എ. ഷൈനാമോള്‍ ചുമതലയേറ്റു
മലപ്പുറം: ജില്ലാ കലക്ടറായി 2007 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ എ. ഷൈനാമോള്‍ ചുമതലയേറ്റു. ഇന്നലെ രാവിലെ 10.15 നു കലക്ടറേറ്റിലെത്തിയ ഷൈനാമോള്‍ക്ക് എ.ഡി.എം. പി. സെയ്യിദ് അലിയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ആര്‍.ആര്‍. ഡെപ്യൂട്ടി കലക്ടര്‍ എ. നിര്‍മലകുമാരി ബൊക്കെ നല്‍കി.നിലവില്‍ കൊല്ലം ജില്ലാ കലക്ടറായിരുന്നു എ. ഷൈനാമോള്‍. മലപ്പുറം ജില്ലാ കലക്ടറായിരുന്ന എസ്. വെങ്കടേസപതി തിരുവനന്തപുരം ജില്ലാ കലക്ടറായി.
എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയ്‌നിങ് ഡയറക്ടറായും നിര്‍മിതി കേന്ദ്ര, ഹൗസിങ് ബോര്‍ഡ് എന്നിവയുടെ ചുമതലകളും നേരത്തെ വഹിച്ചിരുന്നു. ഹിമാചല്‍പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥയായ ഷൈനാമോള്‍ 2014 ഫെബ്രുവരിയിലാണു ഡെപ്യൂട്ടേഷനില്‍ കേരളത്തിലെത്തിയത്. ഹിമാചലില്‍ അസി. കമ്മീഷനര്‍ (ഡവലപ്‌മെന്റ്), സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, അഡിഷനല്‍ ഡവലപ്‌മെന്റ് കമ്മിഷനര്‍, വ്യവസായ വകുപ്പ് അഡിഷനല്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിനിയാണ്. ആലുവ യു.സി. കോളജില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. പിതാവ് എസ്. അബു റിട്ട. ഹൈസ്‌കൂള്‍ അധ്യാപകനാണ്. പി.കെ. സുലൈഖയാണ് മാതാവ്. ഐ.എ.എസ്. ഉദ്യോഗസ്ഥയായ സഹോദരി ഷൈല മുംബൈയില്‍ സെയില്‍സ് ടാക്‌സ് ജോയിന്റ് കമ്മീഷനറും ഐ.പി.എസ്. ഉദ്യോഗസ്ഥനായ സഹോദരന്‍ അക്ബര്‍ ആലപ്പുഴ ജില്ലാ പൊലിസ് മേധാവിയുമാണ്.
ഇന്നലെ ചുമതലയേറ്റ ശേഷം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി പുതിയ കലക്ടര്‍ ചര്‍ച്ച നടത്തി. കരിപ്പൂര്‍ വിമാനത്താവളം- ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍, ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ പദ്ധതി, മണല്‍ഖനനം, ക്വാറി, ഭൂമിയുടെ ന്യായവില നിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍, നിലമ്പൂര്‍ ബൈപ്പാസ്, ഹജ്ജ് തുടങ്ങി ജില്ലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."