അരുൺ ഗോയൽ എന്തുകൊണ്ട് രാജിവച്ചു
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾമാത്രം ബാക്കിയിരിക്കെ തെരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചിരിക്കുന്നു. മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറും അരുൺ ഗോയലും മാത്രമാണുണ്ടായിരുന്നത്. മൂന്നാമത്തെ അംഗമായിരുന്ന അനൂപ് ചന്ദ്ര പാണ്ഡെ വിരമിച്ച് 24 ദിവസം കഴിഞ്ഞിട്ടും കേന്ദ്രസർക്കാർ പകരക്കാരനെ നിയമിച്ചിട്ടില്ല.
അരുൺ ഗോയലിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെന്നാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമായിരിക്കുന്നു. എന്തുകൊണ്ടായിരിക്കും അരുൺഗോയൽ ഈ നിർണായക ഘട്ടത്തിൽ രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് കാരണമെന്നാണ് അരുൺ ഗോയലിന്റെ വിശദീകരണം. എന്നാലത് ആരോഗ്യപ്രശ്‌നങ്ങളല്ലെന്ന് സഹപ്രവർത്തകർ പറയുന്നു. ആരോഗ്യവാനാണ് ഗോയൽ. പിന്നെന്തായിരിക്കും വ്യക്തിപരമായ കാരണം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറുമായി ഗോയലിന് അഭിപ്രായഭിന്നതയുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
എന്നാലും അത് ഇത്ര ധൃതിപിടിച്ച് രാജിയിലെത്തേണ്ട സാഹചര്യമൊന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര, റെയിൽവേ മന്ത്രാലയങ്ങളുമായി രാജീവ് കുമാറും അരുൺ ഗോയലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം ഇന്നലെ നടത്താൻ നിശ്ചയിക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മിർ സന്ദർശിക്കാനും തീരുമാനിച്ചിരുന്നു. തിരിച്ചെത്തിയ ശേഷം വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ തെരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. അതിനിടെയാണ് ഗോയലിന്റെ രാജി. 1985 ബാച്ച് പഞ്ചാബ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഗോയൽ 2022 നവംബർ 21നാണ് തെരഞ്ഞെടുപ്പു കമ്മിഷണറായി ചുമതലയേറ്റത്.
മോദി സർക്കാരിന്റെ സ്വന്തക്കാരനായ ഗോയൽ തെരഞ്ഞെടുപ്പ് കമ്മിഷണറായത് തന്നെ വിവാദങ്ങളുടെ അകമ്പടിയോടെയാണ്. 2022 നവംബർ 18വരെ അരുൺ ഗോയൽ വ്യവസായ സെക്രട്ടറി മാത്രമായിരുന്നു. ഡിസംബർ 31വരെ സർവിസ് കാലാവധിയുണ്ടായിട്ടും ഗോയൽ അന്നേ ദിവസം സ്വയം വിരമിക്കലിന് അപേക്ഷ നൽകി. അപേക്ഷ ഉടൻ തന്നെ അംഗീകരിക്കുകയും തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കപ്പെടുകയും ചെയ്തു. മിന്നൽ വേഗത്തിലാണ് എല്ലാം നടന്നതെന്നും അതെങ്ങനെ സംഭവിക്കുന്നുവെന്നും അത്ഭുതപ്പെട്ടത് സുപ്രിംകോടതിയാണ്. തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കാൻ നിരവധി നടപടിക്രമങ്ങളുണ്ട്. പരിഗണിക്കേണ്ട ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയാറാക്കണം.
ഇവരുടെ ഡാറ്റാ ബേസ് തയാറാക്കണം. തുടർന്ന് സർക്കാർ ഇതെല്ലാം പരിശോധിച്ച് യോഗ്യനായൊരാളെ ശുപാർശ ചെയ്യണം. ഈ പേരിന് പ്രധാനമന്ത്രി അംഗീകാരം നൽകി നിയമനത്തിന് രാഷ്ട്രപതിക്കയക്കണം. നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി പുറപ്പെടുവിക്കണം. ഇതിന് ദിവസങ്ങളെടുക്കും. എന്നാൽ, ഗോയലിന്റെ കാര്യത്തിൽ ഇതെല്ലാം നടന്നത് ഒറ്റദിവസം കൊണ്ടാണ്. മെയ് 15 മുതൽ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ധൃതിപിടിച്ചൊരാളെ നിയമിക്കേണ്ട സാഹചര്യവുമില്ല. പിന്നെന്തുകൊണ്ട് ഇതുവരെയില്ലാത്ത ആവേശം ഒറ്റദിവസം കൊണ്ടുണ്ടായെന്ന ചോദ്യം സുപ്രിംകോടതി ജഡ്ജി കെ.എം ജോസഫ് തന്നെ ചോദിച്ചതാണ്.
ആരോപണങ്ങളുടെ ശരശയ്യയിലാണ് കുറച്ചു കാലമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഓരോ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പവും വിവാദങ്ങൾ പിന്നാലെ വരും. സർക്കാരിന്റെ താൽപര്യം മുൻനിർത്തിയാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതെന്നാണ് പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണകാലങ്ങളിൽ സർക്കാർ നടത്തുന്ന ചട്ടലംഘനങ്ങളോട് കണ്ണടച്ചു നിൽക്കുമെന്നതാണ് രണ്ടാമത്തേത്. വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട പരാതികളാണ് മൂന്നാമത്തേത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരേ നടപടി ആവശ്യപ്പെട്ട് കമ്മിഷൻ യോഗത്തിൽ നിലപാടെടുത്ത തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗം അശോക് ലാവാസ പിന്നീട് ഇ.ഡിയുടെ തുടർച്ചയായ വേട്ടയാടലുകൾക്ക് വിധേയനായിരുന്നു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് ഒരു വർഷം തികയും മുൻപ് തെരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്തുനിന്ന് അശോക് ലാവാസക്ക് രാജിവയ്‌ക്കേണ്ടി വന്നു. പിന്നീട്, ലാവാസയുടെ കുടുംബാംഗങ്ങൾക്കെതിരേ ആദായനികുതി വകുപ്പിന്റെ നടപടിയുണ്ടായി. രാജിവച്ചില്ലെങ്കിൽ അദ്ദേഹം 2021ൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറാകുമായിരുന്നു.
നിലവിലെ മുഖ്യ കമ്മിഷണർ രാജീവ് കുമാർ അടുത്ത ഫെബ്രുവരി 25നു കാലാവധി പൂർത്തിയാക്കും. അതുകൂടി കണക്കിലെടുക്കുമ്പോൾ, 2027വരെ കമ്മിഷനിൽ സർവിസുള്ള ഗോയൽ ഇപ്പോൾ രാജിവച്ചത് അഭ്യൂഹങ്ങൾക്കിടയാക്കിയതിൽ അത്ഭുതമില്ല. അരുൺ ഗോയലിന്റെ രാജി ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തെ ബാധിക്കേണ്ട കാര്യമില്ല. കാരണം, മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ തനിച്ച് തെരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിക്കുന്നതിനു തടസമില്ല. രണ്ടു കമ്മിഷണർമാർ കൂടിയുണ്ടെങ്കിൽ മാത്രമേ കമ്മിഷൻ പൂർണമാകൂ എന്നു വ്യവസ്ഥയില്ല. എന്നാൽ അതിൽ ധാർമികതയുടെ പ്രശ്‌നമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം വരെയുള്ള പരാതികൾ ഒരംഗം മാത്രമായി പരിഗണിക്കുന്നത് ഏകാധിപത്യമാണ്.
നിലവിൽ തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്നതിൽ സർക്കാരിന് ആധിപത്യമുണ്ട്. സർക്കാർ പുതുതായി കൊണ്ടുവന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരും (അപ്പോയിന്റ്മെന്റ് വ്യവസ്ഥകളും സേവന കാലാവധിയും) നിയമപ്രകാരം പ്രധാനമന്ത്രി ചെയർപേഴ്സണായ സമിതിയാണ് കമ്മിഷനെ നിയമിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി ശുപാർശ ചെയ്യുന്ന കാബിനറ്റ് മന്ത്രി എന്നിവരായിരിക്കും സമിതി അംഗങ്ങൾ. നേരത്തെ ചീഫ് ജസ്റ്റിസ് ഈ സമിതിയുടെ ഭാഗമായിരുന്നെങ്കിലും പുതിയ നിയമത്തിൽ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി.
ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാന വശം തെരഞ്ഞെടുപ്പ് പ്രക്രിയയാണ്. അതിന്റെ പരിശുദ്ധി മാത്രമാണ് ജനങ്ങളുടെ ഇച്ഛയെ യഥാർഥത്തിൽ പ്രതിഫലിപ്പിക്കുന്നത്. ബാലറ്റിന് എത്ര വലിയ തോക്കിനെക്കാളും ശക്തിയുണ്ട്. സാധാരണക്കാർ നടത്തുന്ന സമാധാനപരമായ വിപ്ലവമാണ് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്. നീതിയുക്ത വോട്ടെടുപ്പ് ഉറപ്പാക്കാത്ത ഒരു തെരഞ്ഞെടുപ്പ് കമ്മിഷൻ, നിയമവാഴ്ചയുടെ അടിത്തറയുടെ തകർച്ച ഉറപ്പാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."