കോണ്‍ഗ്രസിനെ ഇനി ആരു നയിക്കും?
കണ്ടമാനം ആദര്‍ശമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവായിരുന്നു എം.എ ജോണ്‍. ആദര്‍ശരോഗം കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് അത്ര ഇഷ്ടമുള്ള കാര്യമൊന്നുമല്ല. അതുകൊണ്ടു തന്നെ ഈ അസുഖം പിടിപെടുന്നവരെ ക്വാറന്റൈനിലാക്കലാണ് പാര്‍ട്ടി രീതി. ഒരുകാലത്ത് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതൃനിരകളില്‍ തിളങ്ങിനിന്ന അദ്ദേഹം ഈ അസുഖബാധയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കാര്യമായി ഒന്നുമാവാതെ പോയി. എങ്കിലും അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായിക്കാണാന്‍ കോണ്‍ഗ്രസിലെ കുറച്ചുപേര്‍ ആഗ്രഹിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അദ്ദേഹം തന്നെയായിരുന്നെന്ന് ചില കോണ്‍ഗ്രസുകാര്‍ പറയുന്നതു കേട്ടിട്ടുണ്ട്. ആ ആഗ്രഹത്തിന്റെ പ്രതിഫലനമെന്നോണം 1970കളില്‍ സംസ്ഥാനത്തെ ചിലയിടങ്ങളില്‍ 'എം.എ ജോണ്‍ നമ്മെ നയിക്കും' എന്ന ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ടൊന്നും കാര്യം നടന്നില്ല. അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവി ആഗ്രഹമായി തന്നെ തുടര്‍ന്നു.
പിന്നീട് ജോണ്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പരിവര്‍ത്തനവാദി കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടിയുണ്ടാക്കി കുറച്ചുകാലം അതുമായി നടന്നു. മോഹഭംഗം സംഭവിക്കുമ്പോഴാണല്ലോ ഏതു പാര്‍ട്ടിയിലും പരിവര്‍ത്തനവാദവും തിരുത്തല്‍വാദവും സേവ് ഫോറങ്ങളുമൊക്കെ ഉണ്ടാകുന്നത്. കോണ്‍ഗ്രസുകാര്‍ പൊതുവെ പരിവര്‍ത്തനത്തില്‍ അത്രയൊന്നും താല്‍പര്യമില്ലാത്തവരാണ്. അതുകൊണ്ട് ജോണിനൊപ്പം നില്‍ക്കാന്‍ അധികമാരെയും കിട്ടിയില്ല. ആ പരീക്ഷണം ഫലംകാണാതെ വന്നപ്പോള്‍ അദ്ദേഹം അധികം വൈകാതെ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. അക്കാലത്തും മുകളില്‍ പറഞ്ഞ മുദ്രാവാക്യം ചുമരുകളില്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ടും കാര്യമുണ്ടായില്ല.
കുറച്ചുകാലം കഴിഞ്ഞ് കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഡി.ഐ.സി(കെ) രൂപംകൊണ്ടപ്പോള്‍ ജോണ്‍ അതിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി. ആ കാലയളവിലും പലയിടത്തും പ്രത്യക്ഷപ്പെട്ടു അതേ മുദ്രാവാക്യം. അതിനും ഫലമുണ്ടായില്ല. പിന്നീട് അദ്ദേഹം ആ പാര്‍ട്ടിയില്‍ നിന്നും പിണങ്ങി ബ്രാക്കറ്റില്‍ 'ഇടത്' എന്നു ചേര്‍ത്ത് മറ്റൊരു ഡി.ഐ.സിയുണ്ടാക്കി. ജോണ്‍ നയിക്കുമെന്ന മുദ്രാവാക്യങ്ങള്‍ ചുമരുകളില്‍ പ്രത്യക്ഷപ്പെട്ടതിന്റെ തൊട്ടുമുമ്പുള്ള ദിനങ്ങളില്‍ അദ്ദേഹത്തെ ആ പരിസരത്തൊക്കെ കണ്ടിരുന്നെന്ന് കോണ്‍ഗ്രസിലെ ചില അസൂയാലുക്കള്‍ പറയാറുണ്ടായിരുന്നു. അവരങ്ങനെ പലതും പറയും. നമ്മളതു കാര്യമാക്കേണ്ട.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് ഇങ്ങനെ പാര്‍ട്ടിയെ നയിക്കാന്‍ കോണ്‍ഗ്രസുകാര്‍ ചുമരുകളിലും ബോര്‍ഡുകളിലുമൊക്കെയായി ഓരോ നേതാക്കളെ കണ്ടെത്താന്‍ തുടങ്ങിയിട്ടുണ്ട്. കെ. മുരളീധരന്‍, കെ. സുധാകരന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെയൊക്കെ ഇങ്ങനെ അവര്‍ നിര്‍ദേശിക്കുന്നുണ്ട്. അതുകൊണ്ടും തീരുമെന്നു തോന്നുന്നില്ല. വേറെയുമുണ്ടല്ലോ ധീരന്‍മാരും വീരന്‍മാരും വീരസുധീരന്‍മാരുമൊക്കെയായ നേതാക്കള്‍. വോട്ടിനും കാശിനുമൊക്കെ ഇപ്പോള്‍ ഇത്തിരി പഞ്ഞമുണ്ടെങ്കിലും നേതാക്കളാല്‍ സമ്പന്നമാണ് കോണ്‍ഗ്രസ്. അക്കാര്യത്തില്‍ മറ്റൊരു പാര്‍ട്ടിയും അവരുടെ അടുത്തൊന്നുമെത്തില്ല.
