രാഷ്ട്രീയത്തെ ശുദ്ധീകരിക്കുന്ന വിധി
പാർലമെന്റിലോ നിയമസഭയിലോ അംഗങ്ങൾ, പ്രസംഗത്തിനോ വോട്ടിനോ കോഴവാങ്ങിയാൽ വിചാരണ നേരിടണമെന്ന് വിധിച്ചിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതി ഏഴംഗ ഭരണഘടനാ ബെഞ്ച്. വോട്ടിനോ പ്രസംഗത്തിനോ കോഴവാങ്ങുന്ന ജനപ്രതിനിധികളെ വിചാരണയിൽനിന്ന് ഒഴിവാക്കിയ 1998ലെ പി.വി നരസിംഹറാവു കേസിലെ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി റദ്ദാക്കിയാണ് ഏഴംഗ ബെഞ്ച് പുതിയ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 1998ലെ വിധി,
നിയമപരമല്ലെന്നും പൊതുതാൽപര്യത്തിനും പാർലമെന്ററി ജനാധിപത്യത്തിനും പൊതുജീവിതത്തിനും എതിരാണെന്നുമാണ് ഏഴംഗ ബെഞ്ച് വിധിച്ചത്. കൂറുമാറ്റ നിരോധന നിയമത്തിന്റെ പഴുതുകളുപയോഗിച്ച് അംഗങ്ങൾ വ്യാപകമായി കൂറുമാറുകയും പദവികൾ നേടുകയും ചെയ്യുന്ന കാലത്ത് ആശ്വാസകരമാണ് സുപ്രിംകോടതി വിധി.
ഏതു ഘട്ടത്തിലാണ് ജനപ്രതിനിധികൾ കൈക്കൂലി വാങ്ങുന്ന സാഹചര്യമുണ്ടാകുന്നതെന്നത് പ്രധാനമാണ്. സർക്കാർ വീഴുന്ന ഘട്ടമുണ്ടാകുമ്പോൾ അധികാരത്തിൽ രാഷ്ട്രീയപ്പാർട്ടികൾ ഭരണം നിലനിർത്തുന്നതിനോ അല്ലെങ്കിൽ സർക്കാരിനെ വീഴ്ത്തുന്നതിനോ നിയമസഭ, പാർലമെന്റ് അംഗങ്ങളെ വിലക്കെടുക്കുന്നു. അവർ കൂറു മാറി വോട്ടുചെയ്യുകയും പണം നൽകിയവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ ആർക്കും സ്വന്തമായി ഭൂരിപക്ഷമില്ലാതാക്കുന്ന സാഹചര്യത്തിലും സമാന രാഷ്ടീയ കുതിരക്കച്ചവടവും കൂറുമാറ്റവും നടക്കുന്നു.
പണംവാങ്ങി വോട്ടുചെയ്യുന്നതിന്റെ പേരിൽ ആരും വിചാരണ നേരിടുന്നില്ല. കുതിരക്കച്ചവടവും കൂറുമാറ്റവും വ്യാപകമായ കാലത്താണ് 1985ൽ രാജീവ് ഗാന്ധി സർക്കാർ കൂറുമാറ്റ നിരോധന നിയമം സംബന്ധിച്ച 52ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും സുപ്രധാന നിയമഭേദഗതിയായാണ് ഇതിനെ കണക്കാക്കിയിരുന്നതെങ്കിലും മോദി സർക്കാർ അധികാരത്തിലെത്തിയതോടെ ഈ നിയമം വ്യാപകമായി അട്ടിമറിക്കപ്പെട്ടു.
ജനവിധിക്ക് വിരുദ്ധമായി മധ്യപ്രദേശിലും കർണാടകയിലും ഗോവയിലും പുതുച്ചേരിയിലും മഹാരാഷ്ട്രയിലും ബി.ജെ.പി അധികാരം പിടിച്ചത് രാഷ്ട്രീയ കുതിരക്കച്ചവടം കൊണ്ടാണ്. ബി.ജെ.പി അട്ടിമറി നടത്തിയ സംസ്ഥാനങ്ങളിലൊന്നും കൂറുമാറ്റ നിരോധന നിയമം ഗുണം ചെയ്തില്ല.
