HOME
DETAILS

ജി.എൻ സായിബാബ:പ്രതിക്കൂട്ടിലാകുന്ന യു.എ.പി.എ

  
backup
March 10 2024 | 00:03 AM

gn-saibaba-uapa-will-be-accused

പി.ബി ജിജീഷ്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായിരുന്ന ഡൽഹി യൂനിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. ജി.എൻ സായിബാബയെയും അഞ്ചുപേരെയും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് കുറ്റമുക്തരാക്കിയ സംഭവം യു.എ.പി.എ പോലുള്ള മർദകനിയമങ്ങൾ എത്രയുംവേഗം പിൻവലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 10 വർഷത്തെ ജയിൽവാസത്തിനു ശേഷമാണ് ഇവരെ നിരപരാധികൾ എന്നുകണ്ട് മോചിപ്പിക്കുന്നത്. തെളിവുകൾ ഒന്നുമില്ലാതെ തങ്ങൾക്ക് അനഭിമതരായ മനുഷ്യരെ ജീവിക്കാൻ അനുവദിക്കാത്ത വിധം അധികാര പ്രയോഗത്തിനുള്ള സാധ്യതകൾ ഭരണകൂടത്തിന് ഒരുക്കി കൊടുക്കുന്നു എന്ന സേവനം മാത്രമാണ് ഈ നിയമം ചെയ്യുന്നത്.

നിയമത്തിൽ, കുറ്റകൃത്യങ്ങൾ നിർവചിച്ചിരിക്കുന്നതിലെ അവ്യക്തതയും അർഥവിശാലതയും കാരണം വിചാരണ കോടതികൾ പലപ്പോഴും സാധാരണ നിലവാരത്തിലുള്ള പരിശോധനകൾ ഒന്നും കൂടാതെ ആളുകളെ ശിക്ഷിക്കുന്നു. അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷങ്ങൾ ജയിലറകൾക്കുള്ളിൽ തീർന്നു പോകുന്നു.


ഗുരുതര കുറ്റങ്ങളാണ് ഡോ. ജി.എൻ സായിബാബയ്ക്ക് മേൽ ചാർത്തിയിരുന്നത്. രാജ്യത്തിനെതിരേ യുദ്ധം ചെയ്യുന്നതിന് വേണ്ടിയുള്ള ക്രിമിനൽ ഗൂഢാലോചന, നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റിലും അതിന്റെ മുന്നണിയായ റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടിലും അംഗത്വം, ഭീകര പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കുകയും അവ നടപ്പിലാക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുക… തുടങ്ങി നിരവധി ആരോപണങ്ങൾ.


2014ൽ ആണ് സാമൂഹ്യപ്രവർത്തകനും ഭരണകക്ഷിയുടെ വിമർശകനും അക്കാദമിക പണ്ഡിതനുമായ ഡോ. സായിബാബയെ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയാണ് അറസ്റ്റു ചെയ്യുന്നത്. ഏതെങ്കിലും ഭീകരപ്രവർത്തനവുമായി അദ്ദേഹത്തെ നേരിട്ട് ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും പൊലിസ് കോടതിയിൽ ഹാജരാക്കിയില്ല. രാജ്യത്തെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രവും മറ്റും വിശദീകരിച്ച് അദ്ദേഹം നൽകിയ അഭിമുഖങ്ങൾ, സർക്കാരിനെ നിശിതമായി വിമർശിക്കുകയും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്ത ഒരു മീറ്റിങ്ങിലെ സാന്നിധ്യം,

ഗവൺമെന്റിനും മാവോയിസ്റ്റുകൾക്കുമിടയിൽ ചർച്ചയ്ക്ക് താൻ മധ്യസ്ഥനായി നിൽക്കാം എന്ന് അറിയിച്ച അദ്ദേഹത്തിന്റെ നടപടി, നിരവധി വിഡിയോ ദൃശ്യങ്ങളും കൈവശമുണ്ടായിരുന്ന പുസ്തകങ്ങളും സ്വീകരിച്ചിട്ടുള്ള വിവിധ തൂലികാനാമങ്ങൾ എന്നിവയൊക്കെയാണ് അദ്ദേഹത്തിനെതിരായ തെളിവുകളായി കോടതിയിൽ എത്തിയത്.