പറഞ്ഞിട്ടെന്തു കാര്യം ആരുണ്ടായിട്ടും കാര്യമായ പ്രയോജനമില്ല. പാര്‍ട്ടിയില്‍ ജനാധിപത്യം ഒരുപാട് കൂടിയതു തന്നെ പ്രധാന കാരണം. ജനാധിപത്യം പരിപൂര്‍ണ വികാസം പ്രാപിച്ചുകഴിഞ്ഞാല്‍ പിന്നെ തെരഞ്ഞെടുപ്പിന്റെയൊന്നും ആവശ്യമില്ലല്ലോ. അതുകൊണ്ട് സംഘടനാ തെരഞ്ഞെടുപ്പെന്ന ഏര്‍പ്പാട് നിര്‍ത്തിയിട്ട് കാലമേറെയായി. കാല്‍ നൂറ്റാണ്ടു മുമ്പ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വയലാര്‍ രവി മത്സരിച്ചു ജയിച്ചു കുറച്ചുകാലം ആ പദവിയിലിരുന്നതിനുശേഷം ഇതുവരെ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റിന് സിന്ദാബാദ് വിളിക്കാനുള്ള ഭാഗ്യം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയിട്ടില്ല. അതുകൊണ്ട് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഫലമായുണ്ടാകുന്ന ചലനങ്ങളൊക്കെ പാര്‍ട്ടിയില്‍ നിലച്ചിട്ട് കാലമേറെയായി. ഒരുകണക്കിന് അതു നാടിനും നല്ലതാണ്. കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് നാട്ടില്‍ വലിയൊരു ക്രമസമാധാന പ്രശ്‌നമാകുമെന്നുറപ്പാണ്. അതു നടക്കാത്തതിനാല്‍ അടികൊണ്ട് കുപ്പായം കീറി മുണ്ടഴിഞ്ഞ് അടിവസ്ത്രം മാത്രമുടുത്തു നില്‍ക്കുന്ന നേതാക്കളെ കുറച്ചുകാലമായി നാട്ടുകാര്‍ക്ക് ടി.വിയില്‍ കാണേണ്ടിവരാറില്ല.
പിന്നെ ഇടയ്ക്ക് യോഗം ചേരുന്നതുപോലുള്ള സംഘടനാ പ്രവര്‍ത്തനങ്ങളൊന്നും കാര്യമായി നടക്കുന്നുമില്ല. അതു നടക്കണമെങ്കില്‍ ഏതെങ്കിലും തെരഞ്ഞെടുപ്പ് വരണം. അങ്ങനെയെല്ലാം വീര്യവും ഉണര്‍വും നഷ്ടപ്പെട്ടുകിടക്കുന്നൊരു പാര്‍ട്ടിയെ രക്ഷിക്കാനുള്ള നേതാവിനു വേണ്ടിയാണ് ചുമരുകളില്‍ പോസ്റ്റര്‍ നിറയുന്നത്. അവസ്ഥ ഇങ്ങനെയാണെങ്കിലും ഏതെങ്കിലുമൊരു നേതാവ് നയിക്കാനെത്തിയാല്‍ പാര്‍ട്ടി രക്ഷപ്പെടുമെന്ന് കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നെങ്കില്‍ വിശ്വസിച്ചോട്ടെ. സി. അച്യുതമേനോനെയും എം.എന്‍ ഗോവിന്ദന്‍ നായരെയും പോലുള്ള പ്രഗത്ഭരായ നേതാക്കളുണ്ടായിരുന്നതുകൊണ്ട് സി.പി.ഐ കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി വളര്‍ന്നു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത് നമ്മളൊക്കെ കാണുന്നുണ്ടല്ലോ.
