മേലാച്ചേരികളുടെ കഥ പറയുന്ന'ബിയ്യാശയുടെ പെട്ടകം'
വി. മുസഫര്‍ അഹമ്മദ്
ഓടമുണ്ടാക്കുമ്പോള്‍ ഓടംകാക്കയെ ഓര്‍ക്കാത്ത ദ്വീപുകാര്‍ ഉണ്ടാവില്ല. കാറ്റിനേയും കടലിനേയും അതിജീവിക്കാനുള്ള സൂത്രവിദ്യകള്‍ പലകകളില്‍ ചേര്‍ത്തു കെട്ടിയാണ് അദ്ദേഹം ഓടമുണ്ടാക്കിയിരുന്നത്. അതുകൊണ്ടുതന്നെ കരയിലേക്കുള്ള ദീര്‍ഘയാത്രകള്‍ക്ക് ഏറ്റവും സുരക്ഷിതം ഓടംകാക്ക പണിത കെട്ടുറപ്പുള്ള പായോടങ്ങളാണെന്നു ദ്വീപുകാര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ വെറുമൊരു മേലാച്ചേരിയായ ഓടം കാക്കക്ക് ദ്വീപാചാരങ്ങളുടെ കടലില്‍ അത്ര എളുപ്പത്തില്‍ പായ കെട്ടാനായില്ല. കാറ്റും കോളും നിറഞ്ഞ ദുസ്സഹമായ കടലായിരുന്നു മേലാച്ചേരികളുടെ ജീവിതം(ബിയ്യാശയുടെ പെട്ടകം/അലിക്കുട്ടി ബീരാഞ്ചിറ/ പ്രസാധനം: ഐവറി ബുക്‌സ്). ലക്ഷദ്വീപ് മുസ് ലിംകള്‍ക്കിടയിലെ ജാതിയെ (ഇന്ത്യന്‍ മുസ് ലിംകള്‍ക്കിടയില്‍ ജാതിയുടെ പല ഘടകങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വസ്തുത കാണാതിരിക്കാനാവില്ല) മുന്‍നിര്‍ത്തി എഴുതപ്പെട്ട നോവലൈറ്റാണ് അലിക്കുട്ടി ബീരാഞ്ചിറയുടെ "ബിയ്യാശയുടെ പെട്ടകം'. ഷാജി അപ്പുക്കുട്ടന്റെ പുസ്തകത്തിലെ ചിത്രങ്ങള്‍ കൃതിയുടെ ആഴവും പരപ്പും വായനക്കാര്‍ക്ക് ലഭിക്കുന്നതില്‍ ഏറെ സഹായകരവുമാണ്.
യൂസുഫ് പള്ളിയുടെ പലതരം നിഗൂഢതകളില്‍ നിന്നുമാണ് ഈ ആഖ്യാനത്തിന്റെ തുടക്കം. ജിന്നുകളുടെ സമൃദ്ധമായ വിവരണങ്ങള്‍ തുടക്കത്തിലുണ്ട്. കഥാഖ്യാനത്തിന്റെ അന്തരീക്ഷ സൃഷ്ടിയില്‍ എഴുത്തുകാരനെ ഏറ്റവും കൂടുതല്‍ സഹായിച്ചത് യൂസുഫ് പള്ളിയുടെ വിവരണമാണ്. ലക്ഷദ്വീപിലൂടെ രാത്രി ഏകാന്തതകളില്‍ സഞ്ചരിച്ചിട്ടുള്ളവര്‍ ഇത്തരത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന പള്ളികള്‍ കണ്ടിട്ടുണ്ടായിരിക്കും. ദ്വീപില്‍ അധ്യാപകനായി ജോലി ചെയ്ത രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ അലിക്കുട്ടി ബീരാഞ്ചിറയും ഇത്തരം പള്ളികള്‍ ധാരാളമായി കണ്ടിട്ടുണ്ടാവും. ആ ഒരു അനുഭവം ഈ കൃതിയുടെ എഴുത്തിലും അന്തരീക്ഷ നിര്‍മ്മിതിയിലും കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. ഇബ്‌ലീസ് തലകളഞ്ഞ തെങ്ങുകളും അതിനെ നേരിട്ട് സൂഫിവര്യന്റെ നേതൃത്വത്തില്‍ തെങ്ങുകളുടെ കാടുതന്നെ ദ്വീപിലുണ്ടാക്കിയതും അടക്കമുള്ള ആഖ്യാനങ്ങള്‍- കഥയും കഥാതന്തുവും എഴുത്തുകാരന് തന്റെ ഹ്രസ്വകാല ദ്വീപ് ജീവിതത്തില്‍ നിന്നു തന്നെ കിട്ടിയതാണ്.