ഈ തെളിവുകൾ അംഗീരിച്ച വിചാരണ കോടതി ഡോ. സായിബാബയ്ക്കും അഞ്ച് കൂട്ടുപ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ, സായിബാബ വിധിക്കെതിരേ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് രോഹിത് ബി ദിയോ, ജസ്റ്റിസ് അനിൽ പൻസാരെ എന്നിവർ അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഡോക്ടർ സായിബാബയെയും മറ്റു അഞ്ചു പ്രതികളെയും കുറ്റവിമുക്തരാക്കി. യു.എ.പി.എ നിയമത്തിന്റെ വകുപ്പ് 45 (1) പ്രകാരം പ്രതികൾക്ക് എതിരേ കേസെടുത്തു വിചാരണ ചെയ്യുന്നതിന് അനിവാര്യമായ അനുമതി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് പ്രോസിക്യൂഷന് ലഭിച്ചിരുന്നില്ല

എന്ന കാരണത്താൽ, വിചാരണ നടപടികൾ ഹൈക്കോടതി റദ്ദ് ചെയ്യുകയായിരുന്നു. 2022 ഒക്ടോബർ 14ന് ആയിരുന്നു വിധി. തുടർന്ന് ഇന്ത്യൻ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് സുപ്രിംകോടതിയിൽ അരങ്ങേറിയത്.
അന്നുതന്നെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ മുന്നിൽ കേസ് പരാമർശിക്കപ്പെട്ടപ്പോൾ 'ഇതിനിത്ര അടിയന്തര പ്രാധാന്യമെന്താണ്? അൽപം കൂടി കാത്തിരുന്നാൽ ആകാശമിടിഞ്ഞു വീഴുകയൊന്നുമില്ലല്ലോ' എന്ന് പരാമർശിച്ച് ധൃതിയിൽ കേസെടുക്കാൻ വിസമ്മതിച്ചു.

തുടർന്ന് അഡ്വ. ജനറൽ, ചീഫ് ജസ്റ്റിസ് ആയിരുന്ന യു.യു ലളിത് മുൻപാകെ വിഷയം ഉന്നയിച്ചു. പിറ്റേന്ന് ശനിയാഴ്ച കോടതി അവധി ആയിരുന്നിട്ടും ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് ബേല ത്രിവേദി എന്നിവരെ ഉൾപ്പെടുത്തിയ പ്രത്യേക ബെഞ്ച് രൂപീകരിച്ച് അടിയന്തരമായി വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി പ്രശംസിച്ച് വിവാദം സൃഷ്ടിച്ച ജസ്റ്റിസ് എം.ആർ ഷാ സാധാരണഗതിയിൽ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യാത്തയാളാണ്.

എന്തായാലും കാര്യകാരണസഹിതം ഉള്ള ഹൈക്കോടതി വിധി ലഭ്യമായിരുന്നിട്ടും അതിന്റെ ഉള്ളടക്കത്തിലേക്ക് കടക്കാതെ ആദ്യഘട്ടത്തിൽ തന്നെ വിധി ‘സസ്പെൻഡ്’ ചെയ്യുക എന്ന വിചിത്രമായ നടപടിയാണ് സുപ്രിംകോടതി സ്വീകരിച്ചത്. യു.എ.പി.എ നിയമത്തിൽ കുറ്റാരോപിതർക്കുള്ള അപൂർവം സംരക്ഷണങ്ങളിലൊന്നായ മുൻകൂർ അനുമതി വേണമെന്ന വകുപ്പ് പാലിച്ചിട്ടില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിനെ വെറും സാങ്കേതികത്വമായി പരിഗണിച്ച് കേസ് തിരിച്ചയക്കുകയാണ് സുപ്രിംകോടതി ചെയ്തത്.


ഈ കേസിന്മേലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കുറ്റാരോപിതരായവരെ പ്രതിചേർക്കുവാനുള്ള അനുമതി മഹാരാഷ്ട്ര പൊലിസ് നേടിയിട്ടില്ല. സായിബാബയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ നിയമപരമല്ല. അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് കൃത്യമായ എന്തെങ്കിലും തെളിവുകൾ പിടിച്ചെടുക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇന്ത്യൻ തെളിവ് നിയമത്തിന്റെയും ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെയും അടിസ്ഥാനത്തിൽ കൃത്യമായി ബോധ്യപ്പെടുന്ന യാതൊരു ഇലക്ട്രോണിക് എവിഡൻസും പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.


