പൗരപ്രമുഖര്‍ പൊന്നുരുക്കുന്നിടത്ത് ഗുണ്ടാപ്പൂച്ചകള്‍ക്കെന്തു കാര്യം
ബ്രിട്ടനില്‍ പ്രഭുക്കള്‍ക്ക് മാത്രം തെരഞ്ഞെടുപ്പില്‍ വോട്ടുള്ള ഒരു കാലമുണ്ടായിരുന്നു. ഏതാണ്ട് അതുപോലുള്ള തെരഞ്ഞെടുപ്പ് കോളനിവാഴ്ചക്കാലത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യയിലും നടത്തിയിരുന്നു. പൗരരില്‍ പ്രമുഖര്‍ക്കു മാത്രമായിരുന്നു വോട്ടവകാശം. ജന്മിമാരും സമ്പന്നരുമൊക്കെയായിരുന്നു ആ പ്രമുഖര്‍. വോട്ടുചെയ്യലും നാട്ടുകാര്യങ്ങള്‍ നടത്തലുമൊക്കെ അവരുടെ ചുമതലയായിരുന്നു. അതുകൊണ്ട് സാധാരണക്കാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്കായി ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. സാധാരണക്കാരെ ഒട്ടും ബുദ്ധിമുട്ടിക്കാത്ത തരത്തിലുള്ളൊരു ജനായത്തമായിരുന്നു അത്.
പിന്നീട് സ്വാതന്ത്ര്യം കിട്ടി. അണ്ടനും അടകോടനുമടക്കം സകല പൗരര്‍ക്കും വോട്ടവകാശം കിട്ടി. പൗരപ്രമുഖര്‍ക്കൊപ്പം അവരും വോട്ടുചെയ്യാനും തൊട്ടതിനും പിടിച്ചതിനുമൊക്കെ കയറി അഭിപ്രായം പറയാനും തുടങ്ങി. സാധാരണക്കാര്‍ക്കിടയില്‍ പ്രമുഖരെ ബഹുമാനിക്കാന്‍ പഠിച്ചിട്ടില്ലാത്ത ഒരുപാടാളുകളുണ്ട്. അസൂയകൊണ്ടാണത്. അവര്‍ നാടിന്റെ വികസനം കുത്തിത്തിരിപ്പുണ്ടാക്കി മുടക്കുന്നവരുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ നാട് വികസിച്ചുകാണാന്‍ ആഗ്രഹിക്കുന്ന ഭരണാധികാരികള്‍ക്കും പൗരപ്രമുഖര്‍ക്കും ഇവര്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ ചെറുതല്ല.
എന്നുകരുതി നാട് വികസിച്ചുകാണാന്‍ ആഗ്രഹിക്കുന്ന ഭരണാധികാരികള്‍ക്ക് ഇവരെ പേടിച്ച് മുന്നോട്ടുവച്ച കാല്‍ പിറകോട്ടു വലിക്കാനാവില്ലല്ലോ. അത്തരത്തിലൊരാളാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പണ്ട് പലതരം വികസനം മുടക്കല്‍ സമരങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം അങ്ങനെയല്ല. വികസനമെന്നു കേട്ടാല്‍ അദ്ദേഹത്തിന്റെ അന്തരംഗം അഭിമാനപൂരിതമാകും. കേരളത്തിന്റെ വികസനം അത്യുന്നതിയിലെത്തിക്കുന്ന കെ റെയില്‍ പദ്ധതിക്ക് കല്ലിടുന്ന തിരക്കിലാണിപ്പോള്‍ അദ്ദേഹം. എന്നാല്‍ അതു മുടക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് ചില അണ്ടാടകോടന്‍മാന്‍. കെ റെയിലിനെതിരേ അവര്‍ പ്രചാരണം നടത്തി നാട്ടുകാരെ ഇളക്കിവിടുന്നു. പലയിടങ്ങളിലും സമരം ചെയ്യുന്നു.
