കാപ്പിരികളുടെ ജീവിതം മാറ്റിമറിച്ച തമിഴന്‍
എത്യോപ്യയില്‍ പതിറ്റാണ്ടുകളായി ഇന്ത്യക്കാരായ അധ്യാപകരുണ്ട്. കൂടുതലും മലയാളികള്‍. രാജ്യത്തെ ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ കുരുന്നുകള്‍ക്ക് ശാസ്ത്രത്തിലും ഗണിതത്തിലും അറിവിന്റെ നിലാവെട്ടം പകരുകയാണവര്‍. എന്നാല്‍ കിഴക്കന്‍ ഒരോമിയ മേഖലയിലെ ഗ്രാമീണര്‍ക്ക് തണലാവുകയാണ് മറ്റൊരു ഇന്ത്യന്‍ അധ്യാപകന്‍. അത് പക്ഷേ അധ്യാപനത്തിലൂടെയല്ലെന്നു മാത്രം. ഗ്രാമീണര്‍ക്ക് നദി കടക്കാന്‍ കുറഞ്ഞ ചെലവില്‍ പാലങ്ങള്‍ പണിതാണ് 42കാരനായ ഡോ. കണ്ണന്‍ അമ്പലം എന്ന അധ്യാപകന്‍ ശ്രദ്ധ നേടുന്നത്.
തമിഴ്‌നാട്ടിലെ അലംഗനല്ലൂര്‍ സ്വദേശിയായ ഇദ്ദേഹം എത്യോപ്യ തലസ്ഥാനമായ അഡിസ് അബാബയിലെ വൊല്ലേഗ യൂനിവേഴ്‌സിറ്റിയില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രഫസറാണ്. 12 വര്‍ഷമായി ഇവിടെ അധ്യാപനം നടത്തുന്നു.
ഒരോമിയയിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് കണ്ണന്‍ നിരവധി പാലങ്ങളാണ് പണിതു നല്‍കിയത്. കൂടാതെ നാട്ടുകാര്‍ക്ക് ദാഹമകറ്റാന്‍ ജലസ്രോതസ്സുകളും അദ്ദേഹം കണ്ടെത്തിക്കൊടുത്തു. ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ എത്യോപ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ റോബര്‍ട്ട് ഷെത്കിങ്ടണിന്റെ മുഖത്ത് അഭിമാനം. ഈ ഉദ്യമത്തിനായി പണം കണ്ടെത്താന്‍ എംബസി മുന്നിലുണ്ടെന്നും ചെലവു കുറഞ്ഞ 75 പാലങ്ങള്‍ കൂടി പണിതുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യാദൃശ്ചികമായാണ് പ്രഫസര്‍ കണ്ണന്‍ പാലം പണിയിലേക്ക് എത്തിപ്പെട്ടത്. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് വിദ്യാര്‍ഥികളുമായി ഒരു മഴയുള്ള ദിവസം സംസാരിച്ചിരിക്കുകയായിരുന്നു അദ്ദേഹം. മഴമൂലം നിറഞ്ഞുകവിഞ്ഞ തോടുകളും ചെറു പുഴകളും കടക്കുന്നതിനിടെ ഗ്രാമീണര്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ കുട്ടികള്‍ പ്രിയ അധ്യാപകനു മുന്നില്‍ വിവരിച്ചു. അവരുടെ നാടിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ കണ്ണന്‍ അന്നു മുതല്‍ അവര്‍ക്ക് ചെലവു കുറഞ്ഞ പാലങ്ങള്‍ പണിയുന്ന ദൗത്യത്തിലേക്കു കടന്നു.
വാരാന്ത്യ അവധിദിനങ്ങളില്‍ വിദ്യാര്‍ഥികളുടെ കൂരകളിലേക്കു പോയി അവരുടെ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച് അവരുടെ കൂടെ ഉറങ്ങി അടുത്ത രണ്ടു ദിവസം പാലം പണിയിലേര്‍പ്പെടും. ഇങ്ങനെ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ഡോ. കണ്ണനും സംഘവും 75 പാലങ്ങളാണ് പണിതു നല്‍കിയത്. 40ലേറെ ജലസ്രോതസ്സുകള്‍ ഉപയോഗയോഗ്യമാക്കുകയും ചെയ്തു. പാലം പണിയാന്‍ വേണ്ട മരങ്ങളും മണലും കല്ലുമെല്ലാം ഗ്രാമീണരുടെ വകയാണ്. പാലംപണിക്ക് അവര്‍ കൂടുകയും ചെയ്യുന്നു. ഇതില്‍ ചിലത് ഒറ്റപ്പെട്ട മേഖലകളിലെ അപകടകരമായ നദികളിലാണ്. ഈ പാലങ്ങള്‍ മനുഷ്യര്‍ക്ക് മാത്രമല്ല മറ്റു ജീവിവര്‍ഗങ്ങള്‍ക്കും പ്രയോജനപ്പെടുന്നു. ഉറവകള്‍ പുനരുദ്ധരിച്ചതോടെ ആയിരങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നു ഇതു പറയുമ്പോള്‍ കണ്ണന്റെ മുഖത്ത് സംതൃപ്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."