കാവിപ്രഭയുള്ള
മനോഹര സ്വപ്നങ്ങള്‍
എല്ലാ രാഷ്ട്രീയക്കാരും സ്വപ്നങ്ങള്‍ കാണാറുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും നന്നായി സ്വപ്നം കാണുന്നവരാണ് ബി.ജെ.പിക്കാര്‍. മറ്റു പല സംസ്ഥാനങ്ങളെയും പോലെ കേരളം ഭരിക്കുന്നത് സംഘ്പരിവാറാണെന്ന് അവര്‍ ഇടക്കിടെ സ്വപ്നം കാണാറുണ്ട്. അതുകൊണ്ടാണ് ചിലയിടങ്ങളില്‍ ഹലാല്‍ സ്റ്റിക്കറൊട്ടിച്ച ഭക്ഷ്യവസ്തുക്കളുടെ വില്‍പന തടയാനും ഹോട്ടലുകളില്‍ ബീഫ് വില്‍പന തടയാനും എവിടെയെങ്കിലും ലൗ ജിഹാദ് നടക്കുന്നുണ്ടോ എന്ന് പരതിനടക്കാനുമൊക്കെ അവര്‍ ഇറങ്ങിത്തിരിക്കുന്നത്. അതിന് അവരെ മാത്രം കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ചില സര്‍ക്കാര്‍ നടപടികള്‍ കാണുമ്പോള്‍ കേരളത്തിലുള്ളത് യോഗി ആദിത്യനാഥ് മോഡല്‍ ഭരണമാണോ എന്ന സംശയം തോന്നാറുണ്ടെന്ന് മറ്റുചിലരും പറയുന്നതു കേട്ടിട്ടുണ്ട്. പിന്നെ ബി.ജെ.പിക്കാര്‍ക്ക് അങ്ങനെ തോന്നുന്നത് അത്ര വലിയ കുറ്റമൊന്നുമല്ലല്ലോ.
സാധാരണ ബി.ജെ.പി നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി ഇത്തിരി വായനയൊക്കെയുള്ളയാളാണ് ഒ. രാജഗോപാല്‍. അദ്ദേഹം നല്ലൊരു സാഹിത്യാസ്വാദകനാണെന്ന് സാക്ഷാല്‍ ഒ.വി വിജയന്‍ തന്നെ ഒരിക്കല്‍ എഴുതിയിട്ടുണ്ട്. അങ്ങനെയുള്ളവര്‍ കുറച്ചധികം സ്വപ്നം കാണും. അതുകൊണ്ടു തന്നെ കേരളത്തില്‍ സംഘ്പരിവാര്‍ ഭരണമാണെന്ന് അദ്ദേഹത്തിനും ഇടയ്‌ക്കൊക്കെ തോന്നറുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഒറ്റക്കെട്ടായി പ്രമേയം പാസാക്കാന്‍ കേരള നിയമസഭയുടെ പ്രത്യേകം സമ്മേളനം കഴിഞ്ഞദിവസം ചേര്‍ന്നപ്പോള്‍ സംഭവിച്ചത് അതാണ്. ബി.ജെ.പിയുടെ അംഗമായി രാജഗോപാല്‍ സഭയിലിരിക്കുമ്പോള്‍ പ്രമേയം ഒറ്റക്കെട്ടായി പാസാക്കാനാവുമോ എന്ന് പലരും സംശയിച്ചിരുന്നു. എന്നാല്‍ ആ സംശയങ്ങളൊക്കെ അടിസ്ഥാനരഹിതമണെന്ന് തെളിയിച്ചുകൊണ്ട് രാജഗോപാല്‍ അത് ഒറ്റക്കെട്ടാക്കിക്കൊടുത്തു. സ്വന്തം പാര്‍ട്ടിയുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് കുറച്ചുസമയം തോന്നിപ്പോയതിനാല്‍ അദ്ദേഹം പ്രമേയത്തെ എതിര്‍ത്തില്ല. കരുത്തനായ നരേന്ദ്രമോദിജിയുടെ ഭരണത്തിനെതിരേ നില്‍ക്കാന്‍ രാജഗോപാല്‍ജിക്കല്ലാതെ ബി.ജെ.പിയുടെ വേറെ ഏതു എം.എല്‍.എജിക്കാണ് സാധിക്കുക. അതുകൊണ്ട് ബി.ജെപിക്കാര്‍ ഇഷ്ടംപോലെ സ്വപ്നം കണ്ടോട്ടെ. മഹാഭാഗ്യത്തിന് മോദിജി സ്വപ്നത്തിന് ജി.എസ്.ടി ഏര്‍പ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."