അപരനിലേക്കു പരന്നൊഴുകാം
സമ്പന്നതയുടെ നിറവില്‍ നിറമനസ്സോടെയിരിക്കുമ്പോഴും എവിടെയോ ഒരു ശൂന്യത ഇപ്പോഴും ബാക്കിനില്‍പ്പുണ്ട്. എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്ത പ്രതീതിയാണ് ആ ശൂന്യതാബോധം പകര്‍ന്നുതരുന്നത്. പൂരിപ്പിക്കപ്പെടാതെ കിടക്കുന്ന ആ ഇടം എവിടെയാണെന്നറിയാന്‍ ചുറ്റും പലതവണ നോക്കിയതാണ്. കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒടുവില്‍ തന്റെ ഗുരുവിനെ തന്നെ സമീപിക്കേണ്ടി വന്നു അദ്ദേഹത്തിന്. വീടിന്റെ മേല്‍ത്തട്ടിലേക്കാണ് ഗുരു അദ്ദേഹത്തെ കൊണ്ടുപോയത്. അവിടെ വെടിപ്പാര്‍ന്നു നില്‍ക്കുന്ന ഒരു ചില്ലുജാലകമുണ്ടായിരുന്നു. അല്‍പനേരം അതിലൂടെ പുറത്തേക്കു കണ്ണയച്ചിരിക്കാന്‍ പറഞ്ഞു.
പച്ചപുതച്ചു നില്‍ക്കുന്ന പ്രകൃതി. സജീവമായ തെരുവുകള്‍. മനുഷ്യന്റെ കരവിരുതില്‍ വിരിഞ്ഞ പലതരം നിര്‍മിതികള്‍. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ ഓടിനടക്കുന്ന കുറെ മനുഷ്യര്‍. എല്ലാം ആദ്യാനുഭവം പോലെ അയാള്‍ കണ്ടുനിന്നു.
പിന്നീട് മറ്റൊരു ചില്ലിനടുത്തേക്ക് ഗുരു കൊണ്ടുപോയി. അതിലൂടെയും പുറത്തേക്കു നോക്കാന്‍ പറഞ്ഞു. അതില്‍ തന്റെ മുഖം മാത്രമേ അയാള്‍ക്കു കണ്ടുള്ളൂ. കാരണം, അതൊരു കണ്ണാടിയായിരുന്നു.
ഗുരു ഒരു ചെറുമന്ദഹാസത്തോടെ പറഞ്ഞു: ''ഇതുതന്നെയാണു നീ അഭിമുഖീകരിക്കുന്ന പ്രശ്‌നം. ഞാന്‍ കാണിച്ചുതന്ന രണ്ടു ചില്ലും ഒന്നുതന്നെയാണ്. ഒന്നില്‍ വെള്ളിപൂശിയിട്ടുണ്ടെന്ന വ്യത്യാസം മാത്രമേ ഉള്ളൂ.''
അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല. ഗുരു പറഞ്ഞു: ''തെളിഞ്ഞ ചില്ലിലൂടെ നോക്കിയപ്പോള്‍ നിനക്കു പരിസരങ്ങളെയും സഹജീവികളെയും കാണാനായി. വെള്ളിപൂശിയ ചില്ലിലൂടെ നോക്കിയപ്പോള്‍ നിന്നെ മാത്രമേ നിനക്കു കാണാന്‍ കഴിഞ്ഞുള്ളൂ. തന്നെ മാത്രം കാണിച്ചുതരുകയും തന്നിലേക്കു ചുരുങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സമ്പന്നത ദുഃഖമേ ഉല്‍പാദിപ്പിക്കൂ. സഹജീവികളെ കൂടി കാണിച്ചുതരുന്ന സമ്പന്നതയാണു മനസ്സമാധാനത്തിനു നല്ലത്.''
കണ്ണുകളില്‍ അന്ധത പടര്‍ത്തുന്ന സമ്പാദ്യങ്ങള്‍ പ്രകാശം പൊഴിക്കില്ല. മനസ്സില്‍ സ്വാര്‍ഥബോധം വളര്‍ത്തുന്ന ശേഖരങ്ങള്‍ തണല്‍ വിരിക്കില്ല. ബുദ്ധിക്കു വികാസം നല്‍കാത്ത ആലോചനകള്‍ മാര്‍ഗദര്‍ശനം നല്‍കില്ല. തന്റെ വലുപ്പം കാണിക്കാന്‍വേണ്ടി പണിതുയര്‍ത്തുന്ന കൊട്ടാരം മനുഷ്യനെ കുഞ്ഞനുറുമ്പിനോളം ചെറുതാക്കും. തന്നെ കാണിക്കാനണിയുന്ന ആഭരണങ്ങള്‍ ചങ്ങലകളാണ്. കെട്ടിപ്പൊക്കുന്ന മതിലുകള്‍ അന്യര്‍ക്കുള്ള പ്രവേശനം തടയാനാണെങ്കില്‍ അതു സുരക്ഷാമതിലല്ല, ജയിലാണ്. വാങ്ങിയ വാഹനത്തിന് ഇഷ്ടനമ്പര്‍ കിട്ടാന്‍ എത്ര ചെലവിടുന്നോ അത്രയും അളവില്‍ ഇഷ്ടക്കാര്‍ കുറയും. ഇല്ലാത്തവനു മുന്നില്‍വച്ചു മേന്മ കാണിക്കുന്നതും പ്രൗഢി പ്രദര്‍ശിപ്പിക്കുന്നതും ക്രൂരവിനോദമാണ്. അതില്‍നിന്നു കിട്ടുന്ന ആനന്ദത്തിന് പാറ്റയുടെ ആയുസ്സുപോലും കണ്ടെന്നു വരില്ല.
അവനവനിലേക്കു ചുരുങ്ങുമ്പോള്‍ ഒരാള്‍ സ്വയം ചുരുങ്ങിപ്പോകുന്നുണ്ട്. അതോടെ മനസ്സും ചുരുങ്ങിച്ചെറുതാകും. മനസ്സ് ചുരുങ്ങുന്നിടത്തുനിന്നാണ് സമാധാനം കൂടുവിട്ടു പോകുന്നത്. തെളിമയും വിശാലതയുമുള്ളിടത്തേ സമാധാനം അതിന്റെ പാര്‍പ്പിടമൊരുക്കൂ.
രണ്ടു കണ്ണുകളില്‍ രണ്ടും തന്നിലേക്കു തന്നെ തിരിച്ചുവയ്ക്കുന്നതിനാണു സ്വാര്‍ഥത എന്നു പറയുന്നത്. സ്വാര്‍ഥത കയറിയവര്‍ക്കു പണംകൊണ്ടു പലതും നേടാനായേക്കും. എന്നാല്‍, പണം കൊണ്ടു നേടാന്‍ കഴിയാത്തതൊന്നും നേടാനാകില്ല. രണ്ടു കണ്ണുകളില്‍ ഒന്നു തന്നിലേക്കും മറ്റൊന്നു സഹജീവികളിലേക്കും തിരിച്ചുവയ്ക്കുമ്പോഴാണു മനുഷ്യന്‍ സാമൂഹികജീവിയായി മാറുന്നത്. സാമൂഹികജീവിയായവന്‍ ഏകാന്തജീവിയായി രൂപംപ്രാപിക്കുന്നതു പ്രകൃതിവിരുദ്ധമാണ്. പ്രകൃതിവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ സ്വസ്ഥതയും സമാധാനവും ലഭിക്കാതെ പോകും.
തന്നെ മാത്രം കാണിക്കുന്ന കണ്ണാടിയായി സാമ്പാദ്യങ്ങള്‍ മുഴുവന്‍ മാറുന്നതു ജീവിതത്തില്‍ ഒരാള്‍ അനുഭവിക്കുന്ന ദുരന്തമാണ്. തന്നിലേക്കു ചുരുങ്ങുന്നതിനു പകരം അന്യരിലേക്കു വികസിക്കാന്‍ പ്രേരിപ്പിക്കുന്ന സമ്പാദ്യങ്ങള്‍ സൗഭാഗ്യമാണ്. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം എന്നാണ് നാരായണ ഗുരു നല്‍കിയ ഉദ്‌ബോധനം. കറി പാകം ചെയ്യുമ്പോള്‍ അയല്‍ക്കാരെ കൂടി കണക്കിലെടുത്ത് അതില്‍ വെള്ളം കൂട്ടണമെന്നായിരുന്നു പ്രവാചകതിരുമേനി ഗിഫാര്‍ ഗോത്രക്കാരനായ അബൂദര്‍റിനു നല്‍കിയ നിര്‍ദേശം.
പരസഹായമില്ലാതെ ഒരാള്‍ക്കും മുന്നോട്ടുപോകാനാവില്ല. കഴിക്കുന്ന ഭക്ഷണത്തെയും ഉടുക്കുന്ന വസ്ത്രത്തെയും പാര്‍ക്കുന്ന പാര്‍പ്പിടത്തെയും സഞ്ചരിക്കുന്ന വാഹനത്തെയും സൂക്ഷ്മമായി പരിശോധിച്ചാല്‍ പേരറിയാത്ത അനേകായിരങ്ങളുടെ കൈകള്‍ അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതായി കാണാന്‍ പറ്റും. പല കൈകള്‍ കൈമാറിയെത്തിയതാണ് ഇന്നനുഭവിക്കുന്നവയെല്ലാം. എങ്കില്‍ അതനുഭവിക്കുമ്പോള്‍ ഒരു മണംപോലും തിരിച്ചുകൊടുക്കില്ലെന്ന വാശിയിലെത്തുന്നത് എത്ര വലിയ നന്ദികേടാണ്‍ വന്ന വഴി മറന്നുള്ള യാത്രയും കയറിയ പടവുകളെ അവഗണിച്ചുള്ള പുരോഗതിയും ആനയിച്ച കൈകളെ തള്ളിമാറ്റിയുള്ള കുതിപ്പും ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്നു കരുതുന്നതു മൗഢ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."