഹത്തിന്റെ ബുദ്ധി പ്രവര്‍ത്തിക്കും; എന്തിനും ഒരു പരിഹാരം പെട്ടെന്ന് തോന്നും. ഇവിടെ മൊബൈല്‍ ഫോണ്‍ പ്രചാരം നേടുന്നതിനു മുമ്പ് പേജര്‍ എന്നൊരു സംവിധാനമുണ്ടായിരുന്നു. ഒരു പ്രത്യേക നമ്പറിലേയ്ക്കു വിളിച്ച് നമ്മള്‍ ഒരു സന്ദേശം പറഞ്ഞാല്‍ കമ്പനി ആളുടെ കൈവശമുള്ള പേജറിലേക്കു ഉടനെ ആ സന്ദേശം ടൈപ്പ് ചെയ്ത് എത്തിക്കും. പക്ഷേ, സന്ദേശം ഇംഗ്ലിഷില്‍ കൊടുക്കണം. ഇംഗ്ലിഷ് അറിഞ്ഞുകൂടാത്ത പരീക്കുട്ടി ഹാജി, ബന്ധുവിന് അയക്കാന്‍ മലയാളത്തില്‍ ഒരു സന്ദേശം വിളിച്ചുപറഞ്ഞു. അങ്ങേത്തലയ്ക്കല്‍ നിന്ന് മറുപടി:
"ഇത് ഇംഗ്ലിഷില്‍ പറയണം'
ഉടനെ പരീക്കുട്ടി ഹാജി: "നിങ്ങള്‍ അത് ഇംഗ്ലീഷില്‍ ആക്കിക്കോ'.
പ്രശ്‌നം തീര്‍ന്നു!


കോഴിക്കോട്ടെ ഗുരുവായൂരപ്പന്‍ കോളജുകാര്‍ ഒരിക്കല്‍ ടാഗോര്‍ തിയറ്ററില്‍ അന്നത്തെ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ടി.എന്‍ ശേഷന്റെ ഒരു പ്രഭാഷണം സംഘടിപ്പിച്ചു. കേള്‍ക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ ടി.കെ പരീക്കുട്ടി ഹാജിയെ കണ്ട് ഞാന്‍ അതിശയിച്ചു. ശേഷന്‍ ഇംഗ്ലിഷിലാണ് സംസാരിച്ചത്. ഇടയ്ക്ക് ചില തമിഴ് വാക്യങ്ങള്‍. അത്യപൂര്‍വമായി ചില മലയാളവാക്കുകള്‍... പ്രഭാഷണം തീര്‍ന്ന ഉടനെ ചോദ്യോത്തരങ്ങളായി. ചോദ്യങ്ങളും ഉത്തരവുമൊക്കെ ഇംഗ്ലിഷിലാണ്. അതിനിടയില്‍ പരീക്കുട്ടി ഹാജി എഴുന്നേറ്റുനിന്ന് മലയാളത്തില്‍ ഒരു ചോദ്യം ചോദിച്ചു. ശേഷന്‍ മലയാളത്തില്‍തന്നെ മറുപടിയും പറഞ്ഞു! ആ ചോദ്യം കേട്ടപ്പോഴാണ്, ശേഷന്‍ പറഞ്ഞതു മുഴുവന്‍ മൂപ്പര്‍ക്ക് തിരിഞ്ഞിരുന്നുവെന്ന് ഞാന്‍ അമ്പരപ്പോടെ മനസിലാക്കിയത്. പ്രൗഢമായ സദസില്‍ വന്നിരിക്കാനോ അവിടെ എഴുന്നേറ്റുനിന്ന് മലയാളത്തില്‍ ചോദ്യം ചോദിക്കാനോ ഒരുമാതിരിക്കാര്‍ക്കൊന്നും ധൈര്യം വരില്ല. ആ ആത്മവിശ്വാസത്തിന്റെ രൂപമാണ് പരീക്കുട്ടി ഹാജി.


കൊടുവള്ളി ഉള്‍നാടന്‍ ഗ്രാമം മാത്രമായിരുന്നപ്പോള്‍ അവിടെനിന്ന് കോഴിക്കോട് പോലൊരു നഗരത്തിലെത്തി നാനാതരം ബിസിനസുകള്‍ നടത്തി വ്യാപാര മേഖലയിലും സാമൂഹികജീവിതത്തിലും വ്യക്തിമുദ്ര പതിപ്പിക്കുക അത്ര എളുപ്പമല്ല. അതും ആധുനിക വിദ്യാഭ്യാസവും പരിഷ്‌കാരവും കമ്മിയായ ഒരാള്‍ക്ക്. ഹാജിക്ക് അതു സാധ്യമായത് എങ്ങനെ?


എന്റെ നോട്ടത്തില്‍ ടി.കെ പരീക്കുട്ടി ഹാജിയുടെ വിജയരഹസ്യങ്ങള്‍ മൂന്നാണ്. ആത്മവിശ്വാസം, ചിട്ട, കഠിനാധ്വാനം. ആ മനുഷ്യനില്‍നിന്ന് മറ്റുള്ളവര്‍ക്കു പഠിക്കാനുള്ള കാര്യങ്ങളും ഈ മൂന്നെണ്ണമാണ് എന്ന് ഞാന്‍ വിചാരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനം ആത്മവിശ്വാസം തന്നെ!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളൂരു; റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികൾ മുങ്ങി മരിച്ചു

National
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago