കടല്‍ കവര്‍ന്നവരെ കാത്ത്
''ഹലോ, ഹലോ.. കേള്‍ക്കുന്നുണ്ടോ?
അതെ, ഞങ്ങള്‍ സുരക്ഷിതരാണ്. കടല്‍ ശാന്തമാണ്.
കാലാവസ്ഥ അനുകൂലമാണ്. ഹലോ... ഇല്ല, യാതൊരു പ്രശ്‌നവുമില്ല.
എല്ലാം സുരക്ഷിതം. കടലും ആകാശവും ശാന്തമാണ്. യാത്ര സുരക്ഷിതമാണ്''
അറബിക്കടലിന്റെ ഓളങ്ങള്‍ ചേര്‍ന്ന് പന്ത്രണ്ടാം വയസ് വരെ അവള്‍ നമുക്കൊപ്പം ചേര്‍ന്നിരുന്നു. നീറ്റിലിറങ്ങി നീന്തിപ്പഠിച്ച ബാല്യത്തില്‍ പൊന്നുംവില കൊടുത്ത് കേരളം സ്വന്തമാക്കിയ 'എം.വി കൈരളി' 1979 ജൂണ്‍ 30ന് മര്‍മഗോവയില്‍നിന്ന് 20,538 ടണ്‍ ഇരുമ്പയിരുമായി അലറിത്തല്ലുന്ന കടലിനെയും ചൂളംവിളിക്കുന്ന കാറ്റിനെയും മറികടന്ന് കിഴക്കന്‍ ജര്‍മനിയിലെ റോസ്‌റ്റോക്കിലേക്കുള്ള യാത്ര ആരംഭിക്കുന്നു. ജൂലൈ മൂന്ന് രാത്രി എട്ടുമണിവരെ അവസാനമായി ലഭിച്ച റേഡിയോ സന്ദേശമാണ് ഇവ. പിന്നീട് ഇന്നുവരെ ഒരു ശബ്ദസന്ദേശവും ആ നൗകയില്‍ നിന്ന് ഉയര്‍ന്നിട്ടില്ല. ഉപ്പുകാറ്റടിച്ച് നീറുന്ന ആ ഓര്‍മകള്‍ക്ക് 41 വര്‍ഷം പൂര്‍ത്തിയാകുന്നു. ശേഷിപ്പുകളില്ലാതെ സാഗരത്തില്‍ മറഞ്ഞുപോയ ഒരു യാനത്തിന്റെ പിറന്നാള്‍ വര്‍ഷം ഓര്‍മകളില്‍പോലും ആനന്ദമാവില്ല; അവളുടെ ചരമവാര്‍ഷികദിനത്തിന് അഞ്ജലികളുമുണ്ടാവില്ല.
തിരോധാനത്തില്‍പ്പെട്ടവരുടെ ബന്ധുക്കളില്‍ പലരും ഇതിനെക്കുറിച്ച് സംസാരിക്കാന്‍ തയാറായപ്പോള്‍, മറ്റുചിലര്‍ ഇന്നും ആ വേദനയില്‍ നിന്ന് കരകയറിയിട്ടില്ല. ആഴിയുടെ ആഴങ്ങളില്‍ ഇതുവരെ തിരിച്ചറിയാത്ത നിഗൂഢ രഹസ്യങ്ങള്‍ പോലെ 'കൈരളി' മാറിയിരിക്കുന്നു.
''ഞങ്ങള്‍ക്ക് മൂന്നും നാലും വയസുള്ളപ്പോഴായിരുന്നു ഉപ്പയെ നഷ്ടമായത്. അന്വേഷണവും മറ്റും നടത്താന്‍ കുടുംബത്തില്‍ ആരും ഉണ്ടായിരുന്നില്ല. ആരോട് എന്ത് അന്വേഷിക്കണമെന്ന് പോലും അറിയില്ലായിരുന്നു. കണ്ടും സ്‌നേഹിച്ചും ലാളിച്ചും കൊതിയടങ്ങും മുന്‍പേ ഞങ്ങളുടെ അരികില്‍ നിന്ന് ഉപ്പ മാഞ്ഞു. കൈരളിയിലെ ആദ്യയാത്രയില്‍തന്നെ ഉപ്പയെ ഞങ്ങള്‍ക്ക് നഷ്ടമാവുകയായിരുന്നു. ഇന്നോ നാളെയോ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയോടെയാണ് ഞങ്ങള്‍ ജീവിക്കുന്നത്''. കേരളം ആദ്യമായും അവസാനമായും സ്വന്തമാക്കി ദുരൂഹ സാഹചര്യത്തില്‍ കാണാതായ 'എം.വി കൈരളി'യെന്ന ചരക്ക് കപ്പലിലെ ജീവനക്കാരനായ കാസര്‍കോട്ട് സ്വദേശി അബ്ദുല്ല പുതിയൊറ്റയുടെ മകള്‍ അനീസയുടെ വാക്കുകളില്‍ പ്രതീക്ഷകള്‍ ഇന്നും ചോര്‍ന്നുപോയിട്ടില്ലെന്ന് വ്യക്തം. പടിഞ്ഞാറേ തീരത്ത് അലയടിക്കുന്ന വിശാലസമുദ്രം കണ്ടുകൊതിച്ച് 1976ല്‍ ഓസ്‌ലോയിലെ ഒലേ ഷ്രോഡറില്‍നിന്ന് 'സാഗസോഡ്' എന്ന കപ്പല്‍ കൊടിയും നിറവും മാറ്റി എം.വി കൈരളിയായി മാറുകയും അധികം വൈകാതെ ഓളങ്ങളില്‍ നിന്ന് അപ്രത്യക്ഷമായതുമെല്ലാം ഒരു ത്രില്ലര്‍ സിനിമക്കുള്ള സാധ്യതകളുണ്ട്.
എം.വി കൈരളി;
കടലാഴത്തില്‍ മുങ്ങിയ
ദുരൂഹത
ഏറെ ചര്‍ച്ചകള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവിലാണ് കേരളം ആദ്യമായി ഒരു കപ്പല്‍ സ്വന്തമാക്കിയത്. നോര്‍വെയിലെ തുറമുഖനഗരമായ ഹോര്‍ട്ടനിലെ മറൈനന്‍സ് ഹോവ്‌ഡ്വെഫ്ത്ത് (Marinens Hovedvertf) യാര്‍ഡില്‍ നിര്‍മിച്ച സാഗ സോഡ് ( Saga sword ) ആണ് പിന്നീട് കൈരളിയായത്. 1967ല്‍ കപ്പല്‍ നീറ്റിലിറങ്ങി. 1975ല്‍ കപ്പല്‍ ഓസ്‌ലോയിലെ ഒലേ ഷ്രോഡര്‍ കമ്പനിക്ക് വിറ്റു. ഓസ്‌കോസോഡ് (Oscosword) എന്നുപേരിട്ട ഈ കപ്പല്‍ 1976 ഫെബ്രുവരി 14 ന് കേരള സ്‌റ്റേറ്റ് ഷിപ്പിങ് കോര്‍പറേഷന്‍ 5.81 കോടി രൂപക്ക് വാങ്ങി. കൊടിയും നിറവും മാറ്റി കപ്പലിന് എം.വി. കൈരളിയെന്ന് പേരിട്ടു. 1976 മുതല്‍ 1979 വരെ ചരക്കുകളുമായി കൈരളി രാജ്യങ്ങളില്‍നിന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചു. 1979 ജൂണ്‍ 30ന് മര്‍മഗോവയില്‍നിന്ന് പുറപ്പെട്ട കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ക്യാപ്റ്റനും എറണാകുളം സ്വദേശി അബി മത്തായി ചീഫ് എന്‍ജിനീയറും മലപ്പുറം സ്വദേശി ബേബി സെബാസ്റ്റിയന്‍ റേഡിയോ ഓഫിസറുമായ കപ്പലില്‍ 23 മലയാളികളുള്‍പ്പെടെ 51 പേരുണ്ടായിരുന്നു. കപ്പല്‍ പുറപ്പെടുന്നതിനു മുന്‍പ് ഒരു ദുഃസൂചന എന്നോണം ജീവനക്കാരില്‍ രണ്ടുപേര്‍ കപ്പലില്‍ നിന്ന് കടലില്‍ വീണിരുന്നു. എങ്കിലും, അവരെ രക്ഷപ്പെടുത്തി. പക്ഷേ, വിധി അവര്‍ക്കായി മറ്റൊരു വേഷത്തില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു, അതേ കപ്പലില്‍.
