HOME
DETAILS
MAL
വെട്ടാന്‍ കരിമ്പട്ടിക ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്; നെഞ്ചിടിപ്പോടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി(ത്തി)കള്‍
backup
January 03 2021 | 03:01 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു തരത്തിലും സ്ഥാനാര്‍ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ഥിത്വത്തിലേക്ക് പരിഗണിക്കാന്‍ പറ്റാത്തവരുടെ പട്ടിക പ്രത്യേകമായി തയാറാക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എ.ഐ.സി.സി നിര്‍ദേശം നല്‍കി. ഇതുപ്രകാരം കെ.പി.സി.സി പ്രത്യേക പട്ടിക തയാറാക്കും.
ഓരോ നിയമസഭാ മണ്ഡലത്തിലും ജയസാധ്യത നോക്കി സ്ഥാനാര്‍ഥികളെ ചൂണ്ടിക്കാണിക്കണമെന്ന നിര്‍ദേശത്തിനൊപ്പമാണ് എ.ഐ.സി.സി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഈ രണ്ട് പട്ടികകളും അടിസ്ഥാനമാക്കിയായിരിക്കും സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക.
തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സംസ്ഥാനത്തെത്തി നേതാക്കളുമായി വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരിഖ് അന്‍വര്‍ ഡല്‍ഹിയിലെത്തി കേരളത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്ക് കൈമാറിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാതിരുന്ന മുതിര്‍ന്ന നേതാക്കളുടെ വിശദാംശങ്ങളും എ.ഐ.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്. കെ.പി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പട്ടിക സംസ്ഥാന നേതൃത്വം നല്‍കും. ഇതനുസരിച്ചാകും നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ അണിയറ നീക്കങ്ങള്‍. തങ്ങളുടെ മണ്ഡലത്തിലുള്‍പ്പെട്ട ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാര്‍ഥിയാക്കാവുന്ന രണ്ടു പേരുകള്‍ വീതം നല്‍കാന്‍ എം.പിമാരോടും ഹൈക്കമാന്‍ഡ് ആവശ്യപ്പെടും. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മാറ്റിവച്ച് ജയസാധ്യതയ്ക്ക് മുന്‍തൂക്കം നല്‍കണമെന്ന നിര്‍ദേശവും എം.പിമാര്‍ക്ക് നല്‍കും. കെ.പി.സി.സി നേതൃത്വം നല്‍കുന്ന സ്ഥാനാര്‍ഥി പട്ടികയ്‌ക്കൊപ്പം എം.പിമാര്‍ കൈമാറുന്ന പേരുകളും ഹൈക്കമാന്‍ഡ് പരിശോധിക്കും.
വിജയമാണ് മുഖ്യ മാനദണ്ഡമെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിനു സമാനമായി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മറ്റ് മാനദണ്ഡങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാകും. ഇതുസംബന്ധിച്ച കര്‍ശന നിര്‍ദേശം ഹൈക്കമാന്‍ഡ് കെ.പി.സി.സിക്ക് കൈമാറും. രാഷ്ട്രീയകാര്യസമിതി ചേര്‍ന്നായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മാനദണ്ഡങ്ങള്‍ തീരുമാനിക്കുക. കെ.പി.സി.സിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഒരു പ്രധാന കാരണമെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രകടന പത്രികാ സമിതിയടക്കം വിവിധ സമിതികളുടെ രൂപീകരണം അടുത്ത മാസത്തോടു കൂടിയുണ്ടാകും. പ്രചാരണസമിതി അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് സമിതികള്‍ ജംബോ കമ്മിറ്റികള്‍ ആകരുതെന്നാണ് കെ.പി.സി.സി അധ്യക്ഷന്റെ ആഗ്രഹം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സംസ്ഥാന നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിക്കാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."