ഒമിക്രോണ്‍ വലിയ അപകടകാരിയല്ല: എയിംസ് മേധാവി
ഗുരുതര രോഗങ്ങളില്ലാത്തവര്‍ ഭയക്കേണ്ട
ന്യൂഡല്‍ഹി; കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം വലിയ അപകടകാരിയല്ലെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. മറ്റു ഗുരുതര രോഗങ്ങളില്ലാത്തവര്‍ ഒമിക്രോണിനെ ഭയക്കേണ്ട. ചെറിയ രോഗലക്ഷണങ്ങളാണ് ഒമിക്രോണ്‍ ബാധിതര്‍ക്കുള്ളത്.
ശ്വാസകോശത്തിനു മുകളിലെ ശ്വാസനാവയവങ്ങളെയും ശ്വാസനാളത്തെയുമാണ് ഒമിക്രോണ്‍ ബാധിക്കുന്നത്. ഡെല്‍റ്റ വകഭേദത്തില്‍ കണ്ടതുപോലെ ചിലര്‍ക്കെങ്കിലും ഓക്‌സിജന്റെ ആവശ്യം വരാം.
എന്നാല്‍ രണ്ടാം തരംഗത്തെപ്പോലെ വലിയ തോതില്‍ ഓക്‌സിജന്‍ ആവശ്യമായി വരികയോ ആശുപത്രികളില്‍ കിടക്കകള്‍ ബുക്ക് ചെയ്തിടേണ്ടി വരികയോ ചെയ്യേണ്ട സാഹചര്യമുണ്ടാകില്ല.
പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, നല്ല ശരീരവേദനയും തലവേദനയുമാണ് പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളിലെന്തെങ്കിലും കണ്ടാല്‍ ഉടന്‍ പരിശോധന നടത്തണം. വൈറസ് സ്ഥിരീകരിച്ചവര്‍ വീട്ടില്‍ നിരീക്ഷണത്തിലിരിക്കണമെന്നും ഗുലേറിയ പറഞ്ഞു.
അങ്ങനെയായാല്‍ വൈറസ് ബാധ ഗുരുതരമാകുന്നവര്‍ക്ക് ആശുപത്രിക്കിടക്കകള്‍ ലഭ്യമാകുന്ന സാഹചര്യമുണ്ടാകും. അതിവേഗത്തിലാണ് ഒമിക്രോണ്‍ വ്യാപിക്കുന്നത്. മഹാമാരി അവസാനിച്ചിട്ടില്ല.
60 ശതമാനം പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിന്‍ ലഭിച്ചതും നേരത്തെ കൊവിഡ് ബാധിച്ചതിനാല്‍ സ്വാഭാവികമായി പ്രതിരോധശേഷി ലഭ്യമായതും മൂലം കൂടുതല്‍ സുരക്ഷിതമായ അവസ്ഥയിലാണുള്ളത്. മാസ്‌ക് ധരിക്കലും കൈകള്‍ കഴുകലും സാമൂഹിക അകലം പാലിക്കലുമാണ് ഒമിക്രോണിനെ നേരിടാന്‍ ചെയ്യേണ്ടതെന്നും ഗുലേറിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."