വര്‍ക്ക് അറ്റ് ഹോമിലുള്ളവര്‍ക്ക് ഇത്ര പരിഗണന കൊടുത്താല്‍ പോരേ; പത്മജക്കൊണ്ട് ബി.ജെ.പിക്ക് കേരളത്തില്‍ കാല്‍ക്കാശിന്റെ ഗുണമുണ്ടാകില്ലെന്നും മുരളീധരന്‍
വര്‍ക്ക് അറ്റ് ഹോമിലുള്ളവര്‍ക്ക് ഇത്ര പരിഗണന കൊടുത്താല്‍ പോരേ; പത്മജക്കൊണ്ട് ബി.ജെ.പിക്ക് കേരളത്തില്‍ കാല്‍ക്കാശിന്റെ ഗുണമുണ്ടാകില്ലെന്നും മുരളീധരന്‍
കോഴിക്കോട്: പത്മജയെക്കൊണ്ട് ബി.ജെ.പിക്ക് കേരളത്തില്‍ കാല്‍ക്കാശിന്റെ ഗുണമുണ്ടാകില്ലെന്ന് സഹോദരനും എം.പിയുമായ കെ.മുരളീധരന്‍. അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ മുരളീധരന്‍ സഹോദരിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചന്നും മാധ്യമങ്ങളോട് പറഞ്ഞു.
പത്മജയുടെ ബി.ജെ.പി പ്രവേശനം ദൗര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസ് എന്നും പരിഗണന നല്‍കിയിട്ടുണ്ട്. മൂന്നുതവണ വിജയസാധ്യതയുള്ള സീറ്റ് നല്‍കി. പത്മജയുടെ തോല്‍വികള്‍ കാലുവാരല്‍ കൊണ്ടല്ല. പത്മജയോട് കരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
കരുണാകരന്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്ത് സംഘികളെ നിരങ്ങാന്‍ സമ്മതിക്കില്ല. കരുണാകരന്‍ വര്‍ഗീയതയോട് സന്ധി ചെയ്തിട്ടില്ല. ഈ ചതിക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും.കരുണാകരന്റെ കുടുംബത്തില്‍ നിന്ന് ഒരാള്‍ പോയത് കേരളത്തിന്റെ മതേതര മനസിനെ വേദനിപ്പിക്കും. ചിലത് കിട്ടിയല്ല എന് പറയുമ്പോള്‍ കിട്ടിയതിന്റെ കണക്ക് ഓര്‍ക്കണം. ബി.ജെ.പിയിലേക്ക് പോകുന്ന കാര്യത്തില്‍ പത്മജ ഒരു സൂചനയും നല്‍കിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. പലരും ക്ഷണിക്കുന്നു, പക്ഷെ അച്ഛന്റെ പാരമ്പര്യം വിട്ടുപോകാന്‍ കഴിയില്ല എന്ന് പറഞ്ഞ ആളാണ് ഈ കടുത്ത തീരുമാനം എടുത്തത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം. പക്ഷെ അത് ബന്ധം വേര്‍പിരിയല്‍ അല്ല. നേതാക്കള്‍ കുറേ കഷ്ടപ്പെട്ടു, അത് അനുഭവിക്കാത്ത മക്കള്‍ക്ക് ഇതൊന്നും പ്രശ്‌നമില്ല. പാര്‍ട്ടി നയവുമായി താന്‍ മുന്നോട്ട് പോകുമെന്നും മുരളീധരന്‍ പറഞ്ഞു.
പത്മജയുടെ ബി.ജെ.പി പ്രവേശനം വടകരയില്‍ ബാധിക്കില്ല. തെരഞ്ഞെടുപ്പില്‍ വടകരയില്‍ തോല്‍പ്പിക്കണം എന്ന് മനസ്സുള്ള ചിലരാണ് ഇതിന് പിന്നില്‍. പത്മജ മത്സരിച്ചല്‍ കൂടുതല്‍ വോട്ട് നോട്ടയ്ക്ക് കിട്ടുമോ അതോ ബി.ജെ.പിക്ക് കിട്ടുമോ എന്ന് കാണണം. വര്‍ക്ക് അറ്റ് ഹോമിലുള്ളവര്‍ക്ക് ഇത്ര പരിഗണന കൊടുത്താല്‍ പോരെയെന്നും കെ.മുരളീധരന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."