[caption id="attachment_918747" align="aligncenter" width="630"] കാണാതായ എം.വി കൈരളി കപ്പല്‍[/caption]അറിഞ്ഞതേയില്ല,
കാര്യങ്ങള്‍ കൈവിട്ടിട്ടും
റേഡിയോ സന്ദേശങ്ങളിലൂടെ കരയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു കൈരളി. ജൂലൈ മൂന്ന് രാത്രി എട്ടുമണിക്കുശേഷം കപ്പലില്‍ നിന്നുള്ള സന്ദേശങ്ങളൊന്നും ലഭിക്കാതായി. എന്‍ജിന്‍ മുറിയില്‍ ഒരു ബോയ്‌ലര്‍ ഫീഡ് പൈപ്പ് പൊട്ടിപ്പോയെന്നും താല്‍ക്കാലികമായി റിപ്പയര്‍ ചെയ്‌തെന്നുമാണ് അവസാന സന്ദേശങ്ങളിലൊന്ന്. മര്‍മഗോവയില്‍നിന്ന് 500 മൈല്‍ അകലെ അറബിക്കടലില്‍ 18 ഡിഗ്രി അക്ഷാംശത്തിലും 84 ഡിഗ്രി രേഖാംശത്തിലുമായിരുന്നു അപ്പോള്‍ കപ്പല്‍. മണ്‍സൂണ്‍ കാലമായതിനാല്‍ കടല്‍ പതിവിലേറെ പ്രക്ഷുബ്ധമായിരുന്നു. ജൂലൈ 11ന് ആഫ്രിക്കന്‍ തീരത്തെ ജിബൂത്തിയിലെ ഷിപ്പിങ് ഏജന്റായ മിറ്റ്‌കോസ്, കപ്പല്‍ അവിടെയെത്തിയില്ലെന്ന് അറിയിക്കുന്നു. നിശ്ചയിച്ചപ്രകാരം ജൂലൈ എട്ടിന് ഇന്ധനം നിറക്കാന്‍ കപ്പല്‍ ജിബൂത്തിയിലെത്തേണ്ടതായിരുന്നു. അകത്തളങ്ങളില്‍ നീറിത്തുടങ്ങിയ നീറ്റലുകളൊന്നും പുറംലോകമറിഞ്ഞില്ല; കാര്യം മണത്തറിഞ്ഞ മലയാളപത്രങ്ങള്‍ വാര്‍ത്ത പുറത്തുവിടുന്നതുവരെ. ജൂലൈ 15ലെ പത്രങ്ങള്‍ കൈരളിക്കുവേണ്ടി അച്ചുനിരത്തി. 'കൈരളിയെ കാണാനില്ല'. പിന്നീട് കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു. ഓരോ ദിവസവും തിരോധാന വാര്‍ത്തകള്‍ പത്രങ്ങളുടെ മുഖപേജില്‍ നിറഞ്ഞുതുടങ്ങി. ഒപ്പം കപ്പലിലെ ജീവനക്കാരുടെ കുടുംബങ്ങളിലും ആശങ്കകള്‍ കാര്‍മേഘങ്ങള്‍ പോലെ ഉരുണ്ടുകൂടി.
അന്വേഷണങ്ങളുടെയും ജീവനക്കാരുടെ ബന്ധുക്കളുടെ തേങ്ങലുകളുടെയും പ്രവാഹമായി പിന്നെ. കൊച്ചിയിലെ ഷിപ്പിങ് കോര്‍പ്പറേഷന്‍ ആസ്ഥാനത്തിന് ഇങ്ങനെ മറുപടി നല്‍കാനേ ആയുള്ളൂ. ''രണ്ട് സൂപ്പര്‍സോണിക്ക് വിമാനങ്ങളും നാല് കപ്പലുകളും രണ്ട് ഇന്ത്യന്‍ യുദ്ധക്കപ്പലുകളും തിരച്ചില്‍ നടത്തുന്നുണ്ട്, കൂടുതലൊന്നുമറിയില്ല''. ദിവസങ്ങളോളം തിരഞ്ഞിട്ടും കപ്പലിനെയോ അവശിഷ്ടങ്ങളോ കണ്ടെത്താനായില്ല. കിട്ടിയത്, സൊക്കോത്ര ദ്വീപിനടുത്തുകൂടി കൈരളിയെപ്പോലൊരു കപ്പല്‍ നീങ്ങുന്നതുകണ്ടു, ബന്ധപ്പെടാനായില്ല എന്ന വിവരം മാത്രമായിരുന്നു. ഇതോടെ അറബിക്കടലിന്റെ തീരത്ത് പ്രതിഷേധം തിരതല്ലി. ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് വിശദീകരണങ്ങള്‍ നല്‍കാനാവാതെ ഷിപ്പിങ് കോര്‍പ്പറേഷന്‍ നട്ടംതിരിഞ്ഞു. കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്ക് ബന്ധുക്കള്‍ കടന്നുകയറി ബഹളമായി. എം.ഡിയെ കൈയേറ്റം ചെയ്യാന്‍വരെ ശ്രമമുണ്ടായി. കപ്പല്‍ കാണാതായ സൂചന ലഭിച്ചിട്ടും ദിവസങ്ങള്‍ കഴിഞ്ഞശേഷമാണ് അന്വേഷണം നടത്താന്‍ തയാറായതെന്ന പരാതികളും ഉയര്‍ന്നുവന്നു. കപ്പലിലെ ജീവനക്കാരനായ ത്യാഗരാജന്‍ തന്റെ എല്ലായാത്രയിലും സഹോദരി മുത്തുലക്ഷ്മിക്ക് ഒരു ഗ്രീറ്റിങ് കാര്‍ഡ് അയക്കാറുണ്ടായിരുന്നു. 1979 ജൂലൈ മൂന്നു മുതല്‍ കപ്പല്‍ കാണാതാകുന്നു. പക്ഷേ, ജൂലൈ അവസാനം അയച്ച ഫ്രം അഡ്രസില്ലാത്ത അതുപോലൊരു ഗ്രീറ്റിങ് കാര്‍ഡ് തനിക്ക് ലഭിച്ചുവെന്ന് മുത്തുലക്ഷ്മി സാക്ഷ്യപ്പെടുത്തുന്നു. ഇതിനെക്കുറിച്ചും അന്വേഷണം നടന്നില്ല.
