കേസിന് സിവില്‍ സ്വഭാവമെന്ന് ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട്; റിപ്പോര്‍ട്ട് അംഗീകരിക്കാതെ വാദം കേള്‍ക്കാന്‍ കേസ് അഞ്ചിലേക്ക് മാറ്റി
നിലമ്പൂര്‍; കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി അന്‍വര്‍ എം.എല്‍.എ പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയ കേസ് സിവില്‍ സ്വഭാവമുള്ളതെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. വിക്രമന്‍ മഞ്ചേരി ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പി.വി അന്‍വര്‍ എം.എല്‍.എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി നേരത്തെ കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയാണ് കേസ് സിവില്‍ സ്വഭാവമുള്ളതെന്ന് കാണിച്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിശദമായ വാദം കേള്‍ക്കാതെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരന്‍ നടുത്തൊടി സലീമിന്റെ അഭിഭാഷകന്റെ വാദത്തെ തുടര്‍ന്ന് വിശദവാദം കേള്‍ക്കാന്‍ കോടതി കേസ് ജനുവരി അഞ്ചിലേക്കു മാറ്റി. നേരത്തെ മഞ്ചേരി പൊലിസ് അന്വേഷിച്ച് സിവില്‍ സ്വഭാവമുള്ളതെന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയാണ് ഹൈക്കോടതി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. തന്റെ വാദം കേള്‍ക്കാതെയാണ് ഉത്തരവെന്ന് വ്യക്തമാക്കി പി.വി അന്‍വര്‍ എം.എല്‍.എ പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചെങ്കിലും എം.എല്‍.എയുടെ ഹരജി തള്ളിയ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണം തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ സിവില്‍ സ്വഭാവമുള്ളതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കേസ് അട്ടിമറിക്കാനാണെന്നാണ് സലീമിന്റെ അഭിഭാഷകന്‍ വാദം ഉയര്‍ത്തിയത്. ഇതോടെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അംഗീകരിക്കാതെ കോടതി വിശദമായ വാദം കേള്‍ക്കലിനായി മാറ്റിവയ്ക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യാതെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരന്‍ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്താടി സലീം സമര്‍പ്പിച്ച ഹരജിയിലാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കിയത്. കൊവിഡായതിനാല്‍ കര്‍ണാടകയില്‍ പോവാന്‍ നിയന്ത്രണമുണ്ടെന്നും അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഇനിയും കൂടുതല്‍ സമയം വേണമെന്നും കാണിച്ചുള്ള റിപ്പോര്‍ട്ട് ആദ്യം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇത് തള്ളിയ കോടതി സമ്പൂര്‍ണ ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കോടതി കര്‍ശന നിലപാടെടുത്തതോടെ പ്രഥമദൃഷ്ട്യാ അന്‍വര്‍ വഞ്ചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
മംഗളൂരു ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി.വി അന്‍വര്‍ പ്രവാസി എന്‍ജിനിയര്‍ നടുത്തൊടി സലീമില്‍നിന്ന് 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയതെന്നാണ് പരാതി.
രണ്ടാഴ്ച മുമ്പ് വഞ്ചന നടന്നതായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ അന്വേഷണ സംഘം തന്നെയാണ് കേസ് സിവില്‍ സ്വഭാവമാണെന്ന അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മറ്റൊരാളുടെ വസ്തുകാണിച്ച് വഞ്ചന നടത്തി പണം തട്ടിയെടുത്ത എം.എല്‍.എയെ അറസ്റ്റില്‍ നിന്നൊഴിവാക്കി രക്ഷിക്കാനുള്ള ഒത്തുകളിയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടെന്നും കോടതി റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും ഹൈക്കോടതി തള്ളിയ വാദം ഉയര്‍ത്തി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ക്രൈംബ്രാഞ്ചിനെതിരേ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരനായ നടുത്തൊടി സലീം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."