സ്വന്തം കൈകൊണ്ട് കുഞ്ഞുമക്കള്‍ക്ക് ഖബറൊരുക്കുന്ന ഉമ്മമാരുള്ള, ദിനംപ്രതി 63ലേറെ സ്ത്രീകള്‍ കൊല്ലപ്പെടുന്ന ഗസ്സയുടെ ചോര കലര്‍ന്ന വനിതാദിനം
സ്വന്തം കൈകൊണ്ട് കുഞ്ഞുമക്കള്‍ക്ക് ഖബറൊരുക്കുന്ന ഉമ്മമാരുള്ള, ദിനംപ്രതി 63ലേറെ സ്ത്രീകള്‍ കൊല്ലപ്പെടുന്ന ഗസ്സയുടെ ചോര കലര്‍ന്ന വനിതാദിനം
ഇന്ന് മാര്‍ച്ച് 8. അന്താരാഷ്ട്ര വനിതാ ദിനം. ഗസ്സക്കുമേല്‍ നരവേട്ടക്കാര്‍ പറന്നു തുടങ്ങിയിട്ട് 157 നാളുകളായിരിക്കുന്നു. 157 നാളുകളായി അവിടുത്തെ ഉമ്മമാര്‍ ഖബറൊരുക്കുകയാണ് അവരുടെ കുഞ്ഞു പൈതങ്ങള്‍ക്ക്. മുറിവേറ്റ് പിടയുന്ന പിഞ്ചുമക്കളുടെ വേദനകള്‍ക്ക് കാവലിരിക്കുകയാണവര്‍. വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്കായി ഒരു തുണ്ടു റൊട്ടിക്കഷ്ണത്തിനായി മാലിന്യക്കൂമ്പാരം ചികയുകയാണ് ആ ഉമ്മമാര്‍. സമ്പന്നമായൊരു ലോകം സ്ത്രീശാക്തീകരണത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുമെല്ലാം മ വാചാലരാവുന്ന ഈ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഇവരെ നാം മറവിക്കയത്തിലേക്കാഴ്ത്തിക്കളയുന്നതെങ്ങിനെ.
ഏകദേശം അഞ്ച് മാസം മുന്‍പ് ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടത് ഒന്‍പതിനായിരത്തിലധികം സ്ത്രീകളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) കണക്ക്. ഇതൊരു ഏകദേശ കണക്ക് മാത്രമാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധിപേര്‍ കുടുങ്ങി കിടപ്പുണ്ടാകാം എന്നാണ് വിലയിരുത്തുന്നത്. ഗസ്സയില്‍ ഓരോ ദിവസവും ശരാശരി 63 സ്ത്രീകള്‍ കൊല്ലപ്പെടുന്നുണ്ട്. അതുപോലെ പ്രതിദിനം 37 അമ്മമാര്‍ക്കും ഇസ്‌റാഈലി സൈന്യത്തിന്റെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നുണ്ട്.
23 ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന, ഒരു ചെറിയ മുനമ്പായിരുന്നു ഗസ്സ. ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയില്‍ എന്നാണ് കുഞ്ഞു പ്രദേശം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പതിറ്റാണ്ടുകളായി സയണിസ്റ്റ് ഭീകരരുടെ തോക്കിന്‍ മുനക്ക് കീഴിലും ഉപരോധത്തിലും ജീവിച്ചിരുന്ന ഒരു ജനത. ഇസ്‌റാഈല്‍ തീര്‍ത്ത വേലിക്കെട്ടുകളില്‍ ഭീതിയുടെ വെടിയൊച്ചകള്‍ക്കിടയിലും തീര്‍ത്തും പോസിറ്റീവായി ജീവിത്തത്തെ നേരിട്ട ഒരു ജനത. ഇസ്‌റാഈല്‍ ഭീകരര്‍ക്കിടയിലെ തടങ്കല്‍ ജീവിതത്തിലും ദൈവത്തിന് നന്ദി പറഞ്ഞ് സന്തോഷകരമായി കഴിഞ്ഞിരുന്നവര്‍ക്കു മേലെയാണ് ഒക്ടോബര്‍ ഏഴിന് തീമഴകളായി ഇസ്‌റാഈല്‍ സേന പറന്നിറങ്ങിറങ്ങിയത്. അന്നു മുതല്‍ ഇന്നുവരെ ലോക രാഷ്ട്രങ്ങളുടെ എല്ലാ മുന്നറിയിപ്പുകളേയും കാറ്റില്‍ പറത്തി എല്ലാ മാനുഷിക മൂല്യങ്ങളേയും തകര്‍ത്തെറിഞ്ഞുള്ള നരവേട്ടയാണ് അവിടെ നടക്കുന്നത്.
