ഒരു പെരുന്നാള്‍ രാവിലെ വിസ്മയം
1977ല്‍ ആണെന്നാണ് ഓര്‍മ. അടിയന്തരാവസ്ഥ പിന്‍വലിച്ചിട്ട് അധികം നാളുകളായിട്ടില്ല. തൊഴില്‍രഹിതരായ ലക്ഷക്കണക്കിന് ആളുകളില്‍ ഒരുവനാണ് ഞാനന്ന്. ചില്ലറ രാഷ്ട്രീയവും ലൈബ്രറികള്‍ കയറിയിറങ്ങലുമാണ് പ്രധാന തൊഴില്‍. ഇടക്കിടെ ബീഡി വലിക്കും. ബീഡി വാങ്ങാന്‍ പത്തോ പതിനഞ്ചോ പൈസ എങ്ങനെയെങ്കിലും സംഘടിപ്പിക്കും. നിഷേധത്തിന്റെ ബീഡിപ്പുക പറത്തി ലോകത്തിന്റെ വിരിമാറിലൂടെ നടക്കും. യുവത്വത്തിന്റെ ഗര്‍വ്. അങ്ങനെയിരിക്കെ, ഒരു പത്രപ്പരസ്യം പ്രത്യക്ഷപ്പെടുന്നു. 'ഉടന്‍ പ്രസിദ്ധീകരണമാരംഭിക്കുന്ന രാഷ്ട്രീയ/സാഹിത്യ മാസികയിലേക്ക് സഹപത്രാധിപന്മാരെ ആവശ്യമുണ്ട്. മുന്‍പരിചയം നിര്‍ബന്ധമല്ല. നേരിട്ട് ഹാജരാവുക.
'മുന്‍പരിചയം നിര്‍ബന്ധമല്ല' എന്ന വാക്കുകളാണ് എന്നെ ആകര്‍ഷിച്ചത്. മിക്ക തൊഴില്‍പരസ്യങ്ങളിലും മുന്‍പരിചയത്തിനാണല്ലോ മുന്‍ഗണന. എവിടെയെങ്കിലും ജോലികിട്ടിയാലല്ലേ മുന്‍പരിചയമുണ്ടാവൂ. പരസ്യം കൊടുക്കുന്നവര്‍ക്ക് അതൊന്നും നോക്കേണ്ടതില്ലല്ലോ. തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ കമ്പനികളും ഫാക്ടറികളും കയറിയിറങ്ങുന്ന കാലമാണത്. കൂലിപ്പണി പോലും വിരളമായ നാളുകള്‍. ഇന്നത്തെപ്പോലെ എണ്ണമറ്റ സ്വകാര്യ സ്ഥാപനങ്ങള്‍ അന്നില്ല. അതിനാല്‍ അവസരങ്ങളും നന്നെ കുറവാണ്. ചുരുക്കിപ്പറഞ്ഞാല്‍ മിക്ക ചെറുപ്പക്കാരുടെയും കീശ കാലിയായിരുന്നു.