മേലാച്ചേരികള്‍ ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും അടിത്തട്ട് ജാതിയായാണ് കണക്കാക്കപ്പെടുന്നത്. ദ്വീപിലെ തെങ്ങ് കൃഷിയിലും മത്സ്യബന്ധനത്തിലും ഓടം നിര്‍മ്മാണത്തിലുമെല്ലാം വൈദഗ്ധ്യമുള്ളവരാണ് മേലാച്ചേരികള്‍. എന്നാല്‍ എപ്പോഴും അവര്‍ ജാതി ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവരാണ്. ഭ്രഷ്ട് എന്ന ദ്വീപ് സാമൂഹിക അനുഭവത്തെയാണ് എഴുത്തുകാരന്‍ "ബിയ്യാശയുടെ പെട്ടക'ത്തിലൂടെ വിശദമാക്കുന്നത്.
കൃതിയില്‍ ഇതിനെക്കുറിച്ച് ഇങ്ങനെ വായിക്കാം: ദ്വീപോടങ്ങള്‍ ഉണ്ടാക്കിയിരുന്ന ബണ്ടവിമാരിലധികവും മേലാച്ചേരിക്കാരായിരുന്നു. ഓടം ഓടിച്ചിരുന്നവര്‍ മാല്‍മികളും. എന്നാല്‍ ഓടം പണം കൊടുത്തു വാങ്ങുവാനോ ഉണ്ടാക്കിക്കുവാനോ മേലാച്ചേരിയില്‍ പെട്ടവര്‍ക്കും മാല്‍മികള്‍ക്കും അവകാശമുണ്ടായിരുന്നില്ല. ഓടങ്ങളുടെ ഉടമസ്ഥാവകാശം കോയ എന്ന ഉയര്‍ന്ന കുടുംബത്തില്‍ പെട്ടവര്‍ക്കു മാത്രമായിരുന്നു. ഓടങ്ങള്‍ വഴിയുള്ള വ്യാപാരത്തിന്റെ കുത്തകയും അവര്‍ക്കായിരുന്നു. കോയമാരുടെ തെങ്ങുകള്‍ കയറി ജീവിച്ചിരുന്നവരാണ് മേലാച്ചേരിയിലധികവും. വില്പനക്കായി കരയിലേക്കും മറ്റും കൊണ്ടുപോകുന്ന മേലാച്ചേരികളുടെ ചരക്കുകള്‍ക്ക് കോയമാര്‍ ന്യായമായ വില നല്‍കിയിരുന്നില്ല. ചരക്കുകളുടെ വിലയെത്രയാണെന്ന്ചോദിക്കാന്‍ പോലും പാടില്ലായിരുന്നു. പരാതി നല്‍കിയിട്ട് കാര്യമൊന്നുമില്ല. ദ്വീപുകളിലെ ഭരണം നിയന്ത്രിച്ചിരുന്ന ആമീന്‍മാരും കച്ചേരി കാരണവന്‍മാരുമെല്ലാം കോയമാരായിരുന്നു. അങ്ങനെ കടലും കരയും കോയമാര്‍ പറയുന്നതു മാത്രം അനുസരിച്ചിരുന്ന കാലം. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയിട്ടും ദ്വീപിലെ ഈ മാമൂലുകള്‍ക്കൊന്നും ഒരു മാറ്റവും വന്നില്ല:
കഥയുടെ ആഖ്യാനത്തിലെ പ്രധാന സന്ദര്‍ഭത്തിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന സന്ദര്‍ഭം കൂടിയാണിത്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ടും അതിന്റെ ആനുകൂല്യങ്ങളൊന്നും കിട്ടാതെപോയ മേലാച്ചേരിമാര്‍ തങ്ങളുടെ സ്വത്വം, സ്വാതന്ത്ര്യം എന്നിവയെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചതിന്റെ അനുഭവത്തിലേക്ക് വായനക്കാരെ എഴുത്തുകാരന്‍ ഇങ്ങനെ കൂട്ടിക്കൊണ്ടുപോകുന്നു:
1949ല്‍ കൽപേനി ദ്വീപിലെ മേലാച്ചേരി വിഭാഗത്തില്‍പ്പെട്ട കുറച്ചു ചെറുപ്പക്കാര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കോയമാരില്‍ നിന്ന് ന്യായവില കിട്ടാതെ വന്നപ്പോള്‍ ചരക്കുകള്‍ കരയില്‍ കൊണ്ടുപോയി നേരിട്ടു വില്‍പന നടത്താനായി ഒരു വലിയ ഓടം ഉണ്ടാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആ നാട്ടിലെ ഒരു ബണ്ടവിയും കോയമാരെ ധിക്കരിച്ച് ഓടമുണ്ടാക്കാന്‍ തയാറായിരുന്നില്ല. അങ്ങനെയാണ് മേലാച്ചേരിക്കാര്‍ കില്‍ത്തനില്‍നിന്ന് ഓടംകാക്കയെ കൊണ്ടുവന്നത്. ഓടംകാക്ക ആദ്യമായിട്ടാണ് മേലാച്ചേരിക്കാര്‍ക്കായി ഓടമുണ്ടാക്കുന്നത്. അതിന്റെ ആവേശം അയാള്‍ക്കുമുണ്ടായിരുന്നു. പത്തിരുപത് ചെറുപ്പക്കാര്‍ ഓടംകാക്കയെ സഹായിക്കാനെത്തി. നൂറ്റാണ്ടുകളായി തങ്ങളനുഭവിക്കുന്ന അടിമത്തത്തെ നടുക്കടലിലെറിയാനുള്ള ആവേശത്തിലായിരുന്നു അവര്‍. ഒറ്റദിവസം കൊണ്ട് മേലാബായില്‍ പാണ്ട്യാല പൊന്തി. എന്നാല്‍ അന്നു രാത്രി തന്നെ കോയമാര്‍ പാണ്ട്യാലക്ക് തീവെച്ചു. യുവാക്കള്‍ നിരാശരായില്ല. അവരതു പ്രതീക്ഷിച്ചതായിരുന്നു. ചെറുപ്പക്കാരുടെ എണ്ണം കൂടി. പിന്നെയും പാണ്ട്യാല കെട്ടി പണി തുടര്‍ന്നു. രാത്രിയില്‍ കാവലിരുന്നു. ഓടം പണി വേഗത്തില്‍ പുരോഗമിക്കുന്നതു കണ്ട കോയമാര്‍ക്ക് ഹാലിളകി. അവര്‍ മേലാച്ചേരികളുടെ തേങ്ങാക്കൂടുകള്‍ക്ക് തീവെച്ചു. നാൽപതിനായിരത്തോളം തേങ്ങകളാണ് വെന്തുനശിച്ചത്. മേലാച്ചേരികളുടെ കച്ചവടപ്പീടികകള്‍ കൊള്ളയടിച്ചു. പുരകളില്‍ കയറി അക്രമിച്ചു. സ്ത്രീകളേയും കുട്ടികളേയും പോലും വെറുതെ വിട്ടില്ല. പുറത്തിറങ്ങാന്‍ പറ്റാത്തവിധം കോയമാര്‍ മേലാച്ചേരികളുടെ കുടിലുകള്‍ക്ക് പുറത്ത് കാവലിരുന്നു കല്ലെറിഞ്ഞു. പേടിച്ചുപോയ മേലാച്ചേരികള്‍ കോയമാരുടെ കണ്‍വെട്ടത്തു നിന്ന് ഓടിയൊളിച്ചു. വെളിക്കിരിക്കാന്‍ പോലും നിവൃത്തിയില്ലാതായി. എന്നാല്‍ കോയമാര്‍ക്ക് ഓടത്തിന്റെ നിര്‍മ്മാണം മാത്രം