പ്രോസിക്യൂട്ടര്‍ ഹാജറുണ്ട്
പി.കെ സലാം
കേരളത്തിലെ ഡി.വൈ.എഫ്.ഐ സ്ഥാപക നേതാക്കളിലൊരാളും ആദ്യത്തെ കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ അഡ്വ. പി. കുമാരന്‍ കുട്ടി അഭിഭാഷകവൃത്തിയുടെ സുവര്‍ണ ജൂബിലി ആഘോഷിക്കുമ്പോള്‍ അനിര്‍വചനീയ ആഹ്ലാദത്തിലാണ്. തന്നോട് തോള്‍ചേര്‍ന്ന് യുവജന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച ടി.പി ചന്ദ്രശേഖരന്റെ തലച്ചോര്‍ വള്ളിക്കാട്ടെ നടുറോഡില്‍ ചിതറിച്ചവര്‍ക്കും അത് ആസൂത്രണം ചെയ്തവര്‍ക്കും ഒരുപരിധിവരെയെങ്കിലും ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നിയമപോരാട്ടത്തിനു നേതൃത്വം നല്‍കി എന്നതാണ് ആഹ്ലാദം പകരുന്നതെന്ന് കുമാരന്‍ കുട്ടി പറയുന്നു. വിചാരണക്കോടതിയില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ സഹായിയായി പ്രവര്‍ത്തിച്ച കുമാരന്‍ കുട്ടിക്ക്, ഹൈക്കോടതിയില്‍ ചുമതല നേരിട്ട് ഏറ്റെടുക്കേണ്ടിവന്നത് മറ്റൊരു കൊലച്ചതിയെ തുടര്‍ന്നായിരുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടറായ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ സി.കെ ശ്രീധരന്‍ ഇടക്കുവച്ച് പ്രോസിക്യൂട്ടറുടെ ചുമതല ഒഴിയുക മാത്രമല്ല, സി.പി.എമ്മില്‍ ചേരുകയും ചെയ്തു. ഈ കേസില്‍ കൊലയേക്കാള്‍ പ്രധാനം അതിനുപിന്നിലെ ഗൂഢാലോചനയാണെന്ന് പി. കുമാരന്‍ കുട്ടിക്ക് നീതിപീഠത്തെ ബോധ്യപ്പെടുത്താനായി. ഗൂഢാലോചനയില്‍പെട്ട രണ്ടുപേരെക്കൂടി കുറ്റക്കാരെന്നു കണ്ടെത്തുകയും അവര്‍ക്കു ജീവപര്യന്തം തടവു വിധിക്കുകയും ചെയ്തത് നീതിന്യായ വ്യവസ്ഥയ്ക്ക് പൊന്‍തൂവലാണ്, ചാരിതാര്‍ഥ്യജനകവുമാണ്.
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം മാത്രമേ ടി.പിക്ക് വകവച്ചുകൊടുക്കേണ്ടതുള്ളൂ. തലച്ചോറ് റോഡില്‍ പൂക്കുലപോലെ ചിതറിക്കുമെന്ന് പ്രസംഗിച്ചവര്‍ അതുതന്നെ ചെയ്തു. ഏഴുപേര്‍ ചേര്‍ന്ന് വടിവാള്‍കൊണ്ട് വെട്ടിയത് മുഴുവന്‍ കഴുത്തിനു മേലെയായിരുന്നു. കൈകൊണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ മുറിവല്ലാതെ, ഒന്നുപോലും കഴുത്തിനു താഴെയില്ല. നിര്‍ദേശം കൃത്യമായിരുന്നു; അയാളുടെ ചിന്തയാണ്, തലച്ചോറാണ് പാര്‍ട്ടിക്ക് അപകടം.
കൊല നടത്തിയവരില്‍ ഒരാള്‍പോലും താന്‍ സി.പി.എമ്മുകാരനാണെന്ന് അവകാശപ്പെട്ടിട്ടില്ല. ടി.പിയുമായി വ്യക്തിപരമായി എന്തെങ്കിലും തര്‍ക്കമോ ബന്ധമോ ഉള്ളതായി പറഞ്ഞിട്ടില്ല. ടി.പിയെ മുമ്പ് കാണുകപോലും ചെയ്യാത്തവരാണ് കൊല ചെയ്തതെന്നിരിക്കെ, കൃത്യത്തേക്കാള്‍ പ്രധാനമാണ് പിന്നിലെ ഗൂഢാലോചന. ഇത്രയധികം ഗൂഢാലോചനക്കാരെ ശിക്ഷിച്ചുവെന്ന നിലയില്‍കൂടി ഈ കേസ് വേറിട്ടുനില്‍ക്കുന്നു.
അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഒരു പാര്‍ട്ടിയില്‍നിന്ന് ഇറങ്ങിപ്പോയി പുതിയ പാര്‍ട്ടിയുണ്ടാക്കുന്നത് തെറ്റാണെന്ന് സി.പി.എം എങ്ങനെ പറയും? 1964ല്‍ സി.പി.ഐയില്‍നിന്ന് പുറത്തുവന്നവരാണല്ലോ ഈ പാര്‍ട്ടി രൂപീകരിച്ചത്. സി.പി.എമ്മിലെ വി.എസ് -_ പിണറായി ചേരിപ്പോരിന് അടിസ്ഥാനം പാര്‍ട്ടിയെ ഗ്രസിച്ച ദുഷ്പ്രവണതകള്‍ തന്നെയായിരുന്നു. അതില്‍ വി.എസ് പക്ഷത്തുനിന്ന ടി.പിക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകേണ്ടിവന്നു, പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടിവന്നു. ഉത്തമ കമ്യൂണിസ്റ്റുകാരനായിരുന്ന ടി.പി, ജനകീയ നേതാവുമായിരുന്നു. ഓരോ മനുഷ്യന്റെയും പ്രശ്‌നങ്ങള്‍ സ്വന്തമായി ഏറ്റെടുത്ത് അയാള്‍ ഓടി. അതുകൊണ്ടുതന്നെ ടി.പിക്കു നല്ല ജനപിന്തുണയുമുണ്ടായി. വിമതനീക്കം മുളയിലേ നുള്ളണമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു. കാരണം, ഭീഷണിയിലോ പ്രലോഭനത്തിലോ ടി.പിയെ കീഴ്‌പ്പെടുത്താന്‍ കഴിയില്ലായിരുന്നു. ഒപ്പം നില്‍ക്കുന്നവരെ പലതവണ ആക്രമിച്ചു. അത് ടി.പിക്കുള്ള മുന്നറിയിപ്പായിരുന്നിട്ടും അയാള്‍ സന്ധിചെയ്യാന്‍ ഒരുക്കമായിരുന്നില്ല. അതായിരുന്നു അയാളുടെ പ്രകൃതം. ടി.പിക്കു ഭീഷണിയുണ്ടെന്ന് പൊലിസ് സ്‌പെഷല്‍ ബ്രാഞ്ച് നിരവധി തവണ ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടിയേരി ബാലകൃഷ്ണനായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രി. ചന്ദ്രശേഖരനൊപ്പം നില്‍ക്കുന്ന ഒഞ്ചിയത്തെ പി. ജയരാജനെ വെട്ടി. തലനാരിഴക്കാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നത്. ജയന്‍, ബാലന്‍ തുടങ്ങിയവര്‍ക്കു നേരെയും ആക്രമണമുണ്ടായി.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ടി.പി സ്ഥാനാര്‍ഥിയായതാണ് വിദ്വേഷം ശക്തമാകാന്‍ കാരണം. ഒന്നേകാല്‍ ലക്ഷത്തിലേറെ വോട്ടിന് 2004ല്‍ ജയിച്ച സതീദേവി ഈ തെരഞ്ഞെടുപ്പില്‍ അരലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെട്ടു. ടി.പിയുടെ സ്ഥാനാര്‍ഥിത്വം സതീദേവിയുടെ തോല്‍വിക്കു കാരണമായെന്ന വിലയിരുത്തല്‍ സതീദേവിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റായ മോഹനനു വ്യക്തിപരമായ വിരോധമായി. ഇതിനു പിന്നാലെ ടി.പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ വധക്കേസിലെ ഗൂഢാലോചനക്കാരും പ്രതികളായിരുന്നു. വിചാരണയ്ക്കു ശേഷം ഈ കേസിലെ പ്രതികളെ വെറുതെ വിടുകയാണുണ്ടായത്. ആര്‍.എം.പി പ്രവര്‍ത്തകന്‍ ബാലനെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി രാമചന്ദ്രന്‍ പ്രതിയായി. ടി.