കൊച്ചിയിലാണ് നിര്‍ദിഷ്ട മാസികയുടെ ഓഫിസ്. അവിടെയെത്തണമെങ്കില്‍ വണ്ടിക്കൂലിക്ക് കാശ് വേണം. മൂന്നു കൂട്ടുകാരില്‍ നിന്നായി 200 രൂപ കടംവാങ്ങി കൊച്ചിക്ക് വണ്ടികയറി. അന്ന് 200 രൂപ സാമാന്യം വലിയ തുകയാണ്. ഊണിന് ഒരു രൂപ മാത്രമായിരുന്നു അന്നത്തെ വില. വണ്ടിയില്‍ നല്ല തിരക്കുണ്ട്. ഉച്ചഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുക്കാന്‍ കീശ തപ്പിയപ്പോള്‍ കാലി. ടിക്കറ്റ് വാങ്ങിയതിന്റെ ബാക്കി പണം ആരോ അടിച്ചുമാറ്റിയിരിക്കുന്നു. ആദ്യത്തെ നിസ്സഹായാവസ്ഥ മാറിയപ്പോള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാവരും ചെയ്യുന്നതു പോലെ ഞാനും മോഷ്ടാവിനെ പ്രാകി. അയാളെ ദൈവം ശിക്ഷിക്കാതിരിക്കില്ലെന്ന് സമാധാനിച്ചു. ദൈവം മോഷ്ടാവിനെ ശിക്ഷിച്ചാലും ഇല്ലെങ്കിലും വിശപ്പ് എന്ന യാഥാര്‍ഥ്യം തുറിച്ചുനോക്കുന്നുണ്ട്. കുടല്‍മാലകള്‍ ആരോ വലിച്ചുകീറുകയാണ്. പ്രാകിയതുകൊണ്ട് വിശപ്പ് മാറില്ല. അങ്ങനെ ചിന്തിച്ചെങ്കിലും അപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ യുക്തിപരമായ മാര്‍ഗമൊന്നും തെളിഞ്ഞില്ല.
അങ്ങനെ ഉരുണ്ടുരുണ്ട് വണ്ടി കൊച്ചിയിലെത്തി. ഇറങ്ങിയ ഉടന്‍ പൊതുടാപ്പില്‍ നിന്ന് വെള്ളമെടുത്തു മോന്തി. തലങ്ങും വിലങ്ങും വാഹനങ്ങള്‍ ചീറിപ്പായുന്ന എം.ജി റോഡിലൂടെ ഹതാശനായി നടന്നു.
അനവധി പേരോട് അന്വേഷിച്ചശേഷമാണ് മാസികയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടം കണ്ടുപിടിച്ചത്. പക്ഷെ, കാര്യമൊന്നുമില്ല. മാസികയുടെ ഓഫിസ് അടഞ്ഞുകിടക്കുന്നു. തൊട്ടടുത്ത കടക്കാരനോട് മാസികക്കാരെക്കുറിച്ച് വിവരം തിരക്കി. അവിടെ കഴിഞ്ഞദിവസം പൊലിസ് റെയ്ഡ് നടന്നെന്നും മാസികയുടെ നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്‌തെന്നും അറിയാന്‍ കഴിഞ്ഞു. നിര്‍ദിഷ്ട പത്രമാപ്പീസില്‍ റെയ്‌ഡോ? വിശദാംശങ്ങള്‍ ആരായാതെ കോണിപ്പടിയിറങ്ങി. ഇനി എന്തുചെയ്യും? മടങ്ങിപ്പോകാന്‍ പണമില്ല. ദേശാഭിമാനി ബ്യൂറോയില്‍ ഒരു കൂട്ടുകാരന്‍ പത്രപ്രവര്‍ത്തക ട്രെയിനിയായി ജോലിചെയ്യുന്നുണ്ട്. അവനെ കണ്ടാല്‍ വണ്ടിക്കൂലിക്കുള്ള പണം കിട്ടും. പക്ഷെ, പാപി ചെന്നിടം പാതാളം എന്നൊരു ചൊല്ലുണ്ടല്ലോ. ദേശാഭിമാനി ബ്യൂറോയും പൂട്ടിക്കിടക്കുന്നു.
വിശപ്പിന്റെ താണ്ഡവം ഉച്ചകോടിയിലെത്തി. ചുണ്ടെലി കുടലില്‍ കൂര്‍ത്ത പല്ലുകള്‍കൊണ്ട് വീണ വായിക്കുന്നു. നേരം അതിവേഗം സന്ധ്യയോടടുക്കുകയാണ്. സമീപത്തെ പള്ളിയില്‍ നിന്ന് ബാങ്കുവിളി ഉയര്‍ന്നു. വഴിയോരത്തെ ടാപ്പില്‍ നിന്ന് വീണ്ടും മതിയാവോളം വെള്ളം കുടിച്ചു. ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറി അഴുക്കുചാലിന്റെ പാലത്തില്‍ ഇരുപ്പുറപ്പിച്ചു.
