കൊവിഡ് ഉയർന്നു; സഊദിയിൽ ബസുകളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
റിയാദ്: സഊദിയിൽ വൈറസ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ബസുകളിൽ പബ്ലിക് ഹെൽത്ത് അതോറിറ്റി “വിഖായ” പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്റ്റേഷനുകളിൽ ഹാജരാകുമ്പോഴും ബസുകളിൽ കയറുമ്പോഴും മാസ്ക് ധരിക്കണമെന്നും ടിക്കറ്റ് ഉടമകളെ മാത്രമേ ബസിൽ കയറാൻ അനുവദിക്കാവൂ, കയറുമ്പോൾ ടിക്കറ്റ് നൽകുന്ന നടപടികൾ ഒഴിവാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
ബസിനുള്ളിൽ യാത്രക്കാരെ നിൽക്കാൻ അനുവദിക്കാതിരിക്കുക, നിലത്ത് സ്റ്റിക്കറുകൾ ഉപയോഗിച്ച് ശാരീരിക അകലം പാലിക്കാൻ നിർബന്ധിക്കുക, ഒന്നര മീറ്റർ അകലം പാലിക്കുക, ബസിനുള്ളിലെയും കാത്തിരിപ്പ് സ്ഥലങ്ങളിലെയും തിരക്ക് തടയുക എന്നിവയും പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുകവലിക്കായി മുറികൾ അനുവദിക്കരുത്, യാത്രക്കാർക്കിടയിൽ സീറ്റ് ഒഴിച്ചിടുക, ബസിനുള്ളിൽ മാസ്ക് ധരിക്കുക, ബസിൽ കയറാൻ മുൻവാതിലും ഇറങ്ങാൻ പിൻവാതിലും ഉപയോഗിക്കുക എന്നിവയും പാലിക്കണം. തൊട്ടടുത്തുള്ള സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്ത് ഒരേ കുടുംബത്തിന് ഒരുമിച്ച് ഇരിക്കാവുന്നതാണ്.
ഇതോടൊപ്പം, മസാജ് കേന്ദ്രങ്ങളിൽ പാലിക്കേണ്ട നടപടികളും പബ്ലിക് ഹെൽത്ത് അതോറിറ്റി “വിഖായ”പരിഷ്കരിച്ചിട്ടുണ്ട്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ രണ്ടായിരത്തിലേക്ക് അടുക്കുന്ന തരത്തിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 1,746 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്. രണ്ട് മരണവും 341 രോഗമുക്തിയും ഇന്ന് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."