പിയാണ് തന്നെ പ്രതിയാക്കിയതെന്നു വിശ്വസിച്ച രാമചന്ദ്രനും വ്യക്തിപരമായ വിരോധം വച്ചുപുലര്‍ത്തി. പാര്‍ട്ടിക്കുള്ള വിരോധവും വ്യക്തിവിരോധവും ഒന്നുചേര്‍ന്നപ്പോള്‍ രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ഗൂഢാലോചനയുടെ വിവിധ തലങ്ങളുണ്ടാകുന്നത്. അങ്ങനെയാണ് കണ്ണൂര്‍ ജില്ലക്കാരായ കുഞ്ഞനന്തനും ജ്യോതി ബാബുവും ഇതിന്റെ ഭാഗമാകുന്നത്. വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തുന്നു. കൊല നടത്തിയവര്‍ ഒരു ടീമില്‍പെട്ടവരല്ല. മൂന്നു ടീമില്‍പെട്ട ഏഴുപേരാണ് കൃത്യം നിര്‍വഹിച്ചത്. വലിയ തോതിലുള്ള ആസൂത്രണം നടത്തി. വ്യാജ മേല്‍വിലാസത്തില്‍ മൂന്നു മൊബൈല്‍ സിമ്മുകള്‍ കൈവശപ്പെടുത്തി. 2012 ഏപ്രില്‍ 25നു കാര്‍ വാടകയ്‌ക്കെടുത്തു. പിറ്റേന്നു മുതല്‍ കാറില്‍ കൊലയാളികള്‍ ടി.പിയെ നിരീക്ഷിച്ചുതുടങ്ങി. ചന്ദ്രശേഖരന്‍ പോകാറുള്ള വഴിയിലെല്ലാം ഒറ്റുകാരെ നിര്‍ത്തി. ഇവര്‍ ഈ ഫോണ്‍വഴി വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു. ദിവസവും സമയവും കുറിച്ചു.
മെയ് നാലിനു രാത്രി പത്തിന് ഓര്‍ക്കാട്ടേരിയില്‍നിന്ന് വള്ളിക്കാട്ടേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്ന ടി.പിയെ കാറില്‍ പിന്തുടര്‍ന്നു. കാര്‍ ടി.പിയുടെ ബൈക്കിനെ മറികടന്നു മുന്നോട്ടുപോവുകയും തിരിച്ചുവന്ന് ബൈക്കിനെ ഇടിച്ചിടുകയും ചെയ്തു. ഡ്രൈവറൊഴികെയുള്ള കൊലയാളികള്‍ ആദ്യം ബോംബെറിഞ്ഞു. തുടര്‍ന്ന് കാറില്‍നിന്നിറങ്ങി നിരന്തരം വെട്ടി. കൊല്ലുക മാത്രമായിരുന്നില്ല ലക്ഷ്യമെന്ന് കൊലയുടെ രീതി ശ്രദ്ധിച്ചാലറിയാം; പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു. കുലംകുത്തികള്‍ക്കുള്ള താക്കീതായിരുന്നു.
ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികളെ വധക്കുറ്റത്തിനും എട്ടാം പ്രതി സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി രാമചന്ദ്രനെയും പതിനൊന്നാം പ്രതി സി.പി.എം കടുങ്ങോന്‍പൊയില്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണൂര്‍ തുവ്വക്കുന്ന് കൊളവല്ലൂര്‍ ട്രൗസര്‍ മനോജിനെയും പതിമൂന്നാം പ്രതി സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തനെയും വധഗൂഢാലോചനയ്ക്കും വടകര വിചാരണക്കോടതി ശിക്ഷിച്ചു. വധപ്രേരണയ്ക്കും തെളിവു നശിപ്പിച്ചതിനുമാണ് രണ്ടുപേരെയും ശിക്ഷിച്ചത്. ശിക്ഷ റദ്ദാക്കി വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതികളും ശിക്ഷിച്ചവരുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും വെറുതെവിട്ടവരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് പ്രോസിക്യൂഷനും അപ്പീല്‍ നല്‍കി. പ്രതികളുടെ അപ്പീല്‍ കോടതി തള്ളിയെന്നു മാത്രമല്ല, ശിക്ഷ ഇരട്ടിയാക്കുകയും വിചാരണക്കോടതി വെറുതെവിട്ട പത്താം പ്രതി കെ.കെ കൃഷ്ണനെയും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിനെയും ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു. നീതിയുടെ വിജയം.