അവശിഷ്ടം പോലുമില്ലാത്ത അന്വേഷണം
സംഭവം ലോകം മുഴുവന്‍ അറിഞ്ഞതോടെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കാന്‍ കോര്‍പ്പറേഷന്‍ തയാറായി. കൊച്ചിയിലെ മര്‍ക്കന്റയില്‍ മറൈന്‍ ഡിപ്പാര്‍ട്‌മെന്റിലെ സര്‍വേയര്‍ ഇന്‍ ചാര്‍ജ് കെ.ആര്‍ ലക്ഷ്മണ അയ്യരേയും ജീവനക്കാരന്റെ ബന്ധുവായ പ്രൊഫ. ബാബു ജോസഫിനെയും അന്വേഷണത്തിന് നിയോഗിച്ചു. രണ്ട് നിഗമനങ്ങളിലാണ് ഇവരെത്തിയത്. ഒന്ന്, പ്രതികൂല കാലാവസ്ഥയില്‍ 100 അടി ഉയരത്തില്‍ തിരമാലകളടിച്ചപ്പോള്‍ ചരക്കുകള്‍ക്ക് സ്ഥാനചലനം സംഭവിച്ച് കപ്പല്‍ തകര്‍ന്ന് മുങ്ങിയിരിക്കാം. രണ്ടാമത്തെ സാധ്യത, കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത് ജീവനക്കാരെ ജനവാസമില്ലാത്ത ദ്വീപില്‍ത്തള്ളി കപ്പല്‍ സുരക്ഷിതമായിടത്തേക്ക് കൊണ്ടുപോയി. സന്ദേശങ്ങള്‍ കിട്ടാതായപ്പോള്‍ത്തന്നെ കപ്പലിനെക്കുറിച്ച് അന്വേഷിക്കാതിരുന്നതിന് കോര്‍പ്പറേഷനെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുകയും ചെയ്തു. ജൂലൈ നാല്, അഞ്ച്, ആറ് തീയതികളില്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തുനിന്ന് കപ്പലിലേക്ക് സന്ദേശങ്ങള്‍ പോയിട്ടുണ്ടെങ്കിലും സ്വീകരിച്ചുകാണുന്നില്ല. ജിബൂത്തിയിലെത്തിയില്ലെന്ന് ജൂലൈ 11ന് ഷിപ്പിങ് ഏജന്റ് അറിയിക്കുകയും ചെയ്തു. എന്നിട്ടും ദിവസങ്ങള്‍ കഴിഞ്ഞാണ് അന്വേഷണം തുടങ്ങിയതെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
എം.ഡിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വി. വാസുദേവന്‍ നായരടക്കം കോര്‍പ്പറേഷനിലുള്ളവരൊന്നും കടല്‍യാത്രകളെയും കപ്പലുകളെയും കുറിച്ച് അറിവുള്ളവരായിരുന്നില്ല. കപ്പലിലെ റഡാര്‍ കേടാണെന്നും യാത്ര മാറ്റിവയ്ക്കണമെന്നും ക്യാപ്റ്റന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോര്‍പ്പറേഷന്‍ ലെയ്‌സണ്‍ ഓഫിസര്‍ കെ. സദാശിവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ജൂണ്‍ 30നു തന്നെ യാത്ര പുറപ്പെടുകയായിരുന്നു- റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ച്ചന്റ് ഷിപ്പിങ് ആക്ട് പ്രകാരം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.എന്‍ നാരായണ മേനോനും സംഭവത്തെക്കുറിച്ച് അന്വഷിച്ചു. പ്രതികൂല കാലാവസ്ഥയില്‍ പ്രക്ഷുബ്ധമായ കടലില്‍ കപ്പല്‍ മുങ്ങിപ്പോയിരിക്കാമെന്നാണ് കമ്മീഷനും കണ്ടെത്തിയത്. ജീവനക്കാരുടെ വീഴ്ച മൂലമല്ല കപ്പല്‍ മുങ്ങിയത്. കരയുമായുള്ള ബന്ധം നഷ്ടപ്പെട്ടപ്പോള്‍ സത്വര അന്വേഷണത്തിന് കോര്‍പ്പറേഷന്‍ മുതിര്‍ന്നില്ല. ഉടന്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കില്‍ കപ്പലിന്റെ അവശിഷ്ടം കണ്ടെത്താനും ജീവനോടെ ആരെങ്കിലും ഉണ്ടെങ്കില്‍ രക്ഷപ്പെടുത്താനും കഴിയുമായിരുന്നു- കമ്മീഷന്‍ നിരീക്ഷിച്ചു. കപ്പല്‍ തിരോധാനത്തിന് പിന്നില്‍ വലിയ തട്ടിപ്പുകളും നിഗൂഢതകളും മറഞ്ഞിരിക്കുന്നതായി പലരും അഭിപ്രായപ്പെടുന്നു.
