'കൈകള്‍ കോര്‍ത്തു ചേര്‍ക്കാതെ കൂട്ടു കൂടാം'; ഏറെ നാളുകള്‍ ശേഷം എട്ടു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌കൂളിലേക്ക്
തിരുവനന്തപുരം: അടഞ്ഞു കിടന്ന 287 അധ്യയന ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂള്‍ തുറക്കുന്നു. നീണ്ട അവധിയും കഴിഞ്ഞ് കൂട്ടുകാരെ കാണുന്നതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍. എന്നാലും ജാഗ്രത കൈവിടാതെ കൂട്ടുകൂടുമെന്നാണ് ചങ്ങാതിക്കൂട്ടങ്ങള്‍ പറയുന്നത്.
10,12 ക്ലാസുകളാണ് തുടങ്ങുന്നത്. പ്രത്യേക കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എട്ടു ലക്ഷത്തിലധികം കുട്ടികളാണ് ഇന്ന് ക്ലാസുകളില്‍ എത്തുക.
വാര്‍ഷിക പരീക്ഷക്കുള്ള തയ്യാറെടുപ്പിനാണ് ഇപ്പോള്‍ വീണ്ടും സ്‌കൂളിന്റെ പടി കയറാന്‍ അനുവാദം ലഭിച്ചത്. പക്ഷെ ചേര്‍ന്നിരിക്കാന്‍ അനുമതിയില്ല. ഒരു ബെഞ്ചില്‍ ഒരാള്‍ മാത്രം. മാസ്‌കിടണം. ഇടക്കിടെ കൈ കഴുകണം. കൂട്ടം കൂടരുത്. വെള്ളവും ഭക്ഷണവും കൈമാറരുത്. തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍.
കൊവിഡിനെ കുറിച്ച് ധാരാളം പഠിച്ചാണ് കുട്ടികള്‍ സ്‌കൂളിലെത്തുന്നത്. അതു കൊണ്ട് നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ. ഇടവേളകള്‍ക്ക് പോലും പുറത്ത് വിടാതെ ഓരോ നിമിഷവും പരീക്ഷക്കുള്ള ഉത്തരങ്ങള്‍ പഠിച്ചു തീര്‍ക്കുന്നതിനൊപ്പം വൈറസിനെ സ്‌കൂള്‍ പരിസരത്ത് നിന്ന് മാറ്റി നിര്‍ത്താനും കുട്ടികള്‍ ശ്രദ്ധിക്കണം.
രാവിലെയും ഉച്ചക്കുമായി ഷിഫ്റ്റുകളാക്കി തിരിച്ചാണ് ക്ലാസുകള്‍. SSLCയില്‍ 4.25 ലക്ഷം കുട്ടികളും രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറിയില്‍ 3.84 ലക്ഷം കുട്ടികളുമാണ് ഇന്ന് സ്‌കൂളുകളിലെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."