അപ്പീലില്‍ അഞ്ചുമാസം നീണ്ട വാദം ഹൈക്കോടതിയിലുണ്ടായി. അറുപത് പ്രവൃത്തി ദിവസങ്ങളില്‍ വാദംനടന്നു. ചില ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 6.40 വരെ വാദം നീണ്ടിട്ടുണ്ട്. എന്റെ അനിയനെപ്പോലെ കരുതിയ, പാര്‍ട്ടിയില്‍ ഒപ്പം പ്രവര്‍ത്തിച്ച ടി.പിയെ കൊലചെയ്തപ്പോള്‍ എനിക്കു ചെയ്യാനുണ്ടായിരുന്നത് കേസില്‍ ജാഗ്രത കാണിക്കുക മാത്രമാണ്. ഏഴ് വാടകഫോണുകള്‍ കൊലയുമായി ബന്ധപ്പെട്ട് അവര്‍ ഉപയോഗിച്ചു. നാലു ഫോണുകള്‍ കൊലയോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. സംഭവം നടന്നയുടനെ 'മിഷന്‍ സക്‌സസ്' സന്ദേശം പോയി. ഇതില്‍ ഒരു ഫോണ്‍പോലും കണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞില്ല. വള്ളിക്കാട് സ്‌കൂളില്‍ ബ്രദേഴ്‌സ് ക്ലബ് വാര്‍ഷികത്തിന്റെ ഒരുക്കത്തിനെത്തിയവരാണ് സംഭവത്തിലെ ദൃക്‌സാക്ഷികള്‍. കൊലയാളികള്‍ സഞ്ചരിച്ച കാര്‍ ഏപ്രില്‍ 26 മുതല്‍ മെയ് നാലുവരെ കറങ്ങിനടന്നത് കണ്ടവരാണ് മറ്റു സാക്ഷികള്‍. ദൃക്‌സാക്ഷി മൊഴികളേക്കാള്‍ സാഹചര്യത്തെളിവുകളാണ് ഈ കേസില്‍ നിര്‍ണായകമായത്- കുമാരന്‍ കുട്ടി പറഞ്ഞു.
പാര്‍ട്ടി ഉന്നതരറിയാതെ കൊല നടക്കില്ല
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റപത്രം അവസാനിക്കുന്നത് ഇങ്ങനെയാണ്: ഈ കേസിലെ ഒന്നുമുതല്‍ 14 വരെ പ്രതികളെ കൂടാതെ, ടി.പി ചന്ദ്രശേഖരനെ വധിക്കുന്നതിനുള്ള ഗൂഢാലോചനയില്‍ കൂടുതല്‍പേര്‍ പങ്കെടുത്തിട്ടുണ്ടോ എന്നതിനെ കുറിച്ച് അന്വേഷിക്കും. ഏഴാം പ്രതിയെയും 25ാം പ്രതിയെയും ഒളിവില്‍ പോകാന്‍ സഹായിച്ചവരെ കുറിച്ചും അന്വേഷിക്കും. ആയത് പൂര്‍ത്തിയാവുംമുറക്ക് അനന്തര നടപടികള്‍ പൂര്‍ത്തിയാക്കുന്നതാണ്.
അതായത്, ഇതിനപ്പുറവും പ്രതികളുണ്ടെന്ന് പൊലിസ് തന്നെ വ്യക്തമാക്കുന്നു. ടി.പിയെപ്പോലൊരാളെ കെ.സി രാമചന്ദ്രനും കുഞ്ഞനന്തനും ചേര്‍ന്ന് ഗൂഢാലോചന നടത്തി കൊന്നുവെന്ന് സി.പി.എം ഘടന അറിയുന്നവരാരും വിശ്വസിക്കില്ല. കോഴിക്കോട് ജില്ലയില്‍ തങ്ങള്‍ക്കു ഭീഷണിയെന്നു പാര്‍ട്ടി വിലയിരുത്തിയ ഒരാളെ കൊല്ലാന്‍ കണ്ണൂര്‍ ജില്ലയിലെ കുഞ്ഞനന്തനും ജ്യോതി ബാബുവും മനോജുമൊക്കെ ഇടപെട്ടെങ്കില്‍ അതിനും മുകളിലുള്ളവരുടെ സമ്മതവും പിന്തുണയും സഹായവും കിട്ടിയിരിക്കുമെന്നത് പകല്‍പോലെ വ്യക്തമാണ്. പക്ഷേ, അന്വേഷണം ആ വഴിക്കു പോയില്ല. അവിടെവച്ച് അന്വേഷണം തടസപ്പെട്ടു. അക്കാര്യം അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണനും രമേശ് ചെന്നിത്തലയും സമ്മതിച്ചതാണ്. സി.ബി.ഐ അന്വേഷണമുണ്ടെങ്കിലേ യഥാര്‍ഥ ഗൂഢാലോചന നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയൂ. അതിനു കാലതാമസമൊന്നും പ്രശ്‌നമല്ല. പ്രതികള്‍ ഉപയോഗിച്ച ഫോണുകളിലുള്ള വിളികളുടെ വിവരങ്ങള്‍ പോലും പൂര്‍ണമായി അന്നു ലഭ്യമായില്ല.
കൊലക്കേസ് പ്രതികള്‍ക്കു സഞ്ചരിക്കാനായി വാടകയ്‌ക്കെടുത്ത കാറിനുമേല്‍ മാഷാ അല്ലാ, അല്‍ഹംദുലില്ലാ സ്റ്റിക്കറുകള്‍ പുതുതായി പതിച്ചതായിരുന്നു. ഇതിന്റെ ഫൊറന്‍സിക് പരിശോധനയും നടന്നില്ല. മുസ്‌ലിംകളാണ് ടി.പിയെ വധിച്ചതെന്ന പ്രചാരണം നടത്താനായിരുന്നു ഈ സ്റ്റിക്കര്‍ പതിച്ചത്. കൊല ചെയ്തതിനു ശേഷവും പിണറായി വിജയന്‍ ടി.പിയെ കുലംകുത്തിയെന്ന് ആക്ഷേപിച്ചു. സങ്കടമുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം ഓരോരുത്തരുടെ മാനസികാവസ്ഥ അനുസരിച്ചാവുമെന്നായിരുന്നു പിണറായിയുടെ മറുപടി.
പട്ടിണിച്ചാളയില്‍നിന്ന്
അച്ഛന്‍ കൂലിപ്പണിക്കാരനായ പെരവന്‍. അമ്മ കല്യാണി താമസിച്ച വീട്ടില്‍നിന്ന് കുടിയിറക്കപ്പെട്ട് ദലിതന്റെ ചാളയില്‍ അഭയം തേടിയതാണെന്റെ ബാല്യം- കുമാരന്‍ കുട്ടിയുടെ ഓര്‍മകളില്‍ കണ്ണീരിന്റെ നനവ്. വക്കീലാകുമെന്ന് സ്വപ്‌നംപോലും കാണാന്‍ കഴിയാത്ത ബാല്യം. ഉള്ളവന്‍ ഒരുനേരം കഴിക്കാത്തതിന്റെ വിശപ്പും, തിന്നാനില്ലാത്തവന്റെ വിശപ്പും വ്യത്യസ്തമാണെന്നു തിരിച്ചറിഞ്ഞാണ് വളര്‍ന്നത്. ദലിതന്റെ ചാളയില്‍ കഴിയവെയാണ് അഞ്ചാമനായ കുമാരന്‍ കുട്ടിയുടെ ജനനം. ചേവായൂര്‍ ഹയര്‍ എലിമെന്ററി സ്‌കൂള്‍ കഴിഞ്ഞ കാലത്താണ് ദേവഗിരിയില്‍ ഹൈസ്‌കൂളും കോളജുമെല്ലാം വരുന്നത്. പത്താംതരത്തില്‍ ആറു രൂപ മാസഫീസ് ആറുമാസം കുടിശ്ശികയായി. ക്ലാസ് ടീച്ചറും സഹപാഠികളും അതു കണ്ടെത്തി അടച്ചു. വിമോചന സമരകാലത്ത് ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ സ്‌കൂള്‍ പൂട്ടിയതിനാല്‍ ഏതാനും മാസങ്ങള്‍ കോഴിക്കോട് മോഡല്‍ സ്‌കൂളിലായിരുന്നു പഠിച്ചത്.