ചോദ്യങ്ങള്‍...
ആക്ഷേപങ്ങള്‍...
കേരളം സ്വന്തമാക്കിയതു മുതല്‍ ആക്ഷേപങ്ങളും കാണാതായപ്പോള്‍ അഭ്യൂഹങ്ങളും കപ്പലിന് പിന്നില്‍ വകഞ്ഞുമാറുന്ന വെള്ളച്ചാല്‍പോലെ കൈരളിയെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. കപ്പല്‍ വാങ്ങുന്നതില്‍ ഭരണരാഷ്ട്രീയ താല്‍പ്പര്യമുണ്ടായിരുന്നു. നോര്‍വീജിയന്‍ കമ്പനിയില്‍ നിന്ന് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കപ്പല്‍ വാങ്ങാന്‍ കമ്മീഷനുകള്‍ കൈമറിഞ്ഞിട്ടുണ്ടാവാം. കപ്പല്‍ വാങ്ങുന്നതിന് സാധ്യതാപഠനം നടത്തിയില്ല. ഷിപ്പിങ് കോര്‍പ്പറേഷനില്‍ കടല്‍യാത്രാരംഗത്തെക്കുറിച്ച് അറിവുള്ളവരെ നിയമിച്ചില്ല. കപ്പലുമായുള്ള വിനിമയബന്ധം അറ്റുപോയാല്‍ 72 മണിക്കൂറിനകം ജീവനക്കാരുടെ ബന്ധുക്കളെ വിവരം അറിയിക്കണമെന്ന മാരിടൈം നിയമം കോര്‍പ്പറേഷന്‍ നടപ്പാക്കിയില്ല. കൈരളി മുങ്ങിയതല്ലെന്നും കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതാണെന്നും തങ്ങളുടെ പ്രിയപ്പെട്ടവര്‍ തിരിച്ചുവരുമെന്നും വിശ്വസിച്ച ബന്ധുക്കളോട് സര്‍ക്കാര്‍ നീതി കാണിച്ചില്ല. വിശദാന്വേഷണം നടത്താനല്ല, നഷ്ടപരിഹാരം നേടിയെടുക്കാനാണ് അധികൃതര്‍ തിടുക്കം കാണിച്ചത്. ഇന്‍ഷുറന്‍സ് തുകയായ 6.40 കോടിരൂപ ഷിപ്പിങ് കോര്‍പ്പറേഷനു ലഭച്ചു.
[caption id="attachment_918749" align="aligncenter" width="630"] കൊച്ചിയിലെ കെ.എസ്.ഐ.എന്‍.സി ആസ്ഥാനം[/caption]ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് പൊതുവായി 37,730 രൂപ വീതം നല്‍കി. കോടതി വിധികള്‍ വഴിയും പലരും കൂടുതല്‍ നഷ്ടപരിഹാരം നേടി. നിര്‍മാതാക്കളുടെ നിര്‍ദേശത്തിനു വിരുദ്ധമായി കൈരളിയിലെ രണ്ടും അഞ്ചും ഹാച്ചുകളില്‍ ചരക്കുകള്‍ കയറ്റിയിരുന്നു. സാധാരണ തൊഴിലാളികളെല്ലാം സാങ്കേതികമായി വൈദഗ്ധ്യം കുറഞ്ഞവരായിരുന്നു. ശാസ്ത്രീയമായല്ല ചരക്ക് കയറ്റിയതെന്നതിനാല്‍ കപ്പലിന്റെ അടിത്തട്ടില്‍ മുടിനാരിഴവിള്ളല്‍ വീണിരിക്കാം. മഴയുള്ള സമയത്തായിരുന്നു ഇരുമ്പയിര് കയറ്റിയത്. 19,000 ടണ്‍ വാഹകശേഷിയുള്ള കപ്പലില്‍ കയറ്റിയത് 20,538 ടണ്‍ ഇരുമ്പയിര്. കപ്പല്‍ തകര്‍ന്നിട്ടുണ്ടെങ്കില്‍ അവശിഷ്ടങ്ങളെവിടെ? വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ലൈഫ്ജാക്കറ്റുകളും ലൈഫ്‌ബോട്ടുകളുമെവിടെ? എണ്ണപ്പാടകളെവിടെ?. 1214 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിച്ച കൈരളി കാണാതായി ദിവസങ്ങള്‍ക്കുശേഷമാണ് അന്വേഷണം നടത്തുന്നത്. അപ്പോഴേക്കും കപ്പലോ അവശിഷ്ടങ്ങളോ എത്രയോ മൈല്‍ അകലെയെത്തിയിരിക്കും- ഈ രംഗത്തെ എന്‍ജിനീയര്‍മാര്‍ അഭിപ്രായപ്പെടുന്നു.