തടയാനായില്ല. പാണ്ട്യാലക്ക് കനത്ത കാവലായി മേലാച്ചേരി മുഴുവന്‍ നിലകൊണ്ടു. പലരും വീടുവിട്ട് പാണ്ട്യാലക്കടുത്ത് കുടില്‍ കെട്ടി താമസിച്ചു. ഓടം കടലിലിറക്കുക എന്നത് അവരുടെ അഭിമാന പ്രശ്‌നമായി. ഓടംകാക്ക രാപകലില്ലാതെ പണിയെടുത്തു. മരത്തടി ഈരാനും പലക പിടിക്കാനും ഒക്കെയായി ഇഷ്ടംപോലെ ചെറുപ്പക്കാര്‍ വന്നു. രണ്ടു മാസം കൊണ്ട് ഓടത്തിന്റെ പണി പൂര്‍ത്തിയായി:
ശാഹുല്‍ ഹമീദ് എന്ന് പേരിട്ട ഓടം ദ്വീപില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുന്നില്ല. പിന്നീട് മലബാര്‍ കലക്ടറാണ് അതിനുള്ള അനുമതി നല്‍കുന്നത്. ഒടുവില്‍ ഓടം കടലിലിറക്കി. കടലില്‍ അല്‍പ്പദൂരം ഓടം പോയപ്പോള്‍ കോയമാരുടെ സംഘം അക്രമിക്കാനായി എത്തി. പിന്നീട് ഇങ്ങനെ വായിക്കാം: ഓടത്തിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളുമെടുത്ത് അക്രമികള്‍ കടലിലെറിഞ്ഞു. കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചു. വലിച്ചുകെട്ടിയ പായ കുത്തിക്കീറി. യാത്രക്കാരേയും വെറുതെ വിട്ടില്ല. കൈയിലുണ്ടായിരുന്ന തുഴകൊണ്ട് തല്ലി ബര്‍കാസു തോണി(ലൈഫ് ബോട്ട്)യിലേക്കെറിഞ്ഞ് ജീവന്‍ വേണേല്‍ രക്ഷപ്പെടാന്‍ പറഞ്ഞു. അണിയത്ത് എന്തു ചെയ്യണമെന്നറിയാതെ നിന്ന ഓടംകാക്കയെ പക്ഷേ രക്ഷപ്പെടാന്‍ അനുവദിച്ചില്ല. അദ്ദേഹത്തെ എല്ലാവരും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലി പായ്മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി. പിന്നെയവര്‍ ഉളിയും മറ്റു ആയുധങ്ങളുമെടുത്ത് അടിത്തട്ടില്‍ തുളവീഴ്ത്താന്‍ തുടങ്ങി. ഓടംകാക്ക അരുതെന്നു പറഞ്ഞ് നിലവിളിച്ചെങ്കിലും അവര്‍ കൂട്ടാക്കിയില്ല. വെള്ളം കയറാന്‍ തുടങ്ങിയതോടെ കോയമാര്‍ കടലിലേക്കു ചാടി. തന്റെ ഓടത്തിലേക്ക് കടല്‍ ഇരച്ചുകയറുന്നത് നിസ്സഹായനായി നോക്കി ഓടംകാക്ക പായ്മരത്തില്‍ തൂങ്ങിക്കിടന്നു. ബര്‍കാസുതോണിയിലിരുന്ന് മേലാച്ചേരികള്‍ നിലവിളിച്ചു. അവരുടെ നിലവിളികള്‍ക്കുമേല്‍ ആറുവലിക്കുന്ന രണ്ടു വള്ളങ്ങള്‍ തുഴ ഉയര്‍ത്തി കൂക്കിവിളിച്ചു. ഓടംകാക്കയും ഓടവും കിനാവ് നഷ്ടപ്പെട്ടവരുടെ ചരിത്രത്തിലേക്ക് മുങ്ങിത്താഴ്ന്നു:
"ബിയ്യാശയുടെ പെട്ടകത്തിലെ' ഏറ്റവും ഹൃദയഭേദകമായ സന്ദര്‍ഭം ഇതാണ്. ഇന്ത്യയിലെ നിരവധി ജാതിവിരുദ്ധ സമരങ്ങളുടെ പല കടല്‍മാലകളെ ഓര്‍മ്മിപ്പിക്കുന്ന അവസരം. കഥയുടെ ഇങ്ങനെയുള്ള ശക്തമായ സന്ദര്‍ഭം നിലനില്‍ക്കുമ്പോള്‍തന്നെ മറ്റൊരു സമാന്തരാഖ്യാനവും മുന്നോട്ടു പോകുന്നുണ്ട്. ആ ആഖ്യാനത്തെ നയിക്കുന്നത് നോവലിലെ നായിക/കേന്ദ്ര കഥാപാത്രം എന്നു വിളിക്കേണ്ടുന്ന ബിയ്യാശയാണ്. ബിയ്യാശ ആടുകളെ പോറ്റി ജീവിക്കുന്ന ഒരു സ്ത്രീയായാണ് കഥയുടെ തുടക്കത്തില്‍ വായനക്കാരുടെ മുന്നിലേക്കെത്തുന്നത്. കഥാകാരന്‍ അവരുടെ കരുത്തിനേയും പ്രത്യകതകളേയും ഇങ്ങനെ അവതരിപ്പിക്കുന്നു:
ഒരിക്കലും വാര്‍ധക്യം ബാധിക്കാനിടയില്ലാത്ത ജീവിതമാണ് ബിയ്യാശയുടേത്. ചാഞ്ഞുകിടക്കുന്ന ചീരാണിയുടെ (പൂവരശ്) കൊമ്പുകളില്‍ എത്ര വേഗത്തിലാണിവര്‍ ചാടിക്കയറുക. ആടുകളുടെ ഇഷ്ടഭോജ്യമാണ് ചീരാണിയില. പിന്നെയും വിശപ്പാറിയില്ലെങ്കില്‍ തെങ്ങുകളില്‍ തൂങ്ങിയാടുന്ന പച്ചോലകള്‍ വലിച്ചു പറിച്ച് കൊത്തിനുറുക്കി തിന്നാനിട്ടു കൊടുക്കും. ചില വൈകുന്നേരങ്ങളില്‍ ബിയ്യാശ ചെറിയ വീശുവലയുമായി കടപ്പുറത്തിറങ്ങും. മീന്‍കൂട്ടങ്ങളെ നോക്കി നോക്കി തീരത്തുകൂടി ഒരു നടപ്പുണ്ട്. കണ്ണില്‍ മീനുകളുടെ പിടച്ചിലറിയുന്ന നിമിഷം
അതുവരെ തോളില്‍ തൂങ്ങിക്കിടന്നിരുന്ന വല കൈകളിലെത്തിയിട്ടുണ്ടാകും. പിന്നെ, വലതുകാലിലൂന്നി നിന്ന് മെയ്‌വഴക്കത്തോടെ ഒറ്റവീശലാണ്. ചെറിയ കുളുവലാണ് (ബില്ലത്തിനകത്ത് കാണുന്ന ചെറിയ തരം മത്സ്യം) അധികമുണ്ടാവുക. ആടുകള്‍ക്കിഷ്ടവും അതു തന്നെയാണ്:
ഇങ്ങനെയാണ് കരുത്തയായ തന്റെ കേന്ദ്ര കഥാപാത്രത്തെ എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത്. ഈ നായിക താന്‍ പോറ്റുന്ന ആടുകളെ എവിടേയും കെട്ടിയിടാന്‍ ഒരുക്കമല്ല. ചിലപ്പോള്‍ അവ ദ്വീപിലെ കോളജ് വരാന്തയിലായിരിക്കും വിശ്രമിക്കുന്നത്. മുത്ത്ബീ, കുന്നീബീ, ആറ്റബീ എന്നു പേരു വിളിച്ചുകൊണ്ട് ആടുകളുമായി തന്റെ വീട്ടിലേക്കു പോകുന്ന ബിയ്യാശയെ കഥാകാരന്‍ അവതരിപ്പിക്കുന്നത് തെല്ല് കൗതുകത്തോടെയാണ് വായനക്കാര്‍ക്ക് അനുഭവിക്കാനാവുക. (കോളജില്‍ ഗുപ്തന്‍നായരുടെ സാഹിതീയവിമര്‍ശനങ്ങളില്‍ ഞെളിപിരികൊണ്ടിരുന്ന ക്ലാസ്മുറിയില്‍ ആടുകളുടെ പേരുവിളി നല്‍കുന്ന ആശ്വാസത്തെക്കുറിച്ച് കഥാകാരന്‍ പറയുന്നുണ്ട്). ഇങ്ങനെ ദ്വീപില്‍ പലയിടങ്ങളിലായി സ്വതന്ത്രരായി വിഹരിക്കുന്ന ബിയ്യാശയുടെ ആടുകളെ പഞ്ചായത്തുകാര്‍ പിടിച്ചു കൊണ്ടു പോകുന്നു.
ഫൈനടക്കാതെ വിട്ടുതരില്ലെന്ന് കട്ടായം പറയുന്നു. തന്റെ ആടുകളെ പിടികൂടാന്‍ വരുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥന്റെ കഴുത്തിലേക്ക് ആടുകളെ കെട്ടുന്ന കയര്‍ എറിഞ്ഞ് കുടുക്കുന്നുമുണ്ട് ബിയ്യാശ. ആടുകളെ പിടിച്ചു കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് കൊടുക്കുന്ന പരാതിയിലാണ് അവരുടെ യഥാര്‍ഥ പേര് വെളിപ്പെടുന്നത്. ബീവി ആയിശ എന്നാണ് ബിയ്യാശയുടെ യഥാര്‍ഥ പേര്.
ബിയ്യാശയുടെ ഇളയ സഹോദരന്‍ കുഞ്ഞിസീതിക്ക് കുഷ്ഠം വരുന്നതും സ്വന്തം ദ്വീപുകാര്‍ കില്‍ത്തനില്‍ നിന്ന് കടമത്തില്‍ കൊണ്ടു വന്ന് തള്ളുന്നതും കഥയെ മറ്റൊരു ലോകത്തേക്ക് നയിക്കുന്നു. കുഞ്ഞിസീതിയെ പരിചരിക്കാനാണ് ബിയ്യാശ കടമത്തില്‍ വരുന്നത്. രോഗം മൂര്‍ച്ഛിച്ചപ്പോള്‍ കുഞ്ഞിസീതി തന്റെ സ്വന്തംദ്വീപില്‍ കില്‍ത്തനില്‍ കിടന്ന് മരിക്കണമെന്നാഗ്രഹിച്ചു. പക്ഷേ അയാളെ കൊണ്ടു പോകാന്‍ ഒരു ഓടക്കാരനും തയാറായില്ല. സഹോദരനെ കൊണ്ടുപോകാന്‍ ബിയ്യാശ ഓടമുണ്ടാക്കാന്‍ തുടങ്ങി. പക്ഷേ അതിന്റെ നിര്‍മ്മാണം തീരും മുമ്പ് കുഞ്ഞിസീതി മരിച്ചു. ഓടംകാക്കയുടെ പേരക്കുട്ടി കൂടിയാണ് ബിയ്യാശ. തന്റെ വല്ല്യാപ്പാനെക്കുറിച്ചുള്ള ഓര്‍മ്മകളും അവര്‍ക്കൊപ്പമുണ്ട്. അവര്‍ തന്റെ ഓടം പൂര്‍ത്തിയാക്കുന്നു. ശാഹുല്‍ ഹമീദ് എന്നു തന്നെ പേരിടുന്നു. കില്‍ത്തനിലേക്ക്, സ്വന്തം ദ്വീപിലേക്ക് പോകാനാണ് അവരുടെ പരിപാടിയെന്ന് അവരെ സഹായിച്ചവര്‍ കരുതുന്നു. കില്‍ത്തനിലേക്ക് വലിയ ദൂരമില്ല, നല്ല കാറ്റുകിട്ടിയാല്‍ നാലു മണിക്കൂറു കൊണ്ട് എത്തിച്ചേരേണ്ടതാണ്. ബിയ്യാശ തന്റെ ആടുകളുമായി ഓടത്തില്‍ കയറി. അവര്‍ ഒറ്റക്ക് പോവുകയാണ്. കൂടെ വരാനും സഹായിക്കാനും തയാറായവരെ അവര്‍ വിലക്കുന്നു.