ഒരു ജനതയെ ദുരിതങ്ങളില്‍ നിന്ന് ദുരിതങ്ങളിലേക്ക് തള്ളിവിടുകയാണ് സയണിസ്റ്റുകള്‍.ഗസ്സയിലെ 23 ലക്ഷം ജനങ്ങള്‍ കൊടും പട്ടിണിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അന്താരാഷ്ട്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സഹായവിതരണവുമായി എത്തുന്ന ട്രക്കുകള്‍ കാത്തുനില്‍ക്കുന്നവര്‍ ഉള്‍പ്പെടെ ഗസ്സയില്‍ ആക്രമിക്കപ്പെടുന്നുണ്ട്. ഒരു കുടുംബത്തിലെ ഒരാളെങ്കിലും ഭക്ഷണം ഉപേക്ഷിക്കേണ്ട സ്ഥിതിയുണ്ട്. ഇതില്‍ 95 ശതമാനം സാഹചര്യങ്ങളിലും കുടുംബങ്ങളിലെ സ്ത്രീകളാണ് മക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ ആഹാരം വേണ്ടെന്ന് വയ്ക്കുന്നത്. പത്തില്‍ ഒന്‍പത് സ്ത്രീകള്‍ക്കും ഭക്ഷണം കണ്ടെത്തുന്ന കാര്യത്തില്‍ പ്രതിസന്ധികള്‍ നേരിടുന്നതായും പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.
ഏകദേശം 340 ആളുകള്‍ക്ക് ഒരു ടോയ്‌ലെറ്റ് സൗകര്യമാണ് ഗസ്സയിലുള്ളത്. ഇസ്‌റാഈലിന്റെ ബോംബാക്രമണത്തേക്കാള്‍ ആര്‍ത്തവ സമയത്തെ ഭയക്കുന്നുവെന്നാണ് ഗാസയിലെ സ്ത്രീകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. വിശപ്പിനുപുറമെ, ആര്‍ത്തവസമയത്തുണ്ടാകുന്ന സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ കഷ്ട്ടപ്പെടുകയാണ് അവര്‍. ശുദ്ധമായ കുടിവെള്ളമില്ല, ശുചിമുറി സംവിധാനങ്ങളില്ല, വൈദ്യുതിയില്ല. അതിനൊപ്പം ആര്‍ത്തവം കൂടി എത്തുമ്പോള്‍ സ്ത്രീകള്‍ക്ക് നരകയാതനയുടെ അനുഭവം വീണ്ടും വര്‍ധിക്കുന്നുവെന്ന് ഗാസയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഗാസയില്‍ ഏകദേശം 7,00,000 സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവചക്രം ഉണ്ടെന്നാണ് യുഎന്‍ കണക്കാക്കുന്നത്. എന്നാല്‍ അതിനുപയോഗിക്കാന്‍ പാഡുകളോ, ആവശ്യമായ ടോയ്‌ലെറ്റ് സംവിധാനങ്ങളോ ലഭ്യമല്ല. സാനിറ്ററി പാഡുകള്‍ കണ്ടെത്താന്‍ അവര്‍ ബുദ്ധിമുട്ടുകയാണ്. പലരും ഉപയോഗിച്ച പാഡുകള്‍ വീണ്ടും കഴുകി ഉപയോഗിക്കുന്ന അവസ്ഥ വരെയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചിലര്‍ കൂടാരങ്ങളുടെ തുണി കീറിയാണ് പാഡായി ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
60,000ത്തിലേറെ ഗര്‍ഭിണികള്‍ ഗസ്സിലുണ്ടെന്നാണ് കണക്ക്. ഇവര്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിര്‍ജ്ജലീകരവും ആവശ്യമായ ചെക്കപ്പിനുള്ള സൗകര്യങ്ങളില്ലാത്തതും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കനത്ത മാനുഷിക ദുരന്തത്തിലൂടെയാണ് ഗസ്സയിലെ ഓരോ സ്ത്രീയും കടന്നു പോവുന്നതെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനമാണ് ഫലസ്തീന്‍ സ്ത്രീകളുടെ വംശഹത്യക്ക് കാരണം- അവര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."