HOME
DETAILS
MAL
ഹലാല്‍ സ്റ്റിക്കര്‍ ഒട്ടിച്ച ബേക്കറി ഉടമയ്ക്കു നേരെ ഭീഷണി: നാല് ഹിന്ദു ഐക്യവേദിക്കാര്‍ അറസ്റ്റില്‍
backup
January 02 2021 | 04:01 AM
നെടുമ്പാശ്ശേരി: ഹലാല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കരുതെന്നും ഇതു സംബന്ധിച്ച ബോര്‍ഡ് ഉടന്‍ കടയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കടയുടമയ്ക്കു കത്തു നല്‍കിയ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ ചെങ്ങമനാട് പൊലിസ് അറസ്റ്റ് ചെയ്തു. പാറക്കടവ് സ്വദേശികളായ വട്ടപ്പറമ്പ് പിന്താളി വീട്ടില്‍ സുജയ് സുബ്രഹ്മണ്യന്‍ (39), കരിപ്പാലത്തില്‍ വയേമലി വീട്ടില്‍ അരുണ്‍ അരവിന്ദ് (30), കേഴിശേരിക്കര പീറ്റമുള്ളി വീട്ടില്‍ ധനേഷ് പ്രഭാകരന്‍ (38), പൂനിലാവ് പറമ്പ് ലെനിന്‍ അയ്യപ്പന്‍ (38) എന്നിവരാണ് അറസ്റ്റിലായത്.
കുറുമശേരിയില്‍ ഈയിടെ പ്രവര്‍ത്തനമാരംഭിച്ച മോഡി ബേക്കറിയില്‍ 'ഹലാല്‍ ഉല്‍പന്നങ്ങള്‍' എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത് ഉടനടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി സ്ഥാപന ഉടമയ്ക്ക് നോട്ടിസ് നല്‍കിയത്. അല്ലാത്തപക്ഷം ശക്തമായ സമരമാരംഭിക്കുമെന്നും ബഹിഷ്‌കരണമുള്‍പ്പെടെയുള നടപടികളുണ്ടാകുമെന്നും ഹിന്ദു ഐക്യവേദി പഞ്ചായത്ത് കമ്മിറ്റിയുടെ ലെറ്റര്‍ ഹെഡില്‍ നല്‍കിയ നോട്ടിസില്‍ പറയുന്നു. പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഒപ്പും രേഖപ്പെടുത്തിയിരുന്നു.
സ്ഥാപനത്തില്‍ ഹലാല്‍ എന്ന സ്റ്റിക്കര്‍ പതിപ്പിക്കുകയും അതുവഴി ഹലാല്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാണെന്ന സന്ദേശം ജനങ്ങള്‍ക്കു നല്‍കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഏതെങ്കിലും മതത്തിന്റെ പേരിലുള്ള ഭക്ഷണത്തിലെ വേര്‍തിരിവ് അയിത്താചരണവും കുറ്റകരവുമാണെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. നോട്ടിസ് കൈപ്പറ്റി ഏഴു ദിവസത്തിനകം ഹലാല്‍ സ്റ്റിക്കര്‍ നീക്കം ചെയ്യണമെന്നായിരുന്നു ഭീഷണി.
അറസ്റ്റിലായവര്‍ നേരിട്ടെത്തിയാണ് നോട്ടിസ് കൈമാറിയത്. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് പൊലിസ് നടപടിയുമായി രംഗത്തെത്തിയത്. കടയുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ക്കെതിരേ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി ഐ.പി.സി 153 വകുപ്പ് പ്രകാരമാണ് പൊലിസ് കേസെടുത്തത്. അറസ്റ്റിലായ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചതായി എസ്.എച്ച്.ഒ ടി.കെ ജോസ് പറഞ്ഞു. എന്നാല്‍ സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ ലളിതമായ വകുപ്പ് ചാര്‍ത്തിയാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."