പയ്യെപയ്യെ രാത്രി സമാഗതമായി. നിയോണ്‍ വെളിച്ചത്തിന്റെ പ്രകാശത്തില്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും തെരുവില്‍ നിഴലുകള്‍ തീര്‍ത്തു. തെരുവിന്റെ മക്കള്‍ ഭാണ്ഡക്കെട്ടുകളുമായി ദൂരെ മൈതാനിയിലെ വൃക്ഷച്ഛായകളില്‍ ചേക്കേറി. റാന്തല്‍ വിളക്കിന്റെ മങ്ങിയ പ്രകാശത്തില്‍ അവര്‍ അത്താഴം പാകംചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇന്നലെയും നാളെയുമില്ലാതെ ഇന്നില്‍ മാത്രം ജീവിക്കുന്നവര്‍. വംശമഹിമയുടെ ഊറ്റം തീണ്ടാത്തവര്‍. ഈ രാത്രി അവരുടെ കൂടെ ചെലവഴിക്കാം. അവരുടെ അത്താഴം പങ്കിടാനാവുമോ? അല്ലെങ്കില്‍ കള്ളവണ്ടി കയറി നാടുപിടിക്കാം. ഒരുനാള്‍ ഭക്ഷണം കഴിച്ചില്ലെന്നു വെച്ച് ആരും ചത്തുപോകില്ലെന്ന് ഏതോ പുസ്തകത്തില്‍ ഒരു കഥാപാത്രം പറഞ്ഞതോര്‍ത്തു.
ഒന്നും തീരുമാനിക്കാനാവാതെ വിഷണ്ണനായിരിക്കെ തോളില്‍ ഒരു കൈ പതിയുന്നു. താടി നീട്ടി വളര്‍ത്തി, തലപുതച്ച ഒരു മധ്യവയസ്‌കന്‍. 'എന്തോ പ്രയാസമുള്ളതുപോലെ തോന്നുന്നല്ലോ! ഞാന്‍ അയാളോട് കാര്യം പറഞ്ഞു. 'കൈവശമുണ്ടായിരുന്ന പണം പോക്കറ്റടിച്ചുപോയി.' അയാളുടെ പേര് ബീരാന്‍ എന്നാണ്. മത്സ്യവില്‍പനയാണ് ജോലി. ഞാന്‍ കോഴിക്കോട്ടുകാരന്‍ ആണെന്നറിഞ്ഞപ്പോള്‍ അയാളുടെ കണ്ണുകള്‍ തിളങ്ങി. കോഴിക്കോട്ട് വെള്ളയില്‍ അയാളുടെ ബന്ധുക്കളുണ്ട്. അയാള്‍ നന്നെ ക്ഷീണിതനായ എന്നെ സൂക്ഷിച്ചുനോക്കി. പിന്നെ മാര്‍ദവമാര്‍ന്ന ശബ്ദത്തില്‍ മന്ത്രിച്ചു. 'ങ്ങള് ബരിന്‍.
'അനുസരണയോടെ പിറകെ നടന്നു. അഞ്ചു കട്ടകളുള്ള ടോര്‍ച്ചിന്റെ പ്രകാശവലയത്തില്‍, ഇടവഴികള്‍ പിന്നിട്ട്, പാടങ്ങളും പറമ്പുകളും താണ്ടിയപ്പോള്‍ ഓടുപാകിയ ഒരു കൊച്ചുവീട് ദൃശ്യമായി. മേശമേല്‍ ഭക്ഷണം നിരത്തി ഭാര്യയും മക്കളും അയാളെ കാത്തിരിക്കുകയായിരുന്നു. റമദാന്‍ മാസത്തെ അവസാനനാളിലെ നോമ്പുതുറ. മേശപ്പുറത്ത് നെയ്‌ച്ചോറും കോഴിക്കറിയും. പഴവര്‍ഗങ്ങള്‍ വേറെയുമുണ്ട്. അതൊരു പെരുന്നാള്‍ രാവായിരുന്നു.
