ആദിവാസികള്‍ക്ക് ഭൂമി അനുവദിച്ചതില്‍ വന്‍ അഴിമതിയുള്ളതായി ആരോപണം
മലമ്പുഴ: മലമ്പുഴ മേഖലയില്‍ വീടുകളില്ലാതെ പുറമ്പോക്കില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് വീടു വെക്കാന്‍ സ്ഥലം അനുവദിച്ചതില്‍ മലമ്പുഴ പഞ്ചായത്തില്‍ വന്‍ അഴിമതി നടന്നതായി ആരോപണം. 2010നു മുന്‍പ് നാലു സെന്റ് സ്ഥലം വീതം വീടു വെക്കുന്നതിനായി പതിനൊന്ന് കുടുംബങ്ങള്‍ക്ക് അനുവദിച്ചതായി രേഖയുണ്ടെങ്കിലും ഭൂമി അളന്നുകൊടുക്കാന്‍ ഇതേവരെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
കിടപ്പാടമില്ലാത്തതിനാല്‍ മലമ്പുഴ അണക്കെട്ടിന്റെ പുറമ്പോക്ക് ഭൂമിയില്‍ കഴിയുകയാണ് നിരവധി ആദിവാസി കുടുംബങ്ങള്‍. ആനക്കല്ല് എലകുത്താന്‍പാറ കോളനിയില്‍ താമസിക്കുന്ന തങ്കമ്മു ഉള്‍പ്പെടെ പതിനൊന്ന് കുടുംബങ്ങളാണ് വീട് നിര്‍മാണത്തിന് ഭൂമി നല്‍കിയതിന്റെ പേരില്‍ പഞ്ചായത്തിന്റെ തട്ടിപ്പിന് ഇരയായിട്ടുള്ളത്.
2009 ലെ ഇ.എം.എസ് ഭവന പദ്ധതി പ്രകാരം അനുവദിച്ച നാലു സെന്റ് സ്ഥലം ഇന്നേവരെ അളന്നു തിട്ടപ്പെടുത്തിയിട്ടില്ല. മലമ്പുഴ അണക്കെട്ടിന്റെ പുറമ്പോക്കു ഭൂമിയില്‍ ഓലയും പ്ലാസ്റ്റിക്കും വിരിച്ച കൂരയിലാണ് ഇപ്പോള്‍ മിക്കവരുടെയും താമസം. ഇടനിലക്കാരും പഞ്ചായത്ത് മെമ്പര്‍മാരും ചേര്‍ന്നാണ് ആദിവാസികളെ വില്ലേജോഫിസിലെത്തിച്ച് പേപ്പറുകളില്‍ ഒപ്പിടുവിച്ച് ഭൂമി അനുവദിച്ചതായി പറയുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഭൂമി എവിടെയാണെന്നോ ആരുടെതാണെന്നോ വ്യക്തമാക്കാതെയുള്ള നടപടികള്‍ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്.
രേഖകള്‍ പ്രകാരം കടുക്കാംകുന്നം പ്രദേശത്താണ് ഭൂമി നല്‍കിയതെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഭൂമി അളന്നു കിട്ടാനായി പഞ്ചായത്ത് സെക്രട്ടറി മുതല്‍ ജില്ലാ കലക്ടര്‍ വരെയുള്ളവര്‍ക്ക് പരാതി കൊടുത്തിട്ടും നാളിതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആദിവാസി കുടുംബങ്ങള്‍ പറയുന്നത്.
ഇവര്‍ക്ക് വീട് നിര്‍മിക്കാന്‍ ഭൂമി വാങ്ങിയതുള്‍പ്പെടെ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ഇതിന് ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടുകളും ഉണ്ടായിട്ടുണ്ടെന്നുമാണ് ഇപ്പോള്‍ ആരോപണങ്ങളുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."