ചന്ദനക്കാടും ശര്‍ക്കരയും പിന്നെ മലയോരവും; കൊതിപ്പിക്കുന്ന മറയൂര്‍ കാഴ്ചകള്‍
ത്രാപ്രേമികളുടെ ദാഹമകറ്റാന്‍ കാഴ്ചകളുടെ പറുദീസയൊരുക്കിയാണ് മറയൂര്‍ കാത്തിരിക്കുന്നത്. കോട പൂക്കുന്ന പാതകളും കാട്ടുചോലകളുടെ കുളിര്‍നാദവും തന്നെയാണ് മറയൂരിലേക്കുള്ള യാത്രയുടെ പ്രധാന ആകര്‍ഷണം. ചന്ദനക്കാടുകളും ശര്‍ക്കരയും പഴമയിലേക്ക് കൊണ്ടുപോകുന്ന മുനിയറകളും ഒക്കെ ചേരുന്ന ഇവിടം സഞ്ചാരികള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടമാണ്. മൂന്നാറില്‍ നിന്ന് തമിഴ്‌നാട്ടിലെ ഉദുമല്‍പ്പേട്ടിലേക്കുള്ള റോഡില്‍ 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശര്‍ക്കരയുടേയും ചന്ദനക്കാടുകളുടേയും നാടായ മറയൂരിലെത്താം. മഴ അധികം പെയ്യാത്ത എന്നാല്‍ നല്ല തണുപ്പുള്ള മലയോരം. കരിമ്പിന്‍പാടങ്ങളും കരിനീലമലകളും തട്ടുതട്ടായ കൃഷിയിടങ്ങളും ചന്ദനക്കാടുകളുമാണ് മറയൂരിന്റെ ആകര്‍ഷണം. സംഘം ചേര്‍ന്നുള്ള യാത്രകള്‍ക്ക് പറ്റിയ ഇടമാണ് മറയൂര്‍.
മറഞ്ഞിരിക്കുന്ന മറയൂര്‍
മറയൂര്‍ എന്നാല്‍ മറഞ്ഞിരിക്കുന്ന നാട് എന്നാണ് അര്‍ഥം. പാണ്ഡ്യരാജാക്കന്‍മാരുടെ സേനയിലെ മറവര്‍ വിഭാഗത്തില്‍ പെട്ടവര്‍ കാടുകളില്‍ മറഞ്ഞിരുന്ന വഴിപോക്കരെ കൊള്ളയടിക്കുമായിരുന്നു. അവരുടെ ആധിപത്യ പ്രദേശമായിരുന്നുവത്രം ഇവിടം. അങ്ങനെ മറവരുടെ ഊരില്‍ നിന്നോ മറഞ്ഞിരിക്കുന്നവരുടെ ഊരില്‍ നിന്നോ ആണ് മറയൂരിന് ഈ പേരു ലഭിക്കുന്നത് എന്നാണ് ഒരു കഥ. പാണ്ഡവര്‍ വനവാസക്കാലത്ത് ഇവിടെ ഒളിവില്‍ കഴിഞ്ഞിരുന്നു എന്നും അങ്ങനെയാണ് മറയൂരിന് ഈ പേര് ലഭിച്ചതെന്നും വിശ്വസിക്കുന്നവരും ഉണ്ട്.