ഇതൊന്നും കണ്ടാല്‍ കുലുങ്ങുന്നയാളല്ല ബ്രണ്ണന്‍ കോളജില്‍നിന്ന് പതിനെട്ടടവും പിന്നീട് പത്തൊന്‍പതാമടവും പയറ്റിത്തെളിഞ്ഞ് വളര്‍ന്ന മുഖ്യമന്ത്രി. അദ്ദേഹം മറ്റൊരു വഴി കണ്ടെത്തിയിട്ടുണ്ട്. ജില്ലകളിലെ പൗരപ്രമുഖരെ കൂട്ടത്തോടെ കണ്ട് അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി അവരുടെ സമ്മതത്തോടെ പദ്ധതി നടപ്പാക്കുക.
വന്‍ വ്യവസായികള്‍, വ്യാപാരിപ്രമുഖര്‍, വന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍, മറ്റു പലതരം പണച്ചാക്കുകള്‍, ചില വരേണ്യവര്‍ഗ സംഘടനകളുടെ നേതാക്കള്‍ തുടങ്ങിയവരെയാണ് കേരളത്തിലിപ്പോള്‍ പൗരപ്രമുഖരെന്നു വിളിക്കുന്നത്. അതിവേഗ റെയില്‍പാതയുടെ ഗുണഭോക്താക്കള്‍ അവരാണല്ലോ. അപ്പോള്‍ പദ്ധതിയെക്കുറിച്ച് അഭിപ്രായം പറയേണ്ടതും അവരാണ്. വലിയ തുക ചെലവാക്കി അതിവേഗ ട്രെയിനില്‍ കയറാന്‍ പ്രാപ്തിയില്ലാത്ത ദരിദ്രവാസികള്‍ക്ക് ഇതില്‍ ഒരു കാര്യവുമില്ല. പൊന്നുരുക്കുന്നതില്‍ പൂച്ചകള്‍ ഇടപെടാറില്ലല്ലോ. പിന്നെ അവരുടെ കിടപ്പാടം നഷ്ടപ്പെടും, ആവാസവ്യവസ്ഥ തകരും, പരിസ്ഥിതി തകരും, പദ്ധതിക്കായി കടമെടുക്കുന്ന കൂറ്റന്‍ തുകയും അതിന്റെ പലിശയും അടച്ചുവീട്ടേണ്ടത് ദരിദ്രരുടെ കൂടി നികുതിപ്പണമെടുത്താണ് തുടങ്ങിയ ആരോപണങ്ങളിലും വലിയ കാര്യമില്ല. പ്രമുഖരുടെ നന്മയ്ക്കു വേണ്ടി ദരിദ്രനാരായണന്‍മാര്‍ ഇത്തിരി ത്യാഗമൊക്കെ അനുഭവിക്കുന്നതിനെയാണ് ജനകീയ ജനാധിപത്യമെന്നു പറയുന്നത്. അതു നാട്ടുകാരെ പറഞ്ഞുപഠിപ്പിക്കാന്‍ പാര്‍ട്ടി സഖാക്കള്‍ ലഘുലേഖയുമായി വീടുകള്‍ കയറിയിറങ്ങുന്നുണ്ട്.