ആ നോമ്പുതുറ അസാധാരണ അനുഭവമായിരുന്നു. അത്ര രുചിയോടെ അതിനു മുന്‍പോ പിന്‍പോ ആഹാരം കഴിച്ചതായി ഓര്‍മിക്കുന്നില്ല. അയാള്‍ 50 രൂപ പോക്കറ്റിലിട്ടു തന്നു. വേണ്ടെന്നു പറയാന്‍ നാവു പൊങ്ങിയില്ല. കള്ളവണ്ടി കയറാനുള്ള ആലോചന ഞാനുപേക്ഷിച്ചു. 50 രൂപകൊണ്ട് നാലുവട്ടം കോഴിക്കോട്ട് പോയിവരാം. സമാധാനം വാഴുന്ന ആ കൊച്ചുവീടിന്റെ പടിയിറങ്ങുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. അപ്പോള്‍ നിലാവ് നൃത്തംവെക്കാന്‍ തുടങ്ങിയിരുന്നു. നാട്ടിലെത്തി അയാള്‍ നല്‍കിയ വിലാസത്തില്‍ അയച്ച കത്തുകള്‍ ആളെ കണ്ടെത്താനാവാതെ തിരിച്ചുവന്നു. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മറ്റൊരു ആവശ്യത്തിന് ഞാന്‍ കൊച്ചിയിലെത്തി. ഇത്തവണ ആളെ കണ്ടുപിടിക്കണമെന്നു തീരുമാനിച്ചുറച്ചു. പഴയ ഇടവഴികളും പാടപ്പറമ്പുകളും പിന്നിട്ട് അന്നത്തെ കൊച്ചുവീട് നിന്നിടത്തെത്തി. പക്ഷെ, അവിടെ വീടൊന്നുമുണ്ടായിരുന്നില്ല.
ആ വീട് നിന്നിടം എനിക്ക് തെറ്റിയിട്ടില്ല. അതിനടുത്ത കുളം അവിടെതന്നെയുണ്ട്. തൊട്ടടുത്ത വീട്ടുകാരോട് അന്വേഷിച്ചു. 'ഇവിടെ താമസിച്ചിരുന്ന ബീരാന്‍ എന്ന ആളും കുടുംബവും ഇപ്പോള്‍ എവിടെയാണ്?' 'ബീരാന്‍ എന്നൊരാള്‍ അവിടെ താമസിച്ചിട്ടില്ല. അങ്ങനെയൊരു വീടും ഇല്ല.'
അവിശ്വസനീയതയോടെ വീട്ടുകാരനെ നോക്കി. അയാള്‍ കള്ളം പറയുകയാണ്. എനിക്ക് സ്ഥലം തെറ്റിയിട്ടില്ല. ആ കുളം ഞാനോര്‍ക്കുന്നു. എന്റെ നോട്ടം കണ്ട് വീട്ടുകാരന്‍ പറഞ്ഞു. 'നോക്കൂ ചങ്ങാതീ, ഞാന്‍ പത്തുവര്‍ഷമായി ഇവിടെ താമസിക്കുന്നു. മീന്‍കാരന്‍ ബീരാന്‍ എന്നൊരാള്‍ ഇവിടെയില്ല. ഞാനുമൊരു മീന്‍കച്ചവടക്കാരനാണ്.'
അയാളുടെ ആവര്‍ത്തനം കേട്ട് ഞാന്‍ സ്തംഭിച്ചുനിന്നു. അപ്പോള്‍ വിശന്നുവലഞ്ഞ ആ പെരുന്നാള്‍ രാവില്‍ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് മനുഷ്യനോ ദൈവമോ? എനിക്കിപ്പോഴും തീര്‍ച്ചയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."