വൃദ്ധനും വേട്ടക്കാരനും
ഒരു മധ്യവേനലവധിക്കാലത്തെ എരിപൊരിച്ചൂടുള്ള ഉച്ചസമയത്ത് ഞങ്ങള്‍ കുട്ടികളുടെ സംഘം പതിവ് ഓട്ടവും ചാട്ടവും മരംകയറ്റവുമെല്ലാം കഴിഞ്ഞ് പറമ്പിന്റെ പിറകിലുള്ള കടപ്ലാവിന്റെ ചുവട്ടില്‍ ഉച്ചയൂണിനു വിളിക്കുന്നതുംകാത്ത് വിശ്രമിക്കുമ്പോഴാണ് പതിവില്ലാതെ ഉച്ചത്തിലുള്ള വര്‍ത്തമാനവും ബഹളവും തറവാട്ടില്‍നിന്നു കേള്‍ക്കുന്നത്. പിറകില്‍ വീട്ടിലുള്ളവരെല്ലാം കൂടിനില്‍ക്കുന്നുമുണ്ട്.
ഞങ്ങളങ്ങോട്ട് വച്ചുപിടിച്ചു. പിറകിലെ വരാന്തയിലെ അരപ്പൊക്കമുള്ള തിണ്ണയില്‍ ഒരാള്‍ ഇരിപ്പുണ്ട്. 3035 വയസു കാണും. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും. എണ്ണ തേച്ച് ചീകിയൊട്ടിച്ചുവച്ച നല്ല കറുത്ത മുടി. കട്ടി മീശ. ശോകമയമായ കണ്ണുകള്‍. മുഖത്തു നിറച്ചും പണ്ടെപ്പോഴോ ചിക്കന്‍പോക്‌സ് വന്നതിന്റെയായിരിക്കണം, കറുത്ത കലകള്‍. കൈവിരലുകള്‍ കോര്‍ത്തു വിറപ്പിച്ചുകൊണ്ടിരിക്കുന്നു. കൂട്ടത്തില്‍ ചോദ്യം ചോദിക്കുന്നവരുടെ മുഖത്തു നോക്കാതെ പതറിയ കണ്ണുകള്‍ ചുറ്റുമോടിച്ച് മറുപടി പറയുന്നുമുണ്ട്.
വകയിലുള്ള ഒരമ്മായിയുടെ മകനെന്നുംപറഞ്ഞാണ് കക്ഷിയുടെ വരവ്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ഇയാളെ വീട്ടിലുള്ളവരാരും കണ്ടിട്ടില്ല. അമ്മായി മരിച്ചുംകഴിഞ്ഞിരുന്നു. ഇടയ്‌ക്കെപ്പോഴോ പുറപ്പെട്ടുപോയതാണ്. ഇത്രയും വിവരം അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നിരുന്ന മുറുമുറുപ്പുകളില്‍നിന്ന് ഞങ്ങള്‍ക്കു മനസ്സിലായി.
'ചോറു വേണം. വിശക്കുന്നു.'
പരസ്പരം നോക്കി ഒന്നും മിണ്ടാതെ വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ ചോറും കറിയും വിളമ്പി. അവിടിരുന്നു തന്നെ അയാള്‍ കഴിച്ചു.
'കുറച്ചു കിടക്കട്ടെ' എന്നു പറഞ്ഞ് അവിടെക്കിടന്ന് ഉറക്കവുമായി.
കള്ളനോ പിടിച്ചുപറിക്കാരനോ ആകാന്‍ സാധ്യതയുണ്ട്. ഇങ്ങനെ വീടും പേരും ചരിത്രവുമെല്ലാം അറിഞ്ഞു വരുന്ന ഇഷ്ടംപോലെ തട്ടിപ്പുകാരുണ്ട്. വലിയ ചെമ്പുപാത്രങ്ങളൊക്കെ മാറ്റിവയ്ക്കാം എന്നനിലയിലേക്ക് വീട്ടിലുള്ളവര്‍ എത്തിക്കഴിഞ്ഞു.
വൈകീട്ടായപ്പോള്‍ ചായയും പലഹാരങ്ങളും വാങ്ങിക്കഴിച്ച് അയാള്‍ അവിടെത്തന്നെയിരുന്നു. സന്ധ്യയോടെ അപ്പാപ്പന്‍ എത്തിയെങ്കിലും അയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പക്ഷേ, അയാള്‍ക്ക് അപ്പാപ്പനെ നല്ലവണ്ണം അറിയാമെന്ന മട്ടില്‍ സംസാരിച്ചത് ചിന്താക്കുഴപ്പമുണ്ടാക്കി. എല്ലാവരെയും ഒന്നു ചുമ്മാ കാണാന്‍ വന്നതാണെന്നും അയാള്‍ പറഞ്ഞു.