എന്നാല്‍ എന്തൊക്കെ പറഞ്ഞുകൊടുത്താലും മനസ്സിലാകാത്ത ചിലവികസനവിരോധികളുണ്ട് നാട്ടില്‍. അവര്‍ അടങ്ങാന്‍ ഭാവമില്ലെന്നാണ് തോന്നുന്നത്. അവരെ അടക്കിനിര്‍ത്താന്‍ പഴയ ബ്രണ്ണന്‍ കോളജ് തന്ത്രങ്ങളില്‍ വല്ലതുമുണ്ടോ എന്ന് പരതുമ്പോഴാണ് ആലപ്പുഴയില്‍ എസ്.ഡി.പി.ഐയുടെയും ബി.ജെ.പിയുടെയും ഓരോ നേതാക്കള്‍ കൊലചെയ്യപ്പെട്ടത്. അതൊരു സുവര്‍ണാവസരമായി. ആ കാരണം പറഞ്ഞ് നാട്ടിലെ സകല ഗുണ്ടകളുടെയും ലിസ്റ്റുണ്ടാക്കാന്‍ പൊലിസിനോട് പറഞ്ഞു. വികസനംമുടക്കി സമരക്കാരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ രഹസ്യനിര്‍ദേശവും നല്‍കി. പൊലിസ് ഇത്തരം സമരങ്ങളില്‍ പങ്കെടുക്കുന്നവരെയൊക്കെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയും അവിടെ ചെല്ലാത്തവരെ ഭീഷണിപ്പെടുത്തിയുമൊക്കെ വിവരം ശേഖരിക്കുന്നുണ്ട്. ഗുണ്ടാ ലിസ്റ്റിലുള്‍പ്പെട്ടാല്‍ ഇവരൊക്കെ പത്തിമടക്കിക്കൊള്ളും. ബ്രണ്ണന്‍ കോളജുകാരോടാണോ ഇവരുടെയൊക്കെ കളി.
ഈ വിശ്വപൗരന്‍മാരെക്കൊണ്ട് തോറ്റു
ഒരുകാലത്ത് ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലെ വിശ്വപൗരര്‍ ധാരാളമുണ്ടായിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ ആള്‍ബലവും സമ്പത്തുമൊക്കെ കുറഞ്ഞതുപോലെ പാര്‍ട്ടിക്ക് വിശ്വപൗരസമ്പത്തും കുറഞ്ഞു. രാജ്യമാകെ കണക്കെടുത്താല്‍ വിരലിലെണ്ണാവുന്ന വിശ്വപൗരര്‍ മാത്രമായിരിക്കും ഇപ്പോള്‍ പാര്‍ട്ടിയിലുണ്ടാകുക.
പണ്ടത്തെ കോണ്‍ഗ്രസ് വിശ്വപൗരരെല്ലാം ഇടയ്ക്ക് ഉലകം ചുറ്റുമ്പോഴും പാര്‍ട്ടിക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും വലിയതോതില്‍ അദ്ധ്വാനിച്ചവരാണ്. അന്ന് പാര്‍ട്ടി നാടാകെ പടര്‍ന്നുപന്തലിച്ചുകിടന്നതിന് വലിയൊരു കാരണം അവരുടെ ആ പ്രയത്‌നമായിരുന്നു. എന്നാല്‍ ഇന്നുള്ള പരിമിതമായ വിശ്വപൗരരുടെ അവസ്ഥ അങ്ങനെയല്ല. ഇരിക്കുന്ന പദവികള്‍ക്കനുസരിച്ചുള്ള പ്രയോജനം അവരില്‍നിന്ന് പാര്‍ട്ടിക്കു കിട്ടുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും അവരുടെ ചെയ്തികള്‍ ഉപദ്രവമായി മാറുന്നുമുണ്ട്.
ഇപ്പോള്‍ പാര്‍ട്ടിയിലെ ഏറ്റവും വലിയ വിശ്വപൗരന്‍ രാഹുല്‍ ഗാന്ധിയാണ്. ആള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ഗ്ലാമര്‍ താരം തന്നെയാണ്. കോണ്‍ഗ്രസിന്റെ പ്രചാരണവേദികളില്‍ ഏറെ മൂല്യമുള്ളയാളാണ്. സൗമ്യനും മര്യാദക്കാരനും ഹൃദയാലുവുമൊക്കെയാണ്. പറഞ്ഞിട്ടെന്തു കാര്യം. ഇന്ത്യന്‍ രാഷ്ട്രീയത്തിലും പാര്‍ട്ടിക്കും നിര്‍ണായകമായ ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ മനസ്സില്‍ വിശ്വപൗരത്വം ഉണരും. പാര്‍ട്ടിക്കാര്‍ പ്രതീക്ഷിക്കുന്ന റോള്‍ നിര്‍വഹിക്കാതെ അദ്ദേഹം എങ്ങോട്ടെങ്കിലുമൊക്കെ പോയ്ക്കളയും. പൗരത്വ, കര്‍ഷക പ്രക്ഷോഭങ്ങള്‍ നടന്ന സന്ദര്‍ഭങ്ങളിലടക്കം പലപ്പോഴും അതു സംഭവിച്ചിട്ടുണ്ട്.