2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനുപിന്നാലെ അരുണാചൽ പ്രദേശിൽ നിന്ന് ആരംഭിച്ച അട്ടിമറിയാണ് മഹാരാഷ്ട്രയിലെ രണ്ടാമത്തെ അട്ടിമറിയിലെത്തി നിൽക്കുന്നത്. ഇതിനായി കേന്ദ്ര അധികാരത്തിലെ സ്വാധീനവും ഗവർണർമാരുടെ പിന്തുണയും പണവും രാഷ്ട്രീയശേഷിയുമെല്ലാം ബി.ജെ.പിക്കുണ്ട്. കൂറുമാറ്റ നിരോധന നിയമം പോലുള്ള നിയമങ്ങളോ ജുഡീഷ്യൽ ഇടപെടലുകളോ ബി.ജെ.പിയെ ബാധിക്കാറില്ല. കൂറുമാറ്റങ്ങൾ വ്യാപകമായി നടക്കുമ്പോൾ ഇവരെ തെരഞ്ഞെടുത്ത ജനങ്ങളുടെ അഭിലാഷത്തിന് എന്തു സംഭവിക്കുന്നുവെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗം ആ പാർട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയോ അല്ലെങ്കിൽ പാർട്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി നിയമസഭയിൽ വോട്ട് ചെയ്യുകയോ ചെയ്താൽ കൂറുമാറ്റ നിരോധന നിയമപ്രകാരം ആ അംഗത്തെ അയോഗ്യനാക്കാം.
സഭയിലെ സ്വതന്ത്ര അംഗമായി തെരഞ്ഞെടുക്കപ്പെട്ട എം.പിയോ എം.എൽ.എയോ പിന്നീട് ഏതെങ്കിലും പാർട്ടിയിൽ ചേരുന്നതും കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. ഒരു പാർട്ടിയുടെ മൊത്തം എം.എൽ.എമാരുടെ മൂന്നിൽ രണ്ട് എങ്കിലും അംഗങ്ങളുടെ പിൻബലമുണ്ടെങ്കിൽ കൂറുമാറ്റ നിരോധന നിയമത്തിന്റെ ഭീഷണിയില്ലാതെ മറ്റൊരു പാർട്ടിയിൽ ചേരുകയോ പ്രത്യേക രാഷ്ട്രീയപാർട്ടി സംവിധാനമായി മാറുകയോ ചെയ്യാം. നിയമം ഒരു വശത്തുണ്ടെങ്കിലും ബി.ജെ.പി നടത്തിയ കൂറുമാറ്റങ്ങളിലൊന്നിലും അയോഗ്യതയുണ്ടായില്ല. കൂറുമാറിയത് പണം വാങ്ങിയാണെന്ന് തെളിഞ്ഞാൽപോലും കേസില്ലാത്ത സാഹചര്യം ഇത്തരം കൂറുമാറ്റങ്ങളെ എളുപ്പമാക്കുകയും ചെയ്തു.
നരസിംഹ റാവു കേസുപോലും വരുന്നത് സമാന കൂറുമാറ്റത്തിലൂടെയാണ്. 1993 ജൂലൈ 26ന് നരസിംഹ റാവു സർക്കാരിനെതിരേ സി.പി.എമ്മിലെ അജയ് മുഖോപാധ്യായ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. 528 അംഗ സഭയിൽ 251 അംഗങ്ങളുള്ള കോൺഗ്രസിന് ഭൂരിപക്ഷം തെളിയിക്കാൻ 13 പേരുടെ കുറവുണ്ടായി. എന്നാൽ 14 വോട്ടുകൾക്ക് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 265 വോട്ടുകളാണ് സർക്കാർ നേടിയത്. പ്രമേയത്തെ അനുകൂലിച്ച് 251 പേർ വോട്ടു ചെയ്തു. ചില അംഗങ്ങൾക്ക് കൈക്കൂലി നൽകിയാണ് വോട്ടുവാങ്ങിയതെന്ന് മൂന്ന് വർഷത്തിനുശേഷം ആരോപണമുയർന്നു. ഇതിന്റെ പേരിൽ ജാർഖണ്ഡ് മുക്തി മോർച്ച എം.പിമാരായ സൂരജ് മണ്ഡൽ, ഷിബു സോറൻ, സൈമൺ മറാണ്ടി, ശൈലേന്ദ്ര മഹ്‌തോ എന്നിവർക്കെതിരേ സി.ബി.ഐ കേസെടുത്തു.