ജന്തുശാസ്ത്രത്തിലായിരുന്നു ബിരുദപഠനം. ഡിഗ്രി കഴിഞ്ഞയുടന്‍ നാഷനല്‍ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷനില്‍ ജോലി. മികച്ച ശമ്പളമായിരുന്നിട്ടും രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ജോലി രാജിവച്ച് കോഴിക്കോട് ട്രെയിനിങ് കോളജില്‍ ബി.എഡിന് ചേര്‍ന്നു. മേലാറ്റൂരിലും മറ്റുമായി കുറഞ്ഞകാലത്തെ അധ്യാപനത്തിനുശേഷം ബോംബെയിലെ ആദര്‍ശ് വിദ്യാലയത്തില്‍ അധ്യാപകനായി. അക്കാലത്താണ് നിയമം പഠിക്കുന്നത്. സിദ്ധാര്‍ഥ ലോ കോളജില്‍ അന്ന് രണ്ടുവര്‍ഷത്തെയും മൂന്നു വര്‍ഷത്തെയും കോഴ്‌സുകളുണ്ടായിരുന്നു. രണ്ടുവര്‍ഷത്തെ കോഴ്‌സ് പാസായാല്‍ പ്രാക്ടീസ് ചെയ്യാന്‍ പറ്റില്ല. അന്ന് മൂട്ട്‌കോര്‍ട്ട് മത്സര വിധികര്‍ത്താവായെത്തിയ ലളിത് ചാരിയാണ് പ്രാക്ടീസ് ചെയ്യണമെന്നു നിര്‍ബന്ധിച്ചത്. 1973 ഓഗസ്റ്റ് എട്ടിനു കേരളത്തില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. കോഴിക്കോട്ട് പി.എസ് ഗിരീഷിന്റെ ജൂനിയറായാണ് പ്രാക്ടീസ് തുടങ്ങിയത്.
1970കളില്‍ ധാരാളം കുടികിടപ്പ് കേസുകള്‍ വന്നു. ഒരിക്കല്‍പോലും കുടികിടപ്പുകാരനു വേണ്ടിയല്ലാതെ, ജന്മിക്കു വേണ്ടി ഹാജരായിട്ടില്ല. തൊഴിലാളി - മുതലാളി തര്‍ക്കത്തില്‍ മുതലാളിക്കു വേണ്ടിയും വക്കാലെടുത്തിട്ടില്ല. ഇതു ശരിയാണെന്ന് പൂര്‍ണാഭിപ്രായമില്ലെങ്കിലും ഇതുവരെ അങ്ങനെയേ ചെയ്തിട്ടുള്ളൂ. കോഴിക്കോട് ബാര്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. ഇരുനൂറാം വാര്‍ഷികകെട്ടിടം യാഥാര്‍ഥ്യമാകാന്‍ 25 കൊല്ലം എടുത്തെങ്കിലും അനുവദിച്ചത് ഞാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായ കാലത്താണ്. കേരള ബാര്‍ കൗണ്‍സിലില്‍ മൂന്നുതവണ അംഗമായി. കേന്ദ്ര ബാര്‍ കൗണ്‍സിലില്‍ കേരളത്തെ പ്രതിനിധാനം ചെയ്.
1977 മുതല്‍ 2002 വരെ സി.പി.എം അംഗമായി. നിരവധി സ്ഥാപനങ്ങളിലെ സി.ഐ.ടി.യു പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഡി.വൈ.എഫ്.ഐയുടെ പ്രഥമ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്നു. സി.പി.എം സൗത്ത് ഏരിയാ കമ്മിറ്റിയിലും നോര്‍ത്ത് ഏരിയ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ പോക്കില്‍ ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടര്‍ന്ന് 2000ല്‍ അംഗത്വം പുതുക്കിയില്ല. സാധാരണ നിലയില്‍ ഒരാള്‍ അംഗത്വം പുതുക്കിയില്ലെങ്കില്‍ ഒരു സംഘം അയാളെ സന്ദര്‍ശിക്കുകയും അഭിപ്രായവ്യത്യാസം പരിഹരിക്കുകയും അംഗത്വം പുതുക്കിക്കുകയും ചെയ്യുന്നതാണ് സി.പി.എം രീതിയെങ്കില്‍, എന്റെ കാര്യത്തില്‍ അതൊന്നുമുണ്ടായില്ല. ഒന്നുരണ്ടുപേര്‍ വന്നു. വേണ്ട എന്ന് പറഞ്ഞപ്പോള്‍ തിരിച്ചുപോയി. നട്ടെല്ല് നിവര്‍ത്തിയല്ലാതെ ജീവിച്ചിട്ടില്ലാത്തതിനാല്‍ പാര്‍ട്ടിയിലെ പുതിയ അധികാരിവര്‍ഗത്തെ അനുസരിക്കാന്‍ കഴിയില്ലായിരുന്നു.
കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ച ഘട്ടത്തില്‍ ജനകീയാസൂത്രണത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. സഹോദരനായ പി.ടി രാജന്‍ ജില്ലയിലെ പ്രമുഖ സി.പി.എം നേതാവായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പത്മാവതി മേയറായിരിക്കെ കോഴിക്കോട് മത്സ്യമാര്‍ക്കറ്റ് പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയരുകയും അതു പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് തേടിയത് താന്‍കൂടി അംഗമായ സൗത്ത് ഏരിയാ കമ്മിറ്റി ആയതിനാല്‍ റിപ്പോര്‍ട്ട് കാണുകയും ചെയ്തിരുന്നു. എന്നാല്‍, ജില്ലാ കമ്മിറ്റിയുടെ മുമ്പാകെ എത്തിയപ്പോഴേക്കും റിപ്പോര്‍ട്ടില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായതടക്കം നേതൃത്വത്തിലെ ചില ഇടപെടലുകള്‍ ചോദ്യം ചെയ്യേണ്ടിവന്നിട്ടുണ്ട്.
ടി.പി ചന്ദ്രശേഖരന്‍ ആര്‍.എം.പിയുമായി വന്നപ്പോള്‍ അതുമായി സഹകരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ പോക്കില്‍ നിരാശരായ രാജ്യത്തിന്റെ പലയിടത്തുമുള്ള വിമത കമ്യൂണിസ്റ്റ് വിഭാഗങ്ങളുടെ കോഡിനേഷന്‍ കമ്മിറ്റി രൂപവല്‍ക്കരിക്കാന്‍ മുന്നില്‍നിന്നു.
പരേതയായ ഡോ. ബാലാമണിയാണ് ഭാര്യ. ഡോ. ബിന്തിയയും എന്‍.ഐ.ടി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അമൃതയും മക്കളാണ്. അഭിഭാഷകവൃത്തിയുടെ സുവര്‍ണ ജൂബിലി ആഘോഷം സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചപ്പോള്‍ ജീവിതം വല്ലാതെ വിസ്മയിപ്പിക്കുന്നു. വന്നത് പട്ടിണിച്ചാളയില്‍ നിന്നാണ്. വരുമാനം അത്യാവശ്യമായ ഘട്ടങ്ങളില്‍പോലും നല്ല ശമ്പളമുള്ള പല ജോലികളില്‍നിന്ന് ഒരു സാഹസികനെപ്പോലെ മാറിപ്പോയത് ഈ അഭിഭാഷകന്റെ കറുത്ത കോട്ടിലേക്കും കറപുരളാത്ത വെളുത്ത വസ്ത്രത്തിലേക്കുമാണ്. തലകുനിച്ചിട്ടില്ല, നട്ടെല്ലു വളച്ചിട്ടില്ല. ഒരു പോഷ് ക്ലബിലും അംഗമായിട്ടുമില്ല. ഇത്തിരി കഞ്ഞിയും ചമ്മന്തിയും കിട്ടിയാല്‍ ഇന്നും കുശാലാണ്. ഇതാണ് പി. കുമാരന്‍ കുട്ടി വക്കീല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."