യു.പി അടക്കം അഞ്ചു സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സമയമാണിത്. വലിയ തിരിച്ചടി നേരിട്ട് തളര്‍ന്നുകിടക്കുന്ന കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമായ സമയം. ഈ സമയത്താണ് അദ്ദേഹത്തിന് അമ്മയുടെ നാടായ ഇറ്റലിയില്‍ ഒന്നു പോകണമെന്നു തോന്നിയത്. അതും 25 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രാപദ്ധതി. ഈ യാത്ര കാരണം അദ്ദേഹം നയിക്കേണ്ടിയിരുന്ന പ്രചാരണ പരിപാടികളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ മുഖ്യശത്രുവായ ബി.ജെ.പിക്ക് ആനന്ദലലബ്ധിക്കിനിയെന്തുവേണം?
കേരളത്തിലെ കോണ്‍ഗ്രസിന് ഉടുക്കാനും പുതയ്ക്കാനുമൊക്കെയായി ആകെയുള്ളൊരു വിശ്വപൗരനാണ് ശശി തരൂര്‍ എം.പി. ചില നിര്‍ണായക സന്ദര്‍ഭങ്ങളില്‍ തരൂരും പാര്‍ട്ടിക്ക് പാരയാകാറുണ്ട്. സംസ്ഥാനത്ത് തുടര്‍തോല്‍വി നേരിട്ട് സെമി കേഡറായിപ്പോയ പാര്‍ട്ടിക്ക് ഒന്ന് ഉണര്‍വുണ്ടാക്കിയെടുക്കാന്‍ കിട്ടിയൊരു അവസരമാണ് കെ റെയില്‍ വിരുദ്ധ സമരം. മറ്റുള്ളവര്‍ നേതൃത്വം നല്‍കുന്ന സമരവേദികളിലടക്കം ഓടിയെത്തി സംസ്ഥാന നേതാക്കള്‍ അത് നന്നായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. വി.ഡി സതീശനും കെ. സുധാകരനുമടക്കമുള്ള ഉന്നത നേതാക്കള്‍ കെ റെയില്‍ അടക്കമുള്ള വിഷയങ്ങളില്‍ ഓടിനടന്ന് സംസ്ഥാന സര്‍ക്കരിനെ തലങ്ങുംവിലങ്ങും ആക്രമിച്ചുകൊണ്ടിരിക്കുകയുമാണ്.
ഇതിനിടയിലാണ് വിശ്വപൗരന്‍ ശശിയുടെ ചില മൊഴിമുത്തുകള്‍ പുറത്തുവരുന്നുത്. കെ റെയിലിനെ പിന്തുണച്ചുകൊണ്ടായിരുന്നു അതിലൊന്ന്. മുഖ്യമന്ത്രിയെന്ന വികസനനായകനെ പ്രശംസിച്ചുകൊണ്ട് മറ്റൊന്ന്. വികസനത്തില്‍ യു.പി കേരളത്തെ മാതൃകയാക്കണമെന്ന് വേറെയൊന്നും. സംസ്ഥാന സര്‍ക്കാരിനെതിരേ സമരം നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശശിയാകാന്‍ ഇതിലപ്പുറം എന്തുവേണം. ഒരൊറ്റ വിശ്വപൗരനെക്കൊണ്ടാണ് ഇത്രയേറെ പൊല്ലാപ്പ്. എന്തിനാണ് കുറെ കുട്ടികള്‍, ഒരു കുട്ട്യസ്സന്‍ പോരേ കുടുംബം നാറ്റിക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."