'ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിന്'- കര്‍ഷക ആത്മഹത്യയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ദാരുണമായ ഈ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കിസാന്‍ ഏക്ത മോര്‍ച്ചയുടെ ട്വിറ്റര്‍ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രതികരണം.
'വളരെ ദാരുണം. ഈ ക്രൂരമായ സര്‍ക്കാര്‍ കര്‍ഷകരെയും കാര്‍ഷിക മേഖലയെയും സുഹൃത്തുക്കളായ അംബാനിക്കും അദാനിക്കും കൈമാറാന്‍ ആഗ്രഹിക്കുന്നു. കൂടാതെ കര്‍ഷകരെ ഖാലിസ്ഥാനികളെന്നും വിളിക്കുന്നു. ഈ ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്' പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.
Very tragic. This callous govt which wants to hand farmers & agriculture over to its cronies Ambani & Adani & calls the farmers Khalistani, is squrely responsible for this ongoing tragedy https://t.co/MY9AvXEpul
— Prashant Bhushan (@pbhushan1) January 3, 2021
ശനിയാഴ്ചയാണ് ഉത്തര്‍പ്രദേശിലെ ബിലാസ്പൂരില്‍നിന്നുള്ള 75കാരന്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ ആത്മഹത്യ ചെയ്യുന്നത്. കശ്മീര്‍ സിങ് ലാദിയെന്ന കര്‍ഷകനെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കേന്ദ്രസര്‍ക്കാറുമായി നടത്തുന്ന ചര്‍ച്ചകള്‍ പരാജയപ്പെടുന്നത് ഇയാളില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു.
മരണത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാറെന്ന കുറിപ്പും ലാദിയുടെ സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ നാളുകളില്‍ കടുത്ത തണുപ്പിലും ഞങ്ങള്‍ സമരം ചെയ്യുകയാണ്. പക്ഷേ ഞങ്ങളെ കേള്‍ക്കാന്‍ കേന്ദ്രം തയാറാകുന്നില്ല. എന്റെ മരണം ഇതിനൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷ-ലാദിയുടെ കുറിപ്പില്‍ പറയുന്നു. മൃതദേഹം സമരസ്ഥലത്തുതന്നെ അടക്കംചെയ്യണമെന്നും ആത്മഹത്യാ കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
38 ദിവസങ്ങളായി തുടരുന്ന കര്‍ഷക സമരത്തിനിടെ ഇതുവരെ 30ല്‍ അധികം കര്‍ഷകര്‍ വിവിധ കാരണങ്ങളാല്‍ മരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം സിംഗു അതിര്‍ത്തിയില്‍ ഹരിയാണയില്‍നിന്നുള്ള ഒരു പുരോഹിതന്‍ സ്വയം നിറയൊഴിച്ച് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."