രേഖകളില്ല,
ദുരൂഹതകള്‍ ഏറെ
കൈരളി കാണാതായതിനെക്കുറിച്ച് അന്വേഷണരേഖകളും റിപ്പോര്‍ട്ടുകളും ഇപ്പോള്‍ ലഭ്യമല്ലെന്നാണ് ഔദ്യോഗികഭാഷ്യം. 1974ലെ കേരള ഷിപ്പിങ് കോര്‍പ്പറേഷനും 1975 ലെ കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ലയിച്ച് 1989ല്‍ രൂപവത്കൃതമായ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാണ് ഈ വിവരമറിയിക്കുന്നത്. ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. ഡി.ബി ബിനു 2012ല്‍ വിവരാവകാശനിയമപ്രകാരം സമര്‍പ്പിച്ച ഹരജിയിലാണ് കോര്‍പ്പറേഷന്റെ മറുപടി. രേഖകള്‍ ഉടന്‍ ലഭ്യമാക്കാന്‍ 2014 ല്‍ സംസ്ഥാന വിവരാവകാശ കമീഷന്‍ ഉത്തരവിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല.
[caption id="attachment_918751" align="aligncenter" width="630"] 1967ല്‍ പുറത്തിറങ്ങിയ സാഗ സ്വോഡ്. ഇതാണ് പിന്നീട് കൈരളിയായത്[/caption]52 ആളുകള്‍ കപ്പലില്‍ ഉണ്ടായിരുന്നുവെന്ന് അന്വേഷണം കണ്ടെത്തിയപ്പോള്‍ 49 ജീവനക്കാരാണ് ഉണ്ടായിരുന്നതെന്നാണ് കെ.എസ്.ഐ.എന്‍.സി വിവരാവകാശനിയമ പ്രകാരം മറുപടി നല്‍കിയത്. ഇത് ദുരൂഹത വര്‍ധിക്കാന്‍ കാരണമായി. കൂടാതെ, കപ്പല്‍ കാണാതായത് സംബന്ധിച്ച് കുറ്റപത്രം, മഹസ്സര്‍, എഫ്.ഐ.ആര്‍ തുടങ്ങിയ വിവരങ്ങള്‍ എന്തെങ്കിലും തയാറാക്കിയതായി അറിവില്ല. ഇപ്രകാരം രേഖകളൊന്നും കമ്പനിയുടെ പക്കല്‍ ഇല്ല. മര്‍ച്ചന്റ് ഷിപ്പിങ് നിയമപ്രകാരമുള്ള ഒരു അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, ആ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇപ്പോള്‍ കമ്പനിയില്‍ ലഭ്യമല്ലെന്നും രേഖയില്‍ പറയുന്നു. 1975 65 ലെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ കവര്‍ ചിത്രമായി അച്ചടിച്ച ഒരു ചിത്രം മാത്രമേ കൈരളി എന്ന കപ്പലിന്റെതായി ഇപ്പോള്‍ കെ.എസ്.ഐ.എന്‍.സിയുടെ പക്കല്‍ ഉള്ളൂ. നിയമപ്രകാരമുള്ള നഷ്ടപരിഹാരവും അധികനഷ്ടപരിഹാരവും ഏഴുപേര്‍ ഒഴികെ എല്ലാവര്‍ക്കും നല്‍കുകയുണ്ടായി. ഏഴുപേരുടെ വിലാസം ലഭ്യമല്ലാത്തതിനാലാണ് നല്‍കാതിരുന്നതെന്നും ഇതില്‍ മലയാളികള്‍ ആരുമില്ലെന്നും രേഖയില്‍ പറയുന്നു. കപ്പലില്‍ ജോലിക്കാരുടെ ബന്ധുവായ ഒരു സ്ത്രീയും കുട്ടിയും ഉണ്ടായിരുന്നതായും അന്നത്തെ പത്രവാര്‍ത്തകളില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ജോര്‍ജ് ഡാനിയലിന്
അറിയാമായിരുന്നോ?