ഇതിനെതിരായ കേസിലാണ് അഞ്ചംഗ ബെഞ്ചിന്റെ വിധിയുണ്ടാകുന്നത്. 3:2 ഭൂരിപക്ഷത്തിലായിരുന്നു വിധി. ഇപ്പോൾ സുപ്രിംകോടതി ആദ്യവിധി തിരുത്തി പുതിയ വിധി പറയുമ്പോഴും അതിൽ ജാർഖണ്ഡ് മുക്തിമോർച്ചയുണ്ട് എന്നതാണ് കൗതുകം. 2012ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ചയുടെ സീതാ സോറൻ കൈക്കൂലി വാങ്ങി വോട്ടുചെയ്തുവെന്ന ആരോപണം ഉയരുകയും സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2014ൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളി. ഇതിനെതിരേയാണ് സോറൻ സുപ്രിംകോടതിയിലെത്തിയത്.
105, 194 അനുച്ഛേദങ്ങൾ പ്രകാരം തനിക്കെതിരേ കേസ് പാടില്ലെന്നായിരുന്നു സീതാ സോറന്റെ വാദം. അതോടൊപ്പം അഞ്ചംഗ ബെഞ്ചിന്റെ വിധിയും സോറൻ ചൂണ്ടിക്കാട്ടി. നിയമനിർമാണ സഭയ്ക്കുള്ളിൽ സംവാദങ്ങളും ചർച്ചകളും നടക്കാവുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഭരണഘടനയുടെ 105, 194 അനുച്ഛേദങ്ങൾ ചെയ്യുന്നതെന്നും കൈക്കൂലി വാങ്ങി ഒരു അംഗം അതിനനുസരിച്ച് വോട്ടു ചെയ്യുകയോ പ്രസംഗിക്കുകയോ ചെയ്യുമ്പോൾ ആ ഉദ്ദേശ്യത്തിനാണ് പോറലുണ്ടാകുന്നത് എന്നുമായിരുന്നു സുപ്രിംകോടതിയുടെ കണ്ടെത്തൽ.
ഇന്ത്യൻ രാഷ്ട്രീയത്തെ ശുദ്ധീകരിക്കുന്ന നീക്കത്തെ മുന്നിൽനിന്ന് നയിക്കുന്നതാണ് സുപ്രിംകോടതി വിധി. പാർലമെന്റിൽ അംഗം വോട്ടുചെയ്യുന്നത് ഒരു വിഷയത്തിലുള്ള അവരുടെ വിശ്വാസമോ നിലപാടോ കൊണ്ടല്ല, അംഗം കൈക്കൂലി വാങ്ങിയത് കൊണ്ടാണെന്ന സാഹചര്യമുണ്ടാകരുത്. ജനപ്രതിനിധി എന്താണ് പ്രസംഗിച്ചത്, ആർക്കാണ് വോട്ടു ചെയ്തത് എന്നതിനെക്കാൾ പ്രധാനമാണ് അയാൾ കൈക്കൂലി വാങ്ങിയാണ് ഇതെല്ലാം ചെയ്തിരിക്കുന്നതെന്നത്. ജനങ്ങൾ തങ്ങളെ എന്തിന് തെരഞ്ഞെടുത്തയച്ചു എന്ന ബോധ്യം ജനപ്രതിനിധികൾക്കുണ്ടാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."