അന്ന് വിളിച്ചുചോദിക്കാന്‍ മൊബൈല്‍ഫോണൊന്നും ഇല്ല. പിന്നീട്, അമ്മായിയുടെ വീടിനടുത്തുള്ള ആരെയോ ലാന്‍ഡ്‌ഫോണില്‍ വിളിച്ചുതിരക്കിയെങ്കിലും വ്യക്തമായ ഉത്തരം കിട്ടിയില്ല.
സന്ധ്യയോടടുത്തപ്പോള്‍ 'ഞാന്‍ പോയിട്ട് പിന്നെ വരാം' എന്നു പറഞ്ഞ് അയാള്‍ സ്ഥലം വിട്ടു. പിന്നെ കുറച്ചു ദിവസത്തേക്ക് എല്ലാവരുടെയും മനസ്സില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിച്ച അയാള്‍ പിന്നീടൊരിക്കലും തിരിച്ചുവരുകയുണ്ടായില്ല. പിന്നീട്, അയാള്‍ പറഞ്ഞതെല്ലാം സത്യമായിരുന്നുവെന്നും വീണ്ടും അയാള്‍ ആരോടും പറയാതെ എങ്ങോട്ടേക്കോ പോയെന്നുമറിഞ്ഞു. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം (അന്ന് ബസ്സിറങ്ങിയാല്‍ 15 മിനുട്ട് നടന്നു വേണം തറവാട്ടിലെത്താന്‍) ആ വീടന്വേഷിച്ച് അത്ര ദൂരം അയാള്‍ വന്നതെന്തിനാണെന്ന് ആര്‍ക്കുമറിയില്ല.
വിഖ്യാത റഷ്യന്‍ കഥാകൃത്ത് ആന്റണ്‍ ചെഖോവിന്റെ 'കുഴപ്പക്കാരനായ അതിഥി' (എ ട്രബിള്‍സം വിസിറ്റര്‍) എന്ന ചെറുകഥയുടെ പേര് കണ്ടപ്പോഴേ മനസ്സിലൂടെ കടന്നുപോയത് അപ്രതീക്ഷിതമായി കടന്നുവരുകയും ഇന്നും ഒരു ദുരൂഹതയായി അവശേഷിക്കുകയും ചെയ്യുന്ന ആ ബന്ധുവിനെ കുറിച്ച ചിന്തയാണ്.
19ാം നൂറ്റാണ്ടില്‍നിന്ന് 20ാം നൂറ്റാണ്ടിലേക്കുള്ള സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ പരമ്പരാഗതരീതികളില്‍നിന്ന് ഒരു മാറ്റം രചനകളില്‍ ആവിഷ്‌കരിച്ചുകൊണ്ട്, പ്രത്യേകിച്ച് ചെറുകഥകളിലൂടെ നൂറ്റാണ്ടുകള്‍ക്കിടയിലെ സാഹിത്യത്തെ ബന്ധപ്പെടുത്തുന്ന ഒരു പ്രധാന കണ്ണിയായി വര്‍ത്തിച്ച എഴുത്തുകാരനാണ് ആന്റണ്‍ ചെഖോവ്. നോവലുകളൊന്നും അദ്ദേഹം രചിച്ചിട്ടില്ല. ആ കാലഘട്ടത്തില്‍ തീര്‍ത്തും അവഗണിക്കപ്പെട്ടുകിടന്നിരുന്ന ചെറുകഥാസാഹിത്യത്തെ സ്വന്തം രചനകളിലൂടെ പുനരുദ്ധരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
1880ല്‍ ആദ്യ കഥ വെളിച്ചംകണ്ടെങ്കിലും ഒരു ഡോക്ടര്‍ എന്ന പദവിയില്‍ തുടരുകയാണുണ്ടായത്. 1885ഓടെ എഴുത്തുജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണയിലെത്തിയ അദ്ദേഹം ചെറുകഥകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. 1886ല്‍ മാത്രം 116 കഥകളാണ് രചിച്ചത്. തുടക്കത്തില്‍ സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളില്‍ സന്ദേശങ്ങള്‍ പ്രകടമായി പ്രതിഫലിപ്പിക്കുന്ന രചനാരീതിയായിരുന്നു. പിന്നീട് ഒബ്ജക്ടിവിറ്റിക്ക് അധികം പ്രാധാന്യം നല്‍കാതെ കഥ എന്താണോ അതു പറയുക എന്ന രീതി അവലംബിച്ചുകൊണ്ട് തെറ്റും ശരിയും തുടര്‍ച്ചയുമെല്ലാം വായനക്കാര്‍ക്ക് പൂര്‍ണമായി വിട്ടുകൊടുത്തുകൊണ്ടുള്ള രചനകളായി ഏറെയും.