അന്വേഷണ ഏജൻസി യു.എ.പി.എ നിയമം അനുശാസിക്കും വിധം കേസ് ഡയറി കൃത്യമായി നമ്പർ ഇട്ട് തയാറാക്കി സൂക്ഷിച്ചിരുന്നില്ല. പകരം വെറുതെ കുത്തഴിഞ്ഞ പേജുകൾ ആയിട്ടാണ് സൂക്ഷിച്ചിരുന്നത്. ഇത് അന്വേഷണത്തിന്റെ ഏത് ഘട്ടത്തിലും ആവശ്യമായ വിവരങ്ങൾ കൂട്ടിച്ചേർക്കാനും തെളിവുകൾ ഉണ്ടാക്കാനും വേണ്ടി മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു.


ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിക്കാൻ ആഗ്രഹിക്കുന്ന കോടിക്കണക്കിന് ഇന്ത്യക്കാരെ സംബന്ധിച്ചേടത്തോളം പ്രതീക്ഷ നൽകുന്ന വിധിയാണ് ബോംബെ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഭീകര പ്രവർത്തനം സംബന്ധിച്ച് നിയമം അനുവദിക്കുന്ന ചട്ടക്കൂടിനകത്തുനിന്ന് കേസിലകപ്പെട്ട മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ന്യായമായ നിലപാടുകൾ സ്വീകരിക്കാൻ കോടതിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ നിരപരാധികളായ ആറുപേർ ഈ കേസിൽ പെട്ട് 10 വർഷം ജയിൽവാസം അനുഭവിക്കേണ്ടിവന്നു എന്ന യാഥാർഥ്യം നമുക്ക് മുന്നിലുണ്ട്.


ഒറ്റവായനയിൽ തന്നെ അസംബന്ധം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കുറ്റപത്രത്തിന്റെ പേരിൽ ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതിയെ മാത്രം കുറ്റംപറഞ്ഞിട്ട് കാര്യമില്ല. യു.എ.പി.എ ഒരു കിരാത നിയമമാണ്. വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും അടിച്ചമർത്താൻ ഭരണകൂടത്തിന്റെ കൈവശമുള്ള ഒരു മർദനോപാധി. നിയമവിരുദ്ധ പ്രവർത്തനങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും ഈ ഒറ്റ നിയമം കൈകാര്യം ചെയ്യുന്നുണ്ട്. അതിൽ നിയമവിരുദ്ധ പ്രവർത്തനം ഏതൊക്കെ, ഭീകരപ്രവർത്തനം ഏതൊക്കെ എന്നതു സംബന്ധിച്ച നിർവചനങ്ങളിൽ അവ്യക്തതയുണ്ട്. അതുകൊണ്ടുതന്നെ കൈകാര്യം ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ മനോനിലക്കനുസരിച്ചാണ് കേസിന്റെ സ്വഭാവം നിശ്ചയിക്കുന്നത്. ഭീകരപ്രവർത്തനം ചാർജ് ചെയ്തു കഴിഞ്ഞാൽ പിന്നെ ഭരണകൂടത്തിന് കാര്യങ്ങൾ എളുപ്പമാണ്. ജാമ്യം ലഭിക്കാനുള്ള സാധ്യതകൾ ഒന്നുമില്ല.

പ്രത്യേകിച്ചും ‘വത്താലി കേസി’നു ശേഷം സുപ്രിംകോടതിയുടെ ഇടപെടലിന്റെ ഫലമായി നിയമപ്രകാരം മനുഷ്യർക്ക് ജാമ്യം ലഭിക്കുന്നതിനുള്ള നേരിയ സാധ്യത പോലും അടഞ്ഞിരിക്കുന്നു. ജാമ്യേപേക്ഷയുടെ ഘട്ടത്തിൽ അന്വേഷണ ഏജൻസികൾ ഹാജരാക്കുന്ന തെളിവുകൾ യാതൊരു തരത്തിലും പരിശോധിക്കേണ്ടതില്ലെന്നും പ്രഥമ ദൃഷ്ട്യാ ഒരു കേസ് ഉണ്ടെന്ന് കാണിക്കാൻ പ്രോസിക്ക്യൂഷനു കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം മാത്രം നോക്കിയാൽ മതി എന്നുമാണ് സുപ്രിംകോടതി സ്വീകരിച്ച നിലപാട്. ജസ്റ്റിസ് കൃഷ്ണയ്യരുടെ കാലത്ത് രൂപീകരിക്കപ്പെട്ട “ജാമ്യമാണ് നിയമം” എന്ന പൊതു തത്വം നേരെ തിരിഞ്ഞ് “ജയിലാണ് നിയമം” എന്ന തരത്തിൽ പരമോന്നത നീതിപീഠം തന്നെ വികല വ്യാഖ്യാനങ്ങൾ നടത്തുന്ന കാലമാണിത്.


ആരെയും ഭീകര സംഘടനകളുടെ മുന്നണി സംഘടനയിൽ അംഗമാണ് എന്ന തരത്തിൽ കസ്റ്റഡിയിൽ എടുക്കാം. കാരണം മുന്നണി സംഘടന എന്നാൽ എന്താണെന്ന് നിയമത്തിൽ കൃത്യമായി വിശദീകരിച്ചിട്ടില്ല. ‘ഏതെങ്കിലും തരത്തിലുള്ള ആളുകളുടെ കൂട്ടം’ എന്നൊക്കെ ആർക്കും എങ്ങനെയും കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് നിയമം രചിക്കപ്പെട്ടിരിക്കുന്നത്. നിയമത്തിന്റെ വകുപ്പ് 20 പ്രകാരം നിരോധിത സംഘടനയിലെ അംഗത്വം ക്രിമിനൽ കുറ്റമാണ്. അത്തരം സംഘടനകളുമായി ബന്ധപ്പെടുന്നതും സഹകരിക്കുന്നതും സഹകരിക്കുന്നുണ്ടെന്ന് പറയുന്നതും എല്ലാം വകുപ്പ് 38 അനുസരിച്ച് കുറ്റകൃത്യമായി നിർവചിച്ചിട്ടുണ്ട്.

ആളുകളുടെ പിന്തുണ ക്ഷണിക്കുകയോ മീറ്റിങ് സംഘടിപ്പിക്കുകയോ, ഒക്കെ ചെയ്യുന്ന തരത്തിലുള്ള സഹായങ്ങൾ വകുപ്പ് 39 പ്രകാരം കുറ്റകരമാണ്. വളരെ അവ്യക്തമായതും എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വകുപ്പുകളുമാണ് നിയമത്തിൽ മുഴുവൻ. ആർക്കെതിരേ വേണമെങ്കിലും ചാർത്താവുന്ന തരത്തിൽ അർഥവിശാലതയും അവയ്ക്കുണ്ട്.


നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ ആവശ്യവും അനിവാര്യവുമായ വിയോജിപ്പുകൾക്ക് കൂച്ചുവിലങ്ങിടാൻ പ്രതികരിക്കുന്ന മനുഷ്യരുടെ ഉള്ളിൽ ഭയത്തിന്റെ വിത്തുകൾ പാകുവാൻ ഏകാധിപതികളായ ഭരണവർഗത്തിന് ആയുധമാകുന്ന നിയമങ്ങൾക്കെതിരേ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധം ഉയർന്നുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 90 ശതമാനത്തിലേറെ വികലാംഗത്വമുള്ള വീൽചെയറിൽ കഴിയുന്ന ഒരു മനുഷ്യൻ 10 വർഷം യാതൊരു തെറ്റും ചെയ്യാതെ ജയിലിൽ കിടന്ന ദുരവസ്ഥ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഡോ. സായിബാബ ജയിൽ മോചിതനാകുമ്പോൾ അദ്ദേഹത്തിന് നഷ്ടപ്പെട്ട 10 വർഷങ്ങൾക്ക് രാഷ്ട്രം മറുപടി പറഞ്ഞേ തീരൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago