ആത്മഹത്യക്ക് ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റ് ഗുരുതരാവസ്ഥയില്‍
തേഞ്ഞിപ്പലം: കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറ്റ യുവ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍. മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായി ബുധനാഴ്ച അധികാരമേറ്റ ടി. വിജിത്ത് (33) എന്ന കുഞ്ഞാവയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇന്നലെ പുലര്‍ച്ചെയാണ് ചേളാരിക്കടുത്ത് ആലുങ്ങലിലുള്ള വീട്ടില്‍ വിജിത്ത് തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയത്. ഉടന്‍ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
കോണ്‍ഗ്രസുകാരനായ വിജിത്ത് അടുത്ത കാലത്താണ് ലീഗില്‍ മെംബര്‍ഷിപ്പ് എടുത്തത്. നേരത്തേ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ജനശ്രീയുടെ പന്ത്രണ്ടാം വാര്‍ഡ് ചെയര്‍മാനായും ആലുങ്ങല്‍ ബ്രദേഴ്സ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പഞ്ചായത്തില്‍ എസ്.സി സംവരണ വാര്‍ഡായ പതിനൊന്നാം വാര്‍ഡില്‍ വിജിത്തിനെ മത്സരിപ്പിക്കുന്നതിനായിരുന്നു വിജിത്തിന് ലീഗില്‍ അംഗ്വത്വം നല്‍കിയത്. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയ കാര്യത്തില്‍ മുസ്ലിം ലീഗില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടാവുകയും സ്ഥാനാര്‍ഥി നിര്‍ണയയോഗത്തില്‍ ഇത് ബഹളത്തിനിടയാക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പില്‍ വിജയിച്ച വിജിത്തിനെ പ്രസിഡന്റാക്കുന്നതിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍നിന്നു വിജയിച്ച വനിതയെ പഞ്ചായത്ത് പ്രസിഡന്റാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടത് അംഗീകരിക്കാതെയാണ് വിജിത്തിന് പ്രസിഡന്റ് പദവി നല്‍കിയതെന്ന ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."