എന്നാല്‍ എന്റെ ബന്ധുവായ അപ്രതീക്ഷിത അതിഥിയെപ്പോലെയായിരുന്നില്ല ഈ കഥയിലെ സന്ദര്‍ശകന്‍. ഈ കഥ തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ്. രണ്ടേ രണ്ടു കഥാപാത്രങ്ങളുള്ള, അക്ഷരാര്‍ഥത്തില്‍ വലുപ്പംകൊണ്ട് ഒരു ചെറിയ കഥ.
കാട്ടിനുള്ളിലെ കൊച്ചു കുടിലിലാണ് മെലിഞ്ഞ് ചുക്കുംചുളിവും വീണ തൊലിയും കഴുത്തോളം നീണ്ട താടിയുമുള്ള വൃദ്ധനെന്നു തോന്നിപ്പിക്കുന്ന ആര്‍ടെം താമസിക്കുന്നത്. അയാളുടെ മുമ്പില്‍ ഇപ്പോള്‍ ഇരിക്കുന്നത് പുതിയ കുപ്പായവും ബൂട്ടും ധരിച്ച ചെറുപ്പക്കാരനായ വേട്ടക്കാരനും. അവര്‍ സംസാരിക്കുകയാണ്.
പൊടുന്നനെ വന്നുകയറുന്ന ഇത്തരം സന്ദര്‍ശകരെക്കുറിച്ച് വൃദ്ധന് ആധിയുണ്ട്. പോരാത്തതിന് ഇന്ന് പുറത്ത് ഘോരമായ കാറ്റും ഇടിമിന്നലോടും കൂടിയ കനത്ത മഴ വരാന്‍ പോകുന്നതിന്റെ സൂചനകളും. പുറത്തുള്ള പൈന്‍മരക്കാടുകള്‍ക്കിടയിലൂടെ ഭീകരമായി ചൂളംവിളിച്ച് കറങ്ങിയടിക്കുന്ന കാറ്റിന്റെ ശബ്ദത്തെ പശ്ചാത്തലത്തില്‍ ഭംഗിയായി ഇണക്കിച്ചേര്‍ത്ത് റഷ്യന്‍കാടുകളും കാലാവസ്ഥയും മറ്റൊരു കഥാപാത്രമായി കഥയില്‍, ഒരു തിരക്കഥയിലെന്നോണം വായനക്കാരുടെ ഭാവനയിലേക്കു ചേര്‍ത്തുവയ്ക്കാന്‍ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്.
വൃദ്ധന്‍, അയാളുടെ ആകുലതകളുടെ കെട്ടഴിച്ചു.
'ഞാനൊന്നു പറയട്ടെ ചെറുപ്പക്കാരാ.' അയാള്‍ ചിലമ്പിച്ച ശബ്ദത്തോടെ പറയാന്‍ തുടങ്ങി.
'എനിക്കു കുറുനരികളെയും മറ്റു കാട്ടുമൃഗങ്ങളെയും മന്ത്രവാദികളെയുമൊന്നും തെല്ലും ഭയമില്ല. തോക്കും വടിയുമുണ്ടെങ്കില്‍ അവയെ നേരിടാം. പക്ഷേ, യഥാര്‍ഥത്തില്‍ കുഴപ്പക്കാര്‍ ദുഷ്ടരായ മനുഷ്യരാണ്. അവരില്‍നിന്നു രക്ഷപ്പെടാനാണ് പാട്.'
30 വര്‍ഷത്തെ വനവാസം കൊണ്ട് അയാള്‍ നേടിയെടുത്ത അറിവാണത്. വേട്ടയ്ക്കു വരുന്ന മനുഷ്യരാണ് അധികവും അയാളെ ശല്യപ്പെടുത്തുന്നത്. ഒരു മയവുമില്ലാതെ ഇടിച്ചുകയറി 'എനിക്ക് കുറച്ചു ബ്രഡ് തരൂ' എന്നാജ്ഞാപിക്കുന്ന അപരിചിതരോടുള്ള അമര്‍ഷം അയാള്‍ ഒട്ടും മറച്ചുവയ്ക്കുന്നില്ല. ഭക്ഷണം കൊടുക്കാന്‍ അയാള്‍ക്കു തീരേ താല്‍പര്യമില്ലെങ്കിലും അതികായന്മാരായ വേട്ടക്കാരെ ഭയന്ന് ഭക്ഷണം കൊടുക്കും.
