'ഫസ്റ്റ്‌ബെല്‍' ഇന്നു മുതല്‍ സ്‌കൂളിലും മുഴങ്ങും
8 ലക്ഷത്തോളം കുട്ടികള്‍ സ്‌കൂളുകളിലേയ്ക്ക്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മഹാമാരി കവര്‍ന്നെടുത്ത ഏഴുമാസങ്ങള്‍ക്കു ശേഷം ഇന്ന് കുട്ടികളും സ്‌കൂളുകളും മുഖാമുഖം കാണും. കൊവിഡ് കാരണം അടച്ചിട്ടിരുന്ന വിദ്യാലയങ്ങള്‍ ഭാഗികമായി ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കും.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും അറിവിന്റെ നടുമുറ്റത്തേയ്ക്ക് വിദ്യാര്‍ഥികള്‍ കാലുകുത്തുന്നതോടെ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഉണരും.
മാര്‍ച്ച് 17ന് പൊതുപരീക്ഷ ആരംഭിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങളിലെ റിവിഷനും സംശയനിവാരണത്തിനും പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്കുമായാണ് വിദ്യാലയങ്ങള്‍ തുറക്കുന്നത്. എട്ടു ലക്ഷത്തോളം കുട്ടികളാണ് ഇതിനായി സ്‌കൂളുകളിലെത്തുക.
പരമാവധി മൂന്ന് മണിക്കൂര്‍ അധ്യയനത്തില്‍ 50 ശതമാനത്തില്‍ കവിയാത്ത കുട്ടികളുള്ള രണ്ട് ബാച്ചുകളായി ക്ലാസുകള്‍ നടത്താനാണ് നിര്‍ദേശം. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനാല്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിക്കായിരിക്കും ഇരിപ്പിടം.
നാലു ലക്ഷത്തോളം കുട്ടികളാണ് ഓരോ ദിവസവും മാറിമാറി വിദ്യാലയങ്ങളില്‍ പ്രവേശിക്കുക. 10ാം ക്ലാസില്‍ 4.25 ലക്ഷം, രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ 3.84 ലക്ഷം, വി.എച്ച്.എസ്.ഇയില്‍ 28,000ത്തോളം വിദ്യാര്‍ഥികളാണുള്ളത്.
കഴിഞ്ഞ മാര്‍ച്ച് 16 മുതല്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ പാതിവഴിയില്‍ നിര്‍ത്തി മാര്‍ച്ച് 20നാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചത്. പിന്നീട് മെയില്‍ രണ്ട് പരീക്ഷകളും പൂര്‍ത്തിയായെങ്കിലും മറ്റ് ക്ലാസുകളിലെ പരീക്ഷകള്‍ പൂര്‍ണമായി ഒഴിവാക്കിയിരുന്നു. സ്‌കൂള്‍ തുറക്കാനാവില്ലെന്ന് വ്യക്തമായതോടെ ജൂണ്‍ ഒന്നിന് തന്നെ വിക്ടേഴ്‌സ് ചാനല്‍ വഴി 'ഫസ്റ്റ്‌ബെല്‍' എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."