അഞ്ച് നാടുകള്‍,
പല കാഴ്ചകള്‍
മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള യാത്രയിലുടനീളം നയനമനോഹരമായ കാഴ്ചകളാണുള്ളത്. കാന്തല്ലൂര്‍, കീഴാന്തൂര്‍, കരയൂര്‍, മറയൂര്‍, കൊട്ടകുടി എന്നീ അഞ്ചു ഗ്രാമങ്ങളാണ് മറയൂരിലെ മലകളോടു ചേര്‍ന്നും അതിന്റെ താഴ്‌വാരങ്ങളിലുമായി സ്ഥിതി ചെയ്യുന്നത്. കാന്തല്ലൂര്‍ മലയാണ് ഇവിടുത്തെ പ്രധാനപ്പെട്ട മലകളില്‍ ഒന്ന്. ആനമുടിയിലേക്ക് നീണ്ടു കിടക്കുന്ന കാന്തല്ലൂരില്‍ കാടുകേറാനും അവസരമുണ്ട്. ഒരാള്‍ക്ക് 300 രൂപ ചെലവില്‍ വനംവകുപ്പാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
മറയൂരെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിനോട് ചേര്‍ന്നു നില്‍ക്കുന്ന മണം മറയൂര്‍ ശര്‍ക്കരയുടേതാണ്. ഇവിടെ നടത്തുന്ന 150 ഏക്കറോളം കരിമ്പ് കൃഷിയില്‍ നിന്നുമാണ് മറയൂര്‍ ശര്‍ക്കരയ്ക്കു വേണ്ടുന്ന കരിമ്പ് ഉപയോഗിക്കുന്നത്. ശര്‍ക്കര കുറുക്കിയെടുക്കുന്ന എണ്ണമറ്റ കുടിലുകളും മറയൂര്‍ കാന്തല്ലൂര്‍ വഴിയിലുണ്ട്. ഓറഞ്ച് തോട്ടങ്ങളും ആപ്പിള്‍ തോട്ടങ്ങളും പാഷന്‍ ഫ്രൂട്ടും കാബേജും വെളുത്തുള്ളിയും വിളയുന്ന പാടങ്ങളും കാന്തല്ലൂരിലെ കാഴ്ച വസന്തത്തിന്റെ മാറ്റ് കൂട്ടുന്നു. മുനിയറകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. മനുഷ്യര്‍ പാര്‍ത്തിരുന്ന ഗുഹകളാണ് മുനിയറകളെന്നു കരുതുന്നു. മൃതദേഹം അടക്കം ചെയ്തിരുന്ന കുഴികളാണ് ഇതെന്നും പറയപ്പെടുന്നു. അതെന്തായാലും മനുഷ്യന്റെ ആദിമ കാല ജീവിതം മുനിയറികളില്‍ കണ്ടറിയാം. വനം വകുപ്പാണ് ഇതു സംരക്ഷിക്കുന്നത്. അഞ്ച് മുനിയറകള്‍ കേടുകൂടാതെ അവശേഷിക്കുന്നുണ്ട്.
മറയൂര്‍ ചന്ദനക്കാട്
മറയൂരെന്നു കേട്ടാല്‍ ഏതൊരാള്‍ക്കും ആദ്യം ഓര്‍മ വരിക ചന്ദനക്കാടുകള്‍ തന്നെയായിരിക്കും. വഴിയുടെ ഇരുവശവും നിറഞ്ഞുനില്‍ക്കുന്ന ചന്ദന ത്തോട്ടങ്ങള്‍ നല്‍കുന്ന തണലും കുളിര്‍മയും തീര്‍ത്തും വ്യത്യസ്തമായ അനുഭവം തന്നെയാണ്. മറ്റിടങ്ങളില്‍ നിന്നു വ്യത്യസ്തമായി ഉയര്‍ന്ന നിലവാരത്തിലുള്ള ചന്ദനത്തടികള്‍ തന്നെയാണ് മറയൂരിന്റെ ഏറ്റവും വലിയ പ്രത്യേകത. സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 65,000 ല്‍ അധികം ചന്ദന മരങ്ങള്‍ ഹെക്ടറ് കണക്കിന് സ്ഥലത്തായി കിടക്കുന്ന മറയൂരിലെ ചന്ദനക്കാടുകള്‍ പ്രത്യേക കാഴ്ച തന്നെയാണ്.
ഇനിയുമുണ്ട്,
തീരാക്കാഴ്ചകള്‍
ചിന്നാര്‍ വന്യജീവി സങ്കേതം, ആനമുടിച്ചോല ദേശീയോദ്യാനം, ആനമല ടൈഗര്‍ റിസര്‍വ്വ്, ഇരവികുളം ദേശീയോദ്യാനം എന്നിവയുടെ നടുവിലായാണ് മറയൂര്‍. അതുകൊണ്ടു തന്നെ ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് നിരവധി കാഴ്ചകള്‍ ഇവിടെ കറങ്ങി നടന്നു കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."