'ചിലരെന്നോട് പണവും ചോദിക്കും. ഈയുള്ളവന് എവിടെയാണ് പണം?' അയാള്‍ ആത്മാര്‍ഥമായിത്തന്നെ പരിതപിക്കുന്നു.
'ഫോറസ്റ്റുജോലിക്കാരനായ നിങ്ങള്‍ക്കു മാസശമ്പളവും തടികള്‍ വിറ്റുണ്ടാക്കുന്ന പണവും കൈമുതലായില്ല എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും' എന്നു പറഞ്ഞ് ചെറുപ്പക്കാരന്‍ പൊട്ടിച്ചിരിച്ചു.
ദൈവഭയത്തെപ്പറ്റിയും ദൈവത്തിന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടതിനെപ്പറ്റിയും വൃദ്ധന്‍ വാതോരാതെ സംസാരിക്കുന്നു. നാട്ടില്‍ ഈയിടെയുണ്ടായ കത്തിക്കുത്തിനെപ്പറ്റി യുവാവ് പറയുമ്പോള്‍ ആര്‍ടെം കൂടുതല്‍ പരിഭ്രാന്തനായി.
ഇതിനിടയ്ക്ക് വേട്ടക്കാരന്റെ നായയും വൃദ്ധന്റെ പൂച്ചയും തമ്മില്‍ ശണ്ഠകൂടുന്നു.
അപ്പോഴാണ് അത് വേട്ടക്കാരന്‍ ശ്രദ്ധിച്ചത്. ചടച്ച് എല്ലുംതോലുമായി ചാകാറായ ഒരു പൂച്ചയാണത്. വൃദ്ധന്‍ ആ പൂച്ചയ്ക്ക് കഴിക്കാനൊന്നും കൊടുക്കുന്നില്ലെന്ന് അയാള്‍ക്കു മനസ്സിലായി. അതു ചോദിച്ച അയാള്‍ക്കു കിട്ടിയ മറുപടി, അതിനു വയസ്സായെന്നും കൊന്നുകളയാനുള്ള സമയമായെന്നുമാണ്.
അവിടെ മുതല്‍ വൃദ്ധന്റെ വീക്ഷണങ്ങള്‍ ഒരു നാട്യക്കാരന്റേതുപോലേ പരസ്പരവിരുദ്ധമാണെന്ന് ധ്വനിയുണ്ടാകുന്നു. പറയുന്നതൊന്ന്, പ്രവര്‍ത്തിക്കുന്നത് വേറൊന്ന്! ഇതു തീര്‍ച്ചപ്പെടുത്തുന്ന ഒരു സംഭവം ഉടനെ ഉണ്ടായി.
കാറ്റിന്റെയും മഴയുടെയും ഇടിമിന്നലിന്റെയും ഭീകരമായ ഒച്ചപ്പാടുകള്‍ക്കിടയില്‍ ആരോ സഹായത്തിനു വിളിക്കുന്നതായി തോന്നുന്നു എന്ന് ചെറുപ്പക്കാരന്‍ പറഞ്ഞു. എന്നാല്‍, ഈ ഇരുട്ടത്ത് ആരെയും സഹായിക്കാന്‍ തയാറല്ലെന്നു പറഞ്ഞ് വൃദ്ധന്‍ അതിനു തയാറായി നില്‍ക്കുന്ന യുവാവിനെ അപകടങ്ങള്‍ പതിയിരിക്കുന്നതിനെപ്പറ്റി പറഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. വൃദ്ധനെ അവജ്ഞയോടെ നോക്കിയ യുവാവ് കോപവാക്കുകള്‍കൊണ്ട് ശകാരിക്കുന്നു.
നിന്റെ കോട്ടും തോക്കുമെടുത്ത് എന്റെ കൂടെ വരൂ. ഈ കോരിച്ചൊരിയുന്ന മഴയത്ത് എനിക്ക് ഒറ്റയ്ക്കു ചെയ്യാവുന്നതിനു പരിധിയുണ്ട് എന്നു പറഞ്ഞ് വൃദ്ധനെ വിളിക്കുന്നുണ്ടെങ്കിലും അയാള്‍ നിര്‍വികാരനായി കുടിലില്‍തന്നെ വാതിലുമടച്ച് കെട്ടുപോയ വിളക്കുപോലും തെളിക്കാതെ ഇരുന്നുകളയുന്നു. യുവാവ് അയാളുടെ നായയെയും കൂട്ടി മഴയത്ത് ഇരുട്ടിലേക്ക് ഓടിപ്പോയി.
കുറച്ചു സമയത്തിനുശേഷം തിരിച്ചെത്തിയ അയാള്‍ ക്രുദ്ധനായി വയസനെ ശകാരിച്ചു. ഒരു സ്ത്രീയെ രക്ഷിക്കാനായി എന്നയാള്‍ അഭിമാനത്തോടെ പറഞ്ഞു. ആപത്തില്‍ സഹായിക്കാന്‍ തയാറാകാതെ, ദൈവത്തെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുന്ന വൃദ്ധനോടുള്ള ദേഷ്യംകൊണ്ട് അയാളെ കൊള്ളയടിക്കാന്‍ പോവുകയാണെന്നു യുവാവ് പ്രഖ്യാപിക്കുമ്പോഴും 'ഇതിനെല്ലാം നീ ദൈവത്തിന്റെ മുമ്പില്‍ കണക്ക് ബോധിപ്പിക്കേണ്ടിവരും' എന്നയാള്‍ പറഞ്ഞു.
ആ കോരിച്ചൊരിയുന്ന മഴയത്ത് യുവാവിന് തലചായ്ക്കാന്‍ ഒരിടം ആവശ്യമായിരുന്നെങ്കിലും കാപട്യം നിറഞ്ഞ വൃദ്ധനെ ഒരു നിമിഷം പോലും സഹിക്കാന്‍ പറ്റുകയില്ലെന്നു പറഞ്ഞുകൊണ്ട് അയാള്‍ ഫ്‌ലെര്‍ക്കയെന്ന നായയോടൊപ്പം ഇരുട്ടിലേക്കിറങ്ങി നടക്കുന്നു.
വാതിലടച്ച് കുരിശുംവരച്ച് വൃദ്ധന്‍ ഒരു ശല്യക്കാരനെ ഒഴിവാക്കിയ സമാധാനത്തോടെയെന്നപോലേ കിടന്നുറങ്ങുന്നു. ഇവിടെ മുതല്‍ വായനക്കാരന്‍ ചിന്തിച്ചുതുടങ്ങുന്നു. തന്റെ ഒരു സുഹൃത്തിനെഴുതിയ കത്തില്‍ ചെഖോവ് സൂചിപ്പിക്കുന്നുണ്ട്, വായനക്കാരന് ഉപദേശം നല്‍കുന്നത് ഇനി തന്റെ കഥകളില്‍ ഉണ്ടാവില്ലെന്ന്!
മേല്‍ കഥയിലെ വേട്ടക്കാരനായ ചെറുപ്പക്കാരന്‍ പെട്ടെന്നു ദേഷ്യപ്പെടുകയും കയര്‍ക്കുകയും ആവേശഭരിതനായി ഓരോന്നു ചെയ്തു കൂട്ടുന്നവനുമാണെന്നു തോന്നുമെങ്കിലും ആപത്തില്‍പ്പെട്ട ഒരാളെ സഹായിക്കാന്‍ അതും തീര്‍ത്തും ദുര്‍ഘടമായ ഒരു സാഹചര്യത്തില്‍ അയാള്‍ മാത്രമാണ് മുതിരുന്നത്.
പ്രത്യക്ഷത്തില്‍ ഒരു ചെറിയ കഥയെന്നു തോന്നുമെങ്കിലും വൃദ്ധനും യുവാവും നമുക്കു ചുറ്റും കാണുന്ന പല മനുഷ്യരുടെയും പ്രതിബിംബങ്ങളാണെന്നു കാണാം. ദൈവത്തെ പല കാര്യങ്ങള്‍ക്കും കൂട്ടുപിടിക്കുന്നവര്‍ സഹജീവികളോടുള്ള കാരുണ്യത്തില്‍ പിശുക്കു കാണിക്കുന്നു. പുറമേ പരുക്കരെന്നു തോന്നിപ്പിക്കുന്ന ചിലര്‍ മറ്റുള്ളവരുടെ സഹായത്തിനെത്തുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."