ഹലാല്‍ സ്റ്റിക്കര്‍ മാറ്റണമെന്ന് ബേക്കറി ഉടമക്ക് ഭീഷണി; നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി: എറണാകുളം കുറുമശേരിയിലെ ബേക്കറിയില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ നീക്കണമെന്ന ഭീഷണിപ്പെടുത്തിയ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുണ്‍ അരവിന്ദ്, ജന. സെക്രട്ടറി ധനേഷ് പ്രഭാകരന്‍ എന്നിവരേയും സുജയ്, ലെനിന്‍ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. ബേക്കറിയില്‍ നേരിട്ടെത്തി ഉടമയോട് ഈ ആവശ്യം ഉന്നയിച്ചുളള കത്ത് കൈമാറുകയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് കുറുമശ്ശേരിയിലെ ജോയിയുടെ ഉടമസ്ഥതയിലുള്ള മോഡി എന്ന് പേരുള്ള ബേക്കറി പ്രവര്‍ത്തനം ആരംഭിച്ചത്. ഹലാല്‍ വിഭവങ്ങള്‍ ലഭ്യമാണെന്ന് അന്നുതന്നെ ബേക്കറിയുടെ മുന്നില്‍ എഴുതി വെച്ചിരുന്നു. ഇതു കണ്ടാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഏതെങ്കിലും മതത്തിന്റെ പേരിലുള്ള ഭക്ഷണത്തിലെ വേര്‍തിരിവ് അയിത്താചരണവും കുറ്റകരവുമാണ് എന്നാണ് നോട്ടിസില്‍ പറയുന്നത്.
കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം സ്റ്റിക്കര്‍ നീക്കിയില്ലെങ്കില്‍ സ്ഥാപനം ബഹിഷ്‌കരിക്കുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും കത്തില്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിവാദമാക്കേണ്ടെന്ന് കരുതി ഉടമ സ്റ്റിക്കര്‍ നീക്കി.
പിന്നീട് സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധിച്ച പൊലിസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ അന്വേഷണം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."