കൊവിഡ് പ്രോട്ടോകോള്‍ ഇളവിനെതിരേ ലക്ഷദ്വീപില്‍ പ്രതിഷേധം
കോഴിക്കോട്: ലോകത്താകെ കൊവിഡ് വ്യാപിച്ചപ്പോഴും ഒരൊറ്റ രോഗിപോലുമില്ലാതെ പ്രതിരോധം തീര്‍ത്ത ലക്ഷദ്വീപില്‍ തല്‍സ്ഥിതി തുടരാന്‍ ജനങ്ങളുടെ പ്രതിരോധ സമരം. കൊവിഡ് പ്രോട്ടോകോളില്‍ ഇളവുനല്‍കി ദ്വീപിലും മഹാമാരിയുടെ ഭീതിപടര്‍ത്താന്‍ അധികാരികള്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സമരം. കവരത്തിയില്‍ സമരം ചെയ്ത ജനപ്രതിനിധികളടക്കമുള്ള 25 പേരെ പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ഡിസംബര്‍ 28 മുതല്‍ ദ്വീപിലേക്കു പ്രവേശിക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ മുന്‍പുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതിയെന്ന അധികൃതരുടെ തീരുമാനത്തിനെതിരേയാണ് പ്രക്ഷോഭം കനക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പ്രക്ഷോഭകര്‍ കവരത്തിയിലെ പ്രധാന റോഡുകള്‍ ഉപരോധിക്കുകയും സെക്രട്ടേറിയറ്റിലേക്കു ബഹുജന മാര്‍ച്ച് നടത്തുകയും ചെയ്തു.
ജനപ്രതിനിധികള്‍ കലക്ടറുമായി സംഭാഷണം നടത്തിയെങ്കിലും പുതിയ ഉത്തരവില്‍നിന്നു പിന്‍മാറില്ലെന്ന് അറിയിക്കുകയായിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്നാരോപിച്ചാണ് ഇന്നലെ ആറു സ്ത്രീകളുള്‍പ്പെടെ ജനപ്രതിനിധികളടക്കം 25 പേരെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയര്‍മാന്‍ ടി. അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് അംഗം ത്വാഹ മാളിക അടക്കമുള്ളവരാണ് റിമാന്‍ഡിലായത്. ഇതില്‍ പുരുഷന്‍മാരെ കവരത്തിയിലെ പാസഞ്ചര്‍ സ്‌കാനിങ് ഹാളിലും സ്ത്രീകളെ ഒരു സ്‌കൂളിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. ദ്വീപില്‍ നേരത്തെ നിലവിലുള്ള ക്വാറന്റൈന്‍ സംവിധാനം നിലനിര്‍ത്തണമെന്ന ആവശ്യം ലക്ഷദ്വീപ് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ഹംദുല്ല സഈദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി. ഹസന്‍ തുടങ്ങിയവര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ജനുവരി 31വരെ പുതിയ സര്‍ക്കുലറില്‍ മാറ്റം വരുത്തില്ലെന്നാണ് അധികൃതരുടെ നിലപാട്.
അധികൃതരുടെ പുതിയ നീക്കത്തിനെതിരേ കടമത്ത് പഞ്ചായത്ത് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. വിവിധ ദ്വീപുകളിലെ ജനകീയ ഭരണകൂടങ്ങള്‍ നേരത്തെ നിലവിലുള്ള ക്വാറന്റൈന്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."