ഇതിനിടെ, കുവൈത്ത് ആസ്ഥാനമായുള്ള പാന്‍ അറബ് ഷിപ്പിങ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിങ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കൊച്ചി തോപ്പുംപടി സ്വദേശി ജോര്‍ജ് ഡാനിയലില്‍നിന്ന് കോര്‍പ്പറേഷന് ഒരു സന്ദേശം ലഭിച്ചിരുന്നു. കപ്പല്‍ മുങ്ങിപ്പോയിട്ടില്ല, കപ്പല്‍ തകര്‍ന്നിട്ടുമില്ല, കണ്ടെത്തിത്തരാം. പക്ഷേ, വലിയ പ്രതിഫലം തരണം. കണ്ടെത്തിക്കൊടുത്താല്‍ മാത്രം പ്രതിഫലം മതിയെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, കരാറുണ്ടാക്കണം. ജോര്‍ജ് ഡാനിയലിന് ഉറപ്പായും കപ്പലിനെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടാകാം. തുടര്‍ന്ന്, കെ.ആര്‍ ലക്ഷ്മണ അയ്യരും പ്രഫസര്‍ ബാബു ജോസഫും ബോംബെയിലേക്ക് പുറപ്പെട്ടു. അവിടെയുണ്ടായിരുന്ന ജോര്‍ജ് ഡാനിയലുമായി കൊച്ചിയിലേക്ക് എത്തുന്നു. കരാറില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം തയാറായ സമയത്ത് അന്നത്തെ കേരളത്തിന്റെ വാട്ടര്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി വിഷയത്തില്‍ ഇടപെട്ടു.
പിന്നീട് പാന്‍ അറബ് കമ്പനി വ്യവസ്ഥകളില്‍നിന്ന് പിന്മാറിയെന്നുപറഞ്ഞ് സര്‍ക്കാര്‍ വാഗ്ദാനം നിരസിച്ചു. പഴയകപ്പലുകള്‍ പൊളിക്കുന്ന കമ്പനിയാണിതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. അവസാനം ജോര്‍ജ് ഡാനിയല്‍ വഴിയുള്ള കണ്ടെത്തല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കപ്പല്‍ കണ്ടെത്തിത്തരാം എന്ന ഡാനിയലിന്റെ ആത്മവിശ്വാസം കണക്കിലെടുക്കാമായിരുന്നെന്ന് കാണാതായവരുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, പിന്നീട് 'കോഫെപോസെ' നിയമപ്രകാരം കുറച്ചുനാള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടന്ന ജോര്‍ജ് ഡാനിയല്‍ ഇപ്പോള്‍ എവിടെയാണെന്നറിയില്ല.
കടല്‍കൊള്ളക്കാരെ കുറിച്ച് വ്യക്തമായ അറിവും ധാരണയുമുള്ളയാളാണ് ഡാനിയല്‍ എന്നാണ് അറിയാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ ചില ബന്ധുക്കള്‍ ഇപ്പോഴും കൊച്ചിയില്‍ താമസിക്കുന്നുണ്ട്. ജയിലില്‍ നിന്നും ഇറങ്ങിയ ഡാനിയല്‍ ആത്മീയ വഴി സ്വീകരിച്ചതായും അറിയുന്നു. നടന്‍ നിവിന്‍പോളി കൈരളി സംഭവം സിനിമയാക്കാന്‍ താല്‍പ്പര്യപ്പെട്ട് ബാബുജോസഫിന്റെ അടുത്ത് വന്നിരുന്നു. ജോര്‍ജ് ഡാനിയലിനെ കണ്ടെത്താന്‍ അദ്ദേഹം നിവിന്‍ പോളിയോട് പറയുകയായിരുന്നു. സിനിമ സംബന്ധിച്ച വിവരങ്ങള്‍ നിവിന്‍ പൊളി 2017ല്‍ ഫേസ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. കപ്പല്‍ കണ്ടെത്തിത്തരാമെന്ന് പറഞ്ഞ ഡാനിയല്‍ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ ഈ ചോദ്യവും ബാക്കിയാണ്. ഇരമ്പിയാര്‍ക്കുന്ന കൊടുങ്കാറ്റുകളെ കീറിമുറിച്ച്, പിന്തുടരുന്ന ആനകളുടെ വലുപ്പമുള്ള കൂറ്റന്‍ തിമിംഗലങ്ങളെ മറികടന്ന്, 25 അടി വരെ ഉയര്‍ന്ന് പൊന്തുന്ന തിരമാലകളെ പിന്നിലാക്കി യാത്രതുടര്‍ന്ന കൈരളിയുടെയും അതിലെ മനുഷ്യരുടെയും തിരിച്ചുവരവിനായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. അറബിക്കഥപോലെ ആയിരത്തൊന്നുരാവുകളും കടന്ന് ആകാംക്ഷയുടെ കപ്പല്‍ കടല്‍ താണ്ടിക്കൊണ്ടേയിരിക്കുമല്ലോ.
