കോൺഗ്രസിൻ്റെ ലോക്സഭ സ്ഥാനാർത്ഥി പട്ടിക പുറത്ത്; മുരളീധരൻ തൃശൂരിലിറങ്ങും,രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ
കേരളത്തിൽ ഇക്കുറി വമ്പൻ സർപ്രൈസ് സ്ഥാനാർഥികളുണ്ടാകുമെന്ന കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ വിവരങ്ങളും പുറത്ത്. വടകരയിലും തൃശൂരിലുമാകും ഇത്തവണ വമ്പൻ സർപ്രൈസ് സ്ഥാനാർഥികൾ രംഗത്തെത്തുകയെന്നാണ് കോൺഗ്രസിൽ നിന്നും പുറത്തുവരുന്ന വാർത്ത. മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകൾ പദ്മജ വേണുഗോപാലിന്‍റെ ബി ജെ പി പ്രവേശത്തിന് പിന്നാലെയാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ വമ്പൻ സർപ്രൈസ് വരുന്നത്. കരുണാകരന്‍റെ മകനും വടകരയിലെ സിറ്റിംഗ് എം പിയുമായ കെ മുരളീധരനെ തൃശൂരിൽ ഇറക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം.
വടകരയിൽ ഷാഫി പറമ്പിൽ എം എൽ എയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ്. ഷാഫി അല്ലെങ്കിൽ ടി സിദ്ദിഖിനെയും കളത്തിലിറക്കാൻ ആലോചനയുണ്ട്. പദ്മജ ബി ജെ പിയിലേക്ക് പോയ സാഹചര്യത്തിൽ കരുണാകരന്‍റെ തട്ടകമായ തൃശൂർ പിടിക്കാൻ മുരളീധരൻ ഇറങ്ങണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. അതുകൊണ്ടുതന്നെ കെ മുരളീധരനാകും തൃശൂരിലെ കോൺഗ്രസിന്‍റെ സർപ്രൈസ് സ്ഥാനാർഥി. സിറ്റിംഗ് എം പിയായ ടി എൻ പ്രതാപന് നിയമസഭ സീറ്റ് എന്ന ഫോർമുലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
മുരളിയുടെ സീറ്റ് മാറ്റം മുന്നോട്ട് വെച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. സർപ്രൈസ് ലിസ്റ്റ് ഇറക്കാതെ ഇനി മുന്നോട് പോകാൻ ആകില്ലെന്ന നിലയിലേക്ക് ചർച്ചകൾ എത്തിയെന്നാണ് വ്യക്തമാകുന്നത്. ബി ജെ പി പ്രതീക്ഷ വെക്കുന്ന സീറ്റിൽ മുരളി വരട്ടെ എന്ന ചർച്ചയാണ് തൃശൂരിലേക്കുള്ള മാറ്റത്തിന്‍റെ കാരണം. നേതാക്കൾ മുരളിയും പ്രതാപനുമായി സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം നാളെയുണ്ടാകും.
രാഹുൽ ഗാന്ധി തന്നെയാകും വയനാട്ടിലെ സ്ഥാനാർഥി. കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാനും തീരുമാനമായിട്ടുണ്ട്. കണ്ണൂരിൽ സിറ്റിംഗ് എം പിയും കെ പി സി സി അധ്യക്ഷനുമായ കെ സുധാകരൻ വീണ്ടും മത്സരിക്കാനും തീരുമാനമായിട്ടുണ്ട്. ബാക്കി മുഴുവൻ മണ്ഡലങ്ങളിലും സിറ്റിംഗ് എം പിമാർ മത്സരിക്കാനും തീരുമാനമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."