തന്റെ ലക്ഷ്യം സുഹേലി എന്ന ജനവാസമില്ലാത്ത ദ്വീപാണെന്ന് ബിയ്യാശ പറയുന്നു. അവിടെയാകുമ്പോള്‍ മറ്റു മനുഷ്യന്‍മാരില്ല, പഞ്ചായത്തും നിയമവുമില്ല, അങ്ങനെ ഒരിടത്ത് സമാധാനത്തോടെ ജീവിക്കാം. അവിടെ പോയി മരിച്ചവരുടെ കാവല്‍ തനിക്കുണ്ടാകുമെന്നും അവര്‍ വിശ്വസിക്കുന്നു. ബിയ്യാശ ഓടവുമായി ഉള്‍ക്കടലിലൂടെ യാത്രയാകുമ്പോള്‍ അണിയത്ത് ഒരാള്‍ കയറി നില്‍ക്കുന്നത് നിലാവില്‍ തെളിഞ്ഞുകണ്ടു (അത് ഓടംകാക്ക തന്നെ) എന്ന വാചകത്തോടെയാണ് ചെറുതെങ്കിലും ശക്തവും മനോഹരവുമായ ഈ നോവലൈറ്റ് അവസാനിക്കുന്നത്.
കേരള-ലക്ഷദ്വീപ് ബന്ധത്തില്‍ നിന്നുണ്ടായ ഈ കഥാഖ്യാനം വായിച്ചവസാനിക്കുമ്പോള്‍ ഉറൂബിന്റെ ഉമ്മാച്ചുവിനു ശേഷം ശക്തയായ മറ്റൊരു മുസ്‌ലിം സ്ത്രീ കഥാപാത്രമായി ബിയ്യാശ വളരുന്നത് വായനക്കാര്‍ക്ക് അനുഭവപ്പെടും. ഒപ്പം ലക്ഷദ്വീപ് ഭാഷയും മലയാളവും കലര്‍ന്ന് (പുസ്തകത്തിലെ അടിക്കുറിപ്പുകള്‍ ഭാഷാ അന്വേഷകര്‍ക്ക് വലിയൊരു സ്രോതസ്സായി മാറുന്നുണ്ട്) പുതിയൊരു ഭാഷാഘടനയും അതിന്റെ ആഖ്യാന സൗന്ദര്യവും ഈ രചന സമ്മാനിക്കുന്നു. ആമുഖത്തില്‍ ലക്ഷദ്വീപിലെ ആദ്യ നോവല്‍ "കോലോടം' എഴുതിയ ഇസ്മത്ത് ഹുസൈന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു: ചരിത്രം കഥാപാത്രങ്ങളിലൂടെ കഥയിലേക്ക് ജീവന്‍ വെക്കുമ്പോള്‍ യൂസുഫ് പള്ളിക്കടത്തുള്ള ഖബറുകള്‍ പൊട്ടിപ്പിളര്‍ന്ന് നൂറ്റാണ്ടുകളുടെ കഥ പറയാന്‍ എണീറ്റ് വരുന്നു: ആ എണീറ്റ് വരവ് ഈ കഥാഖ്യാനത്തിലൂടെ പുതിയൊരു സാഹിത്യ ഭൂപടം നിര്‍മ്മിക്കുകയാണ് വാസ്തവത്തില്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."