'കൃത്യമായ അന്വേഷണം നടന്നില്ല'
മന്‍സൂര്‍ നൈന (ചരിത്രാന്വേഷി)
ചില രാജ്യങ്ങളില്‍ ചില തുറമുഖങ്ങളുണ്ട്. കപ്പലിന്റെ പേര്, നിറം, ആകാരം എന്നിവ വളരെ രഹസ്യമായിത്തന്നെ മാറ്റാന്‍ കഴിയുന്ന തുറമുഖങ്ങള്‍. അജ്ഞാത കപ്പല്‍ ബ്രേക്കിങ് യൂനിറ്റുകളിലേക്ക് കൊണ്ടുപോയി തകര്‍ക്കുകയോ സ്‌ക്രാപ്പായി വില്‍ക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍തന്നെ അതിലുണ്ടായിരുന്ന മനുഷ്യര്‍ എവിടെ? സോമാലിയയുടെയും ആദന്‍സിന്റെയും തീരങ്ങള്‍ കടല്‍ കൊള്ളക്കാരുടെ വിഹാരകേന്ദ്രങ്ങളാണ് എന്ന് പറയുമ്പോള്‍ അത്തരം ഒരു അന്വേഷണത്തെ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഒന്നുംതന്നെ പറഞ്ഞിരുന്നില്ല. ഇതിനു പിന്നില്‍ വലിയ ദുരൂഹതകള്‍ മറഞ്ഞുകിടക്കുന്നതായി സംശയിക്കണം.
--------------
വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്ന സാധ്യതകള്‍
1. അമിത ഭാരംമൂലം കപ്പലിന്റെ നിയന്ത്രണം തെറ്റിയിരിക്കാം.
2. റഡാര്‍ സംവിധാനത്തിന്റെ പിഴവ് (ഇത് പരിഹരിക്കാതെയുള്ള യാത്ര)
3. പ്രതികൂല കാലാവസ്ഥ
4. കടല്‍കൊള്ളക്കാരുടെ ആക്രമണം
---------------
കപ്പലില്‍ ഉണ്ടായിരുന്നവര്‍
(കെ.എസ്.ഐ.എന്‍.സിയുടെ രേഖയില്‍)
1. ക്യാപ്റ്റന്‍ എം. ജോസഫ് മാസ്റ്റര്‍
2. ഐ.ജി ശിവകുമാര്‍ (ചീഫ് ഓഫിസര്‍)
3. കെ.എ ലത്തീഫ് (സെക്കന്‍ഡ് ഓഫിസര്‍)
4. എം.പി ചെറിയാന്‍ (ആര്‍/ഓഫിസര്‍)
5. ത്യാഗരാജന്‍ (പഴ്‌സര്‍)
6. എബി മത്തായി (ചീഫ് എന്‍ജിനീയര്‍)
7. എം. വിനോദ് കുമാര്‍ (സെക്കന്‍ഡ് ചീഫ് എന്‍ജിനീയര്‍)
8. എസ്. സെല്ല മുത്തു (അഡി,ചീഫ് എന്‍ജിനീയര്‍)
9.രഞ്ജിത്ത് ജോര്‍ജ് (മൂന്നാം എന്‍ജിനീയര്‍)
10.എസ്. ശ്രീകുമാര്‍ (നാലാം എന്‍ജിനീയര്‍)
11.കെ. എം. ആന്റണി (അഞ്ചാം എന്‍ജിനീയര്‍)
12.ഗില്‍ബര്‍ട്ട് പൈക്കാടൊ (അഞ്ചാം എന്‍ജിനീയര്‍)
13. ഡി. ജയദത്തന്‍ (ഇ.എല്‍.ഇ ഓഫിസര്‍)
പെറ്റി ഓഫിസേഴ്‌സ്
1. പി.സി മാത്യു (സി.എച്ച് സ്‌റ്റെന്‍ഡ്)
2. ടി.പി. രവീന്ദ്രന്‍ (അസി.ഫിറ്റര്‍)
ട്രെയിനി കാഡറ്റ്‌സ്
1. സെബാസ്റ്റിയന്‍ ബേബി (ടി.ആര്‍/ ആര്‍ ഓഫിസര്‍)
2. ആര്‍.ജെ. ആന്‍ഡ്രൂസ് (കാഡറ്റ്)
3. തോമസ് കെ. ജോസ് (കാഡറ്റ്)
ക്രൂവ്
1.വി. നാതു ഹെല്‍മസ്മാന്‍ ഡി
2.ആര്‍.സി ശ്രീ വാസ്തവ
3.പി. പോത്തരാജു
4.ഡി.ബി. കര്‍വ
5.രാം ദലുല്‍
6.ബി.എം തണ്ടല്‍
7.